Tuesday 22 April 2025 02:15 PM IST : By സ്വന്തം ലേഖകൻ

‘കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയെയും നാലുമക്കളെയും ഇല്ലാതാക്കിയ ക്രൂരത’; പ്രതി റജികുമാറിന്റെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി!

rejikumar-culprit

പട്ടാമ്പി ആമയൂര്‍ കൊട്ടക്കൊലപാതക കേസിലെ പ്രതി റജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. 2008 ല്‍ ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തിയ കേസിലാണ് റജികുമാറിന് വധശിക്ഷ നല്‍കിയിരുന്നത്. ഇത് ഹൈക്കോടതി ശരിവച്ചിരുന്നു. വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് നടപടി. ജീവിതാവസാനം വരെ പ്രതി തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. 

കുറ്റകൃത്യത്തിന്റെ സ്വഭാവവും നടപ്പിലാക്കിയ രീതിയും പ്രതിയെ വധശിക്ഷയ്ക്ക് അര്‍ഹനാക്കുന്നുവെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്ന് നിരീക്ഷിച്ചത്. ഭാര്യയും നാലുമക്കളെയും രണ്ടാഴ്ചയ്ക്കിടെയാണ് പ്രതി കൊലപ്പെടുത്തിയതും മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. കാമുകിക്കൊപ്പം ജീവിക്കുന്നതിനായി പ്രതി 2008 ജൂലൈ എട്ടിനും 22നും ഇടയിലാണ് കൊലപാതകങ്ങള്‍ നടത്തിയത്. 

കുറ്റകൃത്യം ക്രൂരവും അത്യപൂര്‍വമാണെന്നും കീഴ്ക്കോടതി വിധിയില്‍ തെറ്റില്ലെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്ന് വ്യക്തമാക്കിയത്. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതും കോടതി തള്ളിയതും. 

'മുൻകൂട്ടി ആസൂത്രണം ചെയ്‌ത് കുഞ്ഞുങ്ങളെ ഉൾപ്പെടെ കുടുംബാംഗങ്ങളെ ഒന്നൊന്നായി കൊലപ്പെടുത്തുകയും കൊലയ്‌ക്കു മുൻപു മകളെ പീഡനത്തിനിരയാക്കുകയും കൊലയ്‌ക്കു ശേഷം പശ്‌ചാത്താപത്തിന്റെ കണിക പോലുമില്ലാതെ കാമുകിയെ തേടിപ്പോകുകയും ചെയ്‌ത കഠിനഹൃദയനായ പ്രതി ദയ അർഹിക്കുന്നില്ല,' -എന്നായിരുന്നു കീഴ്ക്കോടതി വിധി ശരിവച്ച് ഹൈക്കോടതി അന്ന് പറഞ്ഞത്. 

Tags:
  • Spotlight