Saturday 12 March 2022 11:58 AM IST : By സ്വന്തം ലേഖകൻ

നടുവൊടിച്ച് ഗ്യാസ് വില, ഷോക്കടിപ്പിച്ച് കറന്റ് ബിൽ... കുറഞ്ഞ ചെലവിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചാലോ?

solar-energy-

വൈദ്യുതി ബിൽ വീണ്ടും കൂടി.

പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന കൂടിക്കൊണ്ടിരിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതാണ് അഭികാമ്യമെന്നു വിദഗ്ധർ.

പാചകവാതക വില കുതിച്ചുയരുന്നു...ഇത്തരം വാർത്തകൾ ആരുമായി ചർച്ച ചെയ്താലും ഒടുവിൽ എത്തിച്ചേരുന്നത് ‘സോളർ’ എന്ന ഒറ്റ ഉത്തരത്തിലായിരിക്കും. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിന്റെ ‘സൗരോർജത്തിൽ നിന്ന് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘സൗര’.

വീടുകളിൽ കേന്ദ്ര നവ ഊർജമന്ത്രാലയത്തിന്റെ സബ്സിഡിയോടെ 200 MW ന്റെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയാണിത്. കെഎസ്ഇബിയുടെ ഇ.കിരൺ പോർട്ടലിലൂടെ അപേക്ഷ നൽകുന്നതിനു 2022 മാർച്ച് 31 വരെ അവസരമുണ്ട്. ഈ പദ്ധതിയിൽ ശൃംഖല ബന്ധിത (On Grid) സൗരോർജ പ്ലാന്റാണ് സ്ഥാപിക്കുന്നത്.

പ്ലാന്റ് സ്ഥാപിക്കുന്നതെങ്ങനെ?

ഒരു കിലോവാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിന് 100 ചതുരശ്രയടി സ്ഥലം വേണം. ഓട്,ഷീറ്റ് എന്നിവ കൊണ്ടു മേഞ്ഞ മേൽക്കൂര, തുറസ്സായ സ്ഥലം എന്നിവിടങ്ങളിലെല്ലാം സൗരോർജ പ്ലാന്റ് സ്ഥാപിക്കാമെങ്കിലും തുറസ്സായ ടെറസ്സാണ് കൂടുതൽ നല്ലത്.

നന്നായി സൂര്യപ്രകാരം കിട്ടുന്ന പുരപ്പുറത്തിന്റെ ലഭ്യതയനുസരിച്ച് ഒരു കിലോവാട്ട്, രണ്ട്, മൂന്ന്, മൂന്നിനു മുകളിൽ എന്നിങ്ങനെ വിവിധ തലത്തിലായാണ് പ്ലാന്റ് സ്ഥാപിക്കേണ്ടത്.1KWp നിലയത്തിൽ നിന്നും ഒരു ദിവസം ശരാശരി നാലു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. നിലവിൽ സബ്സിഡി ഇല്ലാതെ സ്വന്തമായി നിലയം സ്ഥാപിക്കണമെങ്കിൽ പൊതുവിപണിയിൽ ഒരു കിലോവാട്ടിന് ശരാശരി 65000 രൂപയ്ക്കു മുകളിൽ ചെലവുവരുന്നുണ്ട്.എന്നാൽ കെഎസ്ഇബി ലിമിറ്റഡിൽ വളരെ കുറഞ്ഞ തുകയ്ക്കാണ് നിലയം സ്ഥാപിക്കുന്നത്. നിലയത്തിന്റെ ഉടമസ്ഥത ഉപയോക്താവിനു തന്നെയാണ്. ഉൽപാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും ഉപയോക്താവിന് ഉപയോഗിക്കുകയും ചെയ്യാം. ഉപഭോഗം കഴിഞ്ഞു ഗ്രിഡിലേക്ക് പ്രവഹിക്കുന്ന അധിക വൈദ്യുതിക്ക്, ഇപ്പോഴത്തെ നിരക്കിൽ യൂണിറ്റിന് 2.94 രൂപ കെഎസ്ഇബി ഉപയോക്താവിന് നൽകും.

200 യൂണിറ്റ് ഉൾപ്പെടുന്ന സ്ലാബ് അടിസ്ഥാനത്തിലാ ണ് കെഎസ്ഇബി നിരക്കു കണക്കാക്കുക. വാർഷികാടിസ്ഥാനത്തിലാണ് കെഎസ്ഇബി തുക നൽകുന്നത്. ഈ മോഡലിൽ നിലയത്തിന്റെ അറ്റകുറ്റപ്പണി ആദ്യ അഞ്ചുവർഷം നിലയം സ്ഥാപിക്കുന്ന കരാറുകാർ തന്നെയാണ് ചെയ്യുന്നത്. 3 KWp വരെയുള്ള നിലയത്തിന് കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന ബഞ്ച്മാർക്ക് കോസ്റ്റിന്റെ 40% സബ്സിഡിയും അതുകഴിഞ്ഞുള്ള ഓരോ കിലോവാട്ടിനും (10 KW വരെ) 20 ശതമാനം സബ്സിഡിയും ലഭിക്കും.

എത്ര കിലോവാട്ടിന്റെ പ്ലാന്റ്?

സ്ഥല ലഭ്യത അനുസരിച്ചാണ് ഏതു കപ്പാസിറ്റിയിലുള്ള സൗരോർജ നിലയമാണ് സ്ഥാപിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. വീട്ടിൽ ആവശ്യമായി വരുന്ന യൂണിറ്റിനേക്കാൾ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ച് വരുമാനമുണ്ടാക്കണമെങ്കിൽ അതിനനുസരിച്ചുള്ള പ്ലാന്റ് സ്ഥാപിക്കാം.

പ്രതിമാസം 1500 രൂപയ്ക്കു തൊട്ടുമുകളിൽ വൈദ്യുതബിൽ വരുന്ന വീടുകളിൽ മൂന്നു കിലോവാട്ടിൽ താഴെയുള്ള പ്ലാന്റ് മതിയാകും. മൂന്നു കിലോവാട്ട് പ്ലാന്റിൽ നിന്നു പ്രതിദിനം 12 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകു. മൂന്നു കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഏകദേശം 1,90,000 രൂപയാണ് ചെലവ്. ഇതിൽ 57,000 രൂപ സബ്സിഡിയാണ്.

പ്രതിമാസം 360 യൂണിറ്റ് ഉപയോഗിക്കുന്ന ഉപയോക്താവിന് രണ്ടു മാസത്തേക്ക് 5740 രൂപയാണ് ഇപ്പോൾ ബില്ല് വരുന്നത്. കറന്റ് ചാർജ് വർധനവ് പരിഗണിക്കാതെ നാലു വർഷത്തെ ചെലവ് 137760 രൂപ. അതായത് ഏകദേശം നാലു വർഷം കൊണ്ട് തന്നെ ഉപയോക്താവിന് മുതൽ മുടക്ക് തിരികെ ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം?

സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ www.ekiran.kseb.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ നൽകുന്നതിനു മുന്‍പായി പോർട്ടലിൽ കൊടുത്തിട്ടുള്ള സബ്സിഡി മാർഗനിർദേശങ്ങൾ മനസ്സിലാക്കണം. പ്രസ്തുത പോർട്ടലിൽ നിന്നും അനുയോജ്യമായ ഡെവലപ്പറിനെ (കമ്പനി) ഉപയോക്താവിന് തിരഞ്ഞെടുക്കാം. അതു പൂർത്തിയാക്കിയാൽ കൺസ്യൂമറിന്റെ വിവരങ്ങൾ ഡെവലപ്പർമാർക്കും കെഎസ്ഇബിക്കും ലഭിക്കുന്നതാണ്.

ഇ-കിരൺ പോർട്ടലിൽ നൽകിയിട്ടുള്ള ഡെവലപ്പറി ന്റെ ഹെൽപ് ഡെസ്ക് നമ്പറിൽ കൺസ്യൂമർ നേരിട്ട് വിളിച്ച് സ്ഥലപരിശോധന ഉറപ്പുവരുത്തേണ്ടതാണ്. സ്ഥലപരിശോധനയിൽ പ്ലാന്റ് കപ്പാസിറ്റി, പ്ലാന്റ് കോസ്റ്റ്, ഉപയോഗിക്കുന്ന പാനൽ, ഇൻവെർട്ടർ, അഡീഷനൽ സ്ട്രക്ചർ ആവശ്യമെങ്കിൽ അതു സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഡെവലപ്പറുമായി ചർച്ച ചെയ്ത് ധാരണയിൽ എത്തണം. പ്ലാന്റിന്റെ ചെലവു സംബന്ധിച്ച ഡിമാൻഡ് നോട്ട് ഡെവലപ്പറിൽ നിന്ന് ലഭിക്കുമ്പോൾ എഗ്രിമെന്റ് തയാറാക്കാം.

മെറ്റീരിയൽ ലഭ്യമാക്കൽ, നിലയത്തിന്റെ പൂർത്തീകരണം എന്നിവ സംബന്ധിച്ച ഷെഡ്യൂൾ ഡെവലപ്പറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്. പാനലിന് 25 വർഷം വാറന്റിയാണ് ലഭ്യമാകുന്നത്. സിസ്റ്റത്തിന് അഞ്ച് വർഷം സേവന വാറന്റിയും ലഭിക്കും.

പ്ലാന്റ് കോസ്റ്റിൽ നിന്നും സബ്സിഡി കിഴിച്ചുള്ള തുക കൺസ്യൂമർ ഡെവലപ്പറിന് നേരിട്ട് നൽകേണ്ടതാണ്. ഇൻസ്റ്റലേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ഈ തുക കൈമാറണം. അഡീഷനൽ സ്ട്രക്ചർ, നെറ്റ് മീറ്റർ, 50 മീറ്ററിൽ (AC+DC) അധികമായി കേബിൾ ആവശ്യമെങ്കിൽ അതിന്റെ വില എന്നിവ അധികമായി ഡെവലപ്പർക്ക് നൽകേണ്ടിവരും. (കെഎസ്ഇബി പ്രസിദ്ധീകരിച്ചിട്ടുള്ള പ്ലാന്റ് കോസ്റ്റി ൽ ഇവ ഉൾപ്പെട്ടിട്ടില്ല.)

കെഎസ്ഇബി പോർട്ടലിൽ സൂചിപ്പിച്ചിട്ടുള്ള നിരക്കുകൾ എല്ലാം പോളി ക്രിസ്റ്റലൈൻ മൊഡ്യൂളുകൾ ഉൾപ്പെടുന്ന പ്ലാന്റുകളുടേതാണ്. കൂടുതൽ ഗുണമേന്മയുള്ള മോണോ പെർക് മൊഡ്യൂളുകളാണ് ഉപയോക്താവ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഒരു കിലോവാട്ടിന് 3132.63 രൂപ അധികം നൽകേണ്ടി വരും.

ഇ-കിരൺ പോർട്ടലിൽ കൺസ്യൂമറുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ ഉപയോഗിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫീസ് ആയ 1180 രൂപ അടയ്ക്കുന്നത് ഡെവലപ്പറുടെ ഉത്തരവാദിത്തമാണ്.

അപേക്ഷാഫീസ് മുൻകൂട്ടി അടച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത തുക ഒഴിവാക്കി ബാക്കി തുക ഡെവലപ്പറിന് നൽകിയാൽ മതിയാകും. പ്ലാന്റുകൾ ഗ്രിഡിലേക്ക് കണക്ട് ചെയ്യുന്നതിനുമുൻപ് കെഎസ്ഇബിയുമായി കൺസ്യൂമർ 200 രൂപ മുദ്രപത്രത്തിൽ നെറ്റ് മീറ്റർ എഗ്രിമെന്റ് വയ്ക്കണം.

സബ്സിഡി തുക ലഭിക്കുന്നതിനായി ഇലക്ട്രിസിറ്റി ബില്ലിന്റെ കോപ്പി, ജോയിന്റ് ഇൻസ്പെക്ഷൻ റിപ്പോർട്ട്, ഡി സി ആർ കണ്ടന്റ് ഡിക്ലറേഷൻ, കൺസ്യൂമറുടെ ഫോട്ടോ തുടങ്ങിയവ സമർപ്പിക്കണം. ഇതു സാധാരണഗതിയിൽ ഡെവലപ്പറാണ് ചെയ്തുതരുന്നത്.

solar-onne

പാചകവാതക ഉപയോഗം കുറയ്ക്കാം

തൊട്ടാൽ പൊള്ളുന്ന തരത്തിൽ പാചക വാതക സിലിണ്ടറിന്റെ വില അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക ആവശ്യത്തിനുള്ള 14.2 kg സിലിണ്ടറിന്റെ തത്തുല്യമായ വൈദ്യുതി 196.49 യൂണിറ്റാണ്. അതായത് ഗാർഹിക എൽ.പി.ജി ഉപയോഗിച്ച് പാചകം ചെയ്യുകയാണെങ്കിൽ ഊർജത്തിന്റെ വില 12.49 രൂപ/ മെഗാ കലോറി ആണ്. ഗാർഹിക വൈദ്യുതി കണക്ഷൻ ഉപയോഗിച്ച് ഇൻഡക്‌ഷൻ കുക്കറിലോ മറ്റു ഇലക്ട്രിക് ഉപകരണങ്ങളിലോ പാചകം ചെയ്യുമ്പോഴുള്ള ഊർജത്തിന്റെ വില ഏകദേശം 6.19 രൂപ/ MCal ആണ്. ഇതു രണ്ടും താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഊർജം വൈദ്യുതിയാണ്.

പാചകത്തിനുള്ള വൈദ്യുതി കൂടി കണക്കിലെടുത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുകയാണെങ്കിൽ പാചക വാതകത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാം. ദീർഘകാലത്തേക്ക് അതുമൂലമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനും കഴിയും.

സോളർ പാനൽ വഴി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ ശേഖരിച്ച് ഉപയോഗിക്കാൻ സാധിക്കും. ഓ ഫ് ഗ്രിഡ് പദ്ധതിയിൽ വരുന്ന ഇതിനു കെഎസ്ഇബിയുടെ സബ്സിഡി ലഭിക്കുകയില്ല. കെഎസ്ഇബി പദ്ധതി വഴിയാണെങ്കിൽ നേരിട്ട് ഗ്രിഡിലേക്ക് വൈദ്യുതി കൈമാറേണ്ടതുണ്ട്. സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാനായി ചില ബാങ്കുകൾ വായ്പ അനുവദിക്കുന്നുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിലും 1912 ടോൾ ഫ്രീ നമ്പറിലും ലഭിക്കും.

solar-3

വിവരങ്ങൾക്ക് കടപ്പാട്:

അനീഷ് കെ.അയിലറ

അസി. എക്സിക്യുട്ടീവ് എന്‍ജിനീയർ,

ഇലക്ട്രിക്കൽ സബ് ഡിവിഷൻ, പാലോട്