Friday 19 July 2019 03:30 PM IST : By സ്വന്തം ലേഖകൻ

വയറ് മാത്രമല്ല, മനസ്സും നിറയും; ഈ ഓണത്തിനും വിഷമുക്തമായ പച്ചക്കറി കൊണ്ട് സദ്യയൊരുക്കാം!

agric65

വിഷമുക്തമായ പച്ചക്കറി കൊണ്ടൊരു ഓണസദ്യ എന്ന ആശയം അവതരിപ്പിച്ച ‘വനിത ഓണം ചാലഞ്ച്’ ഇതാ വീണ്ടും. കഴിഞ്ഞ വർഷം പങ്കുചേർന്നവർക്കും ഈ വർഷം തുടങ്ങാൻ കൊതിക്കുന്നവർക്കുമായി ‘വനിത ഓണം ചാലഞ്ച് സീസൺ 2’ ഈ ലക്കം മുതൽ. വിത്തിടൽ തുടങ്ങി വിളവെടുപ്പ് വരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും അറിയാം. ഓണത്തിന് നമുക്കൊന്നിച്ച് വിളവെടുക്കാം...

എത്ര ഓണം കൂടുതൽ ഉണ്ടു എന്നതിലല്ല കാര്യം, വിഷം തൊടാത്ത പച്ചക്കറികൾ കൊണ്ടൊരുക്കിയ എത്ര ഓണസദ്യ ഉണ്ടു എന്നതാണ് പ്രധാനം. കഴിഞ്ഞ വർഷം വനിതയോടൊപ്പം ഓണസദ്യ ഒരുക്കിയവർക്ക് അറിയാം നാളിതുവരെ കഴിച്ചതൊന്നുമായിരുന്നില്ല രുചിയൂറുന്ന ഓണസദ്യയെന്ന്. നമ്മുടെ വീട്ടുമുറ്റത്ത് സ്നേഹിച്ചു വളർത്തിയ പച്ചക്കറികള്‍ കൊണ്ടുള്ള സദ്യ കഴിക്കുമ്പോൾ വയറ് മാത്രമല്ല നിറയുന്നത്, മനസ്സു കൂടിയാണ്. കീടനാശിനി തെല്ലും തീണ്ടാതെ ജൈവവളത്തിന്റെ സമൃദ്ധിയിൽ വിളഞ്ഞവയുടെ രുചി ഒന്നു വേറെ തന്നെ.

അമ്മയുടെ തോട്ടത്തിൽ നിന്നു വീട്ടുകാരെല്ലാം ചേർന്നു വിളവെടുത്ത വിഭവങ്ങൾക്കു സ്നേഹത്തിന്റെ സ്വാദു കൂടിയുണ്ട്. കഴിഞ്ഞ ഓണത്തിനു തൂശനിലയിലേക്കു നിറവുകൾ പകർത്തിവച്ച വനിത ഇക്കുറിയും നിങ്ങൾക്കൊപ്പം വീട്ടുപച്ചക്കറികൾ കൊണ്ട് സദ്യയൊരുക്കാൻ കൂടെയുണ്ട്.  

‘വനിത ഓണം ചാലഞ്ച് സീസൺ രണ്ടിന്’ ഈ ലക്കം മുതൽ തുടക്കമാകുകയാണ്. സെപ്റ്റംബർ 11 നാണ് ഇക്കുറി തിരുവോണം.

ജൂൺ ഒന്നു മുതൽ കണക്കാക്കിയാൽ ഇനി മുന്നിലുള്ളത് 103 ദിവസങ്ങൾ. ഈ സമയത്തിനുള്ളിൽ നട്ടുനനച്ചു വിളവെടുത്ത് ഓണസദ്യയൊരുക്കാൻ പാകത്തിനാണ് വനിത ഓണം ചാലഞ്ച് സീസൺ 2 നിങ്ങളുടെ മുന്നിലേക്കെത്തുന്നത്.

ഓണം ചാലഞ്ച് സീസൺ വണിന് മാർഗ നിർദേശം നൽകിയ ഹരികുമാർ മാവേലിക്കരയാണ് ഇത്തവണയും ഒപ്പമുള്ളത്. പന്തളം കരിമ്പ് വിത്തുൽപാദന കേന്ദ്രത്തിൽ അസി. അഗ്രികൾചറൽ ഓഫിസറായ ഇദ്ദേഹം 14 വർഷമായി ജൈവകൃഷി രംഗത്ത് സജീവമാണ്.

കേരള സർക്കാർ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി നടപ്പിലാക്കിയതും ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്. ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ ഇതേ ആശയം രണ്ടു വർഷം വിജകരമായി നടത്തുകയും ചെയ്തു ഇദ്ദേഹം.

 തോരൻ, അവിയൽ, സാമ്പാർ, പച്ചടി, തീയൽ, എരിശ്ശേരി, ഓലൻ, അച്ചാർ, കൊണ്ടാട്ടം എന്നിങ്ങനെ വിവിധ വിഭവങ്ങൾ തയാറാക്കാൻ ഉൾപ്പെടുത്താവുന്ന പതിനൊന്ന് ഇനം പച്ചക്കറികളാണ് വായനക്കാർക്കായി അവതരിപ്പിക്കുന്നത്. തക്കാളി, വഴുതന, പയർ, പാവൽ, പടവലം, മത്തൻ, വെണ്ട, കുമ്പളം, മുളക്, ചീര, വെള്ളരി എന്നിവയാണ് 103 ദിവസത്തെ ചാലഞ്ചിൽ കൃഷി ചെയ്യുന്നത്. രാസ കീടനാശിനിയും രാസവളവും ഉപയോഗിക്കാതെ തീർത്തും ജൈവ രീതിയിലാണ് കൃഷി ചെയ്യേണ്ടത്. ഘട്ടം ഘട്ടമായുള്ള നിർദേശങ്ങൾ അതതു ലക്കങ്ങളിലെ വനിതയിൽ ഉണ്ടാകും.  

നല്ല ആരോഗ്യത്തിന്റെ ആരംഭം

aric4

‘‘കൃഷി ചെയ്യാൻ തുടങ്ങിയതോടെ മനസ്സിനും ശരീരത്തിനും പുത്തനുണർവാണ്. കൃഷി ഭൂമി ഇല്ലാത്തതുകൊണ്ട് മടിച്ചിരുന്ന എനിക്ക് ടെറസ്സിൽ കൃഷി ചെയ്യാൻ ധൈര്യം തന്നത് ഓണം ചാലഞ്ചാണ്. രാവിലെയും വൈകിട്ടും പച്ചക്കറികളെ പരിപാലിക്കുന്നതിന്റെ ഉത്സാഹത്തിൽ ജീവിതത്തില്‍ സന്തോഷം നിറഞ്ഞു. വാർധക്യത്തിന്റെ അവശതകൾ മറന്ന് ഉന്മേഷത്തിന്റെ പുതുദിനങ്ങൾ തന്നതിനു നന്ദി.... ’’ ഓണം ചാലഞ്ചിനു ശേഷം  വനിതയിലേക്ക് എത്തിയ എണ്ണമറ്റ കത്തുകളിൽ ഒന്നാണിത്.

കീടനാശിനികളുെട അംശവും വിഷാംശവും കലരാത്ത പ ച്ചക്കറി നൽകുന്ന ആരോഗ്യത്തേക്കാൾ കൃഷിപ്പണികളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന കായിക ബലവും സന്തോഷവും കൂടിയാണ് ‘വനിത ഓണം ചാലഞ്ചി’ന്റെ ലക്ഷ്യം.

അതിനൊപ്പം വീട്ടിലെ അംഗങ്ങളെ കൂട്ടി തടമെടുക്കലും തൈ നടലും വിളവെടുപ്പും ആസ്വദിക്കുമ്പോൾ കുടുംബാംഗങ്ങൾക്കിടയിലെ ഇഴയടുപ്പവും കൂടും.  

സ്ഥലപരിമിതി പ്രശ്നമല്ല

വീടിന്റെ ടെറസിലോ ഫ്ലാറ്റിന്റെ ബാൽക്കണിയിലോ 20 ഗ്രോ ബാഗുകളിൽ കൃഷി ചെയ്താൽ മതി ഒരു വീട്ടിലേക്കാവശ്യമുള്ള 70 ശതമാനം പച്ചക്കറികളും വിളയിക്കാം. ബാൽക്കണിയിലോ മുറ്റത്തോ 100 സ്ക്വയർഫീറ്റ് സ്ഥലം മതി ഇതിന്.

ഇനി വളക്കൂറുള്ള മണ്ണ് കിട്ടാൻ പ്രയാസമുള്ളവർക്കും ജലലഭ്യത കുറഞ്ഞവർക്കും പരീക്ഷിക്കാൻ മറ്റ് നൂതന കൃഷി രീതികളുമുണ്ട്.

അക്വാപോണിക്സ്: മത്സ്യം വളർത്തുന്നതിനൊപ്പം പച്ചക്കറിയും കൃഷി ചെയ്യുന്ന രീതിയാണിത്. കുളത്തിലോ ടാങ്കിലോ ട ബ്ബിലോ കേടായ ഫ്രിജിലോ മീൻ വളർത്താം. ഈ മീൻ കുളത്തിൽ നിന്നുള്ള വിസർജ്യം നിറഞ്ഞ വെള്ളം പൈപ്പ് ഉപയോഗിച്ച് മെറ്റൽ ചിപ്സ് നിറച്ച ഗ്രാവൽ ബെഡുകളിലേക്ക് എത്തിക്കുന്നു. ഈ ഗ്രാവൽ ബെഡിലാണ് പച്ചക്കറികൾ നടുന്നത്. മീൻ വിസർജ്യത്തിലെ അമോണിയ ഗ്രാവൽ ബെഡില‍്‍ വച്ച് നൈട്രേറ്റ് ആയി മാറും. പച്ചക്കറികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് വളരെ ആവശ്യമായ ഈ പോഷകം ചെടികൾ വലിച്ചെടുക്കും. നല്ല കായ്ഫലവും ലഭിക്കും. അമോണിയയില്ലാത്ത ശുദ്ധീകരിച്ച വെള്ളം മറ്റൊരു പൈപ്പിലൂടെ തിരികെ മീൻ കുളത്തിലെത്തും. ഒരേ വെള്ളം തന്നെ റീസൈക്കിൾ ചെയ്തുകൊണ്ടിരിക്കുന്നതിനാൽ അധികവെള്ളം വേണ്ട. പച്ചക്കറികൾക്ക് വെള്ളമൊഴിക്കാനോ വളം ചേർക്കാനോ സമയം കണ്ടെത്തുകയും വേണ്ട.

agric1

കുറ്റിയായി നിൽക്കുന്ന പച്ചക്കറിവിളകളും വള്ളി പടർത്തുന്നവയുമെല്ലാം ഈ രീതിയിൽ കൃഷി ചെയ്യാം.

മൾട്ടിടയർ ഗ്രോ ബാഗ്: ഒരു ഗ്രോ ബാഗിൽ 30 – 40 പച്ചക്കറികൾ വളർത്താമെന്നതാണ് മൾട്ടി ടയർ ഗ്രോ ബാഗിന്റെ പ്രത്യേകത. ഫൈബർ ബാഗ്, ഓയിൽ ഡ്രം എന്നിവ വേണം പച്ചക്കറി വളർത്താനായി തിരഞ്ഞെടുക്കാൻ.

ഈ ഗ്രോ ബാഗിന്റെ വശങ്ങളിൽ ചെറിയ ദ്വാരങ്ങളുണ്ടാകും. പച്ചക്കറി തൈകൾ നടുന്നത് ഈ ദ്വാരങ്ങളിലാണ്. ഗ്രോ ബാഗിന്റെ നടുവിലായി വയ്ക്കാൻ നാലിഞ്ചു വിസ്തീർണമുള്ള ഒരു പൈപ്പും വേണം. ഈ പൈപ്പിൽ 15 സെന്റിമീറ്റർ ഇടവിട്ട് രണ്ടു മില്ലിമീറ്റർ വലുപ്പമുള്ള ദ്വാരങ്ങൾ സ്പൈറൽ ആകൃതിയിൽ ഇടണം. പൈപ്പിന്റെ ഒരറ്റം കാപ് ഉപയോഗിച്ച് മൂടി വച്ച ശേഷം തുറന്ന ഭാഗം മുകളിൽ വരുന്ന രീതിയിൽ ഗ്രോ ബാഗിൽ ഇറക്കി വയ്ക്കുക. ഇനി ഗ്രോ ബാഗിൽ 4:1 അനുപാതത്തിൽ ചകിരിച്ചോറും കംപോസ്റ്റും യോജിപ്പിച്ചു നിറയ്ക്കണം. വളവും പോഷണവും നൽകുന്നത് നടുവിൽ വച്ചിരിക്കുന്ന പൈപ്പ് വഴിയാണ്. വെള്ളം നനയ്ക്കാനായി ഗ്രോ ബാഗിന്റെ വായ്ഭാഗത്ത് ഡ്രിപ് ഇറിഗേഷൻ രീതിയിൽ സംവിധാനം ഒരുക്കാം.

കാരറ്റ്, ബീറ്റ്റൂട്ട് എന്നിങ്ങനെയുള്ള കിഴങ്ങുവർഗങ്ങൾ ഗ്രോ ബാഗിന്റെ തുറന്ന വായ്ഭാഗത്ത് നേരിട്ടു നടാം. വശങ്ങളിലെ ദ്വാരങ്ങളിൽ തക്കാളി, വഴുതനങ്ങ, മുകള്, ചീര എന്നിങ്ങനെ ഏതു പച്ചക്കറിയും നട്ടു പരിപാലിക്കാം.

സെൽഫ് ഇറിഗേറ്റിങ് പ്ലാൻസ് : ഇത്തിരി സ്ഥലത്ത് ഒത്തിരി പച്ചക്കറി വിളയിക്കാം എന്നതാണ് സെൽഫ് ഇറിഗേറ്റിങ് പ്ലാൻസ് സിസ്റ്റത്തിന്റെയും അടിസ്ഥാനം. ഫൈബർ നിർമിതമായ ഒരു വലിയ ബക്കറ്റിന്റെ നടുവിലായി ഒരു തട്ടുണ്ടാകും. താഴത്തെ തട്ടിൽ വെള്ളം നിറയ്ക്കാൻ പുറത്തേക്കു തുറക്കുന്ന ഒരു വാൽവുണ്ട്. നടുവിലുള്ള തട്ടിൽ നടീൽ മിശ്രിതം നിറച്ച ശേഷം നിറയെ ദ്വാരങ്ങളുള്ള ഫൈബർ നിർമിതമായ ഒരു മൂടി കൊണ്ട് ബക്കറ്റ് മൂടും. ഈ ദ്വാരങ്ങളിലൂടെ നടീൽ മിശ്രിതത്തിൽ പച്ചക്കറികൾ നടാം. രണ്ടു തട്ടുകളെയും വേർതിരിക്കുന്ന ഇടത്തട്ടിലൂടെ നിരവധി തിരികൾ താഴത്തെ അറയിൽ നിന്ന് നടീൽ മിശ്രിത്തതിലേക്കു കടത്തി വച്ചിരിക്കും. താഴത്തെ അറയിലെ വെള്ളം തിരിയിലൂടെ പച്ചക്കറികൾക്കു ലഭിക്കും.

പെരുമഴ എത്തുംമുൻപേ

മഴമേഘങ്ങൾ മൂടി കഴിഞ്ഞു. ഉടൻ പെരുമഴയിങ്ങെത്തും. മഴക്കാലമായതിനാൽ‍ തന്നെ വിത്ത് നേരിട്ട് മണ്ണിലേക്കു പാകി കിളിർപ്പിക്കുന്നത് പ്രായോഗികമല്ല. മഴയെ ചെറുക്കാനുള്ള ആ രോഗ്യം പച്ചക്കറിതൈകൾക്ക് കിട്ടാൻ മൂന്ന് ഇല വരുന്ന പരുവമെങ്കിലും ആകണം. അതിനാൽ പ്രോ ട്രേയിൽ വിത്തു പാകാം. തൈകൾ പറിച്ചുനടാൻ പരുവമാകുമ്പോൾ മാറ്റി ന ടാം. ചെറിയ പ്ലാസ്റ്റിക് കപ്പുകളിൽ പാകിയാലും മതി.

മഴമറയിൽ കൃഷി ചെയ്യുകയാണ് മഴയെ മെരുക്കി കൃഷി ചെയ്യാനുള്ള മറ്റൊരു വഴി. ടെറസ്സിലോ പറമ്പിൽ വെയിൽ ധാരാളമായെത്തുന്ന ഒരു ഭാഗത്തോ  സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ച് കൃഷി തുടങ്ങാം. വെയിലെത്തുകയും ചെയ്യും മഴ കൊള്ളുകയുമില്ല.

പച്ചക്കറികൾക്ക് കീടശല്യവും കുമിൾ രോഗവും കൂടുന്ന സമയമാണ് മഴക്കാലം. ഇവയ്ക്കെതിരായി പ്രതിരോധ മാർഗങ്ങള്‍ സ്വീകരിച്ചു കൊണ്ടാണ് കൃഷി തുടങ്ങുന്നതു തന്നെ.

നൂറാംനാൾ വയർ നിറയെ ഓണമുണ്ണാം  

തിരുവോണത്തിലേക്ക് ഇനിയുള്ള 103 ദിവസങ്ങളിൽ മൂന്നു ദിവസം മുന്നൊരുക്കത്തിനാണ്. അര മണിക്കൂർ നേരത്തെ ഉറക്കമുണർന്ന് ക‌ൃഷിസമയത്തിനായി ശരീരത്തെ പാകപ്പെടുത്താം. അടുത്ത ഘട്ടം കൃഷിക്ക് ആവശ്യമായ സ്ഥലമൊരുക്കുക, ഉപകരണങ്ങളും വിത്തുകളും വാങ്ങുക എന്നീ കാര്യങ്ങളാണ്. 10 ദിവസം കൊണ്ട് ഈ ഘട്ടം പൂർത്തിയാക്കാം.

ഇനിയുള്ള 90 ദിവസമാണ് കൃഷിയുടെ നാളുകൾ. വിത്തു പാകി മുള പൊട്ടി വരാൻ അധികസമയം  എടുക്കുന്ന മുളകും  തക്കാളിയും വഴുതനയുമാണ് ആദ്യം നടേണ്ടത്. 75–80 ദിവസങ്ങൾക്കുള്ളിൽ ഇവ വിളവെടുക്കാൻ പാകമാകും. തിരുവോണത്തിന് 10 ദിവസം മുൻപേ തന്നെ വിളവെടുപ്പിനൊരുങ്ങി ഇവ തോട്ടത്തിൽ കായ്ക്കും. തിരുവോണനാളിൽ സദ്യയൊരുക്കാന്‍ വേണ്ട അളവിലുള്ള കായ്ഫലം 10 ദിവസം കൊണ്ട് അടുക്കളയിലെത്തും. വളർച്ചക്കാലം കണക്കാക്കിയാണ് ഓരോ പച്ചക്കറിയും നടുന്നത്. അതിനാൽ തന്നെ മുളകും തക്കാളിയും വഴുതനങ്ങയും ഒഴികെ ബാക്കി എട്ട് പച്ചക്കറി വിളകൾ അടുത്ത ഘട്ടത്തിൽ പാകിയാൽ മതിയാകും.

ഇനി വിത്തു പാകി തുടങ്ങാം

agric2

മുളയ്ക്കാൻ അധികം സമയം വേണ്ട മുളകും തക്കാളിയും വഴുതനയുമാണ് ആദ്യം നടേണ്ടത്. ഇവ നേരിട്ടു തന്നെ പാകാം. വെള്ളത്തിൽ കുതിർത്തു വയ്ക്കേണ്ട ആവശ്യമോ ചാരത്തിൽ പൊതിയേണ്ട കാര്യമോ ഇല്ല.

∙ പ്രോ ട്രേയുടെ ഓരോ കളത്തിലും ഓരോ ദ്വാരമുണ്ടാകും. അധിക ജലം ഒലിച്ചു പോകാനുള്ള ഈ ദ്വാരങ്ങൾ അടഞ്ഞിരിക്കുകയാണെങ്കിൽ ഈർക്കിലിയോ മറ്റോ കൊണ്ട് കുത്തി തുറക്കുക.

∙ മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറും യോജിപ്പിച്ച നടീൽ മിശ്രിതമാണ് പോട്ട് ട്രേയിൽ നിറയ്ക്കേണ്ടത്. 1 : 3 എന്ന അനുപാതത്തിൽ ഇവ യോജിപ്പിച്ചു േപാട്ട് ട്രേയില്‍ നിറച്ച് വിത്ത് പാകുക.  (ഒരു കിലോ മണ്ണിര കമ്പോസ്റ്റിന് മൂന്നു കിലോ ചകിരിച്ചോറ് എന്ന അനുപാതത്തിൽ)

∙ ഒരു വീട്ടിലേക്കു വേണ്ട പച്ചക്കറി കിട്ടാൻ മുളക്, തക്കാളി, വഴുതന എന്നിവയുെട മൂന്നു ചുവടു തന്നെ ധാരാളം. കൃഷിക്കു േവണ്ടി മാറ്റിവയ്ക്കാവുന്ന സ്ഥലവും സമയവും അനുസരിച്ച് എണ്ണം കൂട്ടാം. മൂന്നു ചുവടു കിട്ടാൻ പ്രോ ട്രേയുടെ ആറ് കുഴികളിൽ നടീല്‍ മിശ്രിതം നിറച്ച് വിത്ത് പാകിയാല്‍ മതി.

ഈ മൂന്ന് ഇനങ്ങളുെട വിത്ത് പാകുന്നതോെട ആദ്യ പടി പൂര്‍ത്തിയായി. ഇവ മുളച്ച്, ഇല വന്ന് പറിച്ചു നടാനുള്ള പ്രായം ആകുന്നതിന് ഉദ്ദേശം 30 ദിവസം വേണം. അതുവരെ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോെട ചെയ്യണം.

∙ പ്രോ ട്രേയിൽ എപ്പോഴും ഈർപ്പം ഉണ്ടായിരിക്കണം. വെള്ളം ഒഴിച്ചുകൊടുക്കരുത്. സ്പ്രേയറിലെടുത്ത് സ്പ്രേ ചെയ്യുകയേ ആകാവൂ.

∙ വിത്ത് പാകിയ ഉടനെ വെയിലത്ത് വയ്ക്കേണ്ടതില്ല. മുള പൊട്ടി വന്നു തുടങ്ങുമ്പോള്‍ മുതൽ ദിവസം രണ്ടു മണിക്കൂർ വെയിൽ കിട്ടുന്ന വിധത്തിൽ മാറ്റി വയ്ക്കാം.

കൃഷി ചെയ്യാന്‍ വാങ്ങേണ്ടവ

‘വനിത ഒാണം ചാലഞ്ച് ’ തുടങ്ങും മുന്‍പ് ചുവടെ പറയുന്ന കാർഷിക ഉപകരണങ്ങളും സാധനങ്ങളും വാങ്ങണം.

∙ പ്രോ ട്രേ:

വിത്തുകള്‍ നടാന്‍ ഉപേയാഗിക്കുന്നു. വില: `10–20.

∙ മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറും:

ഇതാണ് വിത്തുകള്‍ നടാനുള്ള മിശ്രിതം. മണ്ണിര കമ്പോസ്റ്റ് , വില : ഒരു കിലോ

`25–30. ചകിരിച്ചോർ, വില : ഒരു കിലോ `10

∙ മൺവെട്ടി  (ഒരു ചെറുതും ഒരു വലുതും):

മണ്ണ് ആഴത്തിൽ കിളയ്ക്കാനും തടം എടുക്കാനും. വില: വലുത് `150. ചെറുത് : `100

∙ കൈ സ്കൂപ്:

മണ്ണ് കോരിയെടുക്കാനും ചെറിയ നടുകുഴികൾ എടുക്കാനും. വില `50

∙ കൈപ്പല്ലി:

കളയിളക്കാനും തടങ്ങളിലെ മണ്ണിളക്കാനും.

വില : `150 –200

∙ ഹാൻഡ് സ്പ്രെയർ:

ജൈവ കീടനാശിനി, വള പ്രയോഗത്തിന്. വില : `100 –200

∙ അരിപ്പ:

െെജവ കീടനാശിനികൾ അരിച്ചെടുക്കാൻ. ഇവയിൽ ചെടികളുടെ അംശവും  നാരുകളും  മറ്റും കാണും. അതിനാല്‍  അരിച്ചെടുത്തു വേണം സ്പ്രേയറിൽ ഒഴിക്കാൻ. സാധാരണ അരിപ്പ,

വില : `50

വിത്തുകൾ എവിെട നിന്നു ലഭിക്കും

സുഹൃത്തുക്കളായ കർഷകരുടെ കയ്യിൽ നിന്നു നാടൻ വിത്തുകൾ ശേഖരിക്കാം. കൃഷി വകുപ്പ്, കേരള കാർഷിക സർവകലാശാല, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നീ സർക്കാർ ഏജൻസികളിൽ നിന്നും  കൃഷി വകുപ്പിനു  കീഴിലുള്ള വിവിധ ഫാമുകളിൽ നിന്നും പച്ചക്കറി വിത്തുകൾ ലഭിക്കും.

ഒാരോ ജില്ലയിലും നല്ല വിത്ത് ലഭിക്കുന്ന ചില സ്ഥാപനങ്ങളുടെ പേരും ഫോൺ നമ്പരും ചുവടെ.

തിരുവനന്തപുരം

∙ ഡിസ്ട്രിക്റ്റ് അഗ്രി ഫാം, പെരിങ്ങമല: 0472 - 2846488

∙ സ്റ്റേറ്റ് സീഡ് ഫാം, ഉള്ളൂർ:  0471 - 2545122

∙ കോക്കനട്ട് നഴ്സറി, കഴക്കൂട്ടം: 0471- 2413195  

കൊല്ലം

∙ സ്റ്റേറ്റ് സീഡ് ഫാം, കൊട്ടാരക്കര: 0474– 2045235

∙ സ്റ്റേറ്റ് സീഡ് ഫാം, കടയ്ക്കൽ: 0474 2426666

പത്തനംതിട്ട

∙ സ്റ്റേറ്റ് സീഡ് ഫാം, അടൂർ: 04734 - 227868

ആലപ്പുഴ

∙ സ്റ്റേറ്റ് സീഡ് ഫാം, അറുനൂറ്റിമംഗലം: 0479 - 2358700

∙ സ്റ്റേറ്റ് സീഡ് ഫാം, വീയപുരം:  0479 - 2318490

∙ ജില്ലാ കൃഷിത്തോട്ടം, മാവേലിക്കര : 04792-357690

കോട്ടയം

∙ ഡിസ്ട്രിക്റ്റ് അഗ്രി ഫാം, കോഴ: 9496000936

∙ സ്റ്റേറ്റ് സീഡ് ഫാം, കോഴ : 9496000934

ഇടുക്കി

∙ ഡിസ്ട്രിക്റ്റ് അഗ്രി ഫാം, അരീക്കുഴ: 04862 - 278599

∙ സ്റ്റേറ്റ് വെജിറ്റബിൾ ഫാം, വണ്ടിപ്പെരിയാർ: 04869 – 253543

എറണാകുളം

∙ സ്റ്റേറ്റ് സീഡ് ഫാം, ആലുവ: 9447465365

∙ സ്റ്റേറ്റ് സീഡ് ഫാം,  ഒക്കൽ: 9447388326

തൃശൂർ

∙ ഡിസ്ട്രിക്റ്റ് അഗ്രി ഫാം, ചേലക്കര: 9496003614

∙ സ്റ്റേറ്റ് സീഡ് ഫാം, മണ്ണുത്തി:  9496003619

∙ സ്റ്റേറ്റ് സീഡ് ഫാം, കോടശ്ശേരി:  9496003617

∙ സ്റ്റേറ്റ് സീഡ് ഫാം, പഴയന്നൂർ: 9496003621

∙ സ്റ്റേറ്റ് സീഡ് ഫാം, പാണഞ്ചേരി: 9496003620

പാലക്കാട്

∙ ഇന്റഗ്രേറ്റഡ് സീഡ് ഡവലപ്മെന്റ് ഫാം,

     എരുത്തിയാംപതി: – 0492 – 3236007

∙ സെൻട്രൽ ഓർച്ചാഡ്, പട്ടാമ്പി: 0466 – 2212009

∙ സ്റ്റേറ്റ് സീഡ് ഫാം, കോങ്ങാട്: 0491 – 2102121

∙ ഹോർട്ടികൾചർ ഡവലപ്മെന്റ് ഫാം, മലമ്പുഴ : 9446531558

മലപ്പുറം

∙ സീഡ് ഗാർഡൻ കോംപ്ലക്സ്, മുണ്ടേരി:  04931 - 209890

∙ ഡിസ്ട്രിക്റ്റ് അഗ്രി ഫാം, ചുങ്കത്തറ:  04931–230104

∙ സ്റ്റേറ്റ് സീഡ് ഫാം, ചൊക്കാട്: 04931– 212144

∙ സ്റ്റേറ്റ് സീഡ് ഫാം, ആനക്കയം: 0483 – 2848126

കോഴിക്കോട്

∙ ഡിസ്ട്രിക്റ്റ് അഗ്രി ഫാം, കൂത്താലി:  0496– 2662264

∙ സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി:  0495 - 2512340

∙ കോക്കനട്ട് നഴ്സറി, തിക്കൊടി : 0496 - 2606788

കണ്ണൂർ

∙ ഡിസ്ട്രിക്റ്റ് അഗ്രി ഫാം, തളിപ്പറമ്പ്:  0460 - 2203154

∙ കോക്കനട്ട് നഴ്സറി, പാലയാട് : 0490 – 2345766

∙ സ്റ്റേറ്റ് സീഡ് ഫാം, വെങ്ങാട്

കാസർകോട്

∙ സ്റ്റേറ്റ് സീഡ് ഫാം, കാസർകോട്

∙ സ്റ്റേറ്റ് സീഡ് ഫാം, പുല്ലൂർ

കറിവേപ്പ് നടാം

എല്ലാ വീട്ടുമുറ്റത്തും തീർച്ചയായും വേണ്ട ഒന്നാണ് കറിവേപ്പ്. കേരള വിഭവങ്ങളിലെ മാറ്റിനിർത്താനാകാത്ത ഈ ചേരുവയില്ലാതെ സദ്യ വിഭവങ്ങളെങ്ങനെ രുചികരമാകാൻ.

കറിവേപ്പ് തൈകൾ മണ്ണിൽ നേരിട്ടും ചെടിച്ചട്ടികളിലും നടാം. ചട്ടികളാണ് ഉപയോഗിക്കുന്നതെങ്കിൽ 12 ഇഞ്ച് വായവിസ്താരമുള്ള ചട്ടികൾ തിരഞ്ഞെടുക്കണം. നേരിട്ട് മണ്ണിൽ കൃഷി ചെയ്യുന്നവർ ഒരടി വ്യാസത്തിലും താഴ്ചയിലും കുഴികൾ എടുത്തശേഷം അതിൽ നടീൽ മിശ്രിതം നിറച്ച് തൈകൾ നടാം.

മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ 2:1:1 എന്ന അനുപാതത്തിൽ യോജിപ്പിച്ചാണ് നടീൽ മിശ്രതം തയാറാക്കേണ്ടത്. ഇതിനായി ഉപയോഗിക്കുന്ന മണ്ണിൽ അമ്ലത കുറയ്ക്കാനായി കുമ്മായം ഇടണം. ചുവടൊന്നിന് 300 ഗ്രാം വീതം ഡോളോമേറ്റ് നടീൽ മിശ്രിതത്തിൽ ചേർക്കണം. ഡോളോമേറ്റ് ചേർത്ത് ഒരാഴ്ചയ്ക്കു ശേഷം തൈകൾ നടാം.

പ്ലാസ്റ്റിക് കൂടുകളിൽ വളര്‍ത്തിയ തൈകൾ വേരിന് ഇളക്കം തട്ടാതെ ഒരു ബ്ലേഡ് കൊണ്ട് കൂട് വരഞ്ഞ് കീറിയ ശേഷം മണ്ണിന് ഇളക്കം തട്ടാതെ കുഴികളിലേക്ക് നടണം. 

Tags:
  • Spotlight
  • Vanitha Exclusive