Wednesday 27 March 2024 10:55 AM IST : By സ്വന്തം ലേഖകൻ

‘എന്തിനാ പപ്പാ അമ്മയെ കൊന്നത്?’ അവൾ എത്തി; അമ്മയെയും അനുജൻമാരെയും വിഷം കുത്തിവച്ചു കൊന്ന പിതാവിന്റെ ശിക്ഷ കേൾക്കാൻ

kollam-case

നാളെയും എനിക്കു പരീക്ഷ എഴുതാൻ കഴിയില്ലേ? – നേരിയ വിഷമത്തോടെ  മൂന്നാം ക്ലാസിൽ പഠിക്കുന്ന ആ കുട്ടി ചോദിച്ചു. എന്നിട്ട് അവൾ അമ്മൂമ്മയോട് പറഞ്ഞു– ‘ടീച്ചറിന്റെ കയ്യിൽ നിന്നു ചോദ്യം വാങ്ങി ഉത്തരമെഴുതി കൊടുക്കാം. എഴുതുമ്പോൾ ആരും സഹായിക്കേണ്ട. ഞാൻ ഒറ്റയ്ക്ക് എഴുതാം’. അമ്മയെയും 2 അനുജൻമാരെയും വിഷം കുത്തിവച്ചു കൊന്ന പിതാവിന് കോടതി വിധിക്കുന്ന ശിക്ഷ കേൾക്കാൻ, ഇന്നലെ നടന്ന പരീക്ഷ ഒഴിവാക്കി എത്തിയതായിരുന്നു 8 വയസ്സുള്ള ആ കുട്ടി. കേസിൽ ഒന്നാം സാക്ഷിയാണ് കുട്ടി.

അമ്മ വർഷയെയും സഹോദരങ്ങളെയും പിതാവ് കൊലപ്പെടുത്തുമ്പോൾ,  5 വയസ്സ് ആയിരുന്നു കുട്ടിക്ക്. അവൾ സ്വയം ജീവിച്ചോളും എന്നു കരുതിയാണ് പിതാവ് കൊലപ്പെടുത്താതിരുന്നത്. മൂത്ത കുട്ടിയായ അവൾ കൊലയ്ക്ക് സാക്ഷിയായി. കോടതിയിൽ മൊഴി നൽകി. സംഭവത്തിന് ശേഷം ഒരു തവണ അവൾ പിതാവിനെ നേരിൽ കണ്ടിട്ടുണ്ട്. കണ്ടയുടൻ കുട്ടി ചോദിച്ചത് അമ്മയെയും അനുജൻമാരെയും പപ്പ കൊന്നത് എന്തിനെന്നായിരുന്നു. പിന്നെ വാവിട്ട് നിലവിളിച്ചു. അവളെയും കൊണ്ട് അമ്മൂമ്മ മടങ്ങി. പിന്നെ ഇന്നലെയാണ് കണ്ടത്. പരീക്ഷയ്ക്ക് പോകാതെയാണ് വന്നത്.

വധ ശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ

കൊല്ലം∙ ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധ ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ. ശിക്ഷ സംബന്ധിച്ചു കൂടുതൽ വാദം പറയുന്നതിന് കേസ് മാറ്റണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നു ശിക്ഷ വിധിക്കുന്നത് മാറ്റി. മൺറോത്തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ അജി (എഡ്വേഡ്–42) ഭാര്യ വർഷ (26), മക്കളായ ആരവ് (3), അലൻ (2) എന്നിവരെ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

കേരളപുരം ഇടവട്ടത്ത് താമസിക്കുമ്പോൾ, 2021 മേയ് 11ന് ആയിരുന്നു സംഭവം. പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം നാലാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.സുഭാഷ്  കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അഡ്വ.എം.എസ്.ഷറഫുന്നിസ ബീഗം ആണ് കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.