Wednesday 05 April 2023 01:44 PM IST

‘എന്റെ വരുമാനമാണ് എന്റെ വീടിന്റെ വരുമാനം; മരുന്ന് മുടക്കാനും കടം പറയാനും ഇനി വയ്യ’: ഒറ്റയാള്‍ പോരാട്ടത്തിലൂടെ ശ്രദ്ധ നേടിയ അഖില പറയുന്നു

Priyadharsini Priya

Senior Content Editor, Vanitha Online

akhila-s-nair

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ യൂണിഫോമില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് രാവിലെ ജോലിക്കെത്തുമ്പോള്‍ വൈക്കം സ്വദേശി അഖില എസ്. നായര്‍ക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.. ഇന്നും പാല്‍ക്കാരനോടും പലചരക്കുകടക്കാരനോടും കടം പറയാന്‍ ഇട വരരുത്, ദിവസവും കഴിക്കുന്ന മരുന്ന് മുടങ്ങരുത്, ബാങ്ക് ലോണ്‍ മുടക്കി പ്രതിസന്ധിയിലാകരുത്. ആരേയും ബുദ്ധിമുട്ടിക്കാതെ തന്നാലാവും വിധം കുഞ്ഞു പ്രതിഷേധം. കാണുന്നവര്‍ കാണട്ടെ... അങ്ങനെയെങ്കിലും അധികൃതരുടെ കണ്ണു തുറക്കട്ടേ.. അഖിലയുടെ മനസുപോലെ ആ ഒറ്റയാള്‍ പോരാട്ടം കേരളം മുഴുവന്‍ കണ്ടു. 

"എന്റെ കുടുംബത്തെ സംബന്ധിച്ച് എന്റെ വരുമാനമാണ് എന്റെ വീടിന്റെ വരുമാനം. അത് കൃത്യമായി കിട്ടാതെ വരുമ്പോള്‍ വീട്ടിലെ പല കാര്യങ്ങളും തകിടം മറിയും. ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കണം, മരുന്ന് വാങ്ങിക്കണം. ഇതിനെല്ലാം മുടക്കം വരുമ്പോള്‍ നമ്മള്‍ പത്രക്കാരന്‍, പാല്‍ക്കാരന്‍, പലചരക്കു കടക്കാരന്‍ എന്നിങ്ങനെ എല്ലാവരുടെ മുന്നിലും തരാം തരാം എന്ന പറഞ്ഞ് ദിവസങ്ങള്‍ തള്ളി നീക്കേണ്ടി വരും. ഇന്ന് ബാങ്ക് ലോണ്‍ ഇല്ലാത്ത എത്ര പേരുണ്ട്. ഒരു അടവ് മുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ക്കിടയില്‍ എല്ലാ മാസവും ശമ്പളം തിയതി തെറ്റി കിട്ടുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷം ചെറുതല്ല."- പ്രതികരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തെപ്പറ്റി അഖില വനിതാ ഓണ്‍ലൈനോട് പറഞ്ഞു. കാന്‍സര്‍ അതിജീവിത കൂടിയാണ് അഖില. 

സ്റ്റിക്കർ പതിപ്പിച്ച് പ്രതിഷേധം

ജനുവരി പതിനൊന്നിനാണ് പ്രശ്നം ഉണ്ടാകുന്നത്. ഫോട്ടോ പുറത്തുപോയി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടല്ലോ എന്ന സന്തോഷം ഉണ്ടായിരുന്നു. ഞങ്ങള്‍ ഓരോ സമരങ്ങളും ജനശ്രദ്ധ ആകര്‍ഷിക്കാനാണ് ചെയ്യുന്നത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലായല്ലോ എന്നു തോന്നി. ബസ് തട‌ഞ്ഞും മറ്റും ആളുകളെ ബുദ്ധിമുട്ടിച്ചും സമരം ചെയ്യാറുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ ശാന്തമായ സമരങ്ങളും ജനശ്രദ്ധ ആകര്‍ഷിക്കും എന്ന് മനസ്സിലായി. 

യൂണിഫോമിന്റെ പോക്കറ്റില്‍ സ്റ്റിക്കർ പതിപ്പിച്ച് പ്രതിഷേധിച്ച സമയത്ത് തന്നെ എന്നെ കോട്ടയത്തേക്ക് സ്ക്വാഡ് വിളിപ്പിച്ചിരുന്നു. ഇങ്ങനെ ചെയ്തതെന്താണ് എന്നു ചോദിച്ചു കാരണങ്ങളൊക്കെ എഴുതി വാങ്ങിപ്പിച്ചു. കാന്‍സറിനു ട്രീറ്റ്മെന്റ് കഴിഞ്ഞ ആളാണ് ഞാനെന്നും, കുടുംബത്തിലെ ചെലവുകള്‍ പരിഹരിക്കാന്‍ പറ്റാത്തതുകൊണ്ട് ഇങ്ങനെ സംഭവിച്ചതാണെന്നും, മാനസിക സംഘര്‍ഷം കൊണ്ട് ചെയ്തു പോയതാണെന്നും എഴുതി നല്‍കി. 

അതിനുശേഷം പ്രശ്നങ്ങളൊക്കെ തീര്‍ന്നല്ലോ എന്നു കരുതി ഇരിക്കുമ്പോഴാണ് പെട്ടെന്ന് ട്രാന്‍സഫര്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടുന്നത്. ഓര്‍ഡര്‍ വായിച്ചതോടെ ഞാന്‍ ആദ്യം ഞെട്ടി. വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് പാലാ ഡിപ്പോ. ഒന്നുകില്‍ തലേദിവസം പോകണം, അല്ലെങ്കില്‍ ഡ്യൂട്ടി കഴിഞ്ഞു രാത്രി അവിടെ തങ്ങി പിറ്റേദിവസമേ വരാന്‍ പറ്റുള്ളൂ.. സ്ത്രീകള്‍ക്ക് നല്ല റെസ്റ്റ് റൂം ഒന്നും അവിടെയില്ല. ഇനി വരുന്നതു പോലെ കാണാം, ടിക്കറ്റ് ആന്‍ഡ് ക്യാഷിന്റെ ഭാഗത്ത് ഏതെങ്കിലുമൊരു ബെഞ്ചില്‍ കഴിച്ചു കൂട്ടാം എന്നൊക്കെ ചിന്തിച്ച് ഇരിക്കുകയായിരുന്നു. 

എന്തായാലും ഞാന്‍ ഭയന്ന പോലെ അത്തരം ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. സോഷ്യല്‍ മീഡിയയുടെയും മീഡിയയുടെയും ഭാഗത്തുനിന്ന് എനിക്ക് നല്ല സപ്പോര്‍ട്ട് കിട്ടി. സഹപ്രവര്‍ത്തകരും ജനങ്ങളുമൊക്കെ കൂടെ നിന്നു. മന്ത്രിയുടെ പ്രസ്താവന എത്തിയതോടെ സന്തോഷമായി. വൈക്കം ഡിപ്പോയില്‍ തന്നെ ഡ്യൂട്ടി ചെയ്താല്‍ മതിയെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറയുകയാണ് ചെയ്തത്. അതിന്റെ ഓര്‍ഡര്‍ ഡിപ്പോയില്‍ എത്തിയിട്ടില്ല. അതെത്തിയാല്‍ അടുത്ത ദിവസം തന്നെ എനിക്കിവിടെ ജോലിയില്‍ തുടരാം. ജനങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കുമൊക്കെ ഒരുപാട് നന്ദിയുണ്ട്.  

മന്ത്രി പറഞ്ഞതും ശരി

ഡിസംബര്‍ മാസം ജോലി ചെയ്ത ശമ്പളം ശരിക്കും ജനുവരി ഒന്നിനു തരേണ്ടതാണ്. 31 ദിവസത്തെ ശമ്പളമാണ് അത്. ജനുവരി 11 ആയിട്ടും എനിക്ക് ശമ്പളം കിട്ടിയിരുന്നില്ല. ഡിസംബര്‍ ഒന്നു മുതല്‍ 41 മത്തെ ദിവസമാണ് ജോലി ചെയ്യുന്നത്. അതാണ് ‘ശമ്പളരഹിത സേവനം 41ാം ദിവസം’ എന്ന് പറഞ്ഞത്. 41 ദിവസങ്ങളായി ശമ്പളമില്ലാതെ ഞാന്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നു എന്നാണ് ഞാന്‍ പ്രതിഷേധത്തിലൂടെ പറയാന്‍ ശ്രമിച്ചത്. അഞ്ചാം തിയതി ശമ്പളം തരാമെന്നാണ് മുഖ്യമന്ത്രി വാക്ക് പറഞ്ഞിരിക്കുന്നത്. അങ്ങനെ വച്ച് നോക്കുമ്പോള്‍ ആ തിയതി കഴിഞ്ഞ് ആറു ദിവസം മാത്രമേ വൈകിയിട്ടേയുള്ളൂ എന്നാണ് മന്ത്രി പറഞ്ഞത്. അദ്ദേഹം പറഞ്ഞതും ശരിയാണ്, അഞ്ചാം തിയതിയ്ക്കു ശേഷം ആറു ദിവസമേ വൈകിയുള്ളൂ... 

ഞാന്‍ കെഎസ്ടിഇഎംഎസ് ബിഎംഎസിന്റെ കോട്ടയം ജില്ലാ ട്രഷററാണ്. ഒരു യൂണിയന്‍ നോക്കി വ്യക്തിയ്ക്കെതിരെ പ്രതികാരനടപടി എടുക്കുന്നു എന്ന് പറയാന്‍ പറ്റില്ല. പലതരത്തിലുള്ള കുറ്റങ്ങള്‍ ചെയ്തോ, യാത്രക്കാരന്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതുകൊണ്ടോ, മേലുദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയതു കൊണ്ടോ സസ്പെന്‍ഷനോ ട്രാന്‍സ്ഫറോ ഒക്കെ വാങ്ങുമ്പോള്‍ അതൊന്നും യൂണിയന്‍ നോക്കിയല്ലല്ലോ ചെയ്യുന്നത്. ഞാന്‍ യാതൊരു തരത്തിലുള്ള ഉപദ്രവവും ആര്‍ക്കും ചെയ്തിട്ടില്ല. ശാന്തമായി എന്റെ ജോലി ചെയ്തുകൊണ്ടാണ് പ്രതിഷേധിച്ചത്. അതിനു നടപടി എടുത്തതു കൊണ്ടുള്ള ഒരു ബുദ്ധിമുട്ട് മാത്രമേ എനിക്ക് ഉണ്ടായുള്ളൂ.. 

akhilll6568bj

കടം പറയാന്‍ വയ്യ...

വീട്ടിലെ സാഹചര്യങ്ങളാണ് പ്രതികരിക്കാന്‍ കാരണം. നമ്മള്‍ ഓരോരുത്തരും ജോലി ചെയ്യുന്നത് ശമ്പളത്തിനു വേണ്ടി തന്നെയാണ്. ഓരോ മാസവും വീട്ടിലെ കാര്യങ്ങള്‍ കൃത്യമായി നടന്നുപോകണം. എന്റെ സഹപ്രവര്‍ത്തകരില്‍ 90 ശതമാനം പേര്‍ക്കും കിട്ടുന്ന ശമ്പളം മാത്രമാണ് മുഖ്യ വരുമാനം. എന്റെ കുടുംബത്തെ സംബന്ധിച്ചും എന്റെ വരുമാനമാണ് എന്റെ വീടിന്റെ വരുമാനം. അത് കൃത്യമായി കിട്ടാതെ വരുമ്പോള്‍ വീട്ടിലെ ദൈനംദിന കാര്യങ്ങള്‍ തകിടം മറിയും. ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കണം, മരുന്ന് വാങ്ങിക്കണം അങ്ങനെ പല കാര്യങ്ങളുമുണ്ട്. ഇതിനെല്ലാം മുടക്കം വരുമ്പോള്‍ നമ്മള്‍ പത്രക്കാരന്‍, പാല്‍ക്കാരന്‍, പലചരക്കു കടക്കാരന്‍ എന്നിങ്ങനെ എല്ലാവരുടെ മുന്നിലും തരാം തരാം എന്ന പറഞ്ഞ് ദിവസങ്ങള്‍ തള്ളി നീക്കണം. 

ഇന്ന് ബാങ്ക് ലോണ്‍ ഇല്ലാത്ത എത്ര പേരുണ്ട് എന്നെനിക്ക് അറിയില്ല. ഒരു അടവ് മുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ക്കിടയില്‍ എല്ലാ മാസവും ശമ്പളം തിയതി തെറ്റി കിട്ടുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷം ചെറുതല്ല. ഞങ്ങള്‍ കെഎസ്ആടിസി ജീവനക്കാര്‍ക്കിടയില്‍ മരണനിരക്ക് കൂടുന്നുണ്ട്. ചിലര്‍ ആത്മഹത്യ ചെയ്യുന്നു അല്ലെങ്കില്‍ കുഴഞ്ഞു വീണുള്ള മരണങ്ങള്‍ കൂടുന്നു. ഇതെല്ലാം കൂടി ഓര്‍ത്തപ്പോള്‍ ആര്‍ക്കും ശല്യമില്ലാതെ, ഡ്യൂട്ടി തടസ്സപ്പെടാതെ, യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ ശാന്തമായി എന്തു ചെയ്യാന്‍ പറ്റും എന്ന് ചിന്തിച്ചു. അപ്പോള്‍ തോന്നിയ ഒരാശയം പ്രാവര്‍ത്തികമാക്കുകയായിരുന്നു. 

പ്രതിഷേധത്തിനു ശേഷം ജനുവരി 12നു ശമ്പളം തന്നിരുന്നു. കഴിഞ്ഞ മാസം രണ്ടു തവണയായിട്ടാണ് ശമ്പളം തന്നത്. അപ്പോള്‍ വലിയ ബുദ്ധിമുട്ടാണ്, ആദ്യത്തെ പകുതി മുഴുവനും ബാങ്കുകാര്‍ കൊണ്ടുപോകും. നമുക്കൊന്നും കിട്ടില്ല. പിന്നീട് അടുത്ത പകുതിയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്. 

ബോള്‍ഡ് ആകണം...

ജോലിയുടെ സ്ട്രസ് നന്നായിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് ജോലി തുടങ്ങും. നാലു മണിയ്ക്ക് എഴുന്നേറ്റ് വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്താണ് പോകുന്നത്. തിരിച്ചു വീട്ടിലെത്തുമ്പോള്‍ രാത്രി ഒമ്പരയാകും. അതെന്റെ വീട് വൈക്കം ഡിപ്പോയില്‍ നിന്ന് അ‍ഞ്ചു കിലോമീറ്റര്‍ മാത്രം ദൂരം ഉള്ളതു കൊണ്ടു മാത്രമാണ്. എന്നെക്കാള്‍ കഷ്ടപ്പെടുന്ന ഒരുപാടുപേര്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്നുണ്ട്. എന്റെ ബസില്‍ ഒരു ദിവസം ഏകദേശം എണ്ണൂറ് യാത്രക്കാര്‍ കയറിയിറങ്ങുന്നുണ്ട്. അവരില്‍ പല സ്വഭാവക്കാരും ഉണ്ടാകും. അവരെ ഒരുപോലെ കണ്ട് മാനേജ് ചെയ്യണം. അതുപോലെ ശാരീരിക അധ്വാനവും ഉണ്ട്. രാവിലെ ആറു തൊട്ട് രാത്രി ഒമ്പതു വരെ എന്നു പറയുന്നത് രണ്ടു ഡ്യൂട്ടിയാണ്. ഇത് ഒരുമിച്ച് എടുത്താല്‍ പിറ്റേദിവസം ഓഫ് എടുക്കാം.  

അപൂര്‍വമായേ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂ.. സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളിലാണ് ചില യാത്രക്കാരില്‍ നിന്ന് ബുദ്ധിമുട്ട് ഉണ്ടാകുന്നത്. മദ്യപിച്ചു വാഹനത്തില്‍ കയറുന്നവരാണ് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കാറ്. ശരീരത്തില്‍ തോണ്ടുക, സീറ്റിന്റെ പുറകില്‍ വന്നിരുന്ന് ശല്യപ്പെടുത്തുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ശക്തമായ ഭാഷയില്‍ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാരും കേള്‍ക്കുന്ന രീതിയില്‍ തന്നെ പറയും, ഇനി ആവര്‍ത്തിക്കരുത് എന്ന്. പിന്നീട് ശല്യം ഉണ്ടാകാറില്ല. ഒരു പ്രാവശ്യം മാത്രം അടി കൊടുക്കേണ്ടി വന്നിട്ടുണ്ട്. അടി കൊണ്ടതും അയാളിറങ്ങി ഓടിപ്പോയി. നമ്മള്‍ കുറച്ചു ബോള്‍ഡ് ആയിട്ട് നിന്നാല്‍ മതി, അയ്യോ.. പാവം എന്നു കരുതിയാല്‍ പറ്റില്ല. 

ടിക്കറ്റ് എടുത്തുകൊണ്ട് വന്നു.. 

ഞാന്‍ മാത്തമാറ്റിക്സില്‍ എംഎസ്സി ബിഎഡ് ആണ്. ചെറുപ്പം തൊട്ട് ഗണിത അധ്യാപികയാകണം എന്നുതന്നെയായിരുന്നു ആഗ്രഹം. എനിക്ക് ആദ്യമായി കിട്ടുന്നത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജോലിയാണ്. 2010 ലാണ് ജോലി കിട്ടുന്നത്. ആ സമയം ഞാന്‍ ഗര്‍ഭിണി കൂടിയാണ്. അതുകൊണ്ട് തന്നെ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ, എനിക്ക് യാത്രകളോട് ഭയങ്കര ഇഷ്ടമാണ്. ആദ്യം ഒരു ഡ്യൂട്ടി ചെയ്ത് ലീവ് എടുക്കുകയാണ് ചെയ്തത്. പിന്നീടാണ് വീണ്ടും ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്തത്. അതിനൊപ്പം തന്നെ നിരവധി പിഎസ്സി പരീക്ഷകളും എഴുതിയിരുന്നു. കുറേ ലിസ്റ്റുകളിലൊക്കെ വന്നിരുന്നു. പക്ഷേ, അധ്യാപക ജോലി കിട്ടിയില്ല. 

അങ്ങനെയിരിക്കുമ്പോള്‍, മോന് ഒരു വയസ് കഴിഞ്ഞ സമയത്താണ് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കുന്ന പോലെ എന്റെ ശരീരത്തിലേക്ക് ടിക്കറ്റ് എടുത്തുകൊണ്ട് കാന്‍സര്‍ കടന്നുവന്നത്. പിന്നെ ഒരു വര്‍ഷത്തോളം അതിനോടുള്ള പോരാട്ടമായിരുന്നു. ഓവേറിയന്‍ കാന്‍സറായിരുന്നു. അമൃത ഹോസ്പിറ്റലില്‍ ആയിരുന്നു ട്രീറ്റ്മെന്റ് എടുത്തിരുന്നത്. ആദ്യത്തെ സ്റ്റേജ് ആയതുകൊണ്ട് പെട്ടെന്ന് ഓപ്പറേഷന്‍ ചെയ്യേണ്ട അവസ്ഥയൊക്കെ ഉണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഒരു സര്‍ജറി കൂടി കഴിഞ്ഞു. യൂട്രസിന്റെ ബാക്കി ഭാഗങ്ങളെല്ലാം നീക്കം ചെയ്തു. ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു തവണ ചെക്കപ്പിനു പോകുന്നുണ്ട്. ഈയൊരു രോഗമായതിനാല്‍ ഭാവിയില്‍ വരാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. 

രോഗി ആയതോടെ കുറേ ചെലവുകള്‍ അപ്രതീക്ഷിതമായി വന്നു. ഒരു വര്‍ഷത്തോളം ശമ്പളമില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നു. ഓപ്പറേഷന്‍, കീമോതെറാപ്പി ഒക്കെ കാരണം പഠനത്തില്‍ നിന്നും ഒരു വര്‍ഷം വിട്ടുനില്‍ക്കേണ്ടി വന്നു. തിരിച്ചുവന്നതിനു ശേഷം ടെസ്റ്റുകള്‍ എഴുതിയെങ്കിലും ആഗ്രഹിച്ച ടീച്ചര്‍ ജോലി കിട്ടിയില്ല. ഇപ്പോള്‍ 38 വയസ്സായി, ഇനി അധ്യാപികയാകാന്‍ അവസരമില്ല. എങ്കിലും നിരാശപ്പെടാതെ കിട്ടിയ ജോലി വളരെ നന്നായി ആസ്വദിച്ചു ചെയ്തുവരുന്നു.

വൈക്കം ഡിപ്പോയില്‍ തന്നെ 20 ഓളം എംഎസ്സി ബിഎഡുകാര്‍ ഉണ്ട്. എന്റെ കൂട്ടുകാരില്‍ തന്നെ രണ്ട് എല്‍എല്‍ബിക്കാര്‍ ഉണ്ട്. എംഎസ്ഡബ്യൂ കഴിഞ്ഞവരും എംടെക്കുകാരും വരെയുണ്ട്. ഇവരൊക്കെ എന്തിനു ഈ ജോലി ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ.. നമുക്കൊക്കെ ജോലി അത്രയ്ക്ക് അനിവാര്യമായതുകൊണ്ടാണ്. ചെയ്യുന്ന ജോലി ആത്മാര്‍ഥമായിട്ട് ചെയ്യാം. നമുക്കതിനു കൃത്യമായി കൂലി തന്നാല്‍ മതി. ആഡംബരങ്ങളിലൊന്നും താല്‍പ്പര്യമില്ല, കിട്ടുന്നത് കൊണ്ട് വീട്ടിലെ കാര്യങ്ങളൊക്കെ നടന്നു പോകണം. അഞ്ചാം തിയതിയെങ്കില്‍ അത്, എല്ലാ മാസവും കൃത്യമായിട്ട് ആ ദിവസം ശമ്പളം കിട്ടിയാല്‍ മതി. 

ഭര്‍ത്താവ് സെല്‍വരാജ് അമ്പലത്തില്‍ സപ്താഹ ആചാര്യനാണ്. സീസണല്‍ പ്രോഗ്രാം ആണ്, സ്ഥിര വരുമാനം എന്നൊന്നും പറയാന്‍ പറ്റില്ല. മോന്‍ ബദരിനാഥ് ഏഴാം ക്ലാസില്‍ പഠിക്കുന്നു. 

akhila-snair88
Tags:
  • Spotlight