Saturday 18 June 2022 02:42 PM IST : By സ്വന്തം ലേഖകൻ

‘എന്തിനാണത് സൂക്ഷിച്ചു വച്ചതെന്ന് ഒരിക്കൽ ഞാൻ അച്ഛനോട് ചോദിച്ചു, ഹൃദയം നിറച്ച മറുപടി’: കുറിപ്പ്

arabind-chandra

എന്റെ അച്ഛൻ കൊണ്ട വെയിലാണ്, ഇന്ന് ഞാൻ അനുഭവിക്കുന്ന തണൽ.’ നമ്മുടെ ഉയർച്ചകളിലേക്ക് കൈപിടിച്ച് നടത്തിയ സൂപ്പർ ഹീറോയായ അച്ഛനെ ഓർക്കുമ്പോൾ ഓർമവരുന്നത് ഈ വാചകങ്ങളാണ്. ഫാദേഴ്സ് ഡേ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ തന്റെ സ്നേഹനിധിയായ അച്ഛനെക്കുറിച്ച് ഹൃദയം തുറന്നെഴുതുകയാണ് ഇവന്റ് ഡിസൈനറും പോഡ്കാസ്റ്ററുമായ അരബിന്ദ് ചന്ദ്രശേഖരൻ. പ്രചോദിപ്പിച്ചും പ്രോത്സാഹിപ്പിച്ചു നിഴലായി കൂടെ നിക്കുന്ന അച്ഛനെക്കുറിച്ച് വാക്കുകളിലൂടെ വാചാലനാകുന്നു അരബിന്ദ്. വായനയുടെ ലോകത്തേക്ക് തന്നെ നയിച്ച അച്ഛൻ പ്രായത്തേയും ശാരീരിക അവശതകളേയും കൂസാക്കാതെ ഇന്നും പുതിയ കാര്യങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും അരബിന്ദ് കൂട്ടിച്ചേർക്കുന്നു.

കുറിപ്പ് വായിക്കാം...

അച്ഛന്റെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങിയ കാലത്തു കാലത്തു അച്ഛൻ നുറുങ്ങ് കഥകൾ മുതൽ ഓരോ പ്രായത്തിലും വായിക്കേണ്ട പുസ്തകങ്ങളെ കുറിച്ചും വരെ പറഞ്ഞു തന്നിരുന്നു.വായനയുടെ ലോകത്തേക്ക് കടക്കാൻ സഹായിച്ച ഒരു കെട്ടു ബൈൻഡ് ചെയ്ത ആഴ്‌ചപ്പതിപ്പുകകൾ ഞാൻ ആദ്യമായി കാണുന്നത് അഞ്ചാം വയസിലാണ് . ഞാൻ ജനിക്കുന്നതിനു മുൻപ് തന്നെ അച്ഛൻ വാങ്ങി വായിച്ചിരുന്ന പല മാഗസിനുകളും ബൈൻഡ് ചെയ്തു സൂക്ഷിച്ചു വച്ചിരുന്നു .ആ പുസ്തക കെട്ടുകളാണ് എന്റെ വായനാ ജീവിതത്തിന്റെ അടിത്തറ പാകിയത്, ചെറിയ ലോകവും വലിയ മനുഷ്യരും എന്ന കാർട്ടൂണുകളും ബാലപംക്തികളും മാത്രം തെരെഞ്ഞെടുത്തു വായിച്ചിരുന്ന കുട്ടിക്കാലം.ഹൈസ്കൂൾ കാലത്തു പിന്നീട് അത് എം ടി യിലേക്കും പൊറ്റെക്കാടിലേക്കും മുകുന്ദനിലേക്കുമൊക്കെ മാറി. അറിവിന്റെ തുടക്കം ആ പഴമയുടെ ഗന്ധമുള്ള മാസിക കെട്ടുകളായിരുന്നു, എന്തിനാണത് സൂക്ഷിച്ചു വെച്ചതെന്ന് ഒരിക്കൽ ഞാൻ അച്ഛനോട് ചോദിച്ചു ,അങ്ങനെയൊന്നുമില്ല ആരെങ്കിലും വായിക്കട്ടെ എന്ന് വിചാരിച്ചു.. അതായിരുന്നു അച്ഛന്റെ മറുപടി .

നക്ഷത്രങ്ങളെ നോക്കി ദിശ അറിയാമെന്നും നക്ഷത്ര കൂട്ടങ്ങൾക്കു പേരുകൾ ഉണ്ടെന്നും മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടെന്നും സ്‌കൂളിൽ പഠിക്കുന്നതിനു മുൻപേ അച്ഛനിൽ നിന്നാണ് ഞാൻ കേട്ടത് .'ഇന്ത്യയെ കണ്ടെത്തൽ 'എന്ന പുസ്തകം കാണിച്ചു തന്നിട്ട് ,നമ്മുടെ രാജ്യത്തെക്കുറിച്ചു പഠിക്കണമെങ്കിൽ ഈ പുസ്തകം വായിക്കണമെന്ന് പറഞ്ഞുതന്നു .സ്വതന്ത്ര സമരത്തെക്കുറിച്ചും കമ്മ്യൂണിസത്തെ ക്കുറിച്ചുംമനുഷ്യ സ്നേഹത്തെ കുറിച്ചുമൊക്കെയുള്ള കഥകൾ ആദ്യമായി കേട്ടത് അച്ഛനിൽ നിന്ന് തന്നെയായിരുന്നു.

എല്ലാക്കാലത്തും വായിക്കുകയും പഠിക്കുകയും ചെയ്യുന്ന അച്ഛൻ കോവിഡ് കാലത്തു കംപ്യൂട്ടർ സ്വയം ഉപയോഗിക്കുന്നത് അത്ഭുതത്തോടെയാണ് ഞാൻ കണ്ടത് .86 വയസിൽ എത്തി നിൽക്കുമ്പോൾ ,രണ്ടു പക്ഷഘാതങ്ങളെ അതിജീവിച്ചു ഇപ്പോഴും പുതിയ കാര്യങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നു.

പ്രായവും രോഗവും തളർത്താത്ത മനസുമായി അച്ഛൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു ,എനിക്കും പുതിയ തലമുറയ്ക്ക് ഒരു പാട് പാഠങ്ങളും അത് പഠിപ്പിച്ചു തരുകയും ചെയ്യുന്നു.