Saturday 21 May 2022 02:23 PM IST : By സ്വന്തം ലേഖകൻ

മൂക്കുപൊത്തി കാര്യം സാധിക്കേണ്ട... ടോയ്‍ലെസ് സൂപ്പറാണ്: ബ്ലോഗറുടെ ഹൃദയംതൊടും അനുഭവം: കുറിപ്പ്

toiless-review-lakshmi

ചില ശുചിമുറികളുണ്ട്. മുഖം ചുളിച്ച്, മൂക്കുപൊത്തി പോയി ഒടുവിൽ മനംമടുത്ത് ആയിരിക്കും അവിടെ നിന്നെല്ലാം തിരിച്ചിറങ്ങേണ്ടി വരുന്നത്. യാത്രയ്ക്കിടയിലും പൊതുയിടങ്ങളിലും നമ്മള്‍ നിവൃത്തിയില്ലാതെ തേടിപ്പോകുന്ന അത്തരം ശുചിയില്ലാത്ത ഇടങ്ങൾ നമ്മുടെ നല്ല ഓർമകളിലെ മോശം അധ്യായങ്ങളായിരിക്കും.

സ്ത്രീകളുടെ കാര്യമാണ് ഏറ്റവും കഷ്ടം, വൃത്തിയും സൗകര്യങ്ങളും ഏഴലയത്തു കൂടി പോകാത്ത പൊതുയിടങ്ങളിലേയും നിരത്തിലേയും ശുചിമുറികളിലേക്ക് പെണ്ണ് എന്ത് വിശ്വസിച്ചാണ് കയറിച്ചെല്ലുക. പിടിച്ചു നില്‍ക്കാനാകാതെ വന്നാല്‍ ആണുങ്ങളെ പോലെ പാടവരമ്പിലും പൊതുനിരത്തിലും പോകാന്‍ എന്തായാലും പെണ്ണുങ്ങളെ കിട്ടില്ല.

നമ്മുടെ യാത്രകളേയും അവശ്യ സഞ്ചാരങ്ങളേയും 'മൂക്കു പൊത്തലില്‍' കൊണ്ടെത്തിക്കുന്ന നരകതുല്യമായ ആ ശുചിമുറികളിൽ നിന്നുമുള്ള മോചനമായിരുന്നു ലക്ഷ്മി മേനോൻ എന്ന വനിത സംരംഭകയുടെ വിപ്ലവകരമായ കണ്ടുപിടിത്തം. സാമൂഹ്യ പ്രതിബദ്ധതയോടെ തുടക്കം കുറിച്ച ഈ പദ്ധതിയുടെ പേര് 'ടോയ്‌ലെസ്.'

നവീനമായ ആശയങ്ങളിലൂടെ മലയാളി പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ച വനിതാ സംരംഭകയാണ് ലക്ഷ്മി മേനോൻ. വനിത വിമെൻ ഓഫ് ദി ഇയർ പുരസ്കാര ജേതാവ് കൂടിയായ ലക്ഷ്മി അവതരിപ്പിക്കുന്ന പുതിയ ആശയമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ‘ടോയ്‌ലസ്’ എന്ന ഈ പ്രൊജക്ടിനെക്കുറിച്ച് ലക്ഷ്മി വിശദീകരിക്കുന്ന വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്. ഇന്ത്യയിലെയും വിദേശത്തെയും പല പ്രീമിയം ഹോട്ടലുകളിലും ടോയ്‌ലറ്റുകളിൽ വെള്ളം ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി തയാറാക്കിയിട്ടില്ലാത്തതിൽ നിന്നാണ് ലക്ഷ്മി ഈ ആശയം മുന്നോട്ടു വയ്ക്കുന്നത്. ഇത്തരമൊരു പരിമിതിയിൽ നിന്ന് പുറത്തു കടക്കുന്നതിനുള്ള ആശയമാണ് ‘ടോയ്‌ലസ്’.

ക്ലബുകള്‍, ഓഡിറ്റോറിയങ്ങള്‍, വിവാഹ ഹാളുകള്‍, മത സ്ഥാപനങ്ങള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങി ജനപങ്കാളിത്തമുള്ള സ്ഥലങ്ങളില്‍ ടോയ്‌ലെസിന്റെ സാന്നിദ്ധ്യമുണ്ടാകും. മൂക്കുപൊത്തിയിറങ്ങേണ്ടി വരുന്ന ശൗചാലയങ്ങളുടെ സ്ഥാനത്ത് വൃത്തിയുള്ളതും അടിസ്ഥാന സൗകര്യമുള്ളതുമായ ശുചിമുറികളാകും നിങ്ങളെ കാത്തിരിക്കുന്നത്. ഈ നവീനമായ ആശയത്തിന്റെ ഖ്യാതി നാൾക്കു നാൾ ഉയരുമ്പോൾ ഹൃദയം തൊടുന്ന അനുഭവങ്ങളും ഉപഭോക്താക്കൾ പങ്കുവയ്ക്കുന്നുണ്ട്.

‘എത്ര തന്നെ വൃത്തിയുള്ള സ്ഥാപമായിരുന്നാലും ഒരു റെസ്റ്റോറന്റിനെ അതിന്റെ ശുചിമുറിയുടെ വൃത്തികൊണ്ടാകും പലരും അളക്കുന്നത്. അടുക്കള വൃത്തിയായിരിക്കുന്നോ എന്ന് അന്വേഷിക്കുന്നതിനേക്കാൾ ശുചിമുറി വൃത്തിയായിരിക്കണം എന്ന് ശഠിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവർ. എന്തിനേറെ... ഉപഭോക്താക്കൾ ഒരു സ്ഥാപത്തിന്റെ വൃത്തി അളക്കുന്നതും താരതമ്യം ചെയ്യുന്നതും ടോയ്‍ലറ്റുകളെ വിലയിരുത്തിക്കൊണ്ടാകും. എന്നാൽ വൃത്തിയുടെ കാര്യത്തില്‍ ടോയ്‍ലെസ് മികച്ച അനുഭവം നൽകുന്നു,’– ലക്ഷ്മി മേനോൻ ഫെയ്സ്ബുക്കിലാണ് ഈ റിവ്യൂ പങ്കുവച്ചത്.

ടോയ്‌ലെസ് ശുചിമുറി സൗകര്യമുള്ള ലൊെേക്കഷനുകള്‍ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യവുമുണ്ട്. വൃത്തിയില്ലാത്ത ശുചിമുറികളുടെ പേരില്‍ ഉപഭോക്താക്കള്‍ മുഖംതിരിക്കുന്ന അവസ്ഥയും ഇനിമുതല്‍ കച്ചവട-വ്യാപാര സ്ഥാപനങ്ങള്‍ക്കുണ്ടാകില്ല. ബിസിനസ് മെച്ചപ്പെടുക്കാന്‍ ഉദ്ദേശിക്കുന്ന കേന്ദ്രങ്ങള്‍ക്ക് വൃത്തിയുള്ള ശുചിമുറികളാണ് ടോയ്‌ലെസ് ഉറപ്പു വരുത്തുന്നത്. സാമൂഹ്യ പ്രതിബദ്ധതയോടെ തയ്യാറാക്കിയിട്ടുള്ള ഈ ഹൈ ക്ലാസ് ശുചിമുറികള്‍ ഇതിനോടകം തന്നെ കേരളത്തില്‍ പല കേന്ദ്രങ്ങളിലും ആരംഭിച്ചു കഴിഞ്ഞു.

വിശദ വിവരങ്ങൾക്ക്:

https://toiless.in/