Thursday 13 April 2023 02:26 PM IST

‘അന്ന് ശ്രീകോവിലിൽ കണ്ട കാഴ്ച! എന്തൊക്കെ അദ്ഭുതങ്ങളാണ് കണ്ണാ നീ കരുതിവച്ചത്’: ഗുരുവായൂർ മേൽശാന്തി കിരൺ ആനന്ദ് പറയുന്നു

V R Jyothish

Chief Sub Editor

guruvayoor-melsanthi

ഗുരുവായൂർ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഡോ. കിരൺ നമ്പൂതിരിയെ വടക്കേനടയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചു കാണുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വീട്ടിലെത്തിയിട്ടുണ്ട്. കക്കാട് ഇല്ലത്തെ സംബന്ധിച്ച് ഇതൊരു പുണ്യമുഹൂർത്തം. മുത്തച്ഛനുശേഷം കുടുംബത്തിൽ നിന്ന് ഒരാൾ മേൽശാന്തി പദവിയിലേക്ക്.

ഓതിക്കൻ, വേദജ്ഞൻ, ഗായകൻ, ആയുർവേ ഡോക്ടർ, മൃദംഗവാദകൻ, വ്ലോഗർ, സഞ്ചാരി, ഗുരുവായൂരപ്പന്റെ പുതിയ മേൽശാന്തിക്ക് വിശേഷണങ്ങൾ ഏറെ...

കക്കാട്, പൊട്ടക്കുഴി, മുന്നൂലം, പഴയം എന്നീ നാലു കുടുംബക്കാർക്കാണ് ഗുരുവായൂരിൽ ഓതിക്കൻ സ്ഥാനമുള്ളത്. കൂടാതെ പെരുവനം ശുകപുരം എന്നിങ്ങനെ രണ്ടു നമ്പൂതിരി ഗ്രാമങ്ങളിൽ നിന്നുള്ള വേദാധികാരവും യാഗാധികാരവുമുള്ള നമ്പൂതിരിമാർക്കും മേൽശാന്തിയാകാൻ അപേക്ഷിക്കാം. യോഗ്യതയുള്ളവരെ അഭിമുഖത്തിനു ക്ഷണിക്കും. അതും കടന്നുകൂടുന്നവരാണ് നറുക്കിലെത്തുന്നത്. പിന്നീട് ആരാണ് തന്റെ മേൽശാന്തിയാവേണ്ടതെന്ന് ഗുരുവായൂരപ്പൻ തീരുമാനിക്കും.

ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം അഞ്ചു തവണ മേൽശാന്തിയായിരുന്നു ഓതിക്കൻ കുടുംബാംഗവും പണ്ഡിതനുമായിരുന്ന കക്കാട് ദാമോദരൻ നമ്പൂതിരി. കിരൺ നമ്പൂതിരിയുടെ മുത്തച്ഛൻ. അദ്ദേഹത്തിന്റെ കാലശേഷം ക ക്കാട് ഇല്ലത്തേക്ക് വീണ്ടും മേൽശാന്തി പദവി കടന്നുവരുന്നു. ‘‘ഇതിൽപ്പരം എന്താണു ഭാഗ്യം.’’ കിരണിന്റെ പിതാവ് ആനന്ദൻ നമ്പൂതിരി ചോദിക്കുന്നു.

ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ മേൽശാന്തിയാകാൻ കഴിഞ്ഞില്ലെങ്കിലും പൂജാരിയായി ഗുരുവായൂരപ്പന്റെ നടയിൽ എപ്പോഴുമുണ്ട് ആനന്ദൻ നമ്പൂതിരിയും. ‘‘വീട്ടിൽ വിഷ്ണുസഹസ്രനാമം ചൊല്ലിയിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരാൾ ഓടി വന്നു പറഞ്ഞത്; മകന് നറുക്കു വീണെന്ന്. സന്തോഷം കൊണ്ട് ഞാൻ പൊട്ടിക്കര‍ഞ്ഞുപോയി. എല്ലാം ഭഗവാന്റെ ലീലകളല്ലേ?’’ ആനന്ദൻ നമ്പൂതിരി പറയുന്നു.

കേട്ടുവളർന്നത് ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ. പിന്നെ, അഞ്ചുതവണ ഗുരുവായൂർ മേൽശാന്തിയായിരുന്ന മുത്തച്ഛന്റെ അനുഗ്രഹം. കിരൺ നമ്പൂതിരിയുടെ വിളിപ്പേരും മുത്തച്ഛന്റേതു തന്നെ.

‘‘വളരെ സന്തോഷം തോന്നുന്നു. ഒരുപാടുകാലത്തെ അധ്വാനമാണ് ഇപ്പോൾ ഫലം കാണുന്നത്.’’ മകൻ ഗുരുവായൂർ മേൽ‍ശാന്തി പദവിയിലേക്കു വരുമ്പോൾ ഏറെ സ ന്തോഷിക്കുകയാണ് കിരൺ നമ്പൂതിരിയുടെ അമ്മ ശാരദ അന്തർജനം. വണ്ടൂർ കിടങ്ങഴി ഇല്ലത്താണ് ശാരദ അന്തർജനത്തിന്റെ തറവാട്. ശാസ്ത്രീയസംഗീതവും മൃദംഗവുമൊക്കെ പഠിക്കാനുള്ള മകന്റെ താൽപര്യത്തെ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്.‌

ഇഷ്ടസന്താന ചികിത്സ

ആയുർവേദ ചികിത്സയിൽ തന്റേതായ വഴി കണ്ടുപിടിച്ച വൈദ്യനായിരുന്നു ശാരദ അന്തർജനത്തിന്റെ അമ്മാവൻ െചറുതെന്നാട്ട് ഇല്ലത്തെ മാധവൻ നമ്പൂതിരിപ്പാട്. പല രോഗങ്ങൾക്കും അദ്ദേഹത്തിന്റേതായ മരുന്നുകളും കൂട്ടുകളുമുണ്ടായിരുന്നു. അദ്ഭുതഫലസിദ്ധിയുള്ള മരുന്നുകളായിരുന്നു അതിൽ പലതും. അദ്ദേഹം പക്ഷേ, അവ വിൽപനവസ്തുവാക്കിയില്ല. തന്നെ കാണാൻ വരുന്ന രോഗികൾക്കു മാത്രം ആ മരുന്നുകൾ കൊടുത്തു.

മാധവൻ നമ്പൂതിരിപ്പാട് പരീക്ഷിച്ചു വിജയിപ്പിച്ച ചികിത്സകളിലൊന്നാണ് ഇഷ്ടസന്താന ചികിത്സ. ആയുർവേദത്തിൽ ഇഷ്ടസന്താനലബ്ധിക്കുള്ള പുംസവനചികിത്സയുടെ അടിസ്ഥാനത്തിലായിരുന്നു മാധവൻ നമ്പൂതിരിപ്പാടിന്റെ ചികിത്സയും. ‘‘അദ്ദേഹം നൽകിയ മരുന്നുകൾ കഴിക്കുകയും ഗുരുവായൂരപ്പനെ ഭജിക്കുകയും ഇഷ്ടസന്താനചികിത്സയുടെ ഭാഗമാകുകയും ചെയ്തു. ആൺകുഞ്ഞാണെന്നും കലാകാരനായിരിക്കുമെന്നും പ്രസവത്തിനു മു ൻപേ അദ്ദേഹം പ്രവചിച്ചു. അതുപോെല സംഭവിച്ചു.’’ ശാരദ അന്തർജനത്തിന്റെ കണ്ണുകൾ നിറയുന്നു. ‌

എഴുത്തിനോടും വായനയോടും താൽപര്യമുള്ള ആളാണ് ശാരദ അന്തർജനം. ഗുരുവായൂരപ്പഭക്തി നിറഞ്ഞ ആ ദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. കിരൺ നമ്പൂതിരിയുടെ ഭക്തിഗാന ആൽബമായ ‘മലർനിവേദ്യ’ത്തിൽ ശാരദ അന്തർജനം ഒരു ഗാനം എഴുതിയിട്ടുണ്ട് ഗുരുവായൂരപ്പന്റെ കഥകളും കവിതകളും അവതരിപ്പിക്കുന്ന ശാരദ അന്തർജനത്തിന്റെ ‘നന്ദനം’ എന്ന യുട്യൂബ് ചാനലിന് ആയിരക്കണക്കിന് സബ്സ്ക്രൈബേഴ്സുണ്ട്.

പെരിന്തൽമണ്ണ പാലൊള്ളിപറമ്പ് മുണ്ടേക്കാട് മനയിലെ േഡാ. മാനസിയാണ് കിരൺ നമ്പൂതിരിയുടെ ഭാര്യ. എല്ലാ യാത്രകളിലും കിരൺ നമ്പൂതിരിക്കു കൂട്ടായി മാനസിയുമുണ്ടാകും. ഗായികയും നർത്തകിയുമാണ് മാനസി. ചെങ്ങമനാട് ഭാരതിരാമൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ മാത്‍സ് അധ്യാപികയാണു കിരൺ നമ്പൂതിരിയുടെ സഹോദരി രശ്മി. വെട്ടിക്കവല എടമന മഠത്തിൽ ശംഭുവാണ് രശ്മിയുടെ ഭർത്താവ്.

guruvayur-melsanthi

എന്തൊക്കെ അദ്ഭുതങ്ങളാണു കണ്ണാ...

.ആചാരം അനുസരിച്ച് കടൽ കടന്നാൽ പ്രായശ്ചിത്തം ചെയ്യണം. വൈദികൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാടിന്റെ കാർമികത്വത്തിൽ ‘കൃച്ഛറം’ എന്ന പ്രായശ്ചിത്ത കർമങ്ങൾ ചെയ്താണ് വീണ്ടും പൂജാരിയായത്. ‘‘ഗുരുവായൂരപ്പനു മുന്നിൽ എല്ലാ മുപ്പെട്ടു വ്യാഴവും ശയനപ്രദക്ഷിണം നടത്താറുണ്ട്. നാട്ടിൽ നിന്നു മാറി നിന്ന അവസരങ്ങളിൽ മാത്രമേ അതു മുടങ്ങിയിട്ടുള്ളൂ.’’ കിരൺ നമ്പൂതിരി പറയുന്നു.

‘‘ഞാൻ ക്ഷേത്രത്തിനുള്ളിൽ മേൽശാന്തിയുടെ സഹായിയായി നിൽക്കുന്ന സമയത്താണ് ഈ സംഭവം നടക്കു ന്നത്. ഗുരുവായൂരപ്പന്റെ സ്വർണകിങ്ങിണി കാണാനില്ല. ശ്രീകോവിലിനുള്ളിൽ എവിടെയോ വീണു പോയതാണ്. കുറേനേരം അന്വേഷിച്ചതിനുശേഷമാണ് തിരിച്ചുകിട്ടിയത്. എനിക്കത് വലിയ വിഷമമുണ്ടാക്കി. ഞാനത് മേൽശാന്തിയോടു പറയുകയും ചെയ്തു. ‘ഭഗവാൻ എന്താ ഉദ്ദേശിച്ചതെന്ന് അറിയില്ലല്ലോ?’ എന്നദ്ദേഹം മറുപടിയും പറഞ്ഞു.

പിറ്റേന്ന് ശ്രീകോവിലിൽ കണ്ടത് മറ്റൊരു അദ്ഭുതം. ത നി തങ്കത്തിൽ തീർത്ത പുതിയൊരു കിങ്ങിണി ഗുരുവായൂരപ്പനു ചാർത്തിയിരിക്കുന്നു. ഒരു ഭക്തന്റെ സംഭാവന. പുതിയ കിങ്ങിണി വരുന്നു എന്നറിഞ്ഞാണോ ഗുരുവായൂരപ്പാ നീ ഇന്നലെ ഈ പരീക്ഷണം കാണിച്ചതെന്ന് ഞാൻ അറിയാതെ ചോദിച്ചു പോയി. ഇപ്പോഴിതാ ഞാൻ മേൽശാന്തിയായി നിന്റെ മുന്നിൽ നിൽക്കുന്നു. എന്തൊക്കെ അദ്ഭുതങ്ങളാണു കണ്ണാ നീ എനിക്കായി കരുതിയിരിക്കുന്നത്.’’ കിരൺ നമ്പൂതിരി കൈകൂപ്പുന്നു.

ഇനിയുള്ള ആറുമാസം പുറപ്പെടാ ശാന്തിയായി അമ്പ ലത്തിനുള്ളിൽ തന്നെയായിരിക്കും. പുലർച്ചെ രണ്ടു മണിക്ക് ഉണരണം. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളി. കുളി കഴിഞ്ഞ് മെതിയടി ധരിച്ചാണ് മേൽശാന്തി യാത്ര െചയ്യുന്നത്. കുത്തുവിളക്ക് തെളിച്ചാണ് മേൽശാന്തിയെ ആനയിക്കുന്നത്. ക്ഷേത്രത്തിൽ മെതിയടി ധരിക്കാൻ അവകാശമുള്ള ഏകവ്യക്തി മേൽശാന്തി മാത്രമാണ്.

കിഴക്കേ വാതിൽമാടത്തിലൂടെ രാവിലെ രണ്ടരയ്ക്ക് നാലമ്പലത്തിൽ എത്തും. ഗണപതിെയ തൊഴുത് ദേഹശുദ്ധി വരുത്തി ശ്രീലകവാതിൽ തുറക്കും. ഗർഭഗൃഹത്തിന്റെ വാതിലിനു മുന്നിലായി കാത്തുനിൽക്കും. കൃത്യം മൂന്നുമണിക്ക് നിർമാല്യത്തിന് നട തുറക്കും. പിന്നെ, എണ്ണ അഭിഷേകം. വാകച്ചാർത്ത്, ചന്ദനം ചാർത്തൽ. അതുകഴിഞ്ഞാ ൽ പിൻഭാഗത്ത് പുഷ്പാഞ്ജലി പ്രസാദം നൽകും. വൈകുന്നേരം വീണ്ടും ശീവേലി, ദീപാരാധന, അത്താഴ പൂജ. അത്താഴശീവേലി എല്ലാം മേൽശാന്തി തന്നെ ചെയ്യണം.

‘‘ഭഗവാനേ പൂജ െചയ്യാനുള്ള ശക്തി തരണേ... എന്നാണു പ്രാർഥന. ഒരു കുറ്റവും കേൾപ്പിക്കാതെ നോക്കണേ എന്നാണ് അപേക്ഷ...’’ കിരൺ നമ്പൂതിരി കണ്ണുകളടച്ചു പ്രാർഥിച്ചു.

‘ഓം നമോ ഭഗവതയേ

വാസുദേവായ...’