Saturday 01 April 2023 03:18 PM IST : By സ്വന്തം ലേഖകൻ

‘ശ്വാസം മുട്ടുന്ന വേദനയാണ്, എനിക്ക് സഹിക്കാനാകുന്നില്ല’ :മകൾ ജീവനായിരുന്നു ആ മനുഷ്യന്: ബൈജുവിന്റെ അവസാന കുറിപ്പ്

baiju-last-note

സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവച്ച് ആത്മഹത്യ ചെയ്ത പ്രവാസി ബൈജു രാജു മരിക്കും മുമ്പ് തനിക്കയച്ച ആത്മഹത്യ കുറിപ്പ് പങ്കുവച്ച് സംവിധായകൻ എം.ബി. പത്മകുമാർ. ഏറെ പ്രിയപ്പെട്ട ഒരാൾ വഞ്ചിച്ചപ്പോൾ നിസ്സഹായനായിപ്പോയതുകൊണ്ടാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് ഇ മെയിൽ സന്ദേശത്തിൽ ബൈജു രാജു പറയുന്നു. പ്രിയപ്പെട്ട ഒരാൾ നിങ്ങളെ വഞ്ചിക്കുമ്പോൾ മറ്റൊരു മാർഗവുമില്ലാതെ പലരും നിസ്സഹായനാകും. ബൈജുവോ ഭാര്യയോ തെറ്റുകാരാണ് എന്നല്ല താൻ പറയാൻ ശ്രമിക്കുന്നത്. പുറത്തുനിന്ന് ആരൊക്കെയോ ഇടപെട്ടാണ് ആ കുടുംബം തകർത്തതെന്നാണ് വിശ്വസിക്കുന്നതെന്ന് പദ്മകുമാർ വിഡിയോയിലൂടെ വിശദമാക്കുന്നു. നേരത്തേ, ബൈജു രാജുവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത പത്മകുമാർ അതൊരു വിഡിയോയായി പങ്കുവച്ചിരുന്നു.  ബൈജുവിനെ കാണാൻ ഒടുവിൽ മകൾ എത്തി എന്ന വിവരമായിരുന്നു അദ്ദേഹം ആ വിഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചത്.  

പദ്മകുമാർ വിവരിക്കുന്ന ബൈജു രാജുവിന്റെ കുറിപ്പ്:

‘നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ നിങ്ങളെ വഞ്ചിക്കുമ്പോൾ മറ്റൊരു മാർഗവുമില്ലാതെ നിങ്ങൾ നിസ്സഹായനാകും. എല്ലാവരും എന്റെ പ്രതീക്ഷകളെല്ലാം നശിപ്പിച്ചതിനാൽ എന്റെ മാനസിക സമാധാനം പൂർണമായും ഇല്ലാതായി. എന്റെ ജീവിതത്തിന് അർഥമില്ലെന്ന് തോന്നി. എന്റെ നിലനിൽപിന്റെ അവസാന പ്രതീക്ഷയായ എന്റെ മകൾ എന്നിൽനിന്ന് നഷ്ടപ്പെട്ടു പോകുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ തകർന്നുപോയി. പഠിക്കുമ്പോഴും പള്ളിയിൽ പോകുമ്പോഴും ബൈബിൾ വായിക്കുമ്പോഴും പ്രാർഥിക്കുമ്പോഴും ഡാൻസ് ക്ലാസ്സിൽ കൊണ്ടുപോകുമ്പോഴും വയലിൻ പഠിപ്പിക്കുമ്പോഴുമൊക്കെ എല്ലായിടത്തും മകൾക്കൊപ്പമുണ്ടായിരുന്ന ഒരച്ഛന് മകളിൽനിന്ന് അകന്നു നിൽക്കാൻ പ്രയാസമാണ്. എന്റെ വരാനിരിക്കുന്ന ജീവിതം എന്റെ മകളുടെ കണ്ണിലൂടെ കാണാനും അവളുടെ ഭാവിയെക്കുറിച്ച് ഒരുപാട് പ്രതീക്ഷിക്കാനും ഞാൻ ആഗ്രഹിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന് മകൾ എപ്പോഴും പറയുമായിരുന്നു.’

ബൈജു ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ഈ കുറിപ്പിന്റെ പശ്ചാത്തലത്തിൽ പത്മകുമാർ വിവരിക്കുന്നുണ്ട്. മകളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയെവന്നോണമാണ് പദ്മകുമാർ കാര്യങ്ങൾ വിശദീകരിക്കുന്നത്. ബൈജുവിനെയോ ഭാര്യയെയോ തെറ്റുകാരായി കാണാനാവില്ല. ആരുടെയൊക്കെയോ ഇടപെടൽ കൊണ്ടാണ് ബൈജു രാജുവിന്റെ കുടുംബം തകർന്നുപോയത്.  ഒരു മകളെ അച്ഛനിൽ നിന്ന് അകറ്റാൻ ആർക്കും അവകാശമില്ല. ബൈജു തനിക്ക് ഒരു കെട്ട് ഡോക്യൂമെന്റസ് അയച്ചെന്നും ജീവിതത്തിൽ ആദ്യമായാണ് ഒരാൾ ആത്മഹത്യക്കുറിപ്പ് തനിക്കയച്ചതെന്നും പത്മകുമാർ പറയുന്നു.

‘ഒരച്ഛൻ ജീവിത കാലം മുഴുവൻ ജീവിച്ചത് ആ മകൾക്കു വേണ്ടിയാണ്. അവസാന നിമിഷം പോലും ആ അച്ഛനിൽ നിന്നും മകളെ അകറ്റാൻ നോക്കി. അങ്ങനെ അകറ്റി നിർത്താൻ ഒരു ശക്തിക്കും അധികാരമില്ല. അപരിചിതനായ ഒരു വ്യക്തി ആദ്യമായി ആത്മഹത്യ കുറിപ്പ് അയക്കുന്നു എന്നു പറയുമ്പോൾ ആർക്കായാലും വിഷമം വരും. എന്നെ അവസാന നിമിഷം ഓർത്ത അദ്ദേഹത്തിന്റെ ശവസംസ്കാര സമയത്ത് പങ്കെടുക്കുണമെന്ന് തോന്നി.’– പദ്മകുമാർ സംഭവത്തിന്റെ വിശദീകരണം എന്നോണം മകളോടായി പറയുന്നു.

ബൈജു അദ്ദേഹത്തിന്റെ ഭാര്യയെ ഒരുപാട് ഉപദ്രവിച്ചിരുന്നു എന്നൊക്കെ സംസ്കാര ചടങ്ങിന്റെ വിഡിയോ പങ്കുവച്ചതിനു ശേഷം ആളുകൾ കമന്റിടുന്നുണ്ട്. പക്ഷേ ബൈജു പങ്കുവച്ച ഇമെയിലുകളിൽ അവർ ന്യൂസീലൻഡിൽ സന്തോഷകരമായി താമസിച്ചതിന്റെ തെളിവുകൾ അദ്ദേഹം അയച്ചിട്ടുണ്ട്. മകളും ഭാര്യയും അടങ്ങുന്ന കുടുംബം സന്തോഷപ്രദമായിരുന്നുവെന്നു പറയുമ്പോൾ ആരുടെയെക്കെയോ ഇടപെടൽ ആ കുടുംബത്തെ തകർത്തു കളഞ്ഞു. മകൾക്കു വേണ്ടി ജീവിച്ച മനുഷ്യന്റെ മനസ് പളുങ്കു പോലെയായിരുന്നു. പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞു പോകുന്ന മനുഷ്യനായിരുന്നു അയാൾ. അദ്ദേഹത്തിന്റെ ഭാര്യ കുറച്ചു കൂടി സ്ട്രോങ് ആണ്. എന്നാൽ ബൈജുവിന്റെ മനസിനെ പലരും തകർത്തു കളഞ്ഞു. ബൈജു ശാരീരികമായി ഒരുപാട് ഉപദ്രവിച്ചു എന്നുപറഞ്ഞാണ് ന്യൂസീലൻഡ് പൊലീസിൽ ബൈജുവിന്റെ ഭാര്യ കേസ് കൊടുത്തത്. പക്ഷേ ബൈജു അയച്ച മെയിലിൽ പൊലീസിന്റെ സാക്ഷ്യപ്പെടുത്തൽ പങ്കുവച്ചിട്ടുണ്ട്. അതിൽ പറഞ്ഞത് ബൈജുവിന്റെ ഭാര്യയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ്.  

ഭാര്യയുടെ ശരീരത്തിൽ ഉപദ്രവിച്ചതിന്റെ ഒരു തെളിവും ഇല്ല എന്നാണു പൊലീസ് സാക്ഷ്യപ്പെടുത്തുന്നത്. ബൈജു അയച്ച ചാറ്റ് ഹിസ്റ്ററിയിൽനിന്നു മനസ്സിലായത് ബൈജു തെറ്റിദ്ധരിക്കത്തക്ക വിധത്തിൽ ഭാര്യ തെറ്റു ചെയ്തിട്ടില്ല എന്നാണ്. ഒരു പ്രശ്നമുണ്ടായപ്പോൾ ബൈജുവിനെ പിന്തുണയ്ക്കാൻ ആരുമില്ലായിരുന്നു. പക്ഷേ ഭാര്യയ്ക്ക് പിന്തുണയായി ഭാര്യയുടെ കുടുംബമുണ്ടായിരുന്നു.

ബൈജുവോ ഭാര്യയോ തെറ്റുകാരാണ് എന്നല്ല പറയാൻ ശ്രമിക്കുന്നത്. പുറത്തുനിന്ന് ആരൊക്കെയോ ഇടപെട്ടാണ് ആ കുടുംബം തകർത്തതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കുടുംബബന്ധവും തകർക്കാൻ ആരും ശ്രമിക്കരുത്. ബൈജു എത്രമാത്രം ശുദ്ധനാണെന്ന് ഇമെയിലിന്റെ അടിക്കുറിപ്പിൽ അദ്ദേഹം എഴുതിയ ആത്മഹത്യക്കുറിപ്പ് വായിച്ചാൽ മനസ്സിലാകും. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.’’–പത്മകുമാർ പറയുന്നു.

എന്തിനാണ് എന്നിൽ നിന്നും മകളെ തടഞ്ഞു വയ്ക്കുന്നത് എന്നു പറഞ്ഞ ബൈജു അനുഭവിച്ച വേദന വളരെ വലുതാണ്. കുടുംബം തകരുമ്പോൾ ഓരോരുത്തരും അനുഭവിക്കുന്ന വേദന അത് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്. മകളെ കാണാതിരിക്കുന്ന അച്ഛൻ അനുഭവിക്കുന്ന മാനസിക സംഘർഷം ഒരു സ്ത്രീക്കും മനസ്സിലാകില്ല. അതുപോലെ അമ്മ അനുഭവിക്കുന്ന വേദന ഒരു പുരുഷനും മനസ്സിലാകില്ല. മകളെ കാണാതെ ബൈജു അനുഭവിച്ച ശ്വാസംമുട്ടൽ വളരെ വലുതായിരുന്നു അതിലും വലിയ ശ്വാസംമുട്ടൽ വേറെ ഇല്ല എന്നു തോന്നിയിട്ടാണ് ബൈജു സ്വന്തം ശ്വാസം ഉപേക്ഷിച്ചത്. മനുഷ്യർ അങ്ങനെയാണ്. ഇക്കാര്യത്തിൽ

ബൈജു മെയിലിന്റെ അവസാനം പങ്കുവച്ച വാക്കുകൾ തന്നെ വളരെ അധികം വേദനിപ്പിച്ചെന്നും പദ്മ കുമാർ പറയുന്നു. മകളിൽ നിന്നുള്ള വേർപിരിയലിനേക്കാൾ വലുതല്ല കഴുത്തിലെ കുരുക്കെന്ന് അദ്ദേഹം വിശ്വസിച്ചിട്ടുണ്ടാകാം. ഞാനൊരു മനുഷ്യനാണ് എനിക്ക് എത്രത്തോളാം സഹിക്കാനാകും. ഉറക്കമില്ലാത്ത രാത്രികളും ശ്വാസം മുട്ടുന്ന വേദനയും എന്നെ തകർക്കുന്നു എനിക്ക് സഹിക്കാൻ കഴിയുന്നില്ല. പെട്ടെന്നൊരു ആശ്വാസം വേണം. അതിന് ഞാൻ എന്നെ ഇല്ലാതാക്കുന്നു.– പദ്മ കുമാർ വിവരിക്കുന്നു.