Friday 17 November 2023 10:16 AM IST : By സ്വന്തം ലേഖകൻ

‘തലയിലേറ്റ പരുക്ക് കാരണം തലച്ചോറിൽ ക്ഷതം, രക്തസ്രാവം’: പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇങ്ങനെ: വഴിത്തിരിവായി ഫൊറൻസിക് റിപ്പോർട്ട്

adhithyasree445656

ഏഴുമാസം മുൻപു തിരുവില്വാമല പട്ടിപ്പറമ്പിൽ ആദിത്യശ്രീയുടെ മരണത്തിലെ ഫൊറൻസിക് പരിശോധന ഫലങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണ്. ഫോൺ പൊട്ടിത്തെറിച്ചിട്ടില്ലെന്നും കുട്ടി മരിച്ചതു മറ്റൊരു സ്ഫോടനത്തിലൂടെയാണെന്നുമാണ് ഫൊറൻസിക് പരിശോധനാഫലം. കുട്ടിയുടെ ശരീരത്തിലും കിടക്കയിലും പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.

ആദിത്യശ്രീയുടെ മരണത്തിനിടയാക്കിയത് തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണകാരണം തലയിലേറ്റ ഗുരുതരമായ പരുക്കാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. തലയിലേറ്റ പരുക്കിനെ തുടർന്ന് തലച്ചോറിൽ പലയിടത്തും ക്ഷതമുണ്ടായി. ഇതിനെ തുടർന്നുണ്ടായ രക്തസ്രാവമാണു മരണകാരണമെന്നായിരുന്നു കണ്ടെത്തൽ.

കുട്ടിയുടെ മുഖവും ഫോൺ പിടിച്ചതെന്നു കരുതുന്ന വലതുകയ്യും തകർന്നു. ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണ് അപകടത്തിനിടയാക്കിയ ഫോൺ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് അന്ന് മരണകാരണം ഫോൺ പൊട്ടിത്തെറിച്ചതിനാലാണ് എന്ന പ്രാഥമിക നിഗമനത്തിൽ എത്തിയത്.

ഫോൺ പൂർണമായും പൊട്ടിത്തകർന്നിട്ടില്ല. ബാറ്ററിയാണു പൊട്ടിത്തെറിച്ചതെന്ന് (കെമിക്കൽ ബ്ലാസ്റ്റ്) പൊലീസ് പറഞ്ഞു. ഫോൺ ചാർജ് ചെയ്യുമ്പോഴല്ല അപകടമെന്നു വീട്ടുകാരും അന്ന് ഉറപ്പിച്ചിരുന്നു. ബാറ്ററിക്കകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിൽ ആയി മാറി ഫോണിന്റെ സ്ക്രീനിൽ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാകാം ദുരന്തത്തിനിടയാക്കിയതെന്നാണു ഫൊറൻസിക് ഉദ്യോഗസ്ഥർ അന്ന് കണ്ടെത്തിയത്.

പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകളാണ് ആദിത്യശ്രീ. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ 3–ാം ക്ലാസ് വിദ്യാർഥിയായിരുന്നു. അപകടം നടക്കുമ്പോൾ അശോകിന്റെ അമ്മ സരസ്വതിയും ആദിത്യശ്രീയും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. അശോകിന്റെ അമ്മ സരസ്വതി അടുക്കളയിലേക്കുപോയ നേരത്താണു പൊട്ടിത്തെറിയുണ്ടായത്. ഈ സമയം കുട്ടി കിടക്കുകയായിരുന്നുവെന്നാണു നിഗമനം. തലയണയിൽ ചോര പറ്റിയിട്ടുണ്ടായിരുന്നു. സ്ഫോടന ശബ്ദം ഉച്ചത്തിൽ കേട്ടതായി അയൽക്കാരും മൊഴിനൽകി.

പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.