Thursday 15 March 2018 12:37 PM IST

ഐ ഈസ് ബാലചന്ദ്ര മേനോൻ! തെറ്റുതിരുത്തിയ ആ 12 വയസ്സുകാരൻ ഇന്ന്് ഇംഗ്ലീഷിൽ എഴുതുകയാണ്

Sujith P Nair

Sub Editor

bala

അമ്പലപ്പുഴയിൽ ഒരു 12 വയസ്സുകാരനുണ്ടായിരുന്നു. അടുത്ത വീട്ടിൽ വാടകക്കാരനായി എത്തിയ ആംഗ്ലോ ഇന്ത്യൻ വൃദ്ധനോട് പത്രം വായിച്ചു വശത്താക്കിയ ഇംഗ്ലീഷിൽ ‘മുട്ടിയ’ ഒരു മിന്നൽ പയ്യൻ. മറുചോദ്യത്തിനുള്ള ഉത്തരമായി അവൻ പറഞ്ഞ ഇംഗ്ലീഷിലെ വ്യാകരണ പിശക് അയാൾ തിരുത്തി നൽകി. ഇംഗ്ലീഷിനോടു കൂട്ടുകൂടിയ പയ്യൻ പിന്നെ ഭാഷയെ വരുതിയിലാക്കി. മാതൃഭാഷയിൽ കഥയും തിരക്കഥയുമെല്ലാം എഴുതി അഭിനയിച്ച് ഉയരങ്ങൾ കീഴടക്കി.

നാടിന്റെ അതിരുകൾ കടന്ന് റെക്കോഡ് പുസ്തകത്തിലും ഇടംപിടിച്ചു. ഒടുവിൽ അവൻ അടുത്ത ‘സാഹസത്തിലേക്കു’ കടക്കുകയാണ്. പഴയ 12 വയസ്സുകാരന്റെ മനസ്സ് വാശിയോടെ തിരിച്ചുപിടിച്ച് ഇംഗ്ലീഷ് പുസ്തക രചനയിലേക്ക്. കഥയും തിരക്കഥയും സംവിധാനവും അഭിനയവും അടക്കം സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും ൈകവച്ചു വിജയിച്ച് ലിംക റെക്കോർഡ് ബുക്കിൽ വരെ കയറിയ ബാലചന്ദ്ര മേനോനാണ് അന്നത്തെ ആ പയ്യൻ.

മലയാള സിനിമയുടെ നാൽപ്പതു വർഷത്തെ ചരിത്രം സ്വന്തം വ്യൂഫൈൻഡറിലൂടെ നോക്കിക്കാണുന്ന "START.. ACTION .. MUSINGS OF A MOVIE MAKER" എന്ന പുസ്തകത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട മേനോൻ ഇംഗ്ലീഷിൽ രചയിതാവിന്റെ കുപ്പായം അണിയുന്നത്. അഞ്ചു വർഷം മുൻപ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്നപുസ്തകത്തിൽ ഇംഗ്ലീഷ് പരിഭാഷയാണിത്. സിനിമയുടെ തിരക്കുകൾക്കിടയിൽ ഏഴു മാസത്തോളം നീണ്ട ശ്രമഫലമായാണ് പുസ്തകം യാഥാർത്ഥ്യമാകുന്നത്. അടൂർ അവതാരിക എഴുതിയിരിക്കുന്ന പുസ്തകം അക്ഷരാർഥത്തിൽ മലയാള സിനിമയുടെ ആത്മകഥയാണ്.

bala_1

മൺമറഞ്ഞു പോയവരടക്കം ഒരുപറ്റം കലാകാരൻമാരെയാണ് മേനോൻ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരുപക്ഷേ ഇംഗ്ലീഷ് ഭാഷയിൽ മലയാള സിനിമയുടെ ചരിത്രം ആദ്യമായാകും പുസ്തകരൂപത്തിൽ എത്തുന്നത്. മലയാള സിനിമാ ചരിത്രം ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുക എന്നതു കൂടിയാണ് തന്റെ ലക്ഷ്യമെന്നും ബാലചന്ദ്ര മേനോൻ ‘വനിത ഓൺലൈനോടു ’പറഞ്ഞു. ‘40 വർഷങ്ങൾക്കുള്ളിൽ 37 സിനിമകൾ ചെയ്തു എന്നതല്ല, നാൽപ്പതു വർഷത്തെ മലയാള സിനിമയുടെ ചരിത്രം എന്റെ വ്യൂ ഫൈൻഡറിൽ ഞാൻ കണ്ടതാണ് ഈ പുസ്തകം. ഇംഗ്ലീഷ് മനസ്സിലാക്കുന്ന ഏതൊരാൾക്കും കരഗതമാവുന്ന നിലയിൽ തയ്യാറാക്കാൻ കഴിഞ്ഞു എന്നത് ഭാഗ്യമാണെന്ന് കരുതുന്നു. അങ്ങനെ ഒരു സംരംഭം മലയാള സിനിമയിൽ എന്നല്ല മലയാള സാഹിത്യത്തിൽ തന്നെ ആദ്യമാണെന്നു വേണമെങ്കിൽ ഒരു ഗമയ്ക്ക് പറയുകയും ചെയ്യാം.’ – ബാലചന്ദ്ര മേനോൻ പറയുന്നു.

പുസ്തക പ്രകാശന ചടങ്ങിൽ സാഹിത്യ അക്കാഡമി ചെയർമാൻ വൈശാഖൻ ചൂണ്ടിക്കാട്ടിയതു പോലെ മലയാള സിനിമയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന ഒന്നാന്തരം പാഠപുസ്തകമാണിത്. പാഠ്യപദ്ധതിയിൽ പോലും ഉൾപ്പെടുത്താൻ കഴിയുന്ന പുസ്തകമാണിതെന്നും വായിച്ചവർ ഒറ്റ സ്വരത്തിൽ പറയുന്നു. 2013ലാണ് ' ഇത്തിരി നേരം ഒത്തിരി കാര്യം "എന്ന പുസ്തകം ബാലചന്ദ്ര മേനോൻ പുറത്തിറക്കുന്നത്. പുസ്തക വിപണനത്തിലും ‘മേനോൻ ശൈലി’ പുലർത്തിയ അദ്ദേഹം സ്വന്തം പ്രസിദ്ധീകരണ സ്ഥാപനമായ വി ആൻഡ് വിയിലൂടെയാണ് പുസ്തകം പുറത്തിറക്കിയത്. ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രസാധകർ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊണാർക്ക് പബ്ലിഷേഴ്‌സ് ആണ്.

bala_4

പുസ്തകം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച രണ്ടു പേർക്കാണ് ബാലചന്ദ്ര മേനോൻ നന്ദി പ്രകാശിപ്പിക്കുന്നത്. ഭാര്യ വരദയ്ക്കും കൊണാർക്ക് പബ്ലിക്കേഷൻ ഉടമയും സുഹൃത്തുമായ കെ.പി.ആർ. നായർക്കും. പാതിരാത്രി കഴിഞ്ഞും പുലർച്ചയ്ക്കുമെല്ലാം ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് ഓർമ്മകൾ പറയുമ്പോൾ അതെല്ലാം പകർത്തുന്നത് വരദയായിരുന്നു എന്ന് മേനോന്‍ സ്നേഹപൂർവം ഓർമിക്കുന്നു. ഓർമ്മകളിലേക്ക് ടോർച്ച് അടിച്ചു നോക്കുമ്പോൾ ഒന്നൊന്നായി കൺമുന്നിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഓർമ്മകൾക്ക് ‘കട്ട്’ പറയാൻ നിർബന്ധിതനായെന്നും മേനോൻ പറയുന്നു. അല്ലെങ്കിൽ പേജുകളുടെ എണ്ണം വല്ലാതെ കൂടിപ്പോകുമായിരുന്നു.

ഇംഗ്ലീഷ് ഭാഷയിൽ ഒരു പുസ്തകം എഴുതിയപ്പോൾ ആദ്യമായി ഇംഗ്ലീഷിലെ തെറ്റുതിരുത്തിയ ഒരാളെക്കുറിച്ചും മേനോൻ ഓർമിക്കുന്നു, വീടിന് അടുത്ത് വാടകക്കാരനായി എത്തിയ വൃദ്ധനായ ആംഗ്ലോ ഇന്ത്യൻ വംശജൻ ഫെർണാണ്ടസിനെ. കുട്ടിക്കാലത്ത് ഇംഗ്ലീഷ് ഭാഷയോടുള്ള ആരാധനമൂത്ത് ലൈബ്രറിയിൽ പോയി ഇംഗ്ലീഷ് ദിനപത്രം വായിക്കുന്നതായിരുന്നു രീതി. സഹായത്തിനുള്ളത് ഒരു ഡിക്ഷണറിയായിരുന്നു. അങ്ങനെ ഇംഗ്ലീഷിൽ പിടിച്ചു നിൽക്കാമെന്നു തോന്നിയപ്പോഴാണ് പഠിച്ചത് പ്രയോഗിക്കാൻ ആളെ കിട്ടുന്നത്. വീടിനടുത്തുള്ള കെട്ടിത്തിൽ വാടകയ്ക്ക് എത്തിയ ഫെർണാണ്ടസിനെ. എന്നും അദ്ദേഹം വീടിനു മുന്നിലൂടെ പോകുമ്പോൾ ചോദിക്കും, ‘വാട്ട് ഈസ് യുവർ നെയിം’ എന്ന്. ഒരുദിവസം അദ്ദേഹം ചോദ്യം കേട്ടു നിന്നു. ‘മൈ നെയിം ഈസ് ഫെർണാണ്ടസ്’ എന്നു പറഞ്ഞു. എന്നിട്ടു തിരിച്ചു ചോദിച്ചു, വാട്ട് ഈസ് യുവർ നെയിം. അഭിമാനത്തോടെ പറഞ്ഞു, ഐ ഈസ് ബാലചന്ദ്ര മേനോൻ. അപ്പോൾ അദ്ദേഹം തിരുത്തി. നോട്ട് ഈസ്, ഐ ആം...! ഇംഗ്ലീഷിൽ പുസ്തകം എഴുതുമ്പോൾ ആദ്യമായി ഇംഗ്ലീഷിലെ തെറ്റുതിരുത്തിതന്നെ ഫെർണാണ്ടസ് സായിപ്പിനും (മിക്കവാറും ഇപ്പോൾ മരിച്ചു കാണും) പ്രണാമം.– മേനോൻ കുറിക്കുന്നു.

bala_3