Monday 13 May 2019 04:13 PM IST : By സ്വന്തം ലേഖകൻ

‘എന്റെ കുടുംബം; അവരെന്നെ സ്വീകരിക്കും, ഒരു ആണായി തന്നെ’; രാജ്യത്തെ ആദ്യ ട്രാൻസ്മാൻ പൈലറ്റ് കാത്തിരിക്കുന്നു!

trans-man-pilot

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാണ് തൃശൂർ സ്വദേശിയായ ആദം ഹാരി. ട്രാൻസ്ജൻഡേഴ്‌സിന് നമ്മുടെ സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്നിട്ടുള്ള എല്ലാ പ്രശ്നങ്ങളും ചെറിയ ജീവിതത്തിനിടയിൽ ആദവും അനുഭവിച്ചിട്ടുണ്ട്. തന്റെ പെണ്ണുടലിൽ തുടിയ്ക്കുന്നത് ആണാണെന്ന് സ്വയം തിരിച്ചറിഞ്ഞപ്പോൾ, അസ്തിത്വത്തിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴെല്ലാം... ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ഓരോ പ്രതിസന്ധികളും ഇന്നും സുഖമുള്ള വേദനയായി ആദമിന്റെ മനസ്സിലുണ്ട്.

"ജൊഹനാസ്ബർഗിൽ പൈലറ്റ് ആവാനുള്ള ട്രെയ്നിങ് സമയത്താണ് എന്റെ ഫാമിലിക്ക് ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന് മനസ്സിലായത്. കോഴ്സ് പൂർത്തിയായതും ഇന്ത്യയിലെ എന്റെ വീട്ടിലേക്ക് മടങ്ങി. ഞാൻ അവിടെ ശരിക്കും തടങ്കലിൽ തന്നെയായിരുന്നു. പത്തൊമ്പതാമത്തെ വയസ്സിൽ മാനസികവും ശാരീരികവുമായി ഞാൻ പീഡിപ്പിക്കപ്പെട്ടു. ഒടുവിൽ സഹിക്കവയ്യാതെ വീട്ടിൽ നിന്ന് ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു.

trans-man-pilot23

പിന്നീടുള്ള എന്റെ ജീവിതത്തിൽ സന്തോഷം നിറച്ചത് പൈലറ്റ് ജോലിയാണ്. കൊച്ചിയിലെ ഏവിയേഷൻ അക്കാദമിയിൽ ജോലി ലഭിച്ചതോടെ ജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടായി. എങ്കിലും ജോലിസ്ഥലത്ത് ചില വെല്ലുവിളികളും നേരിടേണ്ടിവന്നു. അതേസമയം ട്രാൻസ്ജൻഡേഴ്‌സിന് പൊതുവെ അനുകൂല സാഹചര്യമായിരുന്നു കൊച്ചിയിൽ. ഇപ്പോൾ എനിക്ക് 20 വയസ്സായി. ഏഴു മാസം മുൻപ് ഹോർമോൺ ട്രീറ്റ്‌മെന്റ് ആരംഭിച്ചു. എന്റെ ശരീരത്തിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. എന്റെ ശബ്ദം മാറിത്തുടങ്ങി, മുഖത്തും ശരീരത്തും രോമം കിളിർത്തുതുടങ്ങി. പൊടിമീശ വന്നു. പൂർണ്ണമായും ഒരാണിന്റെ രൂപത്തിലേക്ക് ഞാൻ മാറിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും പ്രധാനം ഞാനിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം തന്നെയാണ്. യാതൊരു വിലക്കുകളും ഇല്ലാതെ, എനിക്ക് എന്നെത്തന്നെ സ്വയം തിരിച്ചറിയാൻ കഴിയുന്നു. ഇനിയും എന്റെ ജോലിയിൽ ഒരു തടസ്സവും ഇല്ലാതെ തുടരാൻ കഴിയണം. ഇന്ത്യയിൽ ട്രാൻസ്ജൻഡേഴ്‌സിന് ഭയമില്ലാതെ ജീവിക്കാൻ കഴിയണം. അവരെ ഈ സമൂഹം അംഗീകരിക്കണം. ശരിക്കും ഞാനെന്റെ കുടുംബത്തെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. എനിക്ക് പ്രതീക്ഷയുണ്ട്, അവരെന്നെ മനസ്സിലാക്കി മകനായി സ്വീകരിക്കുമെന്ന്. എന്ത് പറഞ്ഞാലും ഞാനവരുടെ സ്വന്തം കുട്ടിയാണ്. തെറ്റായ ഉടലിൽ എത്തിപ്പെട്ട ഒരാത്മാവ്. അവർക്ക് വേണ്ടി ഈ ജീവിതം മുഴുവൻ ഞാൻ കാത്തിരിക്കും..."- ആദം ഹാരി പറയുന്നു.

trans-pilot4