Friday 10 November 2023 11:34 AM IST : By സ്വന്തം ലേഖകൻ

‘ദത്തുപുത്രിയുടെ അക്രമസ്വഭാവം, ഭാര്യയെ ആക്രമിച്ച് വീട് വിട്ടുപോകാന്‍ ശ്രമം’: ദത്തെടുക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയില്‍

girl-child55chjjuy7 Representative image

ദത്തുപുത്രിയുമായി ഒത്തുപോകാനാകാത്ത സാഹചര്യത്തില്‍ ദത്തെടുക്കല്‍ നടപടികള്‍ റദ്ദാക്കി കിട്ടാന്‍ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ ഹൈക്കോടതിയില്‍. ഹര്‍ജി പരിഗണിച്ച കോടതി തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് തേടി.

2017ല്‍ ഏക മകന്‍ കാറപടകടത്തില്‍ മരിച്ചതോടെയാണ് ദമ്പതികള്‍ കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ദത്തെടുക്കല്‍ നടപടികള്‍ക്കുള്ള കാലതാമസം അറിയാവുന്നതിനാല്‍ പഞ്ചാബ് ലുധിയാനയിലെ സേവാ ആശ്രമത്തില്‍ നിന്നാണ് പതിമൂന്നുകാരിയെ ദത്തെടുത്തത്. എന്നാല്‍ ഒത്തുപോകാനാകില്ലെന്ന് ബോധ്യപ്പെട്ടതോടെ കുട്ടിയെ 2022 സെപ്റ്റംബറില്‍ തിരുവനന്തപുരം  ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി. 

ദത്തെടുത്ത നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് തിരിച്ചയക്കണമെന്ന് അപേക്ഷയും നല്‍കി. ചട്ടപ്രകാരം നടപടിയെടുക്കണമെന്ന് നിര്‍ദേശത്തോടെ ഈ ആവശ്യം കോടതി തീര്‍പ്പാക്കിയിരുന്നു. എന്നാല്‍  ലുധിയാനയിലെ ആശ്രമം അധികൃതര്‍ കുട്ടിയെ തിരിച്ചെടുക്കാന്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹര്‍ജി.

മകള്‍ ചിലപ്പോള്‍ അക്രമസ്വഭാവം കാണിക്കാറുണ്ടെന്നും ഭക്ഷണം കഴിക്കാതെ മുറിയടച്ചിരിക്കാറുണ്ടെന്നും രക്ഷിതാവിന്‍റെ അപേക്ഷയില്‍ പറയുന്നു. ഭാര്യയെ ആക്രമിക്കുകയും വീട് വിട്ടുപോകാനും ശ്രമിച്ചു. പലതവണ കൗണ്‍സിലിങ് നല്‍കിയിട്ടും മാറ്റമൊന്നുമുണ്ടായില്ലെന്നും അപേക്ഷയില്‍ പറയുന്നു.

Tags:
  • Spotlight