Saturday 26 September 2020 03:16 PM IST : By സ്വന്തം ലേഖകൻ

സ്വന്തം ഫാം ഹൗസിലെ മരത്തണലില്‍ അന്ത്യവിശ്രമം; നിത്യതയില്‍ അലിഞ്ഞ് എസ്പിബി എന്ന മഹാപ്രവാഹം

spb-cremation

സംഗീതത്തിന്റെ മഹാപ്രവാഹം ബാക്കിയാക്കി എസ്പിബി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. അനശ്വര ഗായകന് അന്ത്യാഞ്ജലിയേകാന്‍ സിനിമ-സാംസ്‌കാരിക-രാഷ്ട്ട്രീയ മേഖലയിലെ നൂറുകണക്കിന് പേര്‍ ഒന്നായി ഒഴുകിയെത്തി. കാലഭേദങ്ങളെ ഭേദിച്ച ആ അനുഗ്രഹീത നാദത്തിനു മുന്നില്‍ കൈകൂപ്പി നിന്ന് യാത്രാമൊഴിയേകി.

ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരും നൂറുകണക്കിന് ആരാധകരും റെഡ് ഹില്‍സില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ഈ മാസം 4ന് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആരോഗ്യ നില വീണ്ടും വഷളായിരുന്നു.