Tuesday 22 September 2020 12:38 PM IST : By സ്വന്തം ലേഖകൻ

ഞാനെന്റെ കുഞ്ഞുങ്ങളെ മരിക്കാന്‍ വിടില്ല! ഇതല്ലാതെ വേറെ നിവൃത്തിയുമില്ല; ഹൃദയമുള്‍പ്പെടെ വില്‍പ്പനയ്ക്ക് വച്ച വീട്ടമ്മ പറയുന്നു

santhi

സോഷ്യല്‍ മീഡിയയുടെ ഹൃദയം തുളച്ചു കയറുകയാണ് ആ കാഴ്ച. പെറ്റുവളര്‍ത്തിയ 'പൊന്നുമക്കള്‍ പട്ടിണി കിടക്കാതിരിക്കാന്‍... അവരെ ചികിത്സിക്കാന്‍... കടബാധ്യത തീര്‍ക്കാന്‍ ഇതാ ഞാനെന്റെ അവയവങ്ങള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു.' അടിസ്ഥാന ജീവിത-സൗകര്യങ്ങളില്‍ ഏറെ മുന്നിലാണെന്ന് തലയുയര്‍ത്തി പറയുന്ന പ്രബുദ്ധര്‍ക്ക് ഈ കാഴ്ച ചിലപ്പോള്‍ ദഹിച്ചെന്നു വരില്ല. വിശ്വസിക്കാനും പ്രയാസമായിരിക്കും. പക്ഷേ നില്‍ക്കക്കള്ളിയില്ലാതെ അവയവം കച്ചവടത്തിനു വച്ച ആ അമ്മ പൊള്ളുന്ന നേര്‍സാക്ഷ്യമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു. 

കൊച്ചി കണ്ടയ്‌നര്‍ റോഡില്‍ നിന്നാണ് ആ കാഴ്ച പുറത്തു വരുന്നത്. നില്‍ക്കക്കള്ളിയില്ലാതെ ആ തീരുമാനം എടുത്ത വീട്ടമ്മയുടെ പേര് ശാന്തി. മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി സ്വന്തം ശരീരത്തിലെ ഹൃദയം അടക്കം എല്ലാ അവയവങ്ങളും വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു ആ വീട്ടമ്മ. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ അവര്‍ ആര്‍ക്കു മുന്നിലും കൈനീട്ടിയിയില്ല. പകരം ശരീര അവയവങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി നിലയുറപ്പിച്ചു. മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നതിന് ഇടയില്‍ വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെയാണ് ശാന്തിയും മക്കളും റോഡില്‍ കുടില്‍ കെട്ടി താമസം ആരംഭിച്ചതും. ബോര്‍ഡെഴുതി വെച്ചതും.

ഇന്നലെ മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ വീട്ടമ്മ നില്‍ക്കാന്‍ തുടങ്ങിയത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോര്‍ഡ്. ബന്ധപ്പെടേണ്ട നമ്പര്‍ സഹിതം ഇതിലുണ്ടായിരുന്നു.

ഇവരുടെ അഞ്ച് മക്കള്‍ക്കും വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട്. മൂന്ന് പേര്‍ക്ക് വലിയ ശസ്ത്രക്രിയകള്‍ കഴിഞ്ഞതാണ്. മൂത്ത മകന് തലയിലും രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനും ശസ്ത്രക്രിയ വേണമെന്നാണ് ഇവര്‍ പറയുന്നത്. വാഹനാപകടത്തിലാണ് രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയത്. ചികിത്സയ്ക്ക് വകയില്ലാത്തതിനാലാണ് ഗത്യന്തരമില്ലാതെ റോഡില്‍ സമരവുമായി ഇറങ്ങേണ്ടി വന്നതെന്ന് വീട്ടമ്മ പറയുന്നു.

കിടപ്പാടം പോലും ചികിത്സയ്ക്ക് വേണ്ടി വില്‍ക്കേണ്ടിവന്നു. ഇരുപത് ലക്ഷം രൂപയോളം കടമുണ്ട്. വലിയ സാമ്പത്തിക പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ വേറെ മാര്‍ഗമില്ലാത്തതിനാലാണ് ഇത്തരമൊരു വഴി ശാന്തി തിരഞ്ഞെടുത്തത്. മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുമായി ശാന്തി റോഡില്‍ നിലയുറപ്പിച്ചതോടെ കുട്ടികളേയും ഇവരെയും പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി മുളവുകാട് സ്‌റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് ഇവരെ മാറ്റി.

അതേസമയം ശാന്തിക്ക് ആശ്വാസവുമായി സര്‍ക്കാര്‍. ആരോഗ്യ മന്ത്രി കെ കെ ഷൈലജ ശാന്തിയെ ഫോണില്‍ വിളിച്ചു. മക്കളുടെ ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇവരുടെ വീടിന്റെ വാടക നല്‍കാമെന്ന സഹായ വാഗ്ദാനവുമായി എറണാകുളത്തെ റോട്ടറി ക്ലബും രംഗത്തെത്തിയിട്ടുണ്ട്.