Tuesday 18 June 2019 09:51 AM IST : By സ്വന്തം ലേഖകൻ

ജീവിതത്തിന്റെ ഫുൾസ്റ്റോപ്പല്ല രക്താർബുദം! ചുരുങ്ങിയ ചെലവിൽ അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കയ്യെത്തും ദൂരത്ത്

hospital

അസ്ഥിമജ്ജ മാറ്റിവയ്ക്കൽ(Bone Marrow Transplantation): കൂടുതൽ അറിയാം

രക്താർബുദം ജീവന്റെ അവസാനമല്ല. ജീവനെ കാർന്നു തിന്നാൻ വരുന്ന രക്താർബുദത്തെ കീഴടക്കാനാകുന്ന ചികിത്സാരീതികൾ ഇപ്പോൾ ലഭ്യമാണ്, രോഗിയുടെ ജീവനെ ഏറ്റവും സുരക്ഷിതമാക്കി വച്ചു തന്നെ. അതിൽ പ്രധാനപ്പെട്ടതാണ് ബോൺമാരോ ട്രാൻസ്പ്ലാന്റ് അഥവാ അസ്ഥിമജ്ജ മാറ്റിവയ്ക്കൽ. രക്താർബുദത്തെയും ബോൺമാരോ ട്രാൻസ്പ്ലാന്റിനെയും കുറിച്ച് വിശദമായി അറിയാം...

രക്താർബുദം ജനിതകമോ?

മനുഷ്യനിലും മറ്റു സസ്തനികളിലും എല്ലിനകത്തു കാണുന്ന ജെല്ലി പോലുള്ള പദാർഥമാണ് അസ്ഥി മജ്ജ അഥവാ ബോൺ മാരോ. ഇതാണ് രക്തമുണ്ടാക്കുന്നത്. മനുഷ്യനെ ജീവനോടെ നിലനിർത്തുന്നതും ചലിപ്പിക്കുന്നതുമായ അവയവങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണിതെങ്കിലും സാധാരണഗതിയിൽ ഇതിനെയൊരു അവയവവ്യവസ്ഥയായി തിരിച്ചിട്ടില്ല. പുതിയ രക്തകോശങ്ങളെ തുടർച്ചയായി ഉൽപാദിപ്പിക്കുന്ന ഒരു ഫാക്ടറി എന്നു വേണമെങ്കിൽ ഇതിനെ പറയാം. പ്രാഥമികമായി ഇവ മറ്റ് അവയവങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ചുവന്നരക്തകോശങ്ങളാണ്; കാൻസറിനും അണുബാധയ്ക്കും എതിരെ പൊരുതുന്ന ശ്വേതരക്താണുക്കളും രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുമാണ്. ഈ കോശങ്ങളെയെല്ലാം ഉൽപാദിപ്പിക്കുന്നത് അസ്ഥിമജ്ജയ്ക്കകത്ത് ആഴത്തിലൊരിടത്തുള്ള ഒരു മാതൃകോശം അഥവാ മൂലകോശത്തിൽ നിന്നാണ്. രക്തത്തിനാവശ്യമുള്ള ഘടകങ്ങളുടെ ഉൽപാദനം കൂട്ടാനും കുറയ്ക്കാനും തുലനാവസ്ഥ നിലനിർത്താനുമായി ഇത് മജ്ജയ്ക്കകത്തുളള അന്തരീക്ഷവുമായി തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കും.

ശരീരത്തിനകത്ത് വിഭജിച്ചുകൊണ്ടിരിക്കുന്ന ഓരോ കോശങ്ങളെയും ശ്വേതരക്താണുക്കൾ പൊലീസുകാരനെപ്പോലെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കും. ഓരോ കോശത്തിലെയും ഡിഎൻഎയുടെ സഹായത്തോടെ, വിഭജിക്കപ്പെട്ട കോശങ്ങളിൽ അസ്വാഭാവികത ഉണ്ടെങ്കിൽ കണ്ടെത്തും. അസ്വാഭാവികതയുള്ള കോശങ്ങൾ വളരെക്കാലം നശിക്കാതിരുന്നാൽ അത് കാൻസർ കോശങ്ങളായി മാറിയേക്കാം എന്നതുകൊണ്ട് ശ്വേതരക്താണുക്കൾ ആ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇത്തരം പ്രതിരോധതുലനപ്രവർത്തനങ്ങൾ ഓരോ ദിവസവും നമ്മളറിയാതെ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

ജനിതകവൈകല്യങ്ങളുള്ള ഡിഎൻഎ രക്ഷിതാക്കളിൽ നിന്ന് മക്കളിലേക്കു പകർന്നു കിട്ടുമ്പോഴുണ്ടാകുന്ന ജനിതക കാൻസറുകൾ വെറും അഞ്ചു ശതമാനത്തിൽ താഴെ മാത്രമേ ഉണ്ടാകുന്നുള്ളൂ. തെറ്റായ കമാൻഡ് നൽകിയാൽ തെറ്റായ ഉത്തരം നൽകുന്ന ഒരു കംപ്യൂട്ടര്‍ കോഡ് പോലെയാണ് കോശങ്ങളെയും ജീവനെയും നിയന്ത്രിക്കുന്ന ഡിഎൻഎയുടെ പ്രവർത്തനം. അയണൈസിങ് റേഡിയേഷനുകളോ കീടനാശിനികള്‍ പോലുള്ള രാസവസ്തുക്കൾ കാരണമോ പുകവലി, മദ്യപാനം, പുകയില, താഴ്ന്ന രീതിയിലുള്ള ജീവിതശൈലികൾ കാരണമോ ഡിഎൻഎ മ്യൂട്ടേഷൻ അഥവാ വ്യതിയാനം സംഭവിച്ചാൽ കോശങ്ങളുടെ പ്രവർത്തനം തെറ്റായ രീതിയിലേക്കു മാറും. സോമാറ്റിക് മ്യൂട്ടേഷൻ എന്നറിയപ്പെടുന്ന ഇത്തരം മാറ്റങ്ങൾ ഡിഎൻഎ സ്വന്തം റിപ്പയർ മെക്കാനിസം വഴി ദിവസേന ശരിയാക്കിയെടുക്കും. അങ്ങനെ ശരിയാക്കിയെടുക്കാൻ കഴിയാത്ത കോശങ്ങളെ ശരീരത്തിലെ പ്രതിരോധസംവിധാനം വളരെ കൃത്യതയോടെ നശിപ്പിച്ചു കളയും. ഭംഗിയായി ട്യൂൺ ചെയ്ത ഒരു ഓർക്കസ്ട്ര പോലുള്ള ഈ പ്രതിരോധസംവിധാനം ശരിക്കു പ്രവര‍്‍ത്തിക്കാതാകുമ്പോഴാണ് അണുബാധയും കാൻസറും ഉണ്ടാകുന്നത്.

അർബുദങ്ങളിൽ ഏറ്റവും അക്രമകാരി രക്താർബുദമാണ്. അതുകൊണ്ടാണ് അസ്ഥിമജ്ജയുടെ പ്രവർത്തനത്തെ ബാധിച്ച് രക്തകോശങ്ങളുടെ ഉൽപാദനം ഇല്ലാതാക്കുകവഴി ശരീരത്തെ ക്ഷീണിപ്പിക്കുകയും ശ്വേതരക്താണുക്കളെ തകർത്ത് അണുബാധയുണ്ടാക്കുകയും പ്ലേറ്റ്ലറ്റ് ഉൽപാദനം നിർത്തി രക്തസ്രാവത്തിന് കാരണമാകുകയും ചെയ്ത് നിലനിൽപിനെത്തന്നെ ബാധിക്കുന്നത്.

അക്യൂട്ട് ലൂക്കീമിയ പോലുള്ള രക്താർബുദം ബാധിച്ചാൽ കുറച്ചു ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് മരണമുണ്ടാകാം. ക്രോണിക് ലൂക്കീമിയ പോലുള്ളവ മരുന്നുകൊണ്ട് വരുതിയിലാക്കാൻ കഴിഞ്ഞേക്കാം. ലിംഫോമാസ്, മൈലോമ പോലുള്ള മറ്റു ചില കാൻസറുകളുണ്ട്. ബോൺ മാരോയുടെ പ്രതിരോധ സംവിധാനം നിയന്ത്രിക്കുന്നതിലുള്ള പ്രവർത്തനം ശരിയാകാതെ വരുമ്പോഴാണ് ഇത്തരം അർബുദങ്ങൾ ഉണ്ടാകുന്നത്. ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും ക്ഷീണം, രക്തസ്രാവം, മുഴകൾ, എല്ലിലെ പൊട്ടലുകൾ,ശരീരവേദന , ശരീരത്തിന്റെ ചിലഭാഗങ്ങളിൽ മരവിപ്പ്, കിഡ്നിത്തകരാറുകൾ എന്നിങ്ങനെ കാണപ്പെടാം. പ്രാരംഭദശയിൽ മിക്കവാറും ലക്ഷണങ്ങൾ അത്ര വ്യക്തമായി കാണപ്പെട്ടെന്നു വരില്ല. അതുകൊണ്ട് രോഗിയെ ഹെമറ്റോളജിസ്റ്റിന്റെ അടുത്തെത്തിക്കാൻ നല്ലൊരു കുടുംബഡോക്ടറുടെ സഹായം വേണ്ടി വരും.

അസ്ഥിമജ്ജ മാറ്റിവയ്ക്കൽ(Bone Marrow Transplantation) : കൂടുതൽ അറിയാം

രക്തസംബന്ധമായ അർബുദമാണെന്ന് ഹെമറ്റോളജിസ്റ്റ് തിരിച്ചറിഞ്ഞാൽ ഏതുതരത്തിലുള്ളതാണെന്നും അതിന്റെ തീവ്രതയും അറിയാനായി ഇമ്യൂണോ ഫീനോടൈപ്പിങ് പോലുള്ള ടെസ്റ്റുകൾ നിർദേശിക്കാം. ലിംഫോമയിലും മൈലോമയിലും ഇത് കീമോതെറപ്പി കൊണ്ട് നിയന്ത്രണവിധേയമാക്കാൻ പറ്റില്ല എങ്കിൽ ബോൺ മാരോ ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടി വരാം.

രക്തകോശങ്ങളെ ഉൽപാദിപ്പിക്കുന്ന മൂലകോശങ്ങൾ പോലെ അർബുദകോശങ്ങളെ ഉണ്ടാക്കുന്ന മൂലകോശങ്ങളും ശരീരത്തിലുണ്ട്. അവയെ എളുപ്പത്തിൽ കണ്ടുപിടിക്കാനോ നശിപ്പിക്കാനോ സാധാരണ കീമോതെറപ്പി ഡോസുകൾ മതിയാവില്ല. അസ്ഥിമജ്ജ, തലമുടി, ഡൈജസ്റ്റീവ് ട്രാക്റ്റിനെ പൊതിഞ്ഞിരിക്കുന്ന ചർമം പോലുള്ള വളരെ വേഗത്തിൽ വിഭജിച്ചു കൊണ്ടിരിക്കുന്ന കോശങ്ങളെ എന്നന്നേക്കുമായി നശിപ്പിച്ച് പിന്നീട് വളരാത്ത വിധത്തിലാക്കും എന്നതുകൊണ്ടും രോഗികൾക്ക് താങ്ങാനാകാത്തതുകൊണ്ടും ഹൈ ഡോസ് കീമോതെറപ്പി ചെയ്യാനാകില്ല. അസ്ഥിമജ്ജയ്ക്ക് സ്ഥായിയായ നാശം സംഭവിച്ചാൽ പിന്നെ രോഗിക്ക് സാധാരണ അണുബാധകൾ പോലും താങ്ങാനാകാതെ രോഗത്തിന് അടിമപ്പെടേണ്ടി വരും.

ബ്ലഡ് കാൻസർ കോശങ്ങളെ നശിപ്പിക്കാനാവശ്യമായ ഉയർന്ന ഡോസിലുള്ള കീമോതെറപ്പി നൽകാനാണ് ബോൺമാരോ ട്രാൻസ്പ്ലാന്റ്സ് എന്ന മെഡിക്കൽ രീതി കണ്ടെത്തിയത്. മൈലോമയിലും ലിംഫോമയിലും കീമോതെറപ്പി കഴിഞ്ഞ് മജ്ജയിലെ കാൻസർ കോശങ്ങളെ പൂർണമായി നശിപ്പിച്ചെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ബോൺമാരോ സ്റ്റെം കോശങ്ങൾ സുരക്ഷിതമായി ശേഖരിച്ച് ഫ്രീസറുകളിൽ സൂക്ഷിക്കും. മുമ്പ് ബോൺമാരോ ബയോപ്സിയിലൂടെയാണ് മജ്ജയിലെ സ്റ്റെം സെല്ലുകൾ ശേഖരിച്ചിരുന്നത്. എന്നാൽ ഇന്ന് രക്തദാനം പോലെ എളുപ്പത്തിൽ കയ്യിലെ ഞെരമ്പിലൂടെ അസ്ഥിമജ്ജയിലെ സ്റ്റെം സെല്ലുകൾ ശേഖരിക്കാവുന്നതാണ്(അഫാറിസിസ്). ഉയർന്ന ഡോസ് കീമോതെറപ്പി കഴിഞ്ഞാൽ ക്രയോഫ്രീസ് ചെയ്ത ഈ സ്റ്റെം കോശങ്ങൾ രോഗിയിലേക്ക് ട്രാൻസ്ഫ്യൂസ് ചെയ്യും.

ഉയർന്ന ഡോസിലുള്ള കീമോതെറപ്പി രോഗിയുടെ ശരീരത്തിലെ കാൻസർ കോശങ്ങളെ നശിപ്പിക്കും. അതിന്റെ ഫലമായി ബോൺമാരോ പ്രവർത്തനരഹിതമാകുന്ന അവസ്ഥയിലേക്ക് രോഗി എത്തുന്നതിനു മുൻപേ സൂക്ഷിച്ചു വച്ച സ്റ്റെം കോശങ്ങൾ രോഗിയിലേക്കു കടത്തിവിടും. രോഗിയുടെ തന്നെ സ്റ്റെം കോശങ്ങളെ കടത്തി വിടുന്ന ഈ രീതിക്ക് ഓട്ടോലോഗസ് ട്രാൻസ്പ്ലാന്റ് എന്നു പറയും. രണ്ടാഴ്ച കൊണ്ട് ഈ കോശങ്ങൾ തിരിച്ച് പഴയ സ്ഥലത്തെത്തി പുതിയ രക്തകോശങ്ങളുണ്ടാക്കുന്ന ജോലി തുടങ്ങും. പുതിയ കോശങ്ങളുണ്ടാകുന്നതു വരെ രക്തകോശങ്ങളും പ്ലേറ്റ്‌ലെറ്റുകളും ശരീരത്തിലേക്കു കടത്തിവിട്ട് രക്തത്തിന്റെ സ്ഥിരത നിലനിർത്തുകയും ചെയ്യും. പക്ഷേ രോഗിയുടെ സ്റ്റെം സെല്ലിൽ നിന്നു തന്നെ ശ്വേതരക്താണു ഉണ്ടായി വരണം എന്നതുകൊണ്ട് ശ്വേതരക്താണു ശരീരത്തിലില്ലാത്ത ഈ രണ്ടാഴ്ചക്കാലം ചെറിയ അണുബാധ പോലും മരണത്തിലേക്കു നയിച്ചേക്കാം. ഹെപ ഫിൽറ്ററുകളുള്ള വൃത്തിയുള്ള മുറിയിലേക്ക് ഈ കാലയളവിൽ രോഗിയെ മാറ്റി, വൃത്തിയുള്ള ഭക്ഷണം നൽകും. സന്ദർശകരെ തീർത്തും ഒഴിവാക്കണം. എന്തെങ്കിലും അണുബാധയുണ്ടായാൽ അതിനനുസരിച്ച് ആന്റീ ബയോട്ടിക് നൽകുകയും ചെയ്യും. ശ്വേതകോശം സാധാരണനിലയിലേക്ക് ആകാൻ സാധാരണ രണ്ടാഴ്ചയെടുക്കും. തുടർന്ന് പ്ലേറ്റ്‌ലെറ്റുകൾ ഉണ്ടായിത്തുടങ്ങും. സ്റ്റെം സെല്ലുകൾ ശേഖരിച്ച് രോഗി ഡിസ്ചാർജ് ആകുന്നതു വരെ ഏതാണ്ട് ഒരു മാസം ആശുപത്രിവാസം വേണ്ടി വരും. മൈലോമയ്ക്കും റിഫ്രാക്ടറി ലിംഫോമാസിനുമാണ് സാധാരണയായി ഓട്ടോലോഗസ് ട്രാൻസ്പ്ലാന്റ് ചെയ്യാറുള്ളത്.

ലൂക്കീമിയയും തലസീമിയയും സിക്കിൾ സെൽ അനീമിയയും പോലുള്ള അവസ്ഥകളിൽ അലോജിനിക് ട്രാൻസ്പ്ലാന്റ് ആണ് ചെയ്യാറുള്ളത്. രോഗിയുടെ രക്തവുമായി ചേരുന്ന ആരോഗ്യമുള്ള ഒരു ദാതാവിന്റെ കോശങ്ങൾ ഓട്ടോലോഗസ് ട്രാൻസ്പ്ലാന്റിന്റെ അതേ രീതിയിൽ കടത്തിവിടുന്നു. രോഗിയിൽ അസ്ഥിമജ്ജ ഉൽപാദിപ്പിക്കാനും പ്രതിരോധസംവിധാനം പ്രവർത്തിച്ചു തുടങ്ങാനും രക്തം ഉൽപാദിപ്പിക്കാനും ഈ കോശങ്ങളാണ് ഉപയോഗിക്കുക.

ബോൺ മാരോ ട്രാൻസ്പ്ലാന്റ് എന്നത് ഇപ്പോൾ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് എന്നോ പെരിഫെറൽ ബ്ലഡ് സ്റ്റെം സെൽ അഫാറിസിസ് ട്രാൻസ്പ്ലാന്റ് എന്നോ ആണ് അറിയപ്പെടുന്നത്. പൊക്കിൾക്കൊടിയും എച്ച്എൽഎ മാച്ച് വഴി ഒരേ ജനിതകവ്യക്തിത്വമാണെന്നു കണ്ടെത്തിയ ആരോഗ്യമുള്ള ദാതാവുമാണ് സ്റ്റെം സെല്ലുകള്‍ കിട്ടാനുള്ള മറ്റ് ഉറവിടങ്ങൾ. നാലു സഹോദരങ്ങളുള്ള ഒരാൾക്ക് പത്തിൽ പത്ത് ചേർച്ചയുള്ള ദാതാവിനെ കിട്ടാൻ 25ശതമാനം സാധ്യതയേ ഉള്ളൂ. കുടുംബത്തില്‍ ആരുടേതുമായും ചേർച്ചയില്ലെങ്കിൽ DKMS പോലുള്ള ഏതെങ്കിലും റജിസ്ട്രികൾ വഴി ബന്ധുവല്ലാത്ത ഒരു ദാതാവിനെ കണ്ടെത്താം.

ഉന്നതനിലവാരത്തിലും താങ്ങാവുന്നതുമായ സ്റ്റെം സെൽ തെറപ്പിയും ട്രാൻസ്പ്ലാന്റും ഹൈ റിസ്ക് ഹെമറ്റോളജിക്കൽ രോഗങ്ങളുള്ളവർക്കും സാധ്യമാണ്. സ്വയം പ്രതിരോധം തകർക്കുന്ന അസുഖങ്ങളായ (ഓട്ടോഇമ്മ്യൂൺ ഡിസീസസ് ) എസ് എൽ ഇയും മൾട്ടിപ്പിൾ സ്ക്ലീറോസിസും പോലുള്ള അസുഖങ്ങളിലും സ്റ്റെം സെൽ തെറപ്പിയുടെ ഗുണങ്ങൾ ലോകമെമ്പാടും പരീക്ഷണാർത്ഥം ഉപയോഗപ്പെടുത്തുന്നുണ്ട്. വരും വർഷങ്ങളിൽ മരണനിരക്കും അസുഖങ്ങളും കുറയ്ക്കാൻ, വലിയ ചെലവില്ലാതെ സാധാരണക്കാർക്കും കയ്യെത്തുന്ന തരത്തിൽ ഈ മെഡിക്കൽ രീതി മാറിയേക്കാം.

വിവരങ്ങൾ നൽകിയത്:-

hospital-1 Dr. Govind Eriat, Consultant - Hematology , Hemato-Oncology & Bone Marrow Transplant

കൂടുതൽ വിവരങ്ങൾക്ക്:

Meitra Hospital

Karaparamba – Kunduparamba, Mini Bypass Road, Edakkad Post, Calicut – 673005,

Ph: +91 495 7123456 | Email: info@meitra.com

www.meitra.com