Wednesday 10 March 2021 05:05 PM IST

ആണിനും പെണ്ണിനും എങ്ങനെ അതിരുകൾ രണ്ടായി?: അംഗീകാരങ്ങൾ വാരിക്കൂട്ടി ‘അതിര്’ ഹ്രസ്വചിത്രം

Shyama

Sub Editor

athiru1

അതിരില്ലാത്ത ആകാശമാണ് ഈ ഷോട്ട് ഫിലിമിന്റെ ആദ്യത്തെയും അവസാനത്തെയും ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമ കണ്ടു തീരുന്പോഴേക്കും തൊണ്ടയിൽ നിന്ന് താഴേക്കും മേലേക്കും ഇറക്കാൻ പറ്റാത്തത്ര കയ്പ്പിൽ ചില ചോദ്യങ്ങൾ നമുക്കുള്ളിൽ കുമിഞ്ഞു കൂടും. മറ്റാരുടേയും ശബ്ദത്തിലല്ല, നമ്മുടെ ശബ്ദത്തിൽ നമ്മൾ നമ്മളോട് തന്നെ ചോദിച്ചു പോകുന്ന ചില ചോദ്യങ്ങൾ... ആരാണ് നമ്മുടെ അതിരുകൾ നിശ്ചയിക്കുന്നത്? ആണിനും പെണ്ണിനും അതിരുകൾ എങ്ങനെ രണ്ടായി? മറ്റുള്ളവരുടെ സ്വപ്നങ്ങൾ കാണുന്നതിനുള്ള വെറും ഉപകരണങ്ങൾ മാത്രമാണോ നമ്മൾ? ആരാണ് ആകാശത്തിനും ഭൂമിക്കും അതിരിടുന്നവർ? അവർക്ക് അങ്ങനെ ചെയ്യാൻ എന്തവകാശം? ഇങ്ങനെ അനേകമനേകം ചോദ്യങ്ങൾ...  അവ ചോദിക്കാൻ പ്രരിപ്പിക്കുന്നത് തന്നെയാണ് ‘അതിര്’ എന്ന് ഈ ഹ്രസ്വ ചിത്രത്തിന്റെ വിജയവും. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ സംവിധായകൻ ഫാസിൽ പങ്കുവയ്ക്കുന്നു...

‘‘ആലുവ യുസി കോളജിൽ ഒരുമിച്ച് പഠിച്ച കുറച്ച് സുഹൃത്തുക്കളാണ് ഞങ്ങൾ. പഠിക്കുന്ന സമയത്ത് തന്നെ പല മത്സരങ്ങൾക്ക്് പോയിട്ടുണ്ട്. കോളജിൽ നിന്ന് പഠിച്ചിറങ്ങിയ സമയത്തും ഞങ്ങൾ ധാരാളം ഫിലിം ഫെസ്റ്റിവലുകൾക്ക് പോയിരുന്നു. അവിടെ നിന്നൊക്കെ കിട്ടിയ അറിവിന്റെ വെളിച്ചത്തിൽ കണ്ടതും ചർച്ച ചെയ്തതുമായ ആയിരക്കണക്കിന് സിനിമകൾ തന്നെ പാഠങ്ങളിൽ നിന്ന് കാര്യമായി തന്നെ ഒരു സിനിമ ചെയ്യാം എന്ന് തീരുമാനിച്ചു. അതുവരെ പഠനത്തിനിടയിലുള്ള സമയത്തും മറ്റും സിനിമയ്ക്ക് സമയം മാറ്റി വച്ചു. അതല്ലാതെ സിനിമയ്ക്കായി തന്നെ സമയം നൽകി ചെയ്ത് ആദ്യത്തെ ചിത്രമാണിത്. എന്റെ ചെറുപ്പത്തിൽ പാലക്കാട് പട്ടാംന്പിയിൽ വച്ച് നടന്നൊരു കഥ ഞാൻ സുഹൃത്തുക്കളോട് പറഞ്ഞു. അത് എല്ലാവർക്കും ഇഷ്ടമായപ്പോൾ രണ്ട് സുഹൃത്തുക്കൾ തന്നെ സ്ക്രീൻ പ്ലേ എഴുതി. പട്ടാംന്പി–പള്ളിപ്പുറത്ത് പോയി അവിടെ നാടകത്തിലും മറ്റും അഭിനയിച്ചിരുന്ന ആളുകളെ കണ്ടുപിടിച്ച് അവരെ വച്ചാണ് സിനിമ ചെയ്തത്. പ്രധാന കഥാപാത്രം ചെയ്ത നന്ദിത ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. പത്ത് ദിവസം കൊണ്ട് ഷൂട്ട് കഴിഞ്ഞു. എഡിറ്റിങ്ങും മറ്റും തീർക്കാൻ 5 ദിവസവും.

athiru3

2019ലാണ് ഞങ്ങളുടെ കോളേജ് പഠനം കഴിഞ്ഞത്. ആ വർഷം തന്നയാണ് ഈ സിനിമ പൂർത്തിയാക്കിയതും. ഞങ്ങളാരും സിനിമയെ കുറിച്ചുള്ള ഫോർമൽ വിദ്യാഭ്യാസം നേടിയവരല്ല. എന്നിട്ടും ഈ ഷോട്ട് ഫിലിമിന്റെ കളറിങ്ങും സൗണ്ടും ഒക്കെ സ്വന്തമായി തന്നെ ചെയ്തതാണ്. യൂ–ട്യൂബിലൊക്കെ നോക്കി പഠിച്ച് ചെയ്ത് ചെയ്ത് നോക്കിയാണ് എല്ലാം പൂർത്തിയാക്കിയത്. കളറിങ്ങ് ചെയ്ത നിഖിൽ മാത്രം വേറൊരു കോളജിലായിരുന്നു പഠിച്ചത്, ഒരേ ബാച്ചായതു കൊണ്ട് സുഹൃത്തുക്കളായിരുന്നു. നിഖിൽ ആറുമാസത്തെ ഒരു കളറിങ്ങ് കോഴ്സും ചെയ്തിരുന്നു. ആതാണ് ആകെയുള്ള ഓഫീഷ്യൽ പഠനം.

ഞങ്ങൾ ഒരിക്കലും യൂട്യൂബിലെ കൊമേഷ്യൽ സക്സസ് നേടണമെന്നു കരുതിയല്ല ഈ സിനിമ ചെയ്തത്. ലോകോത്തര സിനിമകൾ ഫെസ്റ്റിവലുകളിലൂടെ കണ്ട് ഇൻസ്പയേഡ് ആയിട്ടാണ് സിനിമ എടുത്തത്. ഈ സിനിമയുമായി പല ഫെസ്റ്റിവലുകളിലും പങ്കെടുക്കാൻ പോകണം എന്നായിരുന്നു ആഗ്രഹവും. ഇതിനോടകം അൻപതോളം സിനിമ ഫെസ്റ്റുകളിൽ പങ്കെടുക്കാൻ സാധിച്ചു, നാൽപതോളം അവാർഡുകളും ലഭിച്ചു. കുട്ടിക്കാനം കെ.ഐ. എഫ്.എഫ് 2019ൽ മികച്ച സിനിമ, 2019 കോട്ടയം സി.എം.എസ്സില്‍ നിന്ന് മികച്ച സിനിമ, മികച്ച സംവിധായകൻ, കാലിക്കറ്റ് സ്കൂള്‍ ഓഫ് ജേണലിസം നടത്തിയ തിരനോട്ടം 2019ൽ മികച്ച നടി, കേരള സർവകലാശാലയുടെ 2020ലെ മികച്ച സംവിധായകൻ, മികച്ച ബാലതാരം തുടങ്ങി അവാർഡുകൾ പലതുമുണ്ട്...ഇനിയും പല ഫെസ്റ്റിവലുകൾക്ക് സിനിമ അയച്ചിട്ടുണ്ട്.

athiru2

ഞങ്ങൾ അടുത്തൊരു ഷോട്ട് ഫിലിമിന്റെ ഷൂട്ട് തുടങ്ങി. അതിരിന് കിട്ടിയ അവാർഡ് തുക കൊണ്ടാണ് പുതിയ സിനിമ ചെയ്യുന്നത്. നല്ല സിനിമകൾ ചെയ്യാൻ പറ്റണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.’’ ‌ഫാസിൽ റസാക് പറഞ്ഞു നിർത്തുന്നു. സംവിധാനത്തിനുപരി എഡിറ്റിങ്ങ്, അഭിനയം എന്നിവയിലും കമ്പമുള്ള ആളാണ് ഫാസിൽ. കൾട്ട് കന്പനി പ്രൊഡക്‌ഷൻസ് എന്ന പേരിൽ കോളജ് കാലഘട്ടത്തിൽ തന്നെയൊരു പ്രൊഡക്‌ഷൻ കന്പനി തുടങ്ങുകയും അതിലൂടെ പല ആഡ്–ഫിലിമുകളും മ്യൂസിക് വീഡിയോസും ഒക്കെ ചെയ്തു പോന്നു. ഫാസിലിന്റെ ഹ്രസ്വ ചിത്രം 2019ലെ ഇന്റർനാഷണൽ ഡോക്യുമെന്ററി ആന്റ് ഷോട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രദർശിപ്പിച്ചിരുന്നു.

അതിരിന്റെ അണിയറ പ്രവർത്തകർ:

കഥ, സംവിധാനം– ഫാസിൽ റസാക്, തിരക്കഥ– മൃദുൽ എസ്, വിനായക് എസ്., ഡി.ഒ.പി. – മൃദുൽ എസ്., എഡിറ്റിങ്ങ്– നീരജ് ദയാൽ, ബി.ജി.എം.– വിജയ് കൃഷ്ണ, സിങ്ക് സൗണ്ട് ആൻഡ് ഡിസൈൻ– വിനായക് എസ്., ആർട്ട്– അമൃത ഇ.കെ., പ്രൊഡക്ഷൻ– കൾട്ട് കമ്പനി, പ്രധാന നടി– നന്ദിത ദാസ്, നടൻ(തങ്ങൾ) – ബാപ്പു.

Tags:
  • Spotlight
  • Inspirational Story