Tuesday 30 June 2020 03:31 PM IST

‘ടിക് ടോക് എവിടെയും പോയിട്ടില്ല തിരിച്ചുവരും’; ഒഫീഷ്യൽ ക്രിയേറ്റേഴ്‌സിൽ ഒരാളായ അജു ഫിലിപ്പ് പറയുന്നു

Unni Balachandran

Sub Editor

tikvbjbjnbnn

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ടിക് ടോക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ ബാൻ ചെയ്യുന്നതായി ഇന്നലെ വാർത്ത വന്നിരുന്നു. എന്നാൽ, ടിക് ടോക് ഒഫീഷ്യൽ ക്രിയേറ്റർസിൽ ഒരാളായ അജു ഫിലിപ്പ് ഇപ്പോഴും പ്രതീക്ഷയിലാണ്. ടിക് ടോക് ഉടൻതന്നെ സർക്കാരുമായി സംസാരിച്ച് ഇന്ത്യയിൽ തിരികെയെത്തുമെന്നാണ് അജു പറയുന്നത്. 2017 മുതൽ ടിക് ടോക്കിൽ ജോയിൻ ചെയ്തിട്ടുള്ള അജു, കമ്പനിയുടെ പേയ്ഡ് ക്രിയേറ്റേഴ്സിൽ ഒരാളാണ്. 

‘‘ഇന്നലെ ബാൻ ചെയ്യുന്നതായി വാർത്ത വന്നപ്പോഴെ ഞങ്ങളുടെ ഗ്രൂപ്പിൽ അതിനുള്ള ക്ലാരിഫിക്കേഷനുമായി ടിക് ടോക് എത്തിയിരുന്നു. ചൈനീസ് സർക്കാരുമായി ടിക് ടോക് ഡാറ്റയൊന്നും ഇപ്പോൾ ഷെയർ ചെയ്യുന്നില്ലെന്നും, മാക്സിമം ഒരു മാസത്തിനുള്ളിൽ തന്നെ തിരികെ വരുമെന്നുമാണ് ഞങ്ങൾ ക്രിയേറ്റേഴ്സിനോട് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഇപ്പോഴുള്ള കണ്ടന്റിനോ സെർവറിനോ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ബാൻ ചെയ്തിരിക്കുന്ന സമയത്ത് ആരും ടിക് ടോക്കിൽ നിന്നും പോകരുതെന്നും ഞങ്ങൾ പെയ്ഡ് ക്രിയേറ്റേഴ്സിനോട് പറഞ്ഞിട്ടുണ്ട്. ഇനി രണ്ടു മാസത്തെ ക്രോൺട്രാക്റ്റ് കൂടിയാണ് എനിക്ക് ടിക് ടോക്കുമായി ഉള്ളത്.’’- അജു പറയുന്നു.

ടിക് ടോക് ചരിത്രം

‘ദാറ്റ് മല്ലൂഗയ്’  എന്ന പേരിലാണ് എന്റെ ടിക് ടോക് അക്കൗണ്ട് ഉള്ളത്. ആദ്യം ഫുട്ട്ബോൾ ഫ്രീസ്‍റ്റൈലർ ആയിട്ടാണ് ഞാൻ ടിക് ടോക്കിൽ വന്നത്. ഫുട്ട്ബോൾ ട്രിക്കുകളൊക്കെ കാണിക്കുന്ന വിഡിയോസാണ്  ചെയ്തിരുന്നത്. അതുകഴിഞ്ഞ് 2018 ൽ ടിക് ടോക് നടത്തിയ വൺ മില്യൺ ഓഡിഷനിൽ വിജയിച്ചിരുന്നു. അന്നതിന് ക്രൗൺ പ്രൈസെന്നാണ് പറഞ്ഞിരുന്നത്. അതൊക്കെ കഴിഞ്ഞപ്പോൾ സ്വന്തം ശബ്ദം ഉപയോഗിച്ച് വിഡിയോസ് ചെയ്യുന്ന ഓൺ വോയ്സ് ക്രിയേറ്ററായാണ് അവിടെ ഇപ്പോൾ ജോലി ചെയ്യുന്നത്. ചെയ്യുന്ന ജോലിയ്ക്കനുസരിച്ച് ഗ്രൂപ്പിൽ ഞങ്ങളെ റാങ്ക് ചെയ്യും. അതനുസരിച്ചാണ് സാലറിയൊക്കെ. 

നോ ടെൻഷൻ 

ടിക് ടോക് പോകുന്നു എന്ന് കേട്ടപ്പോൾ എനിക്ക് പേടിയൊന്നും തോന്നിയിരുന്നില്ല. നമ്മുടെ രാജ്യത്തിന്റെ സെക്യൂരിറ്റിയ്ക്ക് പ്രശ്നം ഉണ്ടാകുന്നൊരു സാധനമാണേൽ പിന്നെ വെറുതേ അതിന് പിറകേ പോകേണ്ട കാര്യമില്ലല്ലോ എന്ന് തോന്നിയിരുന്നു. ഞാൻ ഫിസിയോതെറാപ്പിക്ക് പഠിക്കുന്ന സമയത്തായിരുന്നു  ടിക്ടോക്കിൽ എത്തിയത്. അങ്ങനെ പഠിത്തം ഡ്രോപ്പ് ചെയ്ത്, ഡിജിറ്റൽ മാർക്കറ്റിങ്ങും കണ്ടെന്റ് ക്രിയേഷനും പഠിച്ചു. അതുകൊണ്ട് തന്നെ ടിക് ടോക് പോയാലും എന്റെ കയ്യിലെ കണ്ടന്റ് സെല്ല് ചെയ്യാമെന്ന വിശ്വാസമുണ്ട്. പിന്നെ, ടിക് ടോക്ക് പോകുന്നു എന്ന് കേട്ടപ്പോൾ തന്നെ പല ഐടി കമ്പനികളും ഇത്തരത്തിലൊരു പുതിയ ഇന്ത്യൻ ആപ്പിന്റെ കണ്ടന്റ് ക്രിയേറ്ററായി വരാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. 

റോസ്റ്റിങ് നന്നായി

ടിക് ടോക് വേഴ്സസ് യൂട്യൂബ് എന്നത് ഒരു ആവശ്യമാണെന്ന് തോന്നിയ ആളാണ് ഞാൻ. കാരണം, ഇത്രയും റീച്ചുള്ള, ജോലിസാധ്യത ഉള്ള മീഡിയം ആയിട്ടു കൂടി വല്ലാതെ മോശം വിഡിയോകളൊക്കെ ടിക് ടോക്കിൽ വരുന്നുണ്ടായിരുന്നു. അതുകൊണ്ട് അത്തരമൊരു ഫൈറ്റ് നല്ലതായിട്ടാണ് എനിക്ക് തോന്നിയത്. മാത്രമല്ല, അർജുന്റെ റോസ്റ്റിങിനെയും സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ. റോസ്റ്റിങ് വരുമ്പോഴെ നല്ല കണ്ടന്റ് ഇടാൻ ആളുകൾ കഷ്ടപ്പെടൂ.

തിരുവല്ല സ്വദേശിയായ അജു ഇപ്പോൾ ഒരു പുതിയ ബെവ് സീരീസിന്റെ പണിപ്പുരയിലാണ്. അച്ഛൻ ഫിലിപ്പും, അമ്മ മറിയാമ്മയും ചേച്ചി അഞ്ജുവും അടങ്ങുന്നതാണ് അജുവിന്റെ കുടുംബം.

Tags:
  • Spotlight