Wednesday 22 May 2019 10:24 AM IST : By സ്വന്തം ലേഖകൻ

അഗ്നിഗോളമാകില്ലായിരുന്നു, അംബികാമ്മാളുടെ വാക്കുകൾക്ക് ചെവി കൊടുത്തിരുന്നെങ്കിൽ...

ambika

‘വീടിനു പിൻഭാഗത്തിറങ്ങിയപ്പോൾ പ്ലാസ്റ്റിക് കത്തുന്ന ഗന്ധം; പതിവില്ലാത്ത പുക. മാലിന്യം കത്തിക്കാറുണ്ടെങ്കിലും ഇങ്ങനെ ഉണ്ടാകാറില്ലല്ലോ?’  അംബികാമ്മാളുടെ സംശയം ആരും ഗൗരവത്തിലെടുക്കാത്തതാണു വൻ അഗ്നിബാധയ്ക്കു കാരണമായത്. ചെല്ലം അമ്പ്രല്ല മാർട്ടിലെ തുന്നൽ ജോലികൾ ചെയ്യുന്ന ഇവർ ഗോഡൗണിനു പിന്നിലെ വീട്ടിലാണു താമസിക്കുന്നത്.

രാവിലെ 7.30നു പുക കണ്ടതും അവർ സമീപത്തെ ചായക്കട ഉടമയോടു വിവരം പറഞ്ഞു. പലഹാരങ്ങൾ തയാറാക്കുന്ന തിരക്കായതിനാൽ അദ്ദേഹം കാര്യമായെടുത്തില്ല. മിക്ക കടകളിലും പിൻഭാഗത്തു മാലിന്യം കത്തിക്കാറുണ്ട്. അതുപറഞ്ഞ് അദ്ദേഹം അംബികാമ്മാളിനെ സമാധാനിപ്പിച്ചു. 

അംബികാമ്മാൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പുക കൂടിവരുന്നുണ്ട്. അവരുടെ ഭർത്താവ് ആർ.തങ്കപ്പൻ പുറത്തിറങ്ങി. ചെല്ലം അമ്പ്രല്ല മാർട്ട്, സുപ്രീം ലതേഴ്സ് എന്നിവയുടെ സുരക്ഷാജീവനക്കാരെ തേടിപ്പോയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. ചെല്ലം അമ്പ്രല്ലയ്ക്കു സമീപത്ത് ലോട്ടറി കച്ചവടം നടത്തുന്നയാളിനോടു വിവരം പറഞ്ഞു.

അയാളാകട്ടെ രാവിലെ ലോട്ടറികൾ അടുക്കുന്ന തിരക്കിലും. തങ്കപ്പൻപിള്ള വീട്ടിൽ മടങ്ങിയെത്തി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീടിനു പിൻഭാഗത്തിറങ്ങിയ അംബികാമ്മാൾ തീപടരുന്നതു കണ്ടു. ഭയന്നുവിറച്ച അവർ വീണ്ടും വെളിയിലിറങ്ങി ആളുകളോടു വിവരം പറഞ്ഞപ്പോഴാണു അഗ്നിശനമസേനയെ വിളിക്കുന്നത്.