Tuesday 27 October 2020 11:45 AM IST : By സ്വന്തം ലേഖകൻ

അറിവിന് ഷട്ട് ഡൗണില്ല! 107-ാം വയസില്‍ കംപ്യൂട്ടറില്‍ ആദ്യാക്ഷരം കുറിച്ച് സാറാ ഉമ്മാള്‍

sara-ummal

107 വയസ്സുള്ള സാറാ ഉമ്മാള്‍ വിജയദശമി ദിനത്തില്‍ കംപ്യൂട്ടര്‍ സാക്ഷരതാ പഠനത്തിന്റെ ആദ്യാക്ഷരം കുറിച്ചു. പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ യുവ കവിയും അധ്യാപകനുമായ വിനോദ് മുളമ്പുഴയാണ് പഴകുളം പൊന്മാന കിഴക്കേതില്‍ സാറാ ഉമ്മാളിന് കംപ്യൂട്ടറിന്റെ ബാലപാഠം പകര്‍ന്നു നല്‍കിയത്.

അറബി അക്ഷരം മാത്രം അറിയാവുന്ന സാറായെ ഈ ഗ്രന്ഥശാലയില്‍ 96–ാം വയസ്സില്‍ പടയണി ഗുരു പ്രഫ. കടമ്മനിട്ട വാസുദേവന്‍പിള്ള ഹരിശ്രീ കുറിപ്പിച്ചു. തുടര്‍ന്ന് മലയാള അക്ഷരം പഠിപ്പിച്ചെടുത്തു. ഇതിനിടയില്‍ ഗ്രന്ഥശാലയുടെ മേല്‍നോട്ടത്തില്‍ സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം, അതുല്യം എന്നിവയില്‍ തുല്യതാ പഠിതാവായി പരീക്ഷ എഴുതി വിജയിപ്പിക്കുകയും ചെയ്തു.പിന്നീട് കംപ്യൂട്ടര്‍ സാക്ഷരത കൈവരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഗ്രാന്ഥശാല ഭാരവാഹികള്‍ ഇവര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം നേടിക്കൊടുക്കാന്‍ വിജയദശമി ദിനത്തില്‍ തുടക്കം കുറിച്ചത്. ഇപ്പോള്‍ ഇളയ മകന്‍ നൂറുദീന്റെ കൂടെയാണ് താമസം. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ്, ജോയിന്റ് സെക്രട്ടറി ഇസ്മായില്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് കൗണ്‍സില്‍ അംഗം എസ്. അന്‍വര്‍ഷ, മുരളി കുടശനാട് എന്നിവര്‍ വിദ്യാരംഭ ചടങ്ങിനു നേതൃത്വം നല്‍കി.

More