‘അവനെ എനിക്കിനി കാണേണ്ട. രണ്ടു മക്കളെയും എനിക്കു നഷ്ടമായില്ലേ...’- വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയായ മകൻ അഫാനെക്കുറിച്ചു ഷെമി പറയുന്നു. മകൻ ഏൽപിച്ച മുറിവുകൾ പതിയെ ഉണങ്ങി വരുന്നു. അരികെ, എല്ലാം നഷ്ടപ്പെട്ട നിസ്സഹായതയിൽ ഭർത്താവ് റഹീം.
‘സംഭവ ദിവസം രാവിലെ കൊച്ചുമോനെ (ഇളയ മകൻ) സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം ഞാൻ അഫാനു ചായയുണ്ടാക്കി. ഞങ്ങൾ രണ്ടുപേരും ചായ കുടിച്ചു. അതിനു പിന്നാലെ എനിക്ക് ഓർമ നഷ്ടപ്പെട്ടു. അഫാൻ ചായയിൽ എന്തെങ്കിലും കലർത്തിയോ എന്നറിയില്ല. പിന്നീട് എന്റെ കഴുത്തിൽ ഷാൾ മുറുകുമ്പോഴാണ് എനിക്ക് അൽപം ഓർമ വന്നത്. ഉമ്മച്ചി എനിക്കു മാപ്പു തരണം എന്നു പറഞ്ഞ് അഫാൻ എന്റെ കഴുത്തിൽ ഷാൾ മുറുക്കി.
ഫർസാന വന്നശേഷം ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് അവൻ പറയുന്നപോലെ എനിക്കു തോന്നി. പിന്നെ എനിക്ക് ഓർമ നഷ്ടമായി. രാത്രി പൊലീസ് എത്തി കതക് പൊളിച്ച് തുറന്നപ്പോഴാണ് ബോധം വീണത്. 25 ലക്ഷം രൂപയുടെ കടമാണുണ്ടായിരുന്നത്. അത് അഫാന്റെ കടമായിരുന്നില്ല. എന്റെയും കുടുംബത്തിന്റെയും കടമായിരുന്നു. ഫോണിലെ ആപ്പ് വഴി അഫാൻ പണം വായ്പയെടുക്കുമായിരുന്നു.
ആക്രമണം നടന്നതിന്റെ തലേന്നും പണം ചോദിച്ചു. വീടിന്റെ വായ്പ മുടങ്ങിയെന്നു കാട്ടി. അതേദിവസം ബാങ്ക് ഉദ്യോഗസ്ഥൻ വന്നു ബഹളം വച്ചു. വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊക്കെയോ ഒപ്പിട്ടു വാങ്ങി. ഫർസാനയും അഫാനും തമ്മിലുള്ള സൗഹൃദം വീട്ടിൽ അറിയാമായിരുന്നു. സൗഹൃദത്തോട് ഞങ്ങൾക്ക് എതിർപ്പില്ലായിരുന്നു. ഫർസാനയെ ഞാൻ കണ്ടിട്ടില്ല. പേരുമലയിൽ ആക്രമണം നടന്ന തന്റെ വീട്ടിലേക്ക് ഇനി പോകില്ല.’- ഷെമി പറയുന്നു.
‘കൊലപാതകങ്ങളുടെ കാരണം അഫാനേ അറിയൂ’
‘എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് അവനു മാത്രമേ അറിയൂ. കൊച്ചുമോനെ അവനാണു വളർത്തിയത്. അവർ എപ്പോഴും ഒരുമിച്ചായിരുന്നു. സംഭവം നടന്നു ദിവസങ്ങൾക്കു ശേഷമാണ് ഷെമിയെ എല്ലാം അറിയിച്ചത്. അഫാൻ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു ഷെമിയുടെ പ്രതികരണം.
തീർക്കാൻ കഴിയുന്ന ബാധ്യത മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. ബാധ്യത തീർക്കാൻ വീടും സ്ഥലവും വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. മൊബൈൽ ആപ്പുകൾ വഴി അഫാൻ വായ്പയെടുത്തിരുന്ന കാര്യം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്.
വീടിന്റെ വായ്പ തിരിച്ചടയ്ക്കാൻ 15 ലക്ഷം രൂപ ഞാൻ അയച്ചുകൊടുത്തെങ്കിലും അഫാൻ അത് അടച്ചില്ലെന്നു പിന്നീട് അറിഞ്ഞു. സ്വന്തമായി ജോലി നേടി, 27 വയസ്സാകുമ്പോൾ ഫർസാനയുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്നു അഫാനോടു പറഞ്ഞിരുന്നു.’- അഫാനെക്കുറിച്ച് പിതാവ് റഹീം പറയുന്നു.