Wednesday 09 October 2019 10:49 AM IST

‘സഹതാരങ്ങൾ ഒപ്പമുണ്ടെങ്കിൽ വല്ലാത്ത ധൈര്യമാണ്; ‘മീ ടൂ’ അനുഭവങ്ങൾ കരിയറിൽ ഉണ്ടായിട്ടില്ല!’

Sujith P Nair

Sub Editor

suchithra9987t7yguh ഫോട്ടോ: നിതിൻ ടി. വർഗീസ്

മലയാള സിനിമയിൽ പറന്നുനടന്ന കാലത്താണ് സുചിത്ര, വിമാനം പറത്തുന്ന മുരളിയെ കല്യാണം കഴിച്ചത്. പൈലറ്റായ മുരളിക്കൊപ്പം രണ്ടാം ദിവസം പറന്ന സുചിത്ര ചെന്നെത്തിയതോ, ‘മരുന്നിന് പോലും’ മലയാളികളോ ഇന്ത്യക്കാരോ ഇല്ലാത്ത അമേരിക്കയിലെ കൻസാസ് സിറ്റിയിലെ  മിസോറിയിൽ. അമേരിക്കൻ ജീവിതം 17-ാം വർഷത്തിലേക്ക് കടക്കുമ്പോൾ തിരക്കുകൾ തിരിച്ചുപിടിച്ച ആഹ്ലാദമാണ് സുചിത്രയ്ക്ക്. ഭാര്യയുടെയും അമ്മയുടെയും ഐടി ഉദ്യോഗസ്ഥയുടെയും റോളിൽ തിളങ്ങുന്നതിനിടെ ‘വനിത’യോട് സംസാരിക്കുമ്പോൾ സിനിമയെ കുറിച്ചാണ് സുചിത്ര പറഞ്ഞുതുടങ്ങിയത്.

അച്ഛന്റെ വഴി പിന്തുടർന്നാണോ മകളും സിനിമയിലെത്തിയത് ? 

നേവി ഉദ്യോഗസ്ഥനായ അച്ഛൻ കരുണാകരൻ എഴുപതുകളിൽ സിനിമ നിർമിക്കുകയും സിനിമാ നിർമാണത്തിനായി സാമ്പത്തിക സഹായം ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ഞാൻ നായികയാകണമെന്ന് അച്ഛനായിരുന്നു ഏറ്റവും കൂടുതൽ ആഗ്രഹം. 

തിരുവനന്തപുരത്ത് ഹോളി ഏഞ്ചൽസ് സ്കൂളിൽ പഠിക്കുമ്പോഴേ മറ്റു കുട്ടികൾ ഡോക്ടറും എൻജിനീയറുമാകണമെന്ന് പറയുമ്പോൾ ഞാൻ പറഞ്ഞിരുന്നത് സിനിമയിൽ നായിക ആകണമെന്നായിരുന്നു. 

സ്കൂൾ യൂത്ത് ഫെസ്റ്റിവലിന് എല്ലാ പരിപാടികൾക്കും ഞാനുമുണ്ടാകും, പ്രത്യേകിച്ച് ഡാൻസ്. അതെന്റെ വീക്ക്നെസ് ആണ്. പത്താം ക്ലാസായപ്പോൾ സിനിമയിൽ അവസരങ്ങ ൾ വന്നു തുടങ്ങി. എന്നാൽ മികച്ച എൻട്രിക്കായി അച്ഛൻ കാത്തിരുന്നു. ബാലചന്ദ്ര മേനോൻ സാറിന്റെ സിനിമയിലൂടെ ഞാൻ  വരണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്.  

ജോഷി ചിത്രം, നായകന്മാരായി മോഹൻലാലും മമ്മൂട്ടിയും. ആദ്യ സിനിമ ടെൻഷനടിപ്പിച്ചോ? 

‘നമ്പർ 20 മദ്രാസ് മെയിലി’ൽ അഭിനയിക്കാൻ വരുമ്പോൾ ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. ഇത്രയും ലെജൻഡ്സിനൊപ്പമാണ് വർക്ക് ചെയ്യേണ്ടത് എന്നൊന്നും  അപ്പോൾ ചിന്തിച്ചില്ല. ജോഷി സാർ, ലാലേട്ടൻ, മണിയൻപിള്ള രാജു ചേട്ടൻ, ജഗദീഷേട്ടൻ, സോമൻ അങ്കിൾ, അശോകേട്ടൻ എന്നിവരുടെ കാലിൽ തൊട്ടു നമസ്കരിച്ചാണ് ഞാൻ അഭിനയിച്ചു തുടങ്ങിയത്. മമ്മൂക്കയും ജയഭാരതി ആന്റിയും സുമലതയും ഇന്നച്ചൻ അങ്കിളുമൊക്കെ ആ സിനിമയിലുണ്ടായിരുന്നു. അവരുടെയൊക്കെ അനുഗ്രഹമാകാം എന്നെ സിനിമയിൽ നിലനി ർത്തിയത്.

ഷൊർണൂർ ടിബിയിലായിരുന്നു അന്നു താമസം. ആദ്യ ആഴ്ച എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. ടിബിയുടെ താഴത്തെ നിലയിലാണ് ഞാൻ താമസിച്ച മുറി. ലാലേട്ടനും ജഗദീഷേട്ടനും മണിയൻപിള്ള രാജു ചേട്ടനും രണ്ടാം നിലയിലെ റൂമിൽ ഒരുമിച്ചായിരുന്നു താമസം. എന്റെ മുറിയുടെ ജനാലയിലൂടെ നോക്കുമ്പോൾ മൂന്നുപേരും ഒന്നിച്ച് ഇറങ്ങി വരുന്നതും തിരികെ പോകുന്നതുമെല്ലാം കാണാം. പിറ്റേ ആഴ്ച മുത ൽ ഞാനും അവർക്കൊപ്പം ഷൂട്ടിങ്ങിനു പോകാൻ തുടങ്ങി. അഭിനയിക്കുമ്പോൾ രണ്ടും മൂന്നും ടേക്ക് നീളുമ്പോൾ ‘ഛെ’ എന്നൊക്കെ ഞാൻ പറയും. അപ്പോൾ ലാലേട്ടൻ തിരുത്തും, ‘അങ്ങനെ പറയരുത്... ഇതു നമ്മുടെ ജോലിയല്ലേ.’ ആലോചിക്കുമ്പോൾ അദ്ഭുതമാണ്, എത്ര വലിയ നടനായ അദ്ദേഹം തുടക്കക്കാരിയായ എന്നെ സമാധാനിപ്പിക്കുന്നു. ഇത്രയും വിനയത്തോടെ പെരുമാറുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.

വിജയ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു ?

എൺപതുകളും തൊണ്ണൂറുകളും മലയാള സിനിമയുടെ സുവർണ കാലഘട്ടം തന്നെയാണ്. ആ കാലത്ത് അഭിനയിക്കാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. 12 വർഷം സജീവമായി ഞാനുണ്ടായിരുന്നു. മുകേഷ്, സിദ്ദിഖ്, ജഗദീഷ് ചിത്രങ്ങളിൽ നായികയായി മിക്കവാറും ഞാനുണ്ടാകും. ഒരു കുടുംബം പോലെയാണ് എല്ലാവരും. അന്നൊക്കെ മിക്ക സെറ്റുകളിലും ഇന്നച്ചനോ ജഗതി അങ്കിളോ കാണും. രാവിലെ തുടങ്ങുന്ന ചിരി അവസാനിക്കുന്നത് വൈകിട്ട് പിരിയുമ്പോഴാണ്. കളിയാക്കിയാൽ പോലും അന്നൊന്നും ഒന്നും തോന്നില്ല. 

ഇവിടെ എനിക്കെപ്പോഴും തിരക്കാണ്. മകളുടെ സ്കൂളും മറ്റും വേറെയും. പൊതുവെ അമേരിക്കയിൽ ഫാസ്റ്റ് ലൈഫാണ്. പക്ഷേ, വല്ലാത്തൊരു സ്വാതന്ത്ര്യം ഉണ്ട്. നമ്മുടെ ജീവിതത്തിലേക്ക് ആരും ഒളിഞ്ഞു നോക്കില്ല. അതിനുള്ള സമയമില്ലെന്നതാണ് സത്യം. നാട്ടിലായിരുന്നപ്പോൾ ദിവാസ്വപ്നം കാണാനൊക്കെ സമയം ഉണ്ടായിരുന്നു. ഇപ്പോൾ പാട്ടു കേട്ട് റിലാക്സ് ചെയ്തിരിക്കാൻ പോലും സമയമില്ല. രാവിലെ ഓഫീസിലേക്ക് പോകും, മീറ്റിങ്ങുകൾ അറ്റൻഡ് ചെയ്യും, ചെയ്യാനുള്ള ജോലികൾ തീർക്കും, തിരിച്ചു വരും. ആരുമായും വ്യക്തിബന്ധം ഇല്ല. വീട്ടിൽ പോകാനുള്ള സമയം ആയോ എന്ന് വാച്ചിൽ നോക്കിയാണ് എല്ലാവരും ഇരിക്കുന്നത്. 

അമേരിക്കയിലെ തിയറ്ററുകളിൽ പോയി മലയാളസിനിമ മിക്കവാറും കാണാറുണ്ട്. ഇവിടെ ജീവിക്കുമ്പോൾ നാട് വലിയ നൊസ്റ്റാൾജിയ അല്ലേ, അതുകൊണ്ട് ഗ്രാമീണ അന്തരീക്ഷത്തിലുള്ള സിനിമയാണ് കാണാനിഷ്ടം. സിനിമ വളരെയൊന്നും മാറിയതായി തോന്നുന്നില്ല. പഴയതിനെക്കാൾ റിയലിസ്റ്റിക് ആയി എന്നു മാത്രം. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ് എന്റേത്. സൗന്ദര്യവർധക വസ്തുക്കൾ പോലും നാടൻ ആയുർവേദ കടകളിൽ നിന്നാണ് വാങ്ങുന്നത്. 

നാട്ടിൽ എന്റെ ബന്ധുക്കൾ പോലും വിദേശനിർമിത കോസ്മെറ്റിക്സ് ഉപയോഗിക്കുമ്പോൾ എനിക്ക് അതൊന്നും പിടിക്കില്ല. നാടിന്റെ മണവും ഗുണവും വിട്ടൊരു കളിയില്ല. യുഎസി ൽ എത്തിയപ്പോൾ അനിയന്ത്രിതമായി തടി വച്ചിരുന്നു. ആ കാലത്തെ സ്ട്രെസും ഒരു കാരണമാണ്. അന്നൊന്നും അതു കാര്യമാക്കിയേയില്ല, ആരും എന്നെ തിരിച്ചറിയില്ല എന്ന സ്വാതന്ത്ര്യമായിരുന്നു അതിനു കാരണം. തടി കൂടിയതിന്റെ പേരിൽ ഒരിക്കലും മുരളി എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പിന്നീട് ഞാൻ ബോധപൂർവം ഭാരം കുറയ്ക്കുകയായിരുന്നു. ഇപ്പോൾ ഞാൻ വളരെ കംഫർട്ടബിൾ ആണ്.  

ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെ വരാനാകാത്തതിൽ പിന്നീട് നഷ്ടബോധം തോന്നിയോ ?

ഉള്ളിന്റെ ഉള്ളിൽ എനിക്കും  ആ ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന് നായികമാരെ ക്രീയേറ്റ് ചെയ്യാനുള്ള മാജിക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ച നായികമാർ സിനിമകളിൽ ഒരുപാട് തിളങ്ങിയത്. സിനിമയിൽ സജീവമായ  ശേഷം ഒരിക്കൽ അദ്ദേഹത്തോട് എന്റെയീ നടക്കാതെ പോയ ആഗ്രഹം പറഞ്ഞിരുന്നു. ‘സുചിത്രയെ ആദ്യമായി അവതരിപ്പിക്കാൻ പറ്റാത്തതിൽ എനിക്കും നഷ്ടബോധം തോന്നിയിട്ടുണ്ട്’ എന്ന മറുപടി കേട്ട് ഞാൻ ഞെട്ടി. 

സിനിമയിൽ അവതരിപ്പിച്ചില്ലെങ്കിലും മേനോൻ സാറാണ് എന്നെ സിനിമാ പ്രവർത്തകരുടെ സംഘടനയായ ‘അമ്മ’ യു ടെ ഭാരവാഹിയായി ഇൻട്രൊഡ്യൂസ് ചെയ്തത്. 1997ലാണ് ഞാൻ ‘അമ്മ’ ജോയിന്റ് സെക്രട്ടറിയായത്. അന്നെനിക്ക് കഷ്ടിച്ച് 22 വയസാണ്. ഒരാൾടെ കഴിവ് കണ്ടെത്താൻ മേനോ ൻ സാറിന് പ്രത്യേക സിദ്ധിയാണ്. എനിക്ക് അഡ്മിനിസ്ട്രേറ്റീവ് കേപ്പബിലിറ്റി ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി,ആത്മവിശ്വാസം പകർന്നു തന്നു. ഭാരവാഹിത്തം വെല്ലുവിളിയായി തന്നെ ഞാൻ ഏറ്റെടുത്തു. മധു സാർ, അന്തരിച്ച മുരളി ചേട്ടൻ തുടങ്ങിയവരായിരുന്നു മറ്റു ഭാരവാഹികൾ. ആർട്ടിസ്റ്റ് ആയാൽ അഭിനയം മാത്രമാണ് എന്ന സങ്കൽപം മാറിയത്  അക്കാലത്താണ്. അംഗങ്ങളുടെ വെൽഫെയറിനെക്കുറിച്ചു കൂടി സംഘടന ചിന്തിക്കാൻ തുടങ്ങി. 

സിനിമയിലെ സൗഹൃദങ്ങൾ ഇപ്പോഴുമുണ്ടോ ?

ഗീത ചേച്ചിയും മാതുവും സുനിതയുമെല്ലാം യുഎസിലുണ്ട്. മാതുവുമായും സുനിതയുമായും ഇടയ്ക്കിടെ ഫോണിൽ സംസാരിക്കും, വല്ലപ്പോഴും കാണും. ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ ‘അമ്മ’ ജനറൽ ബോഡി നടക്കുന്നിടത്തു പോയി. ഒരുപാട് സുഹൃത്തുക്കളെ വീണ്ടും കണ്ടു. വാട്സ് ആപ്പൊക്കെ ഉള്ളതുകൊണ്ട് ഇപ്പോൾ സൗഹൃദങ്ങൾ നിലനിർത്താൻ കൂടുതൽ എളുപ്പമാണ്.

‘മീ ടൂ’ ഒക്കെ വരുന്ന കാലമാണ്. സിനിമയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ?

‘മീ ടൂ’ അനുഭവങ്ങൾ കരിയറിൽ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, സിനിമാ പ്രവർത്തകർ കൂടെയുണ്ടെങ്കിൽ എനിക്ക് വലിയ സുരക്ഷിതത്വ ബോധവുമായിരുന്നു. നമ്മളെ സംരക്ഷിക്കാൻ അവർ കൂടെ ഉണ്ടെന്ന വിശ്വാസം. യാത്രകളിൽ പോലും സഹതാരങ്ങൾ ഒപ്പമുണ്ടെങ്കിൽ വല്ലാത്തൊരു ധൈര്യമാണ്.  ഉദ്ഘാടനത്തിനും മറ്റും പോകുമ്പോൾ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഭയം തോന്നിയിട്ടുള്ളത്. സിനിമയിൽ നിന്നോ സിനിമാ പ്രവർത്തകരിൽ നിന്നോ ഇന്നുവരെ തിക്താനുഭവങ്ങളൊന്നും നേരിട്ടില്ല. ഇതു കേൾക്കുമ്പോൾ പലർക്കും അദ്ഭുതമാണ്, പക്ഷേ അതാണ് സത്യം.

Tags:
  • Spotlight
  • Vanitha Exclusive