Wednesday 18 October 2023 12:03 PM IST

‘16 വയസ്സുള്ളപ്പോഴേ വീട്ടുകാർക്ക് വേവലാതിയായി, കൊച്ചിന്റെ കല്യാണപ്രായം കഴിഞ്ഞല്ലോ എന്നോർത്ത്’: കാലം അമ്മയ്ക്കായി കരുതിവച്ചത്

V R Jyothish

Chief Sub Editor

amma-70

‘‘സിന്ധൂരാരുണ വിഗ്രഹാം..............”

അമൃതപുരി ഉണരുകയാണ്. കടൽക്കാറ്റു പോലെ ഒഴുകി വരുന്നുണ്ട് ലളിതാസഹസ്രനാമം.

മൂവായിരത്തോളം ആശ്രമവാസികൾ. ലോകത്തിന്റെ പല കോണുകളിൽ നിന്നു വന്നവർ. പല ഭാഷ സം സാരിക്കുന്നവർ. അവരുെട കണ്ഠങ്ങളിൽ നിന്നു മുഴങ്ങുകയാണ് സഹസ്രനാമങ്ങൾ. പതിറ്റാണ്ടുകളായി ആശ്രമം ഉണരുന്നത് ഇങ്ങനെയാണ്.

ഇത് അമ്മ പഠിപ്പിച്ച പാഠം. നാമാർച്ചനയ്ക്കു ശേഷം വേദാന്ത പഠനം. പിന്നെ ധ്യാനം, യോഗ. അതിനുശേഷമാണ് ആശ്രമവാസികൾ അവരുടെ കർമങ്ങളിലേക്കു കടക്കുന്നത്. വൈകുന്നേരം നാലരയ്ക്ക് അമ്മ ദർശനത്തിനു വരുന്നതുവരെ ആശ്രമം ഇങ്ങനെയായിരിക്കും.

ധ്യാനത്തിൽ പങ്കെടുത്തു ഭക്ഷണം കഴിഞ്ഞു ഞ ങ്ങൾ അമ്മയ്ക്കുവേണ്ടി കാത്തിരുന്നു. അമ്മയെ കാണാൻ നൂറുകണക്കിന് ആൾക്കാർ എത്തിയിട്ടുണ്ട്. എങ്കിലും ഒറ്റവീടിന്റെ നിശബ്ദതയാണ് ആശ്രമത്തിൽ. ഒരു ഇല പോലും അനങ്ങുന്നില്ല. സദാ നാമം ജപിച്ചു ഭക്തജനങ്ങൾ. അടുത്തുള്ള കാളിക്ഷേത്രത്തിൽ നിന്നു മണി മുഴങ്ങുന്നു. മഹാഗണപതിഹോമം കഴിഞ്ഞ ഹോമകുണ്ഡം ഇനിയും പൂർണമായി അണഞ്ഞിട്ടില്ല.

‌അൻപത്തിരണ്ടു വർഷമായി അമ്മയുടെ മടിയിൽ മക്കൾ തല ചായ്ക്കാൻ തുടങ്ങിയിട്ട്. അമ്മയുടെ വാത്സല്യത്തിൽ ലക്ഷക്കണക്കിനു പേർ ദുരിതപർവതം കടന്നു. തൊഴിലു കിട്ടിയവർ, ജീവൻ തിരിച്ചുകിട്ടിയവർ, വിദ്യാഭ്യാസം കിട്ടിയവർ, ഉപജീവനമാർഗം തുറന്നു കിട്ടിയവർ അങ്ങനെയങ്ങനെ... അദ്‌ഭുതങ്ങൾ പറയുന്നവരുണ്ട്. അതിനു സാക്ഷ്യം വഹിച്ചവരുണ്ട്.

‘‘അമ്മ എഴുപതാം വയസ്സിലേക്കു കടക്കുമ്പോൾ ലോകമെങ്ങും ആഘോഷമാണ്. സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതികളാണ് അമ്മയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ആശ്രമം നടപ്പാക്കുന്നത്.’’ ആശ്രമത്തിലെ സ്വാമി അമൃതസ്വരൂപാനന്ദ പുരി പറഞ്ഞു.

അമൃതപുരിക്കു മുകളിൽ ഉച്ചസൂര്യൻ മെല്ലെ ചാഞ്ഞുതുടങ്ങി. ആശ്രമവാസികൾ ദർശന ഹാളിലേക്കു നടക്കുന്നു. അമ്മയുടെ അനുഗ്രഹം തേടി വന്നവരും അക്കൂട്ടത്തിലുണ്ട്. നാലരയാകുമ്പോൾ അമ്മ വരും. പിന്നെ അൽപസമയം ഗീതാപ്രഭാഷണമാണ്. അതിനുശേഷം അര മണിക്കൂർ ധ്യാനം. പിന്നെ സത്‍സംഗ മാണ്. ലോകത്തുള്ള എല്ലാ ഭാഷയിലും അമ്മ ദൈവകീർത്തനങ്ങൾ പാടും. അമ്മയെ ആരതിയുഴിയും. പിന്നീടാണ് ഭക്തർക്കുള്ള ദർശനം. വരുന്നവർ സങ്കടങ്ങൾ പറയും. അമ്മ പരിഹാരം നിർദേശിക്കും. ദർശനം പലപ്പോഴും പുലർച്ച വരെ നീണ്ടു നിൽക്കും. ആശ്രമത്തിന്റെ രാപകലുകൾ ഏറെക്കുറെ ഇങ്ങനെയാണ്.

കൃത്യം നാലരയ്ക്ക് ഹാൾ നിശബ്ദമായി. ഒരു വെ ൺമേഘത്തുണ്ടുപോലെ അമ്മ കടന്നു വന്നു. മക്കൾ എഴുന്നേറ്റുനിന്ന് അമ്മയെ വണങ്ങി. അമ്മ ചിരിച്ചു. 52 വർഷമായി മാതൃവാത്സല്യം ചുരത്തുന്ന ചിരി.

ഗീതാപ്രഭാഷണത്തിനു മുൻപ് അമ്മ ഞങ്ങളെ വിളിപ്പിച്ചു. വനിതയുടെ പ്രിയപ്പെട്ട വായനക്കാർക്കുവേണ്ടി അമ്മ ഞങ്ങളോടു സംസാരിച്ചു.

അമ്മ എഴുപതാം ജന്മദിനം ആഘോഷിക്കുന്നു. കുട്ടിക്കാലത്തെ ജന്മദിനങ്ങൾ എങ്ങനെയായിരുന്നു?

എനിക്കൊരു ജന്മദിനമുണ്ടെന്നു തന്നെ അറിഞ്ഞത് 26ാം വയസ്സിലാണ്. അന്ന് ബ്രഹ്മചാരികൾ ചേർന്നു പായസം വച്ച് ആഘോഷിച്ചു. അങ്ങനെയാണു തുടങ്ങിയത്. കഴിഞ്ഞ നാലഞ്ചു വർഷമായി വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. പ്രളയവും കോവി‍ഡും കാരണം. അമ്മയ്ക്കു ജന്മദിനത്തില്‍ താൽപര്യമില്ല. ആശ്രമത്തിൽ പല സേവനപ്രവർത്തനങ്ങളും തുടങ്ങുന്നത് ഈ ദിവസമാണ്. അതുകൊണ്ടാണ് അമ്മ എതിരൊന്നും പറയാത്തത്.

എന്താണ് അമ്മ അറിഞ്ഞ ഏറ്റവും വലിയ സന്തോഷം?

അമ്മയ്ക്കായി പ്രത്യേകമൊരു സന്തോഷമില്ല. മക്കളുെട സന്തോഷം കാണുമ്പോൾ അമ്മ സന്തോഷിക്കുന്നു. മക്കളുടെ ദുഃഖത്തിൽ അമ്മയും ദുഃഖിക്കുന്നു. അമ്മമാരെല്ലാം അങ്ങനെയല്ലേ? പിന്നെ, ദുഃഖമുണ്ടായാൽ അതു പരിഹരിക്കണ്ടേ. അതിനു ഭൗതികസാഹചര്യങ്ങൾ േവണ്ടേ? ഇവിടെ വരുന്നവരെ നോക്കൂ. പലർക്കും പലതാണു പ്രശ്നം. ചിലത് പരിഹരിക്കാൻ കഴിയും. ചിലതു പെട്ടെന്നു പരിഹരിക്കാൻ കഴിയില്ല.

amma-story

ചെറുപ്പത്തിൽ നല്ല കുറുമ്പായിരുന്നോ?

കുറുമ്പൊന്നുമില്ലായിരുന്നു. പക്ഷേ, അമ്മയോടൊക്കെ ത ർക്കുത്തരം പറയും. അതെന്റെ നാളിന്റെ പ്രത്യേകതയാണ് എന്നാണു വീട്ടുകാര്‍ വിശ്വസിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിൽ തേങ്ങ ഉണക്കി എണ്ണയാട്ടും. എനിക്കു വലിയ ഉത്സാഹമാണ് ആ ജോലി ചെയ്യാൻ. നിന്നെയൊരു കൊപ്രാക്കാരനെക്കൊണ്ടു കല്യാണം കഴിപ്പിക്കാം എന്നൊക്കെ അമ്മ പറയും. ഞാൻ എന്നെ കല്യാണം കഴിച്ചു എന്നാണു എന്റെ മറുപടി. അമ്മയ്ക്ക് അറിയില്ലല്ലോ നമ്മൾ അന്നേ ഈശ്വരനു സമർപ്പിക്കപ്പെട്ട കാര്യം.

പതിനാറാം വയസ്സിൽ അമ്മയ്ക്കു കല്യാണം ആലോചിച്ചു വന്നിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്?

അതേ. എനിക്കു പതിനാറു വയസ്സുള്ളപ്പോഴേ അമ്മയ്ക്കും അച്ഛനും വേവലാതിയായി. കൊച്ചിന്റെ കല്യാണപ്രായം കഴിഞ്ഞല്ലോ എന്നോർത്ത്. ഞങ്ങളുടെ നാട്ടിൽ അന്നൊക്കെ പെൺകുട്ടികളുെട കല്യാണപ്രായം പതിനാലും പതിനഞ്ചുമൊക്കെയാണ്. എന്റെ അമ്മയുടെ കല്യാണവും ഏ താണ്ട് ഇേത പ്രായത്തിലായിരുന്നു. എന്റെ കല്യാണം സംബന്ധിച്ചു വാക്കു ചോദിക്കലൊക്കെ നടന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

കുട്ടിക്കാലത്തേ കടലിനോടും കായലിനോടുമൊക്കെ സംസാരിക്കുമായിരുന്നോ?

സംസാരമൊക്കെ ഈശ്വരനോടായിരുന്നു. വേറാരോടു ഹൃദയം പകരാനാണ്? ഒരു തുരുത്തിൽ ഞങ്ങളുടെ ഒറ്റവീടാണ്. ചുറ്റും വീടുകളൊന്നുമില്ല. കടലിനോട്, കായലിനോട്, കാറ്റിനോട്, കാടിനോട്, പശുവിനോട്, താറാവിനോട് എല്ലാം സംസാരിക്കുമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ വൃശ്ചികമാസത്തിൽ കഞ്ഞിവീഴ്ത്ത് ഉണ്ട്. ഇല വിരിച്ചാണ് കഞ്ഞി വീഴ്ത്തുന്നത്. അമ്മ എന്നോടു കഞ്ഞി കോരി ക്കുടിക്കാനായി നൂറു പ്ലാവില കൊണ്ടുവരാന്‍ പറഞ്ഞു. ഞാൻ ഇരുനൂറ് ഇല കൊണ്ടുവന്നു. അന്ന് അമ്മ പറഞ്ഞു. ഈ നൂറ് ഇല ഇനി എത്രനാൾ നിൽക്കേണ്ടതായിരുന്നു. നമുക്ക് എന്തുമാത്രം പ്രാണവായു തരേണ്ടതായിരുന്നു. അന്നു മുതൽക്കാണു മനുഷ്യനെപ്പോലെ പ്രകൃതിയെയും കരുതണം എന്നു ഞാൻ പഠിച്ചത്.

എന്താണ് അമ്മ പ്രകൃതിയോടു സംസാരിച്ചിരുന്നത്?

പ്രകൃതി ഈശ്വരനാണ്. അപ്പപ്പോൾ തോന്നുന്നതു പറയും. ഒന്നും ഓർത്തു വച്ചിട്ടില്ല. ശരീരത്തിൽ കാറ്റു തട്ടുമ്പോള്‍ നൃത്തം ചെയ്യാൻ തോന്നും. അങ്ങനെ ചെയ്യും. പാട്ടു പാടാൻ തോന്നും. അങ്ങനെ ചെയ്യും.

amma-70-story

ഒരു മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അമ്മയുടെ ദിനചര്യകൾ?

കുട്ടിക്കാലത്തൊക്കെ ഉണർന്നാൽ ഉടൻ ചൂെലടുത്തു മുറ്റമടിക്കണം. പക്ഷേ, ഒരു ഈർക്കിൽ പോലും ചൂലിൽ നിന്നു താഴെ വീഴാൻ അമ്മ സമ്മതിക്കില്ല. അങ്ങനെ ഈർക്കിലു കളഞ്ഞതിന് അമ്മ തല്ലിയിട്ടുണ്ട്. ഓരോ ഈര്‍ക്കിലിലും ഒരു ചൂലിനെ കാണാനാണു അമ്മ പഠിപ്പിച്ചത്. അനേകം ഈര്‍ക്കിലുകള്‍ ചേരുന്നതാണല്ലോ ഒരു ചൂല്. അതിനാല്‍ ഓരോ ഈര്‍ക്കിലും വിലപ്പെട്ടതാണെന്ന് അമ്മ പറയും. ഈർക്കിലിൽ നിന്നു അമ്മ എന്നെ പഠിപ്പിച്ച പാഠം ‘ചെറുതിൽ വലുതു കാണുക’ എന്നതാണ്. ചെറിയ സന്തോഷങ്ങളെ വലിയ സന്തോഷമായി കാണുക. ചെറിയ സുഖങ്ങളെ വലിയ സുഖമായി കാണുക – അങ്ങനെ ചെയ്താൽ ജീവിതം വളരെ വൃത്തിയുള്ളതായിരിക്കും.

ജോലി െചയ്തു ക്ഷീണിച്ചു എന്ന് ഒരിക്കലും പറയരുതെന്ന് അമ്മ പറയാറുണ്ട്. ‘ഇനിയും െചയ്യാൻ ജോലി തരു ദൈവമേ’ എന്നാണു പ്രാർഥിക്കേണ്ടത്. ഞാൻ അങ്ങനെ പ്രാർഥിച്ചു. ഇപ്പോഴും പ്രാർഥിക്കുന്നു. പലരും പറയുന്നതു ക്ഷീണമാണ് എപ്പോഴും എന്നാണ്. അങ്ങനെ പറയുന്നത് മടി കൊണ്ടാണ്. ജോലിയിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നുമൊക്കെ ഒളിച്ചോടാനുള്ള വാക്കായി ക്ഷീണം മാറി. ഞാൻ ചെയ്യുന്നത് ഈശ്വരന്റെ ജോലിയാണ്. അതുകൊണ്ടു ജോലി തരൂ എന്നുതന്നെയാണ് ഈ അമ്മ ഇപ്പോഴും പ്രാർഥിക്കുന്നത്. പിന്നെ പ്രേമമുള്ളടത്തു ഭാരമില്ലല്ലൊ.

അഭിമുഖത്തിന്റെ പൂർണരൂപം വനിത സെപ്റ്റംബർ അവസാന ലക്കത്തിൽ

ഫോട്ടോ: ഹരികൃഷ്ണൻ