Tuesday 21 January 2020 03:46 PM IST : By സ്വന്തം ലേഖകൻ

8 പേരും താമസിച്ചത് ഒരു മുറിയിൽ, ശ്വാസമില്ലാതെ പിടഞ്ഞ രാത്രി! ദുരന്തത്തിന്റെ ഞെട്ടലിൽ ബന്ധുക്കൾ

nepal

നേപ്പാളിൽ വിനോദ യാത്രയ്ക്കു പോയ 8 മലയാളികൾ ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദാരുണമായ സംഭവം. 15 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണു മരിച്ചത്. നേപ്പാളിലെ മക്‌വൻപുർ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്.മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം മരണ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍; ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

മരിച്ചത് ഏറെയും തിരുവനന്തപുരത്തുനിന്നുള്ളവരാണ്. നേപ്പാളില്‍ മരിച്ചത് ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുമുണ്ട്. പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), ടി.ബി.രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്.

ഇവർ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കടുത്ത തണുപ്പിനെ തുടർന്ന് മുറികൾ അടച്ച് ഇവർ ഹീറ്റർ പ്രവർത്തിപ്പിച്ചതായി അറിയുന്നു. ഹീറ്ററില്‍നിന്ന് വാതകം ചോർന്നതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് മലയാളി സംഘം ഈ റിസോർട്ടിൽ എത്തി മുറിയെടുത്തത്. കടുത്ത തണുപ്പു കാരണം മൂന്നു മുറികളിൽ ഹീറ്റർ ഓൺ ചെയ്താണ് ഇവർ വിശ്രമിച്ചത്. രാവിലെയായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ ഡുപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് യാത്രികരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്താ എജൻസികൾ സ്ഥിരീകരിച്ചു.

വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കു പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നായിരുന്നു  ഇവരുടെ യാത്ര.

നാലു മുറികള്‍ ബുക് ചെയ്തെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരുമുറിയിലായിരുന്നു. എല്ലാ വാതിലുകളും ജനലുകളും ഉള്ളില്‍ നിന്ന് കുറ്റിയിട്ടെന്ന് ഹോട്ടല്‍ മാനേജര്‍ പറയുന്നു.  അതേസമയം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി നോര്‍ക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി.