Thursday 16 November 2023 02:36 PM IST : By സ്വന്തം ലേഖകൻ

എയർ ലീക്ക് ഉണ്ടായിട്ടില്ല, ബസിനു സാങ്കേതിക തകരാർ ഇല്ല: അഭന്യയുടെ മരണത്തിനിടയാക്കിയത് കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ

abhanya-death

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ബിരുദ വിദ്യാർഥിനി അഭന്യയുടെ മരണത്തിനിടയാക്കിയത് കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ. ബസിനു തകരാറുകളില്ലെന്ന് മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പ്രത്യേക സംഘമാണ് ബസ് പരിശോധിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്ത് നിന്നിരുന്ന പെരുമ്പഴുതൂർ സ്വദേശിനിയായ ക്രിസ്ത്യൻകോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനി അഭന്യ ബസിടിച്ച് മരിച്ചത്. 

അപകടത്തിൽപെട്ട കെഎസ്ആർടിസി ലോ ഫ്ലോർ ബസ്, കാട്ടാക്കട സബ് ആർടിഒ എസ്.എസ്.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധിച്ചു. മറ്റ് ജില്ലകളിൽ നിന്നുള്ള വിദഗ്ധരായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഉൾപ്പെട്ട സംഘമായിരുന്നു പരിശോധന നടത്തിയത്. 

ബസിനു മെക്കാനിക്കൽ തകരാർ ഒന്നും ഇല്ലായിരുന്നു എന്ന് കണ്ടെത്തിയതായി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഴിഞ്ഞം സർവീസ് നടത്തിയിരുന്ന ബസ് അടുത്ത ഡ്രിപ്പ് പോകുന്നതിനു ഡിപ്പോയിലെ പാർക്കിങ് യാഡിൽ നിന്നു ടെർമിനലിലേക്ക് കൊണ്ടു വരുമ്പോഴാണ് അപകടം.

അപകടസ്ഥലത്തു നിന്നു ബസ് മാറ്റിയിരുന്നില്ല. ഇവിടെ വച്ചുള്ള പരിശോധനയ്ക്ക് ശേഷം റാംപിലെത്തിച്ചും വിശദമായി പരിശോധിച്ചു.  എയർ ലീക്ക് കാരണം ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നായിരുന്നു തുടക്കം മുതൽ കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. എന്നാൽ ബ്രേക്ക് തകരാറിലാകുന്ന നിലയിൽ എയർ ലീക്ക് ഉണ്ടായിട്ടില്ല. ബസിനു സാങ്കേതിക തകരാർ ഇല്ല. 

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം. ഇത് സംബന്ധിച്ച് നാളെ പൊലീസിനു റിപ്പോർട്ട് നൽകുമെന്ന് സബ്റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പറഞ്ഞു. എന്നാൽ ഇതേ ബസ് ഒരു മാസം മുൻപ് സ്വയം ഉരുണ്ട് ബസ് ടെർമിനലിൽ ഇടിച്ച് നിന്ന സംഭവം ഉണ്ടായതായി ജീവനക്കാർ പറഞ്ഞു. അപകട സമയം ബസ് ഓടിച്ച എം പാനൽ ഡ്രൈവർ മൈലോട്ടുമൂഴി തുളസിയിൽ പ്രേമചന്ദ്രൻ(49) റിമാൻഡിലാണ്.

Tags:
  • Spotlight