Friday 05 May 2023 11:26 AM IST

‘സെക്സ്‌വർക്കിന് പോകാറുണ്ടോ?’ എന്നൊക്കെയാണ് ഇന്റർവ്യൂവിനൊക്കെ ചോദിക്കുന്നത്: വേദനയോടെ പ്രവീൺ അന്നുപറഞ്ഞു

Shyama

Sub Editor

praveen-nath-old-story

ചങ്കുകുത്തി നോവിക്കുന്ന സോഷ്യൽ മീഡിയയുടെ വിചാരണയിൽ നിന്നെല്ലാം ഒഴിഞ്ഞ് സ്വസ്ഥമായ മരണത്തിന്റെ വഴിയിലേക്ക് പോയി പ്രവീൺ നാഥ്. വേദനകളേയും ഒറ്റപ്പെടുത്തലുകളേയും അതിജീവിച്ച് സ്വത്വത്തിന് വേണ്ടി പോരാടിയ പ്രവീൺ നാഥ് ജീവിതം അവസാനിപ്പിച്ചുവെന്ന വാർത്ത നെഞ്ചുപിടയുന്ന വേദനയോടെയാണ് കേരളം ശ്രവിച്ചത്. സമൂഹത്തിന്റെ കുത്തുവാക്കുകളും ഹൃദയം മുറിക്കുന്ന ക്രൂരമായ മുൻവിധികളും വിട്ട് പ്രവീൺ മറ്റൊരു ലോകത്തേക്ക് യാത്രയാകുമ്പോൾ ആ ഓർമകളും ജ്വലിച്ചു നിൽക്കുന്നു. പരിഹസിച്ചവർക്കു മുന്നിൽ മിസ്റ്റര്‍ കേരള നേട്ടം കൊയ്തുകൊണ്ട് മറുപടി പറഞ്ഞ പ്രവീൺ വനിതയോടും ഒരിക്കൽ മനസു തുറന്നു. ആ വിയോഗം ഹൃദയങ്ങളിൽ വിങ്ങലായി അവശേഷിക്കുമ്പോൾ വായനക്കാർക്കു മുന്നിൽ പ്രവീൺ പങ്കുവച്ച വാക്കുകൾ ഓർമക്കുറിപ്പെന്നോണം പങ്കുവയ്ക്കുകയാണ്. 2021ൽ പ്രവീൺ വനിതയോട് പങ്കുവച്ച വാക്കുകൾ....

എതിർപ്പുകൾ താണ്ടിയ ജീവിതം... ഒടുവിൽ കണ്ണീരോർമ

യഥാർഥ ഐഡന്റിറ്റിയെ കുറിച്ച് പറഞ്ഞതും വീട്ടിൽ നിന്ന് എതിർപ്പുണ്ടായി. വീടുവിട്ടിറങ്ങേണ്ടി വന്നു. ട്രാൻസ്ജെൻഡർ എന്നാൽ ലൈംഗികതൊഴിലെടുക്കേണ്ടി വരും യാചിക്കേണ്ടി വരും എന്നൊക്കയാണ് പലരും വിചാരിക്കുന്നത്. അതല്ല എന്നറിഞ്ഞതോടെ എതിർപ്പ് കുറഞ്ഞു.

2020ൽ ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് ഞാൻ തൃശ്ശൂര് വരുന്നത്. ‘സഹയാത്രിക’യിൽ അഡ്വകസി കോഡിനേറ്റർ പോസ്റ്റിലേക്ക് ജോലി കിട്ടി. ഹോട്ടൽ ഭക്ഷണം കൂടിയപ്പോ ജിമ്മിൽ ചേരാം എന്ന് തീരുമാനിച്ചു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ ബോഡി ബിൽഡർ ആര്യൻ പാഷയെ കുറിച്ച് വായിച്ചിട്ടുണ്ട്. അങ്ങനെ അയ്യന്തോളുള്ള ആർ.എസ്. ഫിറ്റ്നെസ് സെന്ററിൽ ചേർന്നു. അവിടുന്നാണ് ട്രെയ്നർ വിനു മോഹനെ പരിചയപ്പെടുന്നത്. ട്രാൻസ്മെൻ ആണ് എന്നു പറഞ്ഞപ്പോ ആദ്യമൊന്ന് അമ്പരന്നെങ്കിലും ‘തൽക്കാലം വേറെയാരോടും ഇക്കാര്യം പറയാതെ വർക്കൗട്ട് ചെയ്തോളൂ’ എന്ന് പറഞ്ഞു.

ജിമ്മിൽ ചേർന്ന് മൂന്ന് മാസത്തിന് ശേഷമാണ് മിസ്റ്റർ തൃശ്ശൂർ മത്സരം നടക്കുന്നത്. മത്സരിക്കാൻ ഇറങ്ങുന്നോ എന്ന് കോച്ച് ചോദിച്ചു. സംഘടനകളുമായി നിരന്തരം സംസാരിച്ച് പ്രത്യേക വിഭാഗം തന്നെ കൊണ്ടുവന്നു. ആദ്യം മിസ്റ്റർ തൃശ്ശൂരായി. പിന്നീട് മിസ്റ്റർ കേരള. ട്രാൻസ്‌മെൻ വിഭാഗത്തിൽ ഞാൻ മാത്രമേ മത്സരിച്ചുള്ളൂവെങ്കിലും എല്ലാ മത്സരങ്ങളിലും നടക്കുന്ന അതേ കാര്യങ്ങൾ തന്നെ ചെയ്യണം. ഏഴ് നിർബന്ധ പോസിങ്, മ്യൂസിക് വിത് ബോഡി ഷോ ഒക്കെ ഉണ്ടായിരുന്നു. 2021 ഓഗസ്റ്റ് 13ന് പാലായിൽ വച്ചായിരുന്നു മത്സരം. മിസ്റ്റർ കേരളയായതോടെ കേരളത്തിലെ ‘ആദ്യ ട്രാൻസ്ജെൻഡർ മിസ്റ്റർ കേരള ആര്’ എന്നൊരു പിഎസ്‌സി ചോദ്യം പോലും വന്നു.

ഒരു ദിവസം 700 രൂപയോളം ഭക്ഷണത്തിനായി മാത്രം വേണ്ടി വന്നിരുന്നു. സ്പോൺസർഷിപ്പിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. കടം വാങ്ങിയാണ് മത്സരിക്കുന്നത്. ഇനി സൗത് ഇന്ത്യ മത്സരമുണ്ട്. 2022 ഫെബ്രുവരിയിൽ മിസ്റ്റർ ഇന്ത്യയും. അതിനുള്ള തയാറെടുപ്പിലാണ്.

വിജയിയായാൽ മാത്രമല്ല ട്രാൻസ് വ്യക്തികളെ മനുഷ്യരായി അംഗീകരിക്കേണ്ടത് എന്നാണ് സമൂഹത്തോട് എനിക്ക് പറയാനുള്ളത്. നേട്ടങ്ങളില്ലാത്ത ഒരാൾ ട്രാൻസ് ആണെന്നൊരു പോസ്റ്റ് ഇട്ടാൽ അതിന് ആ വ്യക്തി സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുന്നു.

ട്രാൻസ്ജെൻഡർ ആണെന്നറിഞ്ഞാൽ ‘നിങ്ങള്‍ സെക്സ്‌വർക്കിന് പോകാറുണ്ടോ?’ എന്നൊക്കെയാണ് ഇന്റർവ്യൂവിനൊക്കെ ചോദിക്കുന്നത്. മറ്റുള്ളവരോട് യാതൊരു കാരണവശാലും ഇത്തരം ചോദ്യങ്ങൾ ആരും ചോദിക്കില്ല എന്നോർക്കണം. ഇതിനൊക്കെ മാറ്റം വരട്ടെ.’’