Friday 18 December 2020 03:49 PM IST

കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കുന്ന ഓർക്കിഡുകൾ: ജിസ് സെബാസ്റ്റിൻ എന്ന ഗവേഷകയുടെ കണ്ടുപിടുത്തങ്ങൾ...

Shyama

Sub Editor

W1-01

‘‘കേരളത്തിൽ മാത്രം 250ൽ അധികം വൈവിധ്യമാർന്ന ഓർക്കിഡുകളുണ്ട്.’’ ഓർക്കിഡുകളെ കുറിച്ച് സംസാരിച്ചു തുടങ്ങുന്പോഴ തന്നെ ജിസ് സെബാസ്റ്റിൻ എന്ന കോട്ടയം കുടകച്ചിറ സ്വദേശിയുടെ ശബ്ദത്തിൽ ആവേശം അലയടിക്കുന്നതറിയാം. വർഷങ്ങളോളം ഇന്ത്യയിലും പുറത്തുമായി ഒറ്റയ്ക്കൊരു പെണ്ണ് കാടുകൾ കയറി മൃഗങ്ങളേയും പരിസ്ഥിതിയേയും ഓർക്കിഡുകളേയും കുറിച്ച് പഠിക്കുന്നു. ഒടുക്കം കാലാവസ്ഥാ മാറ്റങ്ങൾ അറിയാനുള്ളൊരു പ്രധാനപ്പെട്ട അടയാളമായി ഓർക്കിഡുകളെ ഉപയോഗിക്കാമെന്ന കണ്ടുപിടിത്തവും നടത്തുന്നു. സമൂഹം പെണ്ണിന് മുന്നിലേക്കിടുന്ന വെല്ലുവിളികൾ നിശ്ചയദാർഢ്യത്തോടെ നേരിടുന്ന... തന്റെ വഴികളെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള വ്യക്തിത്വത്തിനുടമയാണ് ജിസ് സെബാസ്റ്റിൻ. ‘‘മലയാളികളിൽ പലർക്കും ഓർക്കിഡുകളുടെ വളർച്ചയെ കുറിച്ചും വിപണന സാധ്യതയെ കുറിച്ചും ഒക്കെ അറിയാം അതു കൊണ്ട് തന്നെ ഈ പൂക്കളും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ വളരെയടുത്ത ബന്ധമുണ്ടെന്ന് ആളുകളെ പറഞ്ഞ് മനസ്സിലാക്കാൻ എളുപ്പമാണ്. ആദിവാസികളെയും സിറ്റിയിലും ഗ്രാമത്തിൽ ജീവിക്കുന്നവരേയും ഒക്കെ തിരഞ്ഞെടുത്ത് അവയർനെസ് ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. സ്കൂളുകളുമായി ചേർന്ന് കുട്ടികൾക്കും ക്ലാസുകൾ എടുക്കാറുണ്ട്. കുട്ടികൾക്ക് കാര്യങ്ങൾ കുറച്ചു കൂടി വേഗത്തിൽ മനസ്സിലാകും. അവർ അത്രയും താൽപര്യത്തോടെ അന്യം നിന്നു പോകുന്ന ഓർക്കിഡുകളെ പോലും സംരക്ഷിച്ചെടുത്ത് വളർത്താറുണ്ട്.’’ കഴിഞ്ഞ പത്ത് വർഷമായി കാടിനെ അടുത്തറിയുന്ന അതിനെ സൂക്ഷ്മമായി പഠിക്കുന്ന ആത്മവിശ്വാസവും അറിവും ജിസിന്റെ വാക്കുകൾക്കുണ്ട്. ‘‘തുടക്കത്തിൽ ഞാൻ ജീവജാലങ്ങളെ കുറിച്ചാണ് പഠിച്ചത്. വടക്ക്–കിഴക്കൻ, വടക്ക്–തെക്കൻ ഹിമാലയത്തിൽ ഒക്കെയായിരുന്നു ആദ്യകാല പ്രവർത്തനങ്ങളും പഠനങ്ങളും. 2014ലാണ് പശ്ചിമഘട്ടത്തിലേക്ക് വരുന്നത്. ഇവിടെ വന്നാണ് ഓർക്കിഡുകളെ കുറിച്ച് പഠിക്കുന്നത്. കേരളത്തിൽ നിന്ന് ബി.എസ്.സി. ബോട്ടണി കഴിഞ്ഞ ശേഷം ഡെറാഡൂണിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.എസ്സി. ഫോറസ്ട്രിയാണ് പഠിച്ചത്. ഇപ്പോൾ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിക്കു കീഴിൽ ‘സസ്യങ്ങളുടെ പരിസ്ഥിതി ശാസ്ത്ര’ത്തിൽ പി.എച്ച്.ഡി. ചെയ്യുന്നു. ഗവേഷണം ഒക്കെ കഴിഞ്ഞു, അവസാന വൈവ കൂടി ബാക്കിയുണ്ട്. ഓർക്കിഡുകളിലേക്കാണ് ഞാൻ ശ്രദ്ധയൂന്നിയത്. മരത്തിൽ വളരുന്ന ‘എപ്പിഫൈറ്റിക്ക്’ ഓർക്കിഡുകളുണ്ട്. എപ്പിഫൈറ്റുകൾ എന്ന സസ്യങ്ങൾ വളരാൻ മറ്റു മരങ്ങളെ ആശ്രയിക്കുന്നവരാണ്. എന്നാൽ വളരുന്ന മരത്തിൽ നിന്ന് പോഷകളൊന്നും എടുക്കുന്നില്ല, മരത്തെ നശിപ്പിക്കുന്നുമില്ല. അന്തരീക്ഷത്തിൽ നിന്ന് പോഷകങ്ങൾ സ്വയം കണ്ടെത്താനുള്ള അവയ്ക്ക് കഴിവുണ്ട്. ഇവ മിക്കാവാറും തന്നെ ചുറ്റുമുള്ള കാലാവസ്ഥയോട് സെൻസിറ്റീവുമാണ്. എപ്പിഫൈറ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവയാണ് ഓർക്കിഡുകൾ. മരത്തിൽ വളരുന്നതും നിലത്ത് വളരുന്നതും ഒക്കെയായ പലതരം ഓർക്കിഡുകൾ ഉണ്ട്. അതിൽ തന്നെ വംശനാശഭീഷണി നേരിടുന്നവയും വരും.

ഓർക്കിഡുകളുടെ ഇക്കോളജി പഠിക്കുന്ന ഇന്ത്യയിലെ തന്നെ ഒരുപക്ഷേ, ആദ്യത്തെ പഠനമായിരുക്കും ഞാൻ ചെയ്തത്. കാടിന്റെ കാലാവസ്ഥ എങ്ങനെയാണ്, എങ്ങയുള്ള ഇടങ്ങളിലാണ് ഇവ കൂടുതലായി വളരുന്നത്, എന്തൊക്കെ കാര്യങ്ങളാണ് ഇവയുടെ വളർച്ചയെ സ്വാധീനിക്കുന്നത് എന്നൊക്കെ പഠിച്ചിരുന്നു. നിലവിലെ കാലാവസ്ഥ മാറ്റങ്ങൾ ഇവരെ വളരെയധികം സ്വാധീനിക്കാറുണ്ട്. അതു കൂടാതെ വളരുന്ന മരത്തിന്റെ കാലാവസ്ഥയും. ഒരു മരത്തിൽ തന്നെ പല പല കാലാവസ്ഥാ തലങ്ങൾ കാണാറുണ്ട്. വേരുകളുടെ ഭാഗത്തും ചില്ലകളിലും മരത്തിന്റെ തലപ്പത്തും ഒക്കെ വ്യത്യസ്ഥ താപനിലകൾ ഒക്കെ ഉണ്ടാകാറുണ്ട്. ‘മൈക്രോ ക്ലൈമെറ്റ്’ എന്നാണ് അതിനെ വിളിക്കാറ്. അതുകൊണ്ട് തന്നെ ഒരേ മരത്തിൽ തന്നെ പലതരം ഓർക്കിഡുകൾ കാണാം.

W3

പഠനത്തിലൂടെ കണ്ടുപിടിച്ചൊരു കാര്യം എന്താണെന്നുവച്ചാൽ അധികം ചൂഷണം ചെയ്യപ്പെടാത്ത കാടുകളാണെങ്കിൽ അവയിൽ വൻ മരങ്ങൾ ഉണ്ടാകും. അതിൽ തന്നെ പലതരം ഓർക്കിഡുകളും കാണാം. അവിടെ ഓർക്കിഡുകളുടെ സാന്നിധ്യവും കുറവായിരിക്കും. വൻ മരങ്ങൾ എത്രമാത്രം മുറിച്ച് മാറ്റപ്പെടുന്നോ അത്രയും ജൈവ സന്പത്തും കുറയും.പുതിയ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതും പഴയവ നിലനിർത്തുന്നതും തമ്മിലുള്ള വ്യത്യാസം അതാണ്.

വഴിയില്ലെങ്കിൽ വഴി തെളിക്കുക തന്നെ

ചെറുപ്പം മുതലേ എനിക്ക് ചെടികളോടും മരങ്ങളോടും വലിയ അടുപ്പമായിരുന്നു. ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്നതു കൊണ്ട് തന്നെ അവയൊക്കെ അടുത്ത് കണ്ട് വളരാനുള്ള അവസരമുണ്ടായി. വായനയിലൂടെയും ആ ഇഷ്ടം വളർന്നിട്ടുണ്ട്. പ്രകൃതിയെ റൊമാന്റസൈസ് ചെയ്യുന്ന കമലാദാസിന്റെ എഴുത്തൊക്കെ സ്വാധീനിച്ചിട്ടുണ്ട്. പ്ലസ്ടുവിലെ എന്റെ ബോട്ടണി ടീച്ചറും സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ടാണ് ബി.എസ്‌സി ബോട്ടണി പഠിച്ചത്. ഇതേക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഉപരിപഠനത്തിനായി ദറാഡൂണിലേക്ക് പോകുന്നത്. എന്റെ ആദ്യത്തെ ട്രെയിൻ യാത്ര അതായിരുന്നു! അവിടുന്നതാണ് എംഎസ്‌സി ഫോറസ്ട്രി ചെയ്തത്. വൈൽഡ് ലൈഫ് സയൻസിലായിരുന്നു സ്പെഷലൈസേഷൻ. അതിന്റെ ഭാഗമായിട്ട് കാശ്മീരിൽ പോയി വന്യജീവികളെ കുറിച്ച് പഠിക്കാൻ സാധിച്ചു. അതിനു ശേഷം നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ റിസേർച്ച് ആന്റ് കൺസർവേഷൻ ചെയ്തു. അതുവഴി പലതരം കാടുകളിൽ പോയുള്ള അറിവുകൾ കിട്ടി. പിന്നെ നാട്ടിലേക്ക് വന്ന് പശ്ചിമഘട്ടത്തിൽ നിന്ന് ഓർക്കിഡ് ഇക്കോളജി എന്ന വിഷയത്തിൽ പി.എച്ച്.ഡി. ചെയ്തു. അഞ്ച് വർഷമെടുത്താണ് ഗവേഷണം പൂർത്തിയാക്കിയത്.  2014ൽ ചൈനയിൽ ട്രെയ്നിങ്ങിനു പോയിരുന്നു, 2016ൽ യുഎസ്സിൽ നിന്ന് രണ്ട് ഗ്രാന്റുകൾ കിട്ടി. ആ വർഷം തന്നെ ഡോ.സി.ചന്ദ്രശേഖരൻ മെമ്മോറിയൽ അവാർഡും ലഭിച്ചു. 2017ൽ ഡബ്ല്യു. ഡബ്ല്യു. എഫിന്റെ ഒരു സ്കോളർഷിപ്പ് കിട്ടി. 2019ൽ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഒരവാർഡ് കിട്ടിയിരുന്നു. യു.എസ്സിലെ സാൻഫ്രാൻസിസ്കോ ഓർക്കിഡ് സൊസൈറ്റിയുടെ ഒരു ഗ്രാന്റ് കൂടി ഈയിടെ ലഭിച്ചു.

സ്വന്തമായി തന്നെ എന്തെങ്കിലും തുടങ്ങണം എന്നാണ് ആഗ്രഹം. ഗവേഷണത്തിനൊപ്പം പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പല പ്രോജക്റ്റുകളും ചെയ്യുന്നുണ്ട്. ഒപ്പം ചെറിയൊരു ടീം ഉണ്ട്. ഇക്കോ–ബെയ്സ്ഡ് സ്റ്റാർട്ട് അപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. ഈ വർഷം തുടങ്ങേണ്ടതായിരുന്നു, പക്ഷേ, പല കാര്യങ്ങളും ഈ വർഷം ഇഴഞ്ഞാണ് നീങ്ങിയത്.

കോട്ടയത്ത് അച്ഛനും അമ്മയ്ക്കും ഒപ്പമാണ് താമസം. രണ്ട് സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്നതാണ് കുടുംബം. കാട്ടിൽ പോകുന്നതിൽ എനിക്ക് ഒരു പേടിയുമില്ല. പക്ഷേ, അധികാരികളുമായി ഇടപഴകേണ്ടി വരുന്നതാണ് വലിയ ചാലഞ്ച്! കാശ്മീരോ അരുണാചൽ പ്രദേശിലോ ആസാമിലോ ഒന്നുമില്ലാത്ത പ്രശ്നങ്ങളാണ് കേരളത്തിൽ. കെയറിങ്ങ് എന്ന പേരിൽ കാണിക്കുന്ന വളരെ ബയസ്ഡായുള്ള ചെയ്തികൾ ഇവിടെ കൂടുതലാണ്. ഞാൻ ഒറ്റയ്ക്ക് പോകുന്പോൾ ‘തനിച്ച് വരരുത്, വീട്ടുകാരെ ഒപ്പം കൂട്ടി വരൂ’ എന്നൊക്കെ പറയാറുണ്ട്. എന്നെ സംബന്ധിച്ച് അത് ഭയങ്കര അപമാനകരമാണ്. അത്തരക്കാരോട് ഇത് എന്റെ പഠന ആവശ്യമാണ്, അത് ചെയ്യാൻ എനിക്ക് വേണ്ട സകല രേഖകളും കയ്യിലുണ്ട്. ഉപദേശം വേണ്ട... ചെയ്യേണ്ട കാര്യങ്ങൾ മാത്രം ചെയ്ത് തന്നാൽ മതി എന്നും പറയാറുണ്ട്. സുരക്ഷിതമായി സഞ്ചരിക്കാനുള്ള തരത്തിൽ സമൂഹം മാറ്റിയെടുക്കുകയാണ് വേണ്ടത്, അല്ലാതെ ശക്തമായ നിയമങ്ങളും മാറ്റങ്ങളും വരാത്തതിന്റെ പേരിൽ ആരേയും തളച്ചിടുകയല്ല.  വിഷമഘട്ടങ്ങളിൽ സ്ത്രീകളായ ഓഫീസർമാരുടെ സഹായം തേടാറുണ്ട്. വളരെ സപ്പോർട്ടീവായ സ്ത്രീ–ഓഫീസർമാരുണ്ട് എന്നത് ആശ്വാസം തരുന്നു. മിക്ക ഫോറസ്റ്റ് ഗാർഡുകളുമായും വാച്ചർമാരുമായും അവരുടെ കുടുംബങ്ങളുമായും ഞാൻ നല്ല സൗഹൃദം സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് റെയ്ഞ്ചർമാർ നമുക്ക് അനുകൂലമല്ലെങ്കിലും ഇവരിൽ നിന്നൊക്കെ നല്ല സപ്പോർട്ട് കിട്ടാറുണ്ട്.

W2

ഒരു സ്ഥലത്ത് ഒരിക്കെ പോയി പിന്നീട് വരുന്പോൾ സ്ഥലം മാറി വന്ന പുതിയ ഓഫീസർമാരാണെങ്കിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയേണ്ടി വരും. സിസ്റ്റമാറ്റിക്കായ രീതികളുടെ അഭാവമാണത്. ഒരു സ്ത്രീ ഒരു കാര്യം ചെയ്യുന്പോഴാണ് ഇത്രയധികം വിശദീകരണങ്ങൾ കൊടുക്കേണ്ടി വരുന്നത്. ‘എനിക്കൊപ്പം ഒരു ട്രിപ്പിന് വരുന്നോ?’ എന്ന് നേരിട്ട് ചോദിക്കുന്ന ഉദ്ദ്യോഗസ്ഥർ വരെ ഇവിടുണ്ട്. അതിനൊക്കെ നല്ല മറുപടിയും അപ്പപ്പോൾ കൊടുക്കും. ഇത്രയും നാളായതു കൊണ്ട് ഇപ്പോൾ പലർക്കും എന്ന അറിയാം, അതിന്റേതായ മാറ്റങ്ങൾ വരുന്നുണ്ട്.  

കരുതൽ വേണം നാളേയ്ക്കായി...

കാലാവസ്ഥാ മാറ്റം കൊണ്ട് നമുക്കുണ്ടാവാൻ പോകുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്ന് ഭക്ഷ്യവസ്തുക്കളുടെ കുറവാണ്. അതുമായി ബന്ധപ്പെട്ട തൊഴിലില്ലായ്മ രൂക്ഷമാകും. ദാരിദ്ര്യം കൂടും. അതു കൊണ്ട് തന്നെ രാഷ്ട്രങ്ങൾ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാൻ നോക്കും. രാസവളങ്ങളുടെ ഉപയോഗം കൂടും. കാടുകൾ കൂടുതൽ വെട്ടി നശിപ്പിക്കപ്പെടും. അതൊടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ വീണ്ടും താറുമാറാകും. പക്ഷേ, ഇപ്പോഴും രാഷ്ട്രങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ഇതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. ദോഷകരമല്ലാത്ത പരിഹാരമാർഗങ്ങളെ കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നുമില്ല. അതിനു മാറ്റം വരണം എന്നാണ് എന്റെ ആഗ്രഹം.

ഞങ്ങളെ പോലുള്ളവർ ഇവിടെ പഠിച്ച് കാര്യങ്ങൾ പറയാനും ചെയ്യാനും തയ്യാറായാലും നമ്മുടെ അറിവ് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ നിലവിലെ വ്യവസ്ഥിതി തയ്യാറാകുന്നില്ല. നമ്മളെയൊന്നും കേൾക്കാൻ പോലും തയ്യാറല്ലെന്നതാണ് കഷ്ടം! അതുകൊണ്ടാണ് സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണം എന്നു കരുതുന്നത്. സ്റ്റാർട്ട്അപ്പുകൾ ഉണ്ടാക്കി വരും തലമുറയ്ക്ക് ഒരു മോഡൽ കാണിച്ചു കൊടുക്കുക പ്രചോദനമാകുക എന്നതൊക്കെയാണ് ആഗ്രഹം. സസ്‌റ്റെയ്നബിൾ രീതികൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. വന്ദന ശിവ, മേധ പാട്കർ പോലുള്ള പരിസ്ഥിതി പ്രവർത്തകരുടെ ആശയങ്ങൾ ഒക്കെ കേട്ടാണ് ഞാൻ വളർന്നത്. ഇനി വേണ്ടത് പരിസ്ഥിതി പ്രവർത്തകരുടേയും ഗവേഷകരുടേയും കൂട്ടായ പ്രവർത്തനം കൊണ്ടുള്ള പോളിസി മെയ്ക്കിങ്ങ് ആണ്. ഇതിനോടൊക്കെ താൽപര്യമുള്ള പുതുതലമുറയേയും ഒപ്പം ചേർത്ത് നമുക്ക് മുന്നോട്ട് പോകാനായാലേ നല്ല ഭാവി എന്ന സ്വപ്നം കാണാനാകൂ!

ചവിട്ടി നിൽക്കാനുള്ള മണ്ണിനെ കുറിച്ച് വേണം ആദ്യം ചിന്തിക്കാൻ എന്ന് ഓർമപ്പെടുത്തി ജിസ് വാക്കുകൾ ചുരുക്കുന്നു...

Tags:
  • Spotlight
  • Motivational Story
  • Inspirational Story