Thursday 18 April 2019 03:42 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ മൃഗീയ മർദ്ദനത്തിൽ തലയോട്ടി തകർന്നു; കുട്ടിയുടെ നില അതീവ ഗുരുതരം, 48 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടർ!

ventil8879 Representative Image

വളർത്തച്ഛൻ ജീവിതം തല്ലിക്കെടുത്തിയ തൊടുപുഴയിലെ ഏഴു വയസുകാരന്റെ ദാരുണാന്ത്യത്തിനു പുറകെയാണ് കൊച്ചി ഏലൂരിൽ താമസമാക്കിയ ജാർഖണ്ഡ് കുടുംബത്തിലെ മൂന്നു വയസുകാരനും വേദനയാകുന്നത്. പിഞ്ചുകുഞ്ഞിന് മേൽ മൃഗീയ മർദനം ഏൽപ്പിച്ചത് സ്വന്തം അമ്മ തന്നെ. മാരകമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞ രാത്രി ആലുവയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസുകാരൻ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 

ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ.എന്‍. ജയദേവ് അറിയിച്ചു. ജീവന് ഭീഷണിയായിരുന്ന രക്തസ്രാവം നിയന്ത്രിച്ചു. തലച്ചോറിന്റെ വലതുഭാഗത്തെ പരുക്ക് ഗുരുതരമാണെന്നും വരുന്ന 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ ജയദേവ് അറിയിച്ചു.

അതേസമയം മൂന്നുവയസുകാരനെ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. മാതാപിതാക്കളുടെ കൂടെ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ കുട്ടിയെ സാമൂഹിക ക്ഷേമ വകുപ്പ് ഏറ്റെടുക്കും. സര്‍ക്കാര്‍ ചികില്‍സ ലഭ്യമാക്കുമെന്നും സാമൂഹ്യനീതി വകുപ്പ് കർശനമായ നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. അനുസരണക്കേടിന് കുട്ടിയെ ശിക്ഷിച്ചെന്നാണ് അമ്മയുടെ മൊഴിയെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു. 

കഴിഞ്ഞ രാത്രി ആലുവയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ തലയോടിൽ ഗുരുതര പൊട്ടലുണ്ട്. ശസ്ത്രക്രിയക്ക് ശേഷവും ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. കുട്ടിയുടെ അമ്മ ഏല്പിച്ചതാണ് ഇതെല്ലാം. അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് ഉറപ്പില്ല. ജാർഖണ്ഡ് പോലീസുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടന്നുവരുകയാണ്. 

വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ സംഘം രാവിലെ യോഗംചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. കുട്ടിയും അമ്മയും ജാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുൻപ് മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. കുട്ടിയെ മർദ്ദിച്ചതിൽ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി. ഇരുവർക്കും എതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.