Wednesday 28 October 2020 03:27 PM IST : By സ്വന്തം ലേഖകൻ

'അയാള്‍ എന്റെ അഞ്ച് കല്യാണം മുടക്കി, ഇതാ എന്റെ പ്രതികാരം'; അങ്ങനെ ആല്‍ബിന്‍ അയ്യപ്പന്‍ നായരായി; പ്രതി റിമാന്‍ഡില്‍

albin-remand

നാട്ടിലെ 'വിവാഹം മുടക്കികളോട്' സിനിമാ സ്‌റ്റൈലില്‍ പ്രതികാരം ചെയ്ത യുവാവിന്റെ കഥ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. വിവാഹം മുടക്കിയ അയല്‍വാസിയോട് അയ്യപ്പനും കോശിയിലെ ബിജുമേനോന്‍ സ്‌റ്റൈലില്‍  സ്റ്റൈലില്‍ പ്രതികാരം ചെയ്ത കക്ഷിയുടെ പേര്, ആല്‍ബിന്‍ മാത്യു. കണ്ണൂര്‍ ചെറുപ്പപുഴയ്ക്കടുത്തെ ഊമല സ്വദേശി. 

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയില്‍ ബിജു മേനോന്‍ കഥാപാത്രം അയ്യപ്പന്‍ നായര്‍ ശത്രുവായ കുട്ടമണിയുടെ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റുന്നുണ്ട്. റീലിലാണ് ആ കാഴ്ച കണ്ടതെങ്കില്‍ റിയല്‍ ലൈഫില്‍ ആല്‍ബിന്‍ ആ രംഗം നടപ്പിലാക്കുകയായിരുന്നു.

പലചരക്ക് കച്ചവടക്കാരനായ പുളിയര്‍മറ്റത്തില്‍ സോജിയുടെ കടയാണ് അയല്‍വാസിയായ ആല്‍ബിന്‍ മാത്യു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിലംപരിശമാക്കിയത്. ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ആല്‍ബിന്‍ മാത്യു ചലചിത്രത്തിലെ അയ്യപ്പന്‍ നായരെ പോലെ ജെസിബി പ്രയോഗം നടത്താനുള്ള കാരണം വ്യക്തമാക്കിയത്. 31കാരനായ ആല്‍ബിന് വരുന്ന വിവാഹലോചനകള്‍ തുടര്‍ച്ചയായി അയല്‍ക്കാരന്‍ മുടക്കുന്നു എന്നാണ് ആക്ഷേപം. തന്റെ അര ഡസനിലേറെ കല്യാണങ്ങള്‍ സോജി മുടക്കിയെന്നും ആല്‍ബിന്‍ പറയുന്നു. സോജി നിരവധി പോക്‌സോ കേസുകളില്‍ പ്രതിയാണെന്നും ആല്‍ബിന്‍ വിഡിയോയില്‍ പറയുന്നുണ്ട്. രാവിലെ എട്ടരയ്ക്ക് കട തുറന്ന സോജി ഒന്നര മണിക്കൂറിന് ശേഷം കട അടച്ച് വീട്ടില്‍ പോയിരുന്നു. ഈ തക്കം നോക്കിയാണ് ആല്‍ബിന്‍ ജെസിബിയുമായി പൊളിക്കാനെത്തിയത്. 

അതേ സമയം വിവാഹ ആലോചനകള്‍ മുടക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പലചരക്ക് കട ഉടമയായ പുളിയര്‍മറ്റത്തില്‍ സോജി പറഞ്ഞു.  കട ഇടിച്ചു തകര്‍ത്ത കുറ്റത്തിന് ആല്‍ബിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  പ്രതിയെ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കട പൊളിക്കാനുപയോഗിച്ച ജെസിബിയും ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുപുഴ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ് കുമാര്‍. എസ്‌ഐ എംപി വിജയകുമാര്‍, എഎസ്‌ഐ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റഷീദ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ആല്‍ബിനെ കസ്റ്റഡിയിലെടുത്തത്.

ആല്‍ബിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിയിട്ടുള്ളത്. കട പൊളിച്ചതറിഞ്ഞ് നൂറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്.