Wednesday 25 March 2020 03:27 PM IST : By സ്വന്തം ലേഖകൻ

ഖത്തറിൽ നിന്ന് എത്തി ഹോം ക്വറന്റീനിലാണ്, ആരെയും കാണാൻ പറ്റില്ല! പോസ്റ്ററെഴുതി വീടിനു മുന്നിൽ ഒട്ടിച്ച് സ്വയം സമ്പർക്ക വിലക്ക് ഏർപ്പെടുത്തി കുടുംബം

qatar

വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള സമ്പർക്ക വിലക്ക് അക്ഷരംപ്രതി അനുസരിച്ച് ഒരു കുടുംബം. പുറത്തുനിന്ന് ആരും വീട്ടിലേക്ക് കടക്കാതിരിക്കാൻ ഗെയിറ്റിനു വെളിയിൽ പോസ്റ്ററും പതിച്ച് മാതൃകയാകുന്നത് കോഴിക്കോട് കായക്കൊടി സ്വദേശിയായ വി കെ അബ്ദുള്‍ നസീറും കുടുംബവുമാണ്. വിദേശയാത്ര കഴിഞ്ഞതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ക്വറന്റീനിലാണെന്നും സന്ദര്‍ശകരെ സ്വീകരിക്കില്ലെന്നുമാണ് അബ്ദുള്‍ നസീര്‍ വീടിന് മുമ്പില്‍ പതിച്ച പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.


ഖത്തറിൽ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് നസീറും കുടുംബവും ഹോം ക്വറന്റീനിലേക്ക് പോയത്. കായക്കൊടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ് അദ്ദേഹം. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് 14 ദിവസം വീട്ടിലിരിക്കാനാണ് ദമ്പതികളുടെ തീരുമാനം. ഭക്ഷണം ഉള്‍പ്പെടെ ആവശ്യമുള്ള സാധനങ്ങള്‍ ഇവര്‍ ഫോണിലൂടെ ബന്ധുക്കളോട് പറഞ്ഞ് കൊണ്ടുവരികയാണ്. ഇവർ വീടിന് പുറത്തുവെച്ച മേശയുടെ മുകളില്‍ ഭക്ഷണം വച്ചു മടങ്ങുകയാണ് പതിവ്. ഇവര്‍ പോയി കഴിഞ്ഞ് മേശയില്‍ സ്പര്‍ശിക്കാതെ ഇവയെടുത്ത് വീടിനുള്ളില്‍ കയറും.