Monday 17 June 2019 12:41 PM IST : By സ്വന്തം ലേഖകൻ

ചേതനയറ്റ് പപ്പയുടെ ശരീരം, ഒന്നുമറിയാതെ അമ്മയുടെ തോളിൽ ചാഞ്ഞ് ജെർമി; സാജുവിന് യാത്രാമൊഴി

death-nasik

മഹാരാഷ്ട്ര നാസികിൽ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റു മരിച്ച അറുന്നൂറ്റിമംഗലം മുറിവായിക്കര ബ്ലസ‌് വില്ലയിൽ  സാജു സാമുവേലിനു (29) ഗ്രാമം യാത്രാമൊഴിയേകി. ഇന്നലെ രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പ്രാർഥനകൾക്കു ശേഷം അറുന്നൂറ്റിമംഗലം ഐപിസി സഭാ ഹാളിലേക്കു വിലാപയാത്രയായി എത്തിച്ചു.

തുടർന്നു ശുശ്രൂഷകൾ ആരംഭിച്ചപ്പോഴും അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനു ആളുകൾ എത്തിക്കൊണ്ടിരുന്നു. സാജുവിന്റെ ഭാര്യ ജെയ്സി, ഒൻപതു മാസം പ്രായമുള്ള മകൻ ജെർമി, അമ്മ പൊന്നമ്മ, സഹോദരൻ സുജു തുടങ്ങിയവർ അന്ത്യചുംബനമേകി. 

അമ്മയുടെ തോളിലിരുന്ന് ഒന്നും മനസിലാകാരെ എല്ലാവരെയും പകച്ചു നോക്കിയ ജെർമി ഏവർക്കും നൊമ്പരമായി. മുത്തൂറ്റ് ഫിനാൻസിന്റെ വിവിധ ശാഖകളിലെ ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചു.  ആർ.രാജേഷ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, തഴക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, കോശി എം.കോശി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.