Monday 19 December 2022 04:53 PM IST

‘കളികാണാൻ ഞങ്ങളുടെ ഇമയും ഉണർന്നിരുന്നു’: കുഞ്ഞാവ ലക്കി ചാം... സോഫിയ ആർത്തുവിളിച്ചു വാവയ്ക്കൊപ്പം

Binsha Muhammed

sofia-vanitha

‘എജ്ജാതി ടൈമിങ്ങാണിത്... കാൽപ്പന്തിന്റെ ആരവം ഖത്തറിൽ ഉയരുമ്പോൾ തന്നെ പ്രെഗ്നെന്റ് ആയിരിക്കുക. അർജന്റീന കളത്തിലിറങ്ങി കരുത്തു കാട്ടുമ്പോൾ കു‍ഞ്ഞു ജനിക്കുക. ഒടുവിൽ കപ്പടിക്കുമ്പോൾ മെസിയുടെ ജഴ്സി അണിഞ്ഞ് കുഞ്ഞാവ രംഗ പ്രവേശം ചെയ്യുക.’

ഖത്തറിൽ മിശിഹായും സംഘവും കാൽപ്പന്തിന്റെ കിരീടവും ചെങ്കോലും ഉയർത്തുമ്പോൾ മലപ്പുറം സ്വദേശികളും ദമ്പതികളുമായ സോഫിയയും രഞ്ജിത്ത് ലാലും ആദ്യം കേട്ട കമന്റാണിത്. കാൽപ്പന്തിനോടുള്ള അടങ്ങാത്ത മൊഹബ്ബത്തുള്ള, പ്രത്യേകിച്ച് ലയണൽ മെസിയെ ചങ്കും ചങ്കിടിപ്പുമായി കൊണ്ടു നടക്കുന്ന സോഫിയയെ സോഷ്യൽ മീഡിയ എന്തായാലും മറന്നു കാണില്ല.

നിറവയറുമായി കൺമണിയെ കാത്തിരിക്കുന്ന സോഫിയയുടെയും മെറ്റേണിറ്റി ഷൂട്ടിലൂടെ അവൾക്ക് സർപ്രൈസ് നൽകിയ സോഫിയയുടെ കെട്ട്യോന്റെയും കഥ ‘വനിത ഓൺലൈനാണ്’ ആദ്യമായി സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയത്. പ്രസവ ഡേറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മെസിയുടെ ജഴ്സിയണിഞ്ഞ് മെറ്റേണിറ്റി ഫൊട്ടോഷൂട്ട് നടത്തിയ മലപ്പുറം സ്വദേശി സോഫിയയെ സോഷ്യൽ മീഡിയ കാൽപ്പന്ത് ആവേശത്തിനൊപ്പം നെഞ്ചിലേറ്റി. നിറവയറിൽ മെസിയുടെ ജേഴ്സിയണിഞ്ഞ് ഫുട്ബോളും കൈകളിലേന്തി നിറചിരിയോടെ നിൽക്കുന്ന സോഫിയയുടെ ചിത്രം കാൽപ്പന്തു പ്രേമികൾ അടക്കമുള്ളവർ ലൈക്കിലേറ്റിയത് ഞൊടിയിട വേഗത്തിൽ. മെസിയോടുള്ള ഭാര്യയുടെ ഇഷ്ടം എന്നും ഓർത്തുവയ്ക്കുന്ന തരത്തിൽ കലക്കൻ ക്ലിക്കാക്കിയപ്പോൾ സംഗതി വൈറലാകുകയായിരുന്നു. ഇപ്പോഴിതാ ഖത്തറിൽ മിശിഹായും സംഘവും ചരിത്രം കുറിക്കുമ്പോള്‍ സോഫിയയടൊപ്പം സന്തോഷം പങ്കിടാൻ അവളുടെ കുഞ്ഞാവയുമുണ്ട്. ആ ടൈമിങ്ങിനെ പറ്റിയാണ് പ്രിയപ്പെട്ടവർ പറഞ്ഞുവച്ചതു. ആഹ്ലാദ നിമിഷങ്ങളുടെ നടുവിലിരുന്ന്, തന്റെ കുഞ്ഞാവയെ ഹൃദയത്തോടു ചേർത്ത് സോഫിയ പറയുന്നു ആ ‘ടൈമിങ്ങിന്റെ കഥ.’

അവൾ ലക്കി ചാം

‘അന്ന് ആ മെറ്റേണിറ്റി ഷൂട്ട് നടക്കുമ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചത് ഒരു ‘കുഞ്ഞു മെസിയെയാണ്.’ പക്ഷേ ദൈവം ഞങ്ങൾക്ക് തന്നത് ഒരു ‘മേഴ്സിയെയാണ്’.മെസിയായാലും മേഴ്സിയായാലും ഇവൾ ഞങ്ങളുടെ ‘ലക്കി ചാം’ ആണെന്ന് ഇപ്പോൾ മനസിലായില്ലേ.ഫൈനലിൽ അർജന്റീന എത്തിയപ്പോൾ തന്നെ ഞാനും സോഫിയും ആവേശത്തിലായി. കുഞ്ഞിനു വേണ്ടി പ്രത്യേകം പത്താം നമ്പർ ജഴ്സി പറഞ്ഞു ചെയ്യിച്ചു. അതും ധരിച്ചാണ് അമ്മയൊടൊപ്പം മകളും ഫൈനലിന് ഒരുങ്ങിയത്. – സന്തോഷവും  തമാശയും ഒരുപോലെ  നിറച്ച് രഞ്ജിത്തിന്റെ ആദ്യ കമന്റ്.

അതാദ്യം പറഞ്ഞത് ഞാനാണേ... കുഞ്ഞ് ഞങ്ങൾക്കു മാത്രമല്ല. എന്റെ പ്രിയപ്പെട്ട ടീമിനും ഭാഗ്യം കൊണ്ടു വരുമെന്ന് ഞാനുറച്ചു വിശ്വസിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ടി സന്തോഷമല്ലേ. കാത്തിരുന്ന കൺമണിയെത്തുന്നു. അതിനു പിന്നാലെ ഇഷ്ട ടീം ലോക കിരീടം ഉയർത്തുന്നു. എന്റെ പ്രിയപ്പെട്ട മെസി ലോകത്തിന്റെ നെറുകയിലെത്തുന്നു. അതിലും വലിയ സന്തോഷം മറ്റെന്തുണ്ട്.– സോഫിയയുടെ വാക്കുകൾ.

ഇമയെന്നാണ് കുഞ്ഞിന്റെ പേര്. കളിയുടെ ആവേശമോ അമ്മയ്ക്ക് മെസിയോയുള്ള ഇഷ്ടമോ തിരിച്ചറിയാനുള്ള തിരിച്ചറിവ് ആയില്ലെങ്കിലും കളി കാണാൻ ഞങ്ങൾക്കൊപ്പം രാത്രിയിൽ അവളും ഉണർന്നിരുന്നു. അല്ലെങ്കിൽ ആ സമയങ്ങളിൽ നല്ല സുഖമായി ഉറങ്ങുന്നയാളാണ് കക്ഷി. ഒടുവിൽ നഖം കടിച്ച് ടെൻഷനടിച്ച് ഷൂട്ടൗട്ട് പൂർത്തിയാക്കി വിജയകിരീടം ഉറപ്പിക്കുമ്പോഴും കൊഞ്ചിച്ചിരിച്ച് അവളും ഞങ്ങളുടെ കൂടെ കൂടി.– സോഫിയ പറയുന്നു. എന്തായാലും വലുതാകുമ്പോൾ അവളോട് പറയണം. ഒരു ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ അവളും ഉണ്ടായിരുന്നുവെന്ന്. അവൾ അമ്മയുടെ ലക്കി ചാം ആയിരുന്നുവെന്ന്.– സോഫിയ പറഞ്ഞു നിർത്തി.

sofia-2

ആ വൈറൽ ഫൊട്ടോഷൂട്ടിന്റെ കഥ

പ്രസവത്തിന് കൃത്യം ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ. ഖത്തറിൽ ലോകകപ്പിന് കിക്കോഫ് ആകാനോ വെറും രണ്ടു ദിവസവും. ആ രണ്ടു ദിവസം മുമ്പാണ് തലയിലൊരു ബൾബ് മിന്നിയത്. സോഫിയക്കു വേണ്ടി, അവളെന്നും ഓർത്തു വയ്ക്കാൻ വേണ്ടി ഒരു ഫൊട്ടോഷൂട്ട്. അവളുടെ അവസ്ഥയും ശാരീരിക ബുദ്ധിമുട്ടും അറിയാഞ്ഞിട്ടല്ല. പക്ഷേ എല്ലാ ക്ഷീണവും മറന്ന് സോഫി കൂടെ നിന്നപ്പോൾ ഞാനും ആവേശത്തിലായി. ‘കിട്ടിയാൽ മെസി... ഇല്ലെങ്കിൽ മേഴ്സി.’ അതായിരുന്നു ലൈൻ.– രഞ്ജിത്ത് പറയുന്നു

‘മലപ്പുറം മേൽമുറിയാണ് ഞങ്ങളുടെ സ്വദേശം. ഭാരതപ്പുഴയുടെ പശ്ചാത്തലത്തിൽ ഓൾറെഡി ഞങ്ങളൊരു മെറ്റേണിറ്റി ഫൊട്ടോഷൂട്ട് എടുത്തതാണ്. പക്ഷേ നാട് മുഴുവൻ തങ്ങളുടെ ഇഷ്ടതാരങ്ങൾക്കും ടീമിനുമൊപ്പം ആവേശം കൊള്ളുമ്പോൾ മെസി ഫാനായ ഞാൻ ചുമ്മാതിരിക്കുന്നതെങ്ങനെ. ഇങ്ങനെയൊരു ഐഡിയ മുന്നോട്ടു വച്ച കെട്ട്യോനോടാണ് കടപ്പാട് മുഴുവൻ. ഈ വലിയ വയറുള്ള എനിക്ക് പാകമായ ജഴ്സിക്ക് വേണ്ടിയും ടർഫിന് വേണ്ടിയുമൊക്കെ ഒരുപാട് ഓടി പാവം.’– ചിരിയിൽ ചാലിച്ച് സോഫിയുടെ വാക്കുകൾ.

‘ഡേറ്റ് അടുത്തത് കൊണ്ടു തന്നെ ഇത്തിരി കഷ്ടപ്പാടൊക്കെ ഉണ്ടായിരുന്നു. തൃശൂർ അരിമ്പൂരിലെ ടർഫിൽ വച്ചായിരുന്നു ആ മനോഹര ചിത്രങ്ങൾ ഷൂട്ട് ചെയ്തത്. എന്റെ അവസ്ഥ കണ്ട് ബന്ധുക്കളിലൊരാൾ ആശുപത്രിക്ക് തൊട്ടടുത്തുള്ള വിയ്യൂരിലെ ഒരു ടർഫ് നിർദ്ദേശിച്ചു. വേറൊന്നും കൊണ്ടല്ല, ഈ അവസ്ഥയിലും ഇങ്ങനൊരു സാഹസത്തിന് മുതിർന്നില്ലേ, എന്തെങ്കിലും അത്യാവശ്യം വന്നാൽ നേരെ ആശുപത്രിയിലേക്ക് ഓടിക്കയറാല്ലോ എന്നു കരുതിയായിരുന്നു ആ നിർദ്ദേശം. ഏകദേശം രണ്ട് മണിക്കൂറെടുത്താണ് ഫൊട്ടോഷൂട്ട് പൂർത്തിയാക്കിയത്. എന്നെ സുന്ദരിയാക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിനി സൂരജിനോടുള്ള പ്രത്യേക നന്ദി അറിയിക്കുന്നു.’– സോഫിയയുടെ വാക്കുകൾ.

sofia-1

‘സോഫിയ ഉർദു ടീച്ചറാണ്. വടിവൊത്തെ സാരിയൊക്കെ ഉടുത്ത് കൃത്യമായ ഡ്രസ് കോഡൊക്കെ പാലിച്ച് ക്ലാസിലെത്തുന്ന സ്ട്രിക്ട് ടീച്ചർ. അങ്ങനെയുള്ള ‘എന്റെ ടീച്ചറെ’ ജഴ്സിയും ഷോർട്സും ഇടീക്കുക എന്നതായിരുന്നു അടുത്ത ടാസ്ക്. സോഫിയയുടെ അമ്മ ജോളി വിൽസൺ ഉര്‍ദു ടീച്ചറാണ്. അമ്മ മാത്രമല്ല, ചേച്ചി സോണിയയും ടീച്ചർ തന്നെ. ശരിക്കും പറഞ്ഞാൽ ‘ഉർദു ഫാമിലി.’ അവരോടൊക്കെ കാര്യം പറഞ്ഞ് മനസിലാക്കി ഫൊട്ടോ എടുക്കാൻ അനുവാദം വാങ്ങിച്ചെടുത്തു. വേറൊന്നും കൊണ്ടല്ല, ഈ ഒമ്പതാം മാസത്തിലും അവളെയും കൊണ്ട് ഇങ്ങനെയൊരു പരിപാടിക്ക് ഇറങ്ങുമ്പോൾ അവരോടൊക്കെ പറയണമല്ലോ. എന്തായാലും ആ ശ്രമങ്ങളൊക്കെ ഫലം കണ്ടു. ലാൽ ഫ്രെയിംസ് എന്ന എന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഫൊട്ടോ വൈറലായി– രഞ്ജിത്തിന്റെ വാക്കുകൾ.