Friday 09 November 2018 04:44 PM IST : By സ്വന്തം ലേഖകൻ

യാത്രക്കാരിയുടെ കുഞ്ഞിന് മുലയൂട്ടി എയർഹോസ്റ്റസ്; നന്മമനസിന് സ്നേഹമറിയിച്ച് സോഷ്യൽമീഡിയ

patritia

ഒരൊറ്റ നിമിഷം തോന്നിയ വിവേകം, അണമുറിയാത്ത സ്നേഹ സാമീപ്യം. അതിന്റെ പേരിൽ ഈ ലോകത്തിന്റെ മുഴുവൻ സ്നേഹപരിലാളനങ്ങൾ ഏറ്റുവാങ്ങുകയാണ് അവൾ. പട്രീഷ്യ ഓഗനോ എന്ന പേരിന് സ്നേഹമെന്ന അർത്ഥം സോഷ്യൽ മീഡിയ പകുത്തു നൽകുമ്പോൾ അതിനു പിന്നിൽ മനസുനിറയ്ക്കുന്നൊരു കഥ കൂടിയുണ്ട്.

ഫിലിപ്പീന്‍സ് ഫ്ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ്യ ഓഗനോ. പതിവു പോലെ ജോലിക്കെത്തിയതായിരുന്നു പെട്രീഷ്യ. കഴിഞ്ഞ ദിവസം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു തുടങ്ങിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷ്യ കേട്ടത്. പട്രീഷ അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് കുഞ്ഞിനെ മുലയൂട്ടാനാവശ്യപ്പെട്ടു. എന്നാല്‍, പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു അമ്മ. ഫോര്‍മുല മില്‍ക്കില്ലാത്തതിനാല്‍ ഉടനെ തന്നെ പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു. 

'അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍‌ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത് എന്നാണ്' പട്രീഷ പറഞ്ഞത്. അമ്മ കുഞ്ഞിനെയും കൊണ്ട് അവളെ അനുഗമിച്ചു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്.

കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ച് സീറ്റിലെത്തിയപ്പോള്‍ കുഞ്ഞിന്റെ അമ്മ പട്രീഷ്യയോട് നന്ദി പറഞ്ഞു. പട്രീഷ്യ തന്നെയാണ് തന്റെ അനുഭവം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.