Monday 15 May 2023 05:03 PM IST

‘പ്രളയം അതിജീവിച്ചു എന്നു പറയുമ്പോഴും പലർക്കും ജീവൻ മാത്രമാണ് തിരിച്ചു കിട്ടിയത്’: ജീവിതം തിരികെ നൽകിയ ഫ്രൈബ്രന്റ്

Shyama

Sub Editor

fibrant

പറക്കാൻ ചിറകുകളുണ്ടാകണം. ഒ പ്പം പതറാതെ നിൽക്കാൻ വേരുകളും. ശ്രദ്ധ പറക്കലിൽ മാത്രമാകുമ്പോൾ പ്രകൃതി ഇടപെടും. നിർത്താത്ത മഴയും പിൻവലിയാത്ത കടലുമായി വന്നു ‘വേരിന്റെ ഓർമ’ നിലനിർത്തേണ്ടതിനെക്കുറിച്ചു നമ്മെ ബോധ്യപ്പെടുത്തും.

പ്രകൃതിയെ മറന്നുള്ള വികസനപ്പറക്കലുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ പലതാണ്. പ്രകൃതിയെ നോവിക്കാതെ, സഹജീവികൾക്കു തുണയേകി ഒപ്പം ലാഭവും നേടുന്ന ബിസിനസ്, അതാണ് സുസ്ഥിര വ്യവസായം എന്ന സങ്കൽപം. മറ്റേതൊരു ജീവിയേക്കാളും തെറ്റുകൾ തിരുത്താനും ചുറ്റുമുള്ളതിനെയും കൂടി സംരക്ഷിച്ചു വളരാനും കഴിയുന്ന മനുഷ്യർക്ക് ഈ ഓർമപ്പെടുത്തൽ എളുപ്പം മന സ്സിലാകേണ്ടതാണ്.

അത്തരത്തിലുള്ള തിരിച്ചറിവിൽ നിന്നാണു സുസ്ഥിരവ്യവസായം എന്ന ആശയം പിറക്കുന്നത്. ലാഭം ചെറുതെങ്കിലും മനുഷ്യനെയും പ്രകൃതിയെയും കരുതലോടെ കണ്ടാണ് ഇത്തരം ബിസിനസുകളുടെ പ്രവർത്തനം.

അത്തരമൊരു ബിസിനസിന് നേതൃത്വം നൽകുന്ന സംരംഭകയെ പരിചയപ്പെടാം...

ഞാനില്ല, ഞങ്ങളേ ഉള്ളൂ... (രാധാ ലക്ഷ്മി, ഫൈബ്രന്റ് സ്ഥാപക സെക്രട്ടറി)

പതിനേഴ് വർഷത്തോളമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് ‘റൈറ്റ്സ്’ എന്ന എൻജിഒ നടത്തുന്നുണ്ട്. ദലിത്– ആദിവാസി വിഭാഗത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ പുരോഗമനമാണു ലക്ഷ്യം’’ മുള ഉൽപന്നങ്ങൾ നിർമിച്ച് വ്യാപാരം ചെയ്യുന്ന ഫൈബ്രന്റ് എന്ന് ബ്രാൻഡിനെ പ്രതിനിധീകരിച്ചു രാധാലക്ഷ്മി സംസാരിക്കുന്നു.

‘‘2018ലെ വെള്ളപ്പൊക്കം ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ചു പഠിക്കുമ്പോൾ ഉപജീവനമാർഗം ന ഷ്ടപ്പെട്ട ഒരുപാടു സ്ത്രീജീവിതങ്ങൾ കണ്ടു. പ്രളയം എ ല്ലാവരെയും ‘ഒരുപോലെ’ ബാധിച്ചു എന്നു പറയാൻ പറ്റില്ല. സാമൂഹിക–സാമ്പത്തികപരമായി മുന്നിൽ നിൽക്കുന്ന ആളുകൾക്ക് താരതമ്യേന പുനർനിർമാണം എളുപ്പമാണ്. ദലിത് സ്ത്രീയാകുമ്പോൾ ഇതു മൂന്നു മടങ്ങ് പ്രയാസവും.

റൈറ്റ്സ് വഴി നഷ്ടങ്ങളുടെ കണക്കെടുത്തപ്പോൾ പ്രധാനമായും കന്നുകാലികൾ, തയ്യൽ യൂണിറ്റുകൾ പോലു ള്ള ചെറുവ്യവസായങ്ങൾ നഷ്ടപ്പെട്ട ധാരാളം പേരെ ക ണ്ടെത്തി. ഇൻഷുറൻസ് പരിരക്ഷയോ കവറേജോ ഇല്ലാത്തവർ. ഒരു ജനതയുടെ സ്വപ്നങ്ങൾ മുഴുവൻ വെള്ളം എടുത്തു പോയി. അതിജീവിച്ചു എന്നു പറയുമ്പോഴും അ തിൽ ജീവൻ മാത്രമാണു ബാക്കി. സാമ്പത്തിക സഹായം പോലുള്ള കാര്യങ്ങളുമായി പലരും രംഗത്തു വന്നു. ഞങ്ങൾ മുന്നോട്ടു വച്ച ആശയം മറ്റൊന്നാണ്. പണം നൽകലിനപ്പുറം പ്രകൃതി സൗഹാർദപരമായ ജീവനോപാധികൾ ഒരുക്കാനാണ്. പ്രകൃതിദുരന്തം ഏറ്റവും ഉലച്ചതു പ്രകൃതിക്ക് ഏറ്റവും കുറച്ച് ഉപദ്രവം ചെയ്യുന്ന ഈ മനുഷ്യരെയാണ്.

തോൽവി വളമാക്കി

നിരന്തര ചർച്ചകളുടെ ഭാഗമായിട്ടാണ് ‘ഫൈബ്രന്റ്’ എന്ന ആശയത്തിലെത്തുന്നത്. മുളയുൽപ്പന്നങ്ങൾ നിർമിച്ചു പ്രതിസന്ധിയിലായ കഥകൾ ധാരാളം കേട്ടു. പരാജയകാരണങ്ങൾ ആഴത്തിൽ പഠിച്ചു.

ഒരാൾ തന്നെ മുള എടുക്കുന്നു, പരുവപ്പെടുത്തി വസ്തുക്കൾ നിർമിക്കുന്നു, വിൽക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ജോലിക്കും എടുക്കുന്ന സമയം കണക്കാക്കപ്പെടുന്നില്ല. ഞങ്ങൾ ആദ്യമേ ജോലി മൂന്നായി തരം തിരിച്ചു. ആ ദ്യപടിയായി മുള എവിടുന്നൊക്കെ കിട്ടും എന്നതു ജിയോ ടാഗ് ചെയ്ത് മാപ് ചെയ്യും. നദീതടങ്ങളിൽ അല്ലാത്തവയാണ് എടുക്കുക. പിന്നെ, ഉൽപന്നനിർമാണം, വിപണനം.

ദലിത് സ്ത്രീകൾ മാത്രം നടത്തുന്നൊരു കമ്പനി ഞ ങ്ങളുടെ വലിയ സ്വപ്നമായിരുന്നു. ഇന്ന് അറുപതോളം സ്ത്രീകളുമായി ഫൈബ്രന്റ് യാത്ര തുടരുന്നു. കേരളത്തിൽ 25000 കോളനികളുണ്ട്, മൂന്നു ലക്ഷത്തിൽ അധികം ദലിതർ അവിടെ താമസിക്കുന്നു. പല ഊരുകളിലായി നാലു ലക്ഷത്തോളം പട്ടികജാതിക്കാരുണ്ട്. ഇവർക്കൊക്കെ ‘ഞങ്ങളുെട കമ്പനി’ എന്നു വിളിക്കാവുന്ന ഒന്നാണ്.

ഫൈബ്രന്റ്, മൂന്നു കാര്യങ്ങൾ കൊണ്ട് വിജയമാതൃകയാണ്.1- മൂന്ന് വർഷത്തിനുള്ളിൽ ദലിത് സ്ത്രീകൾ നടത്തുന്ന കമ്പനിയായി വളർന്നു. 2– വീട്, സ്കൂൾ, ആശുപത്രി എന്നിവിടങ്ങളിൽ മാത്രമായി സഞ്ചാരപദം ചുരുങ്ങിയിരുന്ന സ്ത്രീകൾ ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള അൻപതിലധികം പ്രദർശനങ്ങളിൽ പങ്കെടുക്കുന്നു. 3– സ്ത്രീയുടെ മാതൃത്വം മാത്രം മഹത്വവൽക്കരിക്കുന്നിടത്ത് സ്ത്രീയെ സംരംഭകയായി കൂടി ബഹുമാനിച്ചു തുടങ്ങി. വ ലിയ ലാഭം ഇല്ലെങ്കിലും ഇതൊക്കെ വിലമതിക്കാനാകാത്ത നേട്ടങ്ങളല്ലേ.

fibrant-2

മാതൃകയാക്കേണ്ട പെൺ ഇടം

2018 ലാണു ഫൈബ്രന്റ് റജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കിടയിൽ നിന്ന് ഉയർന്നു വന്ന പേരാണു കമ്പനിക്ക്. മുള വെട്ടുന്നതിനൊപ്പം പുതിയവ വച്ചു പിടിപ്പിക്കുക കൂടി ചെയ്യുന്നു. നാലു യൂണിറ്റുകളാണു നിലവിലുള്ളത്. പത്തനം തിട്ടയിലെ തോട്ടപ്പുഴയിലും കടപ്രയിലും ഇടുക്കിയിൽ ചിന്നപ്പാറ ആദിവാസി സെറ്റിൽമെന്റിലും തട്ടേക്കടംകുടി മുതുവാൻ സെറ്റിൽമെന്റിലും. കൂടാതെ നെയ്ത്തുമായി ബ ന്ധപ്പെട്ട കാര്യങ്ങൾ അടിമാലിയിലും നടക്കുന്നു. മുള സ്പീക്കർ, മഴ മൂളി, പേപ്പർ ക്ലിപ് തുടങ്ങി പുതിയ കാലത്തിനുള്ള പലതും മുള കൊണ്ടു നിർമിക്കുന്നു.

ഞാന്‍ ജനിച്ചതും വളർന്നതും തിരുവനന്തപുരം കള്ളിക്കാടാണ്. ബിരുദം കഴിഞ്ഞു സാമൂഹിക പ്രവർത്തനത്തിലേക്ക്. പത്തു വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. അമ്മയുടെ ഒറ്റ മകളായിട്ടാണു വളർന്നത്. സ്വാതന്ത്ര്യമെന്നാൽ സാമ്പത്തിക സ്വാതന്ത്ര്യമാണെന്ന് അന്നേ അറിയാം. പങ്കാളി അജീഷ് വിദേശത്ത് ജോലി ചെയ്യുന്നു. ഒരു മകളുണ്ട്– ആര്‍ദ്ര.

ഇപ്പോൾ ഞാൻ ഫൈബ്രന്റിന്റെ സ്ഥാപക സെക്രട്ടറിയാണ്. താമസിയാതെ സ്ഥാനമൊഴിയും. പൂർണമായും അവരാൽ നയിക്കപ്പെടുന്ന സ്ഥാപനമായി ഫൈബ്രന്റ് മാറും. ഇപ്പോഴേ ജോലിയുടെ എല്ലാ വശങ്ങളെയും കുറിച്ച് ഓരോരുത്തരും ബോധ്യമുള്ളവരാണ്.

എടുത്തു പറയാനുള്ളൊരു കാര്യം ആർത്തവവുമായ ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതയുള്ള ഒരാളോട് ‘നീ വിശ്രമിച്ചോ, പകരം ഞാൻ കവർ അപ് ചെയ്യാം’ എന്ന തരത്തിലുള്ള ‘സാഹോദര്യം’ കാണാം. മാനസിക പിരിമുറുക്കമുള്ള സഹപ്രവർത്തകയ്ക്ക് കണ്ടറിഞ്ഞു വിശ്രമം നൽകും. അതൊക്കെ രോമാഞ്ചമുണ്ടാക്കുന്ന കാര്യങ്ങളാണ്.

ഞങ്ങളുടെ നാലു യൂണിറ്റിലും ക്രഷ് ഉണ്ട്. അവിടെ കുട്ടികൾക്ക് കളിക്കാനും ഓൺലൈൻ വിദ്യാഭാസത്തിനായുമൊക്കെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

fibrant-1

ഒരു സ്ത്രീക്ക് യാതൊരു തരത്തിലുമുള്ള അരക്ഷിതാവസ്ഥയില്ലാതെ ഇവിടെ ജോലി ചെയ്യാം. സ്ത്രീയെ ബഹുമാനിക്കുക എന്നു പറയുന്നതു പ്രവൃത്തിയിലൂന്നി ചെയ്യേണ്ട ഒന്നാണ്. ഇതു കണ്ടും പഠിച്ചുമാണ് അടുത്ത തലമുറ വളർന്നു വരുന്നതും.’’

ശ്യാമ