Tuesday 01 November 2022 05:28 PM IST : By സ്വന്തം ലേഖകൻ

‘അവൾ ഒന്നാന്തരം ക്രിമിനൽ, ആ സ്നേഹം തിരിച്ചറിഞ്ഞില്ലല്ലോ എന്നത് അതിര് കടന്ന ചിന്ത’: ഷാരോണിനോട് തോന്നേണ്ടത് സഹതാപമല്ല

sharon-fb-note

പ്രണയത്തിന്റെ പേരിൽ നിർദയം ചതിക്കപ്പെട്ട ഷാരോൺ നമുക്കിന്ന് തീരാവേദനയാണ്. ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിക്കേണ്ടിയിരുന്ന, ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്ന ചെറുപ്പക്കാരനെ മരണത്തിനെറിഞ്ഞു കൊടുത്ത ഗ്രീഷ്മയ്ക്ക് മേൽ ശാപവാക്കുകളും ഏറുകയാണ്. ആ മരണം സമ്മാനിച്ച വേദനയും കൊടുംചതിയും അരുംകൊലയും നൽകിയ തിരിച്ചറിവുകളും ഒരുപോലെ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ആസിഫ് തൃശൂർ. ഷാരോണിനോട് നമുക്ക് തോന്നേണ്ടത് സഹതാപമല്ല, സ്നേഹമാണെന്ന ആമുഖത്തോടെ ആസിഫ് തൃശൂർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേമാകുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഷാരോണിനോട് നമുക്ക് തോന്നേണ്ടത് സഹതാപമല്ല, സ്നേഹമാണ്. സ്നേഹം കൈമുതലാക്കിയ മനുഷ്യനാണ്.

സ്നേഹത്താൽ ചതിക്കപ്പെട്ട മനുഷ്യരിൽ ഒരാളാണ്.

നേരെ ചൊവ്വേ എന്ന പ്രോഗ്രാമിൽ നടൻ ജോജുവിനോട് ജോണി ലൂക്കോസ് തരിമ്പും ദയയില്ലാതെ, 'ഇത്രപേർ നിങ്ങളെ പറ്റിക്കാൻ നിങ്ങളൊരു പൊട്ടനായിരുന്നോ' എന്ന് ചോദിക്കുന്നുണ്ട്. ചോദ്യം കേട്ടതും ഒരു പൊട്ടിച്ചിരിയാണ് ജോജുവിൽ നിന്നുണ്ടായത്. ചിരിയേക്കാൾ ചിരിക്ക് പുറകിലെ വേദനയാണ് അയാളുടെ മുഖത്ത് കണ്ടത്. അവരെ വിശ്വസിച്ചു പോയത് സ്നേഹം കൊണ്ടുള്ള പൊട്ടത്തരമാണെങ്കിൽ ആ അർത്ഥത്തിൽ ഞാനൊരു പൊട്ടനാണെന്ന് കുറ്റസമ്മതവും നടത്തി.

ഷാരോണിനെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഭാഗമാണത്.

കൂടെ നിൽക്കുന്ന സർവ്വ മനുഷ്യരെയും വിശ്വസിക്കുന്നത് കൊണ്ട്, അവർ വച്ചു നീട്ടുന്ന സ്നേഹം ഇരുകൈയും നീട്ടി വാങ്ങുന്നത് കൊണ്ട് ദാരുണമായി ചതിക്കപ്പെടുന്ന/ചതച്ചരക്കപ്പെടുന്ന മനുഷ്യരാണവർ.

ഒരാൾ സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിൽ, ആരാലും പറ്റിക്കപ്പെട്ടില്ലെങ്കിൽ അവർ പക്വതയുള്ളവർ, പറ്റിക്കപ്പെട്ട, വൾനെറിബിളായ മനുഷ്യരെല്ലാം ബുദ്ധിയില്ലാത്തവർ എന്നതൊരു പൊതു ധാരണയാണ്.

സത്യത്തിൽ അവർ ചെയ്ത കുറ്റം മനുഷ്യരായിരിക്കുക എന്നതാണ്. സ്നേഹം വരുമ്പോൾ ഓടി ചെല്ലുന്ന അവരവരെ പ്രകടിപ്പിക്കുന്ന മനുഷ്യർ. അവർ പറ്റിക്കപ്പെടുന്നത് അവരുടെ കഴിവ്കേട് കൊണ്ടല്ല മറിച്ച് അവരുടെ ക്വാളിറ്റി മറ്റു മനുഷ്യർക്ക് ഇല്ലാത്തത് കൊണ്ടാണ്. അവർ രക്ഷപ്പെടാത്തത് അവരുടെ ബുദ്ധിയില്ലായ്മ കൊണ്ടല്ല മനസ്സിൽ കള്ളമില്ലാത്തത് കൊണ്ടാണ്.

അയാളുടെ വില ഗ്രീഷ്മ എന്ന സ്ത്രീ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നതൊക്കെ അതിര് കടന്ന ചിന്തയാണ്. അത്തരമൊരു ക്രിമിനലിന് അങ്ങനൊരു ബോധ്യവും ഉണ്ടാകാനിടയില്ല.

മനുഷ്യരെ തിരിച്ചറിയുക എന്നതൊരു ടാസ്ക് തന്നെയാണ്. എല്ലാവരും അതിൽ വിജയിച്ചു കൊള്ളണമെന്നില്ല. ജോജു പറഞ്ഞ പോലെ അവസാനം വിഡ്ഢിയായി തീരുന്നവരുണ്ട്. പക്ഷെ അവിടെ പരാജയപ്പെടുന്നത് അവരല്ല, അവരെ പറ്റിച്ചവരാണ്. ആ മനുഷ്യരെ ജീവിതത്തിൽ നിലനിർത്തുന്നതിൽ അമ്പേ പരാജയപ്പെട്ട് പോകുന്നവർ. ഷാരോൺ എന്ന മനുഷ്യനോടൊപ്പമുള്ള ജീവിതം നഷ്ടപ്പെടുത്തിയാണ് ഗ്രീഷ്മ ജയിലിന്റെ പടി കയറുന്നത് എന്ന് വെറുതെ ഓർത്ത് നോക്കിയാൽ അറിയാം ആ പരാജയത്തിന്റെ കടലാഴം.