Thursday 25 March 2021 03:51 PM IST : By സ്വന്തം ലേഖകൻ

‍‘ഡയറ്റ് പറഞ്ഞുകൊടുത്ത ആശാനെ പ്രേമിക്കാന്‍ പറ്റുമോ സക്കീർ ഭായിക്ക്’: നായകൻ 115 കിലോ നായിക 87: തടിയിൽ കുരുത്ത പ്രണയകഥ

akhil-anu

‘ഡയറ്റ് ടിപ്സ് പറഞ്ഞു കൊടുത്ത ആശാനെ പ്രേമിക്കാന്‍ പറ്റുമോ സക്കീർ ഭായിക്ക്... ഐ ക്യാൻ...’

അഖിലിന്റെ തോൾപക്കം ചേർന്നിരുന്ന് സിനിമാ സ്റ്റൈലിൽ അനുദേവിക പറഞ്ഞു തുടങ്ങുകയാണ്.

വണ്ണം കുറയ്ക്കാൻ ശപഥമെടുത്ത് ഇറങ്ങിത്തിരിച്ച പെണ്ണും ഫിറ്റ്നസ് മന്ത്ര ഉപദേശിച്ചു കൊടുത്ത ന്യൂട്രീഷ്യൻ സ്പെഷ്യലിസ്റ്റും പ്രണയിച്ച കഥ സിനിമയിലെന്നല്ല മഷിയിട്ടു നോക്കിയാൽ പോലും കാണാൻ കിട്ടില്ല.

അമിതവണ്ണമുള്ള അഖിൽ അശോക് എന്ന നായകൻ, കളിയാക്കലും പരിഹാസവും അതിരുകടന്നിട്ടൊടുവിൽ തടിയെ തളച്ച് ചുള്ളനാകുന്നു. 115 കിലോഭാരവും പേറി നടന്ന നായകന്റെ ജീവിതത്തിൽ അന്ന് അനുദേവികയെന്ന നായിക രംഗപ്രവേശം ചെയ്തിട്ടില്ല. തടിയെ പിടിച്ചുകെട്ടി അഖിൽ 77 കിലോഭാരമെന്ന സുരക്ഷിത തീരത്തെത്തിയത് മാസങ്ങൾ നീണ്ട പ്രയത്നം കൊണ്ട്. ആരും കൊതിക്കുന്ന ഫിറ്റ്നസ് സ്വന്തമാക്കി ന്യൂട്രീഷ്യന്റെ മേൽവിലാസമണിഞ്ഞ നായകന്റെ ജീവിതം മുന്നോട്ടു പോകുകയാണ്. ആ ജീവിതത്തിന്റെ രണ്ടാം പകുതിയാണ് പ്രണയസുരഭിലമാകുന്നത്. അന്ന് 87 കിലോയുടെ വീർപ്പുമുട്ടലിൽ ബുദ്ധിമുട്ടിയ നായികയ്ക്ക് ദുഷ്യന്തൻ ശകുന്തളയ്ക്ക് മന്ത്രം നൽകിയതു പോലെ ഡയറ്റ് ടിപ്സ് പറഞ്ഞുകൊടുത്ത് നായകന്റെ ഹീറോയിസം. സ്വാഭാവികമായും അവിടെ പ്രണയം ജനിക്കുകയാണ്. കഥ ക്ലൈമാക്സിലേക്കെത്തുമ്പോൾ നായകൻ 115ൽ നിന്നും 77 ലേക്ക്, നായകന്റെ വഴി പിന്തുടർന്ന നായിക 87ൽ നിന്നും 61ലേക്ക്. ഡയറ്റും പ്രണയവും ഇഴചേരുന്ന ആ സിനിമാസ്റ്റൈൽ പ്രണയഗാഥ തൃശൂർ പാന്തൂർ അഖിലിന്റേയും അനുവിന്റേയും വാക്കുകളിലൂടെ.

പ്രണയം പിറക്കുന്നതിനു മുന്നേ...

ഉണ്ട... അതായിരുന്നു എന്റെ വട്ടപ്പേര്. തടിയുള്ളവർക്ക് സർവസാധാരണമായി ലഭിക്കുന്ന വട്ടപ്പേരുകൾ വേറെയുമുണ്ടായിരുന്നു. അതെല്ലാംസമ്മാനിച്ചത് തടിച്ചുരുണ്ട ദേ ഈ പഴയരൂപം.– പഴയ ചിത്രത്തിലേക്ക് വിരൽ ചൂണ്ടി അഖിൽ സംസാരിച്ചു തുടങ്ങുകയാണ്.

അച്ഛന് ഹോട്ടലാണ് അഅതു കൊണ്ടു തന്നെ ചിക്കനും ബീഫും ഉൾപ്പെടെയുള്ള ഫ്രൈഡ് ഐറ്റംസുമായി വളരെ വേഗം കൂട്ടായി. എല്ലാം ആസ്വദിച്ച് നന്നായി കഴിക്കും. അതിന്റെ പേരിൽ തടി കൂടിയത് മൈൻഡ് ചെയ്യാനേ പോയില്ല. ഫലമോ? പൊണ്ണത്തടി സെഞ്ച്വറിയടിച്ചു. അഖിൽ അശോക് 115 കിലോ നോട്ട് ഔട്ട്– അഖിൽ പറയുന്നു.

വട്ടപ്പേരുകളും പരിഹാസങ്ങളും ശരീരത്തിന് പരുക്കേൽപ്പിക്കാത്തത് കൊണ്ട് ഞാൻ സേഫായിരുന്നു. പക്ഷേ തടി ശരീരത്തിന് നന്നല്ല എന്ന് തിരിച്ചറിയാൻ ഒരു മഞ്ഞപ്പിത്തം വേണ്ടി വന്നു. മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ടുള്ള തുടർ പരിശോധനകളിൽ ഫാറ്റിലിവർ പിടിച്ചാൽ കിട്ടാത്ത വിധം മുന്നിൽ നിൽക്കുന്നു. അതൊരു സൈറനായിരുന്നു. ഇനിയും തടി കുറച്ചില്ലെങ്കിൽ തടി കേടാകുമെന്ന അലാം... എന്റെ ചിന്തകൾക്ക് വേഗമേറ്റി തടി കുറച്ച് മെലിഞ്ഞ് സുന്ദരനായ ഒരു ചേട്ടന്റെ ജീവിതം വല്ലാതെ പ്രചോദിപ്പിച്ചു. അങ്ങനെ ഞാൻ ഉഗ്രശപഥമെടുത്തു തടി കുറച്ചിട്ടേ ഉള്ളൂ ഇനിയെന്തും.

ഏറെ പ്രണയിച്ച ചിക്കനേയും ബീഫിനേയും ഒഴിവാക്കുക എന്നത് വളരെ സങ്കടമുള്ള കാര്യമായിരുന്നു പക്ഷേ എന്റെ ആരോഗ്യത്തിനു വേണ്ടി കൊഴുപ്പുള്ള എല്ലാ ഭക്ഷണങ്ങളെയും പടിക്കു പുറത്തുനിർത്തി. ഡ്രൈ ഫ്രൂട്ട്സും സീഡുകളും കൊണ്ട് വിശപ്പിനെ പിടിച്ചുനിർത്തി. മധുരം അതിൽപിന്നെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല.  മധുരത്തിനോടും കൊഴുപ്പിനോടും പൂർണമായും കട്ട് പറഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം.

രാവിലത്തെ പാലും കാപ്പിയും ചായയുമൊക്കെ ഒഴിവാക്കി. മധുരമിടാത്ത ജ്യൂസിലും ഗോതമ്പ് പലഹാരങ്ങളിലും ദിവസങ്ങൾ ആരംഭിച്ചു. വറുത്തതും കരിച്ചതുമായ ഭക്ഷണങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയിട്ടു പോലുമില്ല. ഇലക്കറികളും സാലഡുകളും കൊണ്ടാണ് തടിയോട് പോരാടിയത്. ആദ്യത്തെ മാസങ്ങളിൽ ഫലം കണ്ടു തുടങ്ങിയ 10 കോലെ വരെ ഉരുകിയിറങ്ങി. ജൂഡോ പ്ലെയര്‍ കൂടിയായിരുന്ന ഞാൻ വർക് ഔട്ടും കൂടി ഉഷാറാക്കിയപ്പോൾ കാര്യങ്ങൾ ഒന്നൂടി ഉഷാറായി. വിയർത്തൊലിച്ച വർക് ഔട്ടും ചിട്ടയായ ഡയറ്റും എന്നെ പുതിയൊരാളാക്കുകയായിരുന്നു. എന്റെ പുതിയ കഥയിൽ ദേ ആ പഴയ തടിച്ച അഖിൽ ഇല്ല, 77 കിലോ എന്ന സുരക്ഷിത തീരത്തു നിൽക്കുന്ന പുതിയ ആളാണ് ഞാൻ. കഥയിൽ പുതിയ മാറ്റങ്ങൾ പുതിയ ചിലര്‍ കൂടി രംഗപ്രവേശം ചെയ്തുവെന്നു മാത്രം. ആ പ്രധാനമാറ്റമാണ് ദേ ഇവൾ... ഡയറ്റ് പറഞ്ഞു കൊടുത്ത ആശാനെ പ്രേമിച്ച നായിക. എന്റെ അനു– കഥയുടെ കടിഞ്ഞാണ്‍ അഖിൽ അനുദേവികയ്ക്ക് കൈമാറി.

ak-1

ഡയറ്റും പ്രണയവും പിന്നെ ഞാനും

എന്റെ കഥയും ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയായിരുന്നു. പിന്നെ എന്റെ കഥയിൽ ഹോട്ടലും ചിക്കൻ ഫ്രൈയും ഒന്നുമില്ല. നല്ല കുത്തിരിച്ചോറിനോടായിരുന്നു എനിക്ക് പ്രണയം. ചോറും സാമ്പാറും മാത്രം മതി. നാലിനു പകരം അഞ്ചു നേരവും ഭക്ഷണം കഴിക്കും. ചോറിനോടുള്ള കൊതി അന്ന് എന്നെ കൊണ്ടെത്തിച്ചത് 87 കിലോയിൽ. 87 കിലോയും പൊണ്ണത്തടിയും... അതിന്റെ പേരിൽ കിട്ടിയത് ഒരു ഫ്രീക്ക് പേരാണ്. അണ്ടർ ടേക്കർ... തടിയുടെ പേരിലുള്ള ആജാനബാഹു ലുക്കിനെ കൂട്ടുകാർ വിശേഷിപ്പിച്ചത് അങ്ങനെയാണ്. ആ പരിഹാസങ്ങളാണ് എന്നെ തടി കുറയ്ക്കാൻ പ്രേരിപ്പിച്ചത്. പഠിച്ച പണി പതിനെട്ടും നോക്കി. പലവിധ ഡയറ്റും പരീക്ഷിച്ചു. അങ്ങനെയിരിക്കെ ഒരു ഇന്റർവ്യൂവിന്റെ ആവശ്യാർത്ഥംസ്വദേശമായ ആലത്തൂർ നിന്നും തൃശൂർ എത്തി.. ആ യാത്രയിൽ ജീവിതത്തിലെ വലിയ ട്വിസ്റ്റുകൾ സംഭവിക്കാൻ പോകുകയായിരുന്നു.

അഖിലേട്ടൻ തടിയൊക്കെ കുറച്ച് ചുള്ളനായി. അതിന്റെ ഹാംഗ് ഓവറിൽ ഒരു ന്യൂട്രീഷ്യൻ സെന്ററൊക്കെ തുടങ്ങി സെറ്റായി നിൽക്കുകയാണ്. നേരത്തെ ഇവരുടെ സ്ഥാപത്തിന്റെ ഒരു ഇൻവിറ്റേഷൻ എനിക്ക് ലഭിച്ചിരുന്നു. തടിയെ എങ്ങനെ പുകച്ചു പുറത്തു ചാടിക്കും എന്ന് ചിന്തിച്ചു നടന്ന ഞാൻ അങ്ങനെയൊരു പരീക്ഷണത്തിനു കൂടി റെഡിയായി. നേരെ പുള്ളിക്കാരന്റെ ഫിറ്റ്നസ് സെന്ററിലേക്ക് ചെന്നു. ആദ്യമൊന്നും പുള്ളിയെ ഞാൻ കണ്ടിട്ടേയില്ല. ചേട്ടന്റെ കോച്ചാണ് എനിക്ക് ഡയറ്റ് ടിപ്സ് പറഞ്ഞു തന്നിരുന്നത്. സംഭവം കൊള്ളാമെന്നു തോന്നിയപ്പോൾ അവിടെ തന്നെ തുടർന്നു. ആ ദിവസങ്ങളിലാണ് നമ്മുടെ ഹീറോ രംഗപ്രവേശം ചെയ്യുന്നത്. വേറെ ആരു പറയുന്നതിനേക്കാളും സ്നേഹത്തോടെ തടി കുറയ്ക്കാനുള്ള ടിപ്സുകളും ഉപദേശങ്ങളും കക്ഷി എനിക്കു പറഞ്ഞു തന്നു. ചോറിനെ അപ്പാടെ ഗെറ്റ് ഔട്ടടിച്ചു. മധുരം കുറച്ചു. എണ്ണയിൽ വറുത്ത പലഹാരങ്ങൾ കണികണ്ടിട്ടു പോലുമില്ല. എല്ലാം പുള്ളി സ്നേഹത്തോടെ പറഞ്ഞു തരുമ്പോൾ എന്റെയുള്ളിൽ തരിമ്പ് പ്രേമമൊക്കെ തലപൊക്കി. പക്ഷേ ഞാൻ പുറത്തു പറഞ്ഞില്ല. ആഴ്ചകൾ മാസങ്ങളാകുമ്പോൾ എന്റെ ശരീരം അമിത വണ്ണത്തിൽ നിന്നും ഫ്രീയാകുന്നത് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴും ഞാൻ ഉഴപ്പിയില്ല. ഐഡിയൽ വെയിറ്റിലേക്ക് എത്തുന്നത് വരെ ചിട്ടയായ ഡയറ്റ് തുടർന്നു. ഒടുവിൽ പ്രതീക്ഷിച്ച മാന്ത്രിക സംഖ്യയിലേക്ക് ഞാനെത്തി. 87ൽ നിന്നും 61 എന്ന സുരക്ഷിത തീരത്തേക്ക്. സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അവസ്ഥയിലായി.

അന്നാളുകളിൽ എപ്പോഴോ ചീഫ് ട്രെയിനർ വന്ന് എന്നോട് നിനക്ക് അഖിലിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. ഞാൻ അങ്ങനെയൊന്നും ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. അതെന്താ അവനെ പ്രേമിക്കാൻ കൊള്ളില്ലേ...എന്ന് ചോദിച്ചപ്പോ ഞാൻ കുഴങ്ങി. ഈ സംഭവം എങ്ങനെയോ അഖിലേട്ടന്റെ ചെവിയിലെത്തി. ഇതേചോദ്യം അഖിലേട്ടനും എന്നോട് വന്ന് ചോദിച്ചപ്പോൾ പിന്നെ കാത്തുനിന്നില്ല. കണ്ണുംപൂട്ടി യെസ് പറഞ്ഞു. ആദ്യം ആ മനുഷ്യന്റെ ഡയറ്റ് സ്റ്റോറി എന്നെ പ്രചോദിപ്പിച്ചു. പിന്നെ ദേ... അതിനിടയിലൂടെ പ്രണയവും. കുടുംബക്കാരുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹാശിസുകളോടെ എല്ലാവരുടേയും കഴിഞ്ഞ വർഷം ജനുവരി 16നാണ് ഞങ്ങൾ വിവാഹിതരായത്. ഇപ്പോഴിതാ ഞങ്ങൾ കാത്തിരുന്ന കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.– അനുദേവിക പറഞ്ഞു നിർത്തി.

ak-2