Monday 18 March 2019 04:46 PM IST : By സ്വന്തം ലേഖകൻ

ഒന്നുകിൽ മരണം, അതുമല്ലെങ്കിൽ ബുദ്ധിമാന്ദ്യം; അരുതാത്തത് സംഭവിക്കരുത്, അൽത്വാഫിനെ നമുക്ക് രക്ഷിക്കാം; കനിവിനായി കേണ് ഫിറോസും

althaf

ചികിത്സാ വൈകിയാൽ ഒന്നുകിൽ മരണം, അതുമല്ലെങ്കിൽ മാനസിക വൈകല്യം, രണ്ടാലൊന്ന് സുനിശ്ചിതം! അൽത്വാഫ് എന്ന എട്ടുവയസുകാരൻ പൊന്നുമോനെ ഇന്ന് വിധി പരീക്ഷിക്കുന്നത് ഇങ്ങനെയാണ്. ശരീരത്തിന്റെ നാസാദ്വാരങ്ങളിലും ഇഴപിരിഞ്ഞ് കിടക്കുന്ന ട്യൂബിലാണ് ആ പൈതലിന്റെ ജീവൻ ഇന്ന് നിലനിൽക്കുന്നതു പോലും. വെന്റിലേറ്ററിൽ ജീവനായി പിടയുമ്പോൾ അതിനി എത്ര കാലത്തേക്കെന്ന ഡോക്ടർമാരുടെ ചോദ്യം മാത്രം ബാക്കി.

പാലക്കാട് വാണിയമ്പാറ അഷറഫ് തങ്ങൾകുട്ടിയുടെ മകൻ അൽത്വാഫ് ഒരാഴ്ച മുൻപു വരേയും ഊർജസ്വലനായിരുന്നു. പരിമിതികളും പരാധീനകളും മാത്രം ബാലൻഷീറ്റിൽ ബാക്കിയുള്ള കുടുംബത്തിലെ ഇളമുറക്കാരൻ. ചോരനീരാക്കി കഷ്ടപ്പെടുന്ന പ്രവാസിയായ ഉപ്പയുടെ ഭാവി സ്വപ്നം. പ്രതീക്ഷയുടെ പൊൻതരിയായിരുന്നു അൽത്വാഫ്!

ഒരു പനിയിൽ നിന്നുമായിരുന്നു ഇന്നു കാണുന്ന വേദനകളുടെ തുടക്കം. നെഞ്ചിടിപ്പേറ്റിയ പരിശോധനയും ആഴ്ന്നിറങ്ങിയ സൂചിമുനകളും അവനെ തളർത്തിയത് കൺചിമ്മി തുറക്കുന്ന വേദനയിൽ. തങ്ങളുടെ പൈതലിന് ഒന്നും വരുത്തരുതേ എന്ന് മനമുരുകി തേടുകയായിരുന്നു അവന്റെ ഉമ്മ. പക്ഷേ എല്ലാം അസ്ഥാനത്താക്കി ഡോക്ടറുടെ ആ അശുഭ വാർത്ത. ‘അൽത്വാഫിന്റെ തലച്ചോറിൽ അണുബാധയാണ്. ലക്ഷത്തിൽ പത്തോ പന്ത്രണ്ടോ പേർക്ക് വരുന്ന മാരക രോഗത്തിനടിമ. അടിയന്തര ശസ്ത്രക്രിയയല്ലാതെ മറ്റ് മാർഗമില്ല. അതു ചെയ്യാത്ത പക്ഷം ഒന്നുകിൽ അൽത്വാഫിനെ മരണം കൂട്ടിക്കൊണ്ടു പോകും. അതുമല്ലെങ്കിൽ അവനെ മാനിസിക രോഗിയാക്കും. ഉടൻ എന്തെങ്കിലും ചെയ്യണം.’– ഡോക്ടറുടെ വാക്കുകൾ ഇടിത്തീ പോലെയായിരുന്നു.

അമ്പത് ലക്ഷം രൂപ! അൽത്വാഫിന്റെ ഓപ്പറേഷനായി ഡോക്ടർമാർ നിർദ്ദേശിച്ചിരുക്കുന്ന തുകയാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അൽത്വാഫിന്റെ ജീവന്റെ വില. ഓരോ 10 ദിവസം കൂടുമ്പോഴും 7 ലക്ഷം രൂപ വീതം ചികിത്സയ്ക്കായി ചെലവാകാറുണ്ടെന്നും അൽത്വാഫിന്റെ ഉപ്പ അഷറഫ് പറയുന്നു.

മകൻ ഈ അവസ്ഥയിലായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വണ്ടികയറിയിരിക്കുകയാണ് അഷറഫ്. കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി. കടവും കടപ്പടിയും മാത്രമാണ് ഈ പ്രവാസിക്കിന്നു ബാക്കി. നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടുന്ന തനിക്ക് കൂട്ടാൽ കൂടുന്നതല്ല ഈ അരക്കോടി രൂപയെന്ന് അഷറഫ് പറയുന്നു. ഒരു വശത്ത് മകന്റെ ജീവൻ, മറുവശത്ത് ലക്ഷങ്ങളുടെ ആശുപത്രി ബില്ലുകൾ. പ്രതീക്ഷയറ്റ ഈ നിമിഷത്തിൽ അഷറഫ് കൈനീട്ടുന്നത് കരുണയുടെ ഉറവവറ്റാത്ത ഹൃദയങ്ങളിലേക്കാണ്. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കാവൽ മാലാഖമാർ എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണവർ.