Wednesday 12 April 2023 04:53 PM IST

‘അന്ന് തെറ്റായ കാര്യങ്ങൾ ആരൊക്കെയോ എഴുതി, ലോകം മുഴുവൻ പ്രചരിപ്പിച്ചു’: വൈറൽ അല്ല, റിയലാണ് ഈ അമ്മയും മകനും

Roopa Thayabji

Sub Editor

major-and-mother ചിത്ര, ആനന്ദ്, രചന, നന്ദകുമാർ, കൊച്ചുമകൾ അനഹിത എന്നിവർക്കൊപ്പം സുശീലയും രാജശേഖരൻ നായരും

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുമ്പോൾ നിമിഷനേരം കൊണ്ടാണു ചിലരുടെ ജീവിതം മാറുന്നത്. അങ്ങനെയൊരു വൈറൽ പോസ്റ്റു പിറന്നു, കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ. തിരുവനന്തപുരത്തു പരേഡ് നയിച്ച മേജർ സി. എസ്. ആനന്ദ് അമ്മ സുശീലയെ ചേർത്തുനിർത്തിയ വൈറൽ ചിത്രം പ്രചരിച്ചത് ഈ തലക്കെട്ടിൽ, ‘വേറിട്ടൊരു കാഴ്ച: തൂപ്പുകാരിയായി ജോലി ചെയ്തു മകനെ മേജറാക്കിയ അമ്മ...’

ആ അമ്മയെ തേടിയുള്ള അന്വേഷണത്തിനൊടുവിൽ മറുപടി ഒരു വലിയ ‘നോ.’ ‘‘തെറ്റായ കാര്യങ്ങൾ ആരൊക്കെയോ എഴുതി. ലോകം മുഴുവൻ പ്രചരിപ്പിച്ചു. ഇനി എന്തു സംസാരിക്കാൻ.’’ പിന്നെ, തീരുമാനം തിരുത്തി. ‘‘വ്യക്തികളുടെ അനുവാദമില്ലാതെ എഴുതുന്നവർക്കുള്ള മറുപടി എനിക്കു പറയാനുണ്ട്.’’ തച്ചോട്ടുകാവ് പിടാരത്തെ ആശിർവാദ് എന്ന വീട്ടിലിരുന്നു സുശീല എന്ന അമ്മ സംസാരിച്ചതു വൈറലായ കഥയല്ല, റിയലായ ജീവിതകഥയാണ്.

‘‘കരമനയിലാണു നാട്. എനിക്കു മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണു പൊലീസുകാരനായിരുന്ന അച്ഛൻ കുട്ടൻ പിള്ള മരിച്ചത്. പത്താം ക്ലാസ്സ് പാസ്സായ പിറകേ പ്രീഡിഗ്രിക്കു ചേർന്നെങ്കിലും പെട്ടെന്നു ജോലി വേണമെന്ന ആഗ്രഹം കൊണ്ടു ടൈപ് റൈറ്റിങ് പഠിക്കാൻ ചേർന്നു. 1978 കാലമാണ്, ടൈപ് റൈറ്റിങ് ഹയറും ഇംഗ്ലിഷും മലയാളവും ഷോർട് ഹാൻഡും പാസ്സായി. ജോലിക്കു പല ടെസ്റ്റുകളും എഴുതി. പക്ഷേ, ഒന്നും കിട്ടിയില്ല.

ആ സമയത്തു ജീവിതത്തിൽ മറ്റൊരു നല്ല കാര്യം സംഭവിച്ചു. അന്തിയൂർക്കോണംകാരനായ ചന്ദ്രശേഖരൻ നായർ പട്ടാളത്തിൽ സിഗ്‌നൽസ് വിഭാഗത്തിൽ ക്ലറിക്കൽ പോസ്റ്റിലാണ് അന്ന്. 1982ൽ വിവാഹം കഴിഞ്ഞു. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള നഴ്സറിയിൽ പഠിപ്പിക്കാൻ ചേർന്നു, അതാണ് ആദ്യജോലി. അതിനിടെ മോൾ ജനിച്ചു, രചന. കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ എൻഎസ്എസിന്റെ നഴ്സറിയിലേക്കു ജോലിക്ക് അവസരം വന്നു. അതു സ്വീകരിക്കാൻ സാധിച്ചില്ല.’’ സുശീല ഒന്നു നിർത്തി.

അതായിരുന്നു മോഹം

കുഞ്ഞു ജനിച്ചയുടനേയൊന്നും ചന്ദ്രശേഖരൻ നായർക്കു ലീവ് കിട്ടിയില്ല. ഫോട്ടോ അയയ്ക്കാനുള്ള സംവിധാനമൊന്നും ഇല്ലല്ലോ. അപ്പോൾ കുഞ്ഞു വളരുന്നത് അ ച്ഛൻ എങ്ങനെയറിയും. അതിനൊരു പോംവഴി സുശീല കണ്ടുപിടിച്ചു. ‘‘കുഞ്ഞുപാദം പുസ്തകത്തിൽ ചേർത്തു വയ്ക്കും. എന്നിട്ട് ഔട്‌ലൈൻ വരച്ചെടുത്തു കത്തിനൊപ്പം അയയ്ക്കും. മോൾക്ക് ഒരു വയസ്സായ സമയത്ത് അദ്ദേഹം ലീവിനു വന്നു. മോളെ ആദ്യമായി കണ്ടു. ആ വരവിനു ഞങ്ങളും അദ്ദേഹത്തോടൊപ്പം പോയി. പട്ടാളക്കാർക്കു ക്വാർട്ടേഴ്സ് കിട്ടാനൊക്കെ പാടാണ്. അതുകൊണ്ടു വീട്ടിലൊരു കള്ളം പറഞ്ഞു, ക്വാർട്ടേഴ്സ് കിട്ടി. ക്യാംപിനടുത്ത് അദ്ദേഹം വാടകവീടെടുത്തിരുന്നു. ആ സന്തോഷകാലത്താണ് ആനന്ദിനെ ഗർഭിണിയായത്. പ്രസവത്തിന് ഒരാഴ്ച മുൻപു നാട്ടിൽ വന്നു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയത് അദ്ദേഹമാണ്. ആ ദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഒക്ടോബർ 24 എന്റെയും ജന്മദിനമാണ്.

മദ്രാസിൽ നിന്നാണ് അദ്ദേഹം റിട്ടയറായത്. അവിടെയൊരു കമ്പനിയിൽ ടൈപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഞാൻ. നാട്ടിലെത്തി ആനന്ദിനെ പാങ്ങോട് കേന്ദ്രീയ വിദ്യാലയയിൽ നാലാം ക്ലാസ്സിൽ ചേർത്തു. മോൾ കോട്ടൺഹിൽ സ്കൂളിൽ ഏഴാം ക്ലാസ്സിലും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റജിസ്ട്രേഷൻ മുടങ്ങാതെ പുതുക്കുമായിരുന്നു. നാട്ടിലെത്തിയ പിറകേ ടൈപ്പിസ്റ്റായി ജോലി ചെയ്ത സർട്ടിഫിക്കറ്റും കൊണ്ടു ചേർത്തു. ഏതു ജോലിയും ചെയ്യാൻ തയാറാണ് എന്നും വെള്ളപേപ്പറിൽ എഴുതി ഒപ്പിട്ടു കൊടുത്തു. അങ്ങനെ ആദ്യ ഉത്തരവു വന്നു, ഗവ. ആയുർവേദ കോളജിലെ ഓപി കൗണ്ടറിൽ ചീട്ടെഴുതുന്ന ജോലി. അന്ന് ആനന്ദ് പ്ലസ് വണ്ണിനാണ്. രണ്ടു വർഷത്തിലേറെ ആ ജോലി ചെയ്തു.

ആ മോഹം അച്ഛന്

മോനെ പട്ടാളക്കാരനാക്കണം എന്നായിരുന്നു അച്ഛന്റെ മോഹം. ഒരിക്കൽ വീടിനോടു ചേർന്നുള്ള പറമ്പ് അദ്ദേഹം വൃത്തിയാക്കിയെടുത്തു. അവിടേക്കുള്ള വഴി അലങ്കരിച്ച്, റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്യിച്ചത് മോനെ കൊണ്ട്. നാലോ അഞ്ചോ വയസ്സുള്ള മോന്റെ ഷർട്ടിൽ, സ്റ്റാർ കുത്തിവച്ചാണ് ഉദ്ഘാടനത്തിനു കൊണ്ടുവന്നത്.

സ്പോർട്സ് ആയിരുന്നു ആനന്ദിനു ഹരം. ക്രിക്കറ്റിൽ ഓൾറൗണ്ടറായിരുന്നു. ഞങ്ങളൊക്കെ ചിന്തിച്ചത് ‘പഠിക്കാതെ വെറുതേ കളിച്ചു നടക്കുന്നു’ എന്നാണ്. പക്ഷേ, ഒൻപതാം ക്ലാസ്സിൽ വച്ച് പുതിയ ക്രിക്കറ്റ് കിറ്റും ജേഴ്സിയുമൊക്കെയായി വീട്ടിൽ വന്നു, നാഷനൽ മത്സരത്തിനു പോകുകയാണ്. മൂന്നു വട്ടം മോന്റെ ടീം നാഷനൽ തലത്തിൽ മത്സരിച്ചു. പ്ലസ്ടു കഴിഞ്ഞു ലക്ഷ്മി ഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ അഡ്മിഷൻ കിട്ടി. അതേ സമയത്തു തന്നെ ആർമിയിലേക്കും സെലക്‌ഷനായി, ക്രാഫ്റ്റ്സ്മാൻ തസ്തികയിൽ.

രണ്ടു കവറും പൂജാമുറിയിൽ കൊണ്ടുവച്ചിട്ട് അച്ഛൻ ആനന്ദിനോടു പറഞ്ഞു, ഏതു വേണമെങ്കിലും തിരഞ്ഞെടുത്തോളൂ. ആർമി തിര‍ഞ്ഞെടുത്തപ്പോൾ ഞങ്ങൾ സന്തോഷിച്ചെങ്കിലും അതിനു പിന്നിലൊരു രഹസ്യമുണ്ടായിരുന്നു. സഹപാഠിയും സ്കൂൾ കബഡി ടീമംഗവുമായ ചിത്രയുമായി മോൻ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ ജോലി വേണമല്ലോ.’’ സുശീലയുടെ ചിരിയിലേക്കു ചിത്രയും കൊച്ചുമകൾ അനഹിതയും കൂടി ചേർന്നു.

മകൻ സൈനികജോലി തുടങ്ങിയ കാലത്തു തന്നെയാണ് പട്ടം പിഎസ്‌സി ഓഫിസിൽ ക്ലാസ് ഫോർ ജീവനക്കാരിയായി സുശീലയ്ക്കു ജോലി കിട്ടിയത്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്കു പതിനൊന്നര വരെയാണു ജോലി സമയം. ആറിനു മുൻപുണർന്നു റെഡിയായി ഓഫിസിലേക്കു പോകാൻ ഉത്സാഹമാണു സുശീലയ്ക്ക്.

ആ ചുറുചുറുക്കാണു വലിയ സന്തോഷമെന്നു സുശീല പറയുന്നു. ‘‘പട്ടാളക്കാരനായി ജോലി തുടങ്ങിയ ആനന്ദ് പഠനം തുടർന്നു. പ്രൈവറ്റായി ബിഎ പാസ്സായി. ഡിഫൻസ് സ്റ്റഡീസിൽ പിജി ഡിപ്ലോമ എടുത്തു. ഇതിനിടെ വിവാഹവും മകളുടെ ജനനവും. ഒൻപതു വർഷം സൈനികജോലി ചെയ്ത ശേഷം ആർമി ഓഫിസർ പരീക്ഷ പാസ്സായി. ലഫ്റ്റനന്റായി രണ്ടു വർഷം പൂർത്തിയാക്കിയ ആനന്ദ് ക്യാപ്റ്റനായത് 2017ലാണ്. നാലുവർഷം കഴിഞ്ഞു മേജറായി. അടുത്ത സ്ഥാനക്കയറ്റം ലഫ്റ്റനന്റ് കേണലായാണ്.

major-family

അതു വേദനയായി

പാങ്ങോട് ക്യാംപിലേക്കു സ്ഥലംമാറി വന്ന മോൻ റിപ്പബ്ലിക് ദിന പരേഡ് നയിച്ചതു കാണാൻ ഞങ്ങളെല്ലാവരും കൂടി പോയി. അവിടെ വച്ച് എടുത്ത ഫോട്ടോ ഇത്തരത്തിൽ പ്രചരിപ്പിക്കുമെന്നു ചിന്തിച്ചു പോലുമില്ല. മേജറായ മോൻ അമ്മയെ ജോലിക്കു വിടുന്നതെന്തിന് എന്നാണ് എല്ലാവരും ചോദിക്കുന്നത്. 18 വർഷമായി ഈ ജോലി ചെയ്യുന്നു, രണ്ടു വർഷം കൂടി കഴിഞ്ഞാൽ പെൻഷനാകും. എനിക്കു ജോലിയൊന്നും ഇല്ലാത്ത കാലത്ത് അമ്മ വിഷമത്തോടെ പറയുമായിരുന്നു, ‘പദ്മനാഭന്റെ പത്തു ചക്രം കൈനീട്ടി വാങ്ങാൻ യോഗം വേണ’മെന്ന്. എനിക്ക് ആ യോഗം വന്നതു കണ്ടിട്ടാണ് അമ്മ സന്തോഷത്തോടെ കണ്ണടച്ചത്. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുന്നത് അഭിമാനമല്ലേ.

നിയമസഭയിൽ ഡെസ്പാച്ച് അസിസ്റ്റന്റായി റിട്ടയർ ചെയ്തയാളാണ് ചേച്ചി. ചേച്ചിയുടെ മൂന്നു മക്കൾക്കും ജോലിയുണ്ട്. മോൾ രചന എംഎസ്‌സിയും ബിഎഡും പിജിഡിസിഎയും കഴിഞ്ഞ് ഇപ്പോൾ സെക്രട്ടേറിയറ്റിൽ ഹോം ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റാണ്. കൃഷി വകുപ്പി ൽ അസിസ്റ്റന്റായ നന്ദകുമാറാണ് രചനയുടെ ഭർത്താവ്. കൊച്ചുമക്കൾ നവനീതും നിവേദ്യയുമൊത്തു പോങ്ങുംമൂട്ടിലെ വീട്ടിലാണ് അവർ താമസം.

ടെക്നോപാർക്കിൽ അലയൻസ് കോൺഹില്ലിൽ ഫിനാൻസ് വിഭാഗത്തിൽ ക്വാളിറ്റി സ്പെഷലിസ്റ്റ് ആണ് മരുമകൾ ചിത്ര പി. നായർ. കൊച്ചുമോൾ അനഹിത മൂന്നാം ക്ലാസിൽ. എൻഎസ്എസ് പ്രവർത്തനങ്ങളിലും റസിഡന്റ്സ് അസോസിയേഷൻ പരിപാടികളിലുമായി ആകെ തിരക്കുള്ള റിട്ടയർമെന്റ് കാലം ആസ്വദിക്കുകയാണ് ഭർത്താവ് ചന്ദ്രശേഖരൻ നായരും. അവരൊക്കെ അഭിമാനത്തോടെ എനിക്കൊപ്പം ഉള്ളപ്പോൾ സോഷ്യൽ മീഡിയയെ എന്തിനു പേടിക്കണം.’’

പക്ഷേ, ഒരു കാര്യം അമ്മയ്ക്കു പേടിയാണ് എന്നുപറഞ്ഞു സംസാരത്തിനു ചിരിയുടെ ക്ലൈമാക്സ് ഇട്ടത് രചനയാണ്, ‘‘യുദ്ധസിനിമകൾ പേടിയാണ്. കീർത്തിചക്ര ടിവിയിൽ വന്നാൽ അമ്മ ആ ഏരിയയിലേക്ക് പോലും വരില്ല.’’ സന്തോഷച്ചിരി നിറഞ്ഞ ഒരു കുടുംബചിത്രമാണ് അ പ്പോൾ മുന്നിൽ തെളിഞ്ഞത്.

രൂപാ ദയാബ്ജി