Friday 31 December 2021 04:21 PM IST

വേദനയായി വിസ്മയ, പോരാട്ടച്ചൂടിൽ അനുപമ... വിടപറഞ്ഞ നെടുമുടിയും പുനീതും: വാർത്തകളിലൂടെ ജീവിതം തൊട്ട 2021

Binsha Muhammed

roundup

ഓർമകളുടെ കലണ്ടർ കള്ളികളിൽ മാർക്ക് ചെയ്യാൻ ഒത്തിരി തന്നു 2021. വിസ്ഫോടനം സൃഷ്ടിച്ച വാർത്തകളും പ്രകമ്പനം കൊള്ളിച്ച വെളിപ്പെടുത്തലുകളും കൊണ്ട് സമ്പന്നമായിരുന്നു കഴിഞ്ഞു പോയ സംവത്സരം. ജീവിതങ്ങളുടെ നേർക്കാഴ്ചകൾ ഒരു ഫ്രെയിമിലെന്ന പോലെ കോറിയിട്ട് ഈ വർഷം കടന്നു പോകുമ്പോൾ ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ ചിലത് ‘വനിത ഓൺലൈനും’ വായനക്കാർക്ക് നൽകി. കേട്ടുമറന്നു കളയുമായിരുന്നു വാർത്തയുടെ അകവും പൊരുളും തേടി, പലരും ഫുൾസ്റ്റോപ്പിട്ടു പോയ ജീവിതങ്ങളുടെ അകക്കാമ്പുകൾ തേടി വനിത ഓൺലൈനെത്തി. റീവൈൻഡ് ചെയ്യുമ്പോൾ ഞങ്ങൾ ഉള്ളുതൊട്ടറിഞ്ഞ ജീവൻ തുടിക്കുന്ന ആ ജീവിതകഥകളിൽ ചിലതിനെ തിരികെ വിളിക്കുകയാണ്.... 2021 വാർത്താ ജീവിതങ്ങളുടെ ഫ്ലാഷ്ബാക്ക്.

യൗവനത്തിനു മേൽ പടർന്നു കയറിയ നരയെ മറച്ചു പിടിക്കാതെ, വ്യക്തിത്വത്തിന്റെ അടയാളമാക്കി മാറ്റിയ ‘നരൻമാരുടെ’ അനുഭവങ്ങളാണ് പോയ വർഷം വനിത ഓൺലൈൻ അടയാളപ്പെടുത്തിയ വേറിട്ട ജീവിതകഥകളിലൊന്ന്. കൃത്രിമത്വത്തിന്റെ പുറകേ പോകാതെ നരയുള്ള നരനായി തന്നെ ജീവിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത ഒരു കൂട്ടം യുവാക്കളുടെ കഥ, 2020ന്റെ ഓർമകളുടെ ഷെൽഫിലെ തിളക്കമുള്ള അധ്യായമാണ്.

ടാർഗറ്റിന് മുന്നിൽ പരക്കം പാഞ്ഞ് ജീവിതവും ജീവനും പണയംവച്ച് പ്രഷറിന്റെ കൊടുമുടിയിൽ ജീവിക്കേണ്ടി വരുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ ജീവിതം വനിത ഓൺലൈൻ തുറന്നുകാട്ടിയതും 2021ൽ. സമ്മർദ്ദത്തിന്റെ തുലാസിൽ നിലതെറ്റി വീണുപോയിട്ടൊടുവിൽ കണ്ണൂരിൽ ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന സ്വപ്നയെന്ന ബാങ്ക് മാനേജറുടെ കഥയാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ പീഡന കഥ പറയാൻ പ്രചോദനമായത്. മേലധികാരികളെ ഭയന്ന് പേരു പോലും വെളിപ്പെടുത്താൻ ഭയന്ന നിരവധി ബാങ്ക് ഉദ്യോഗസ്ഥർ അന്ന് വനിതയിലൂടെ തങ്ങളുടെ വേദന പുറംലോകത്തെ അറിയിച്ചു.

2021ന്റെ പകൽ മായാനൊരുങ്ങുമ്പോൾ തീരാവേദനയാരുന്നത്, ഒറ്റപ്പേര്. സ്ത്രീധന പീഡനത്തിനൊടുവിൽ ഒരുമുഴം കയറില്‍ എല്ലാം അവസാനിപ്പിച്ച വിസ്മയ എത്ര വർഷം കഴിഞ്ഞാലും നമുക്ക് വേദനയാണ്. തന്റെ കൂടപ്പിറപ്പ് അനുഭവിച്ച വേദനയുടെ കഥ സഹോദരൻ വിജിത്ത് വനിത ഓൺലൈനിലൂടെ കേരളക്കരയിലെ അമ്മമാരുടെ മുന്നിലേക്ക് വച്ചു. പഠിച്ച് ഡോക്ടറാകാന്‍ കൊതിച്ച, എപ്പോഴും പുഞ്ചിരിക്കുന്ന വിസ്മയ സഹപാഠികളുടെയും കൂട്ടുകാരികളുടേയും നെഞ്ചിലും കനല്‍കോരിയിട്ടിട്ടാണ് പോയ്ക്കളഞ്ഞത്. ആ ഓര്‍മ്മകളെ ഹൃദയത്തോടു ചേർത്ത് സഹപാഠികൾ സംസാരിച്ചതും വനിത ഓൺലൈനിലൂടെ പുറത്തു വന്നു. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിൽ നിന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത റംസി, ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മോഫിയ, സുനീഷ എന്നിങ്ങനെ കണ്ണീരോടെ കേട്ട കഥകൾ വേറെയും.

വിവാഹ ധാരാളിത്തങ്ങൾ നൽകിയ ബാധ്യതകളുടെ കെട്ടുമാറാപ്പുകളും പേറി ജീവിക്കുന്ന ‘ടിപ്പിക്കൽ മലയാളിക്കു’ മുന്നിലേക്കാണ് വനിത ഓൺലൈൻ ‘കണ്ണീരാകരുത് കല്യാണം’ എന്ന സാമൂഹ്യ പ്രതിബന്ധതയുള്ള ക്യാംപെയ്ൻ അവതരിപ്പിച്ചത്. പൊന്നിന്റെ തിളക്കമോ ബാങ്ക് ബാലൻസിന്റെ പെരുമയോ ഇല്ലാതെ കല്യാണം കച്ചവടമാകാത്ത ഒരു കൂട്ടം ജീവിതങ്ങൾ തങ്ങളുടെ മാതൃക കഥ വനിതയിലൂടെ ലോകത്തോടു വിളിച്ചു പറഞ്ഞു. പൊന്നില്ലാതെ കല്യാണം നടക്കില്ലെന്ന അലിഖിത നിയമങ്ങളെ പൊളിച്ചടുക്കി വെറും റോൾഡ് ഗോൾഡ് അണിഞ്ഞ് വിവാഹിതരായ ജീവിതങ്ങൾ വരെ ക്യാംപെയ്നിലൂടെ അഭിമാന പുരസരം വനിത അനാവരണം ചെയ്തു.

കുഞ്ഞിനെ ദത്തു നൽകിയ കേസിൽ അനുപമയെന്ന അമ്മ നടത്തിയ നിയമപോരാട്ടം കേരളം കണ്ട വലിയ പ്രതിഷേധങ്ങളിലൊന്നായി. കുഞ്ഞിനെ കയ്യിൽ കിട്ടുന്നതു വരെയുള്ള അവരുടെ കാത്തിരിപ്പിന്റെ ദൂരവും വേഗവും പോയ സംവത്സരത്തിലെ വലിയ വാർത്തകളിലൊന്നായി.

പോയ കാലങ്ങളെ തിരികെ വിളിക്കുന്ന, മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്ന 'ട്രാന്‍സ്‌ഫോര്‍മേഷന്‍' ചലഞ്ച് 2021ലും സോഷ്യൽ മീഡിയയുടെ ഹാഷ്ടാഗിൽ തൂങ്ങിയെത്തി. ആണ്‍ ദേഹത്തിന്റെ വീര്‍പ്പുമുട്ടലില്‍ നിന്നും പെണ്ണെന്ന സ്വത്വത്തിലേക്ക് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ഒരു കൂട്ടം ട്രാൻസ് ജെൻഡറുകളുടെ ജീവിതത്തിലേക്കാണ് വനിത ഓൺലൈൻ ഇക്കുറി ശ്രദ്ധയൂന്നിയത്. ആരും കേൾക്കാത്ത ചർച്ച ചെയ്യാത്ത ട്രാൻസ് ജീവിതങ്ങളുടെ ഭൂതകാലങ്ങളെ ഞങ്ങൾ കേട്ടപ്പോൾ വായനക്കാരും അതേറ്റെടുത്തു.

കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കു നിരത്തി അന്തി ചർച്ചകളിലേക്ക് നീണ്ടപ്പോൾ ഞങ്ങൾ കാതോർത്തത് എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദീനരോദനങ്ങളിലേക്കാണ്. അച്ഛൻമാരെ നഷ്ടപ്പെട്ട മക്കൾ, ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യമാർ കണ്ണുനീരിന്റെ കണക്കു പുസ്തകങ്ങളിൽ അവരുമുണ്ടായിരുന്നു.

കേരളം മറ്റൊരു പ്രകൃതി ദുരന്തത്തെ നേരിട്ടപ്പോൾ ആ കണ്ണീരും ജീവിതവും അടുത്തറിയാനും ശ്രമമുണ്ടായി. നിമിഷാർദ്ധത്തിൽ നിലംപൊത്തിയ വീടിന്റെ കഥ തേടി വനിത തൊടുപുഴയിലെത്തുമ്പോൾ കണ്ടത് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയെ.

വിധി നിർദാക്ഷിണ്യം നമ്മളിൽ നിന്നും എടുത്തു കൊണ്ടുപോയ പ്രതിഭകളുടെ കഥകളുമുണ്ട്. നടനവൈഭവം കൊണ്ട് അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി വേണു, പ്രതിഭയുടേയും പ്രശസ്തിയുടേയും പരകോടിയിൽ നിൽക്കവേ പോയ് മറഞ്ഞ പുനീത് രാജ്കുമാർ എന്നിവരെ മാറിമറിയുന്ന കലണ്ടർ താളുകൾ മായ്ച്ചു കളയാനാകില്ല...