Wednesday 21 July 2021 12:23 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ ഒന്നാണ് ഇന്ന്, അപ്പോ പോയേച്ചും വരാം’: അനന്യ പറഞ്ഞു: വേദനയായി ആ ചിത്രം

ananya-ananya

ഒരു വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2020 ജൂൺ 14 ന് അനന്യ അലക്സ് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ജീവിതത്തിന്റെ നിർണായക ഘട്ടത്തിനു മുമ്പുള്ള സന്തോഷങ്ങളും പ്രതീക്ഷകളും പങ്കുവച്ച് അവളെഴുതിയത് സ്വന്തം ശരീരത്തെയും മവനസ്സിനൊപ്പം താൻ ആഗ്രഹിക്കുന്ന രീതിയിലേക്കു മാറ്റുന്നതിനെക്കുറിച്ചായിരുന്നു.

ananya-alex

‘ഒരു ട്രാൻസ്‌ജെൻഡർ യുവതി എന്ന നിലയിൽ മനസാഗ്രഹിക്കുന്ന പോലെ ശരീരത്തെ പാകപ്പെടുത്താനുള്ള യാത്രയിലെ പ്രധാനപ്പെട്ട ദിവസം. മറ്റാരുടെയും താളത്തിനു തുള്ളാതെ ഞാൻ ഞാനായി ജീവിക്കാൻ ആഗ്രഹിക്കുന്നു... അതിനി ശരീരം കൊണ്ടാണെങ്കിലും മനസുകൊണ്ടാണെങ്കിലും ജീവിതത്തിലെ ഓരോ തീരുമാനങ്ങളും നിലപാടുകളും കൊണ്ടാണെങ്കിലും’. – അനന്യ കുറിച്ചു. പക്ഷേ, ആ വലിയ സ്വപ്നവും അതിലേക്കുള്ള യാത്രയും അവൾക്ക് സമ്മാനിച്ച വേദന വാക്കുകൾക്കതീതമായിരുന്നു. അതുകൊണ്ടാണല്ലോ, ഒരു വർഷത്തിനിപ്പുറം വേദനകളില്ലാത്ത മറ്റൊരു ലോകത്തേക്കു പോകാൻ അവളൊടുവിൽ മനസ്സുറപ്പിച്ചതും.

‘നീ ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് വീണ്ടും വീണ്ടും എനിക്കൊന്നേ പറയാനുള്ളൂ, ‘ഞാൻ ആണുമല്ല പെണ്ണുമല്ല, ഞാനൊരു ട്രാൻസ്‌ജെൻഡർ വ്യക്തിയാണ്’. ആണിലും പെണ്ണിലും ഒതുങ്ങി നിൽക്കാനല്ല, മറിച്ച് ആണും പെണ്ണുമല്ലാത്ത ട്രാൻസ്‌ജെൻഡർ മനുഷ്യരും അതുപോലെ വ്യത്യസ്തമായ ഒരുപാട് ജെൻഡറിൽ പെട്ട മനുഷ്യരും ഈ ലോകത്ത് ഉണ്ടെന്നും ഓരോരുത്തർക്കും അവരവരായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ഈ ലോകത്ത് ഉണ്ടെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ, ആ പരമ സത്യം ജീവിത പോരാട്ടം കൊണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞു ജീവിക്കാനാണെനിക്കിഷ്ടം. അപ്പോ പോയേച്ചും വരാം’.– ശസ്ത്രക്രിയാ മുറിയിലേക്കു കയറും മുമ്പ് പകർത്തിയ തന്റെ സെൽഫിയോടൊപ്പം അനന്യ കുറിച്ചു.

ananya-new

എന്നാൽ ആ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് അനന്യ പുറത്തിറങ്ങിയത് തന്നെ മരണത്തിലേക്കു വലിച്ചിഴയ്ക്കുന്ന ഒരു വേദനയെയും ശരീരത്തിൽ പേറിയായിരുന്നു. വേദന ശരീരത്തിന്റെ ഓരോ കോശങ്ങളെയും ഞെരിച്ചുടയ്ക്കുന്ന നിമിഷങ്ങളായിരുന്നു പിന്നീടുള്ള അവളുടെ ജീവിതത്തെ ദുരിതക്കയത്തിലേക്കു തള്ളിയത്. താൻ ജീവിതകാലം മുഴുവൻ താലോലിച്ച ആ സ്വപ്നം വികലമായ ഒരു സത്യം പോലെ അവളെ വേട്ടയാടാൻ തുടങ്ങി. ആഗ്രഹിച്ചതിലേക്കെത്തിപ്പെട്ടില്ലെന്നു മാത്രമല്ല, അപ്രതീക്ഷിതമായി കുടിയേറിയ വേദനയുടെ കൂടാകുകയും ചെയ്തു ആ ശരീരം.

ഒടുവില്‍ സഹിക്കാനാകാത്ത മാനസിക ശാരീരിക പീഡകൾക്കൊടുവിൽ അവൾ അതു തുറന്നു പറഞ്ഞു -
വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. എന്റെ യോനി ഭാഗം എന്ന്് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെയാണ്. നമ്മുടെ കൈയ്യില്‍ ഒരു തുരങ്കുമുണ്ടാക്കിയാല്‍ എങ്ങനെ ഉണ്ടാവും. അതു പോലെ ഒരു അവസ്ഥയാണ്. യോനിയുമായി ഒരു സാമ്യമില്ലാത്ത അവസ്ഥ. എനിക്കിത് തുറന്നു പറയുന്നതിന് ഒരു മടിയുമില്ല. എനിക്ക് നീതി കിട്ടണം. എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല.

ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്’’. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനന്യ പറഞ്ഞത് ഞെട്ടലേടെയാണ് മലയാളികൾ കേട്ടത്. എന്നാൽ അതു ചർച്ചയാകും മുമ്പേ അനന്യ ജീവനൊടുക്കി. അതിജീവനത്തിന്റെ പതാകവാഹകയായി ട്രാൻസ് സമൂഹത്തിനാകെ ആത്മവിശ്വാസം പകർന്നിരുന്ന അനന്യയ്ക്ക് ഒടുവിൽ താനനുഭവിക്കുന്ന വേദനയെ പ്രതിരോധിച്ച് നിൽക്കാനായില്ലെന്നതാണു സത്യം.

ക്ലബ് ഹൗസിൽ നടന്ന ചർച്ചകളിലും തന്റെ സുഹൃത്തുക്കളോടുമൊക്കെ താൻ അനുഭവിക്കുന്ന വേദനയെക്കുറിച്ച് അനന്യ പറഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കുകയും ചെയ്തു.

ക്ലബ് ഹൗസിലെ ചർച്ചയിൽ തന്റെ സർജറിയിൽ വന്ന വീഴ്ച്ചകളെ കുറിച്ചാണ് അനന്യ സംസാരിച്ചത്. മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റുന്നില്ലെന്നും,വല്ലാത്ത വേദനയാണെന്നും അനന്യ ചർച്ചയിൽ പറഞ്ഞു.

ഒരു വർഷത്തിനു ശേഷം, മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, 2021 ജൂലൈ 13 ന് ലിംഗമാറ്റ ശസ്ത്രക്രിയയിൽ പുലർത്തേണ്ട ശ്രദ്ധയെക്കുറിച്ചും, തിടുക്കം കാട്ടരുതെന്നു വ്യക്തമാക്കിയും ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

‘സർജറി എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും എന്നതിൽ എനിക്ക് സംശയം ഒട്ടും ഇല്ല. പക്ഷെ സർജറിയെ നമ്മൾ ഏറ്റവും വിവേകത്തോടെ വേണം സമീപിക്കാൻ. നമ്മൾ തിരഞ്ഞെടുക്കുന്ന ആശുപത്രിയും ഡോക്ടർ മാരും ഒക്കെ അത്രമേൽ പ്രധാനപെട്ട ഒന്നാണ്.

നമ്മൾ സമീപിക്കുന്ന ഡോക്ടർ ഈ വിഷയത്തിൽ എത്രമാത്രം സ്കിൽ ഉള്ള ആളാണെന്നും, അയാൾക്ക് എത്ര കണ്ടു അനുഭവ സമ്പത്തുണ്ട് എന്നും നമ്മൾ വളരെ നന്നായി പരിശോധിക്കേണ്ടത് അത്യാവശ്യം ആണ്. ഡോക്ടർമാർക്ക് ചെയ്തു തെളിയാൻ ഒരാള്‍ കഴിഞ്ഞാൽ അടുത്തയാള് വരും. നമ്മുക്ക് ജീവിതം ഒന്നേ ഉള്ളു.

anan

സർജറിക്ക് മുൻപ് തന്നെ എന്തൊക്കെ ആണ് നമ്മുടെ ശരീരത്തിൽ അവർ ചെയ്യാൻ പോകുന്നത് എന്ന് വിശദമായി തന്നെ ചോദിച്ചു മനസിലാക്കുക. പണ്ട് മരിക്കുമോ ജീവിക്കുമോ എന്നുപോലും ഉറപ്പില്ലാതെ പ്രകൃത സർജറികൾ ഒക്കെ ചെയ്തിരുന്ന ആ കാലം കഴിഞ്ഞു. ലോകം ട്രാൻസ്‌ജെന്‍ഡർ ആരോഗ്യത്തിൽ ബഹുദൂരം പോയി കഴിഞ്ഞു.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജീവിതവും ശരീരവും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മാത്രമാണ് പ്രധാനപ്പെട്ടത്. ബാക്കിയുള്ളവർക്ക് ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികൾ മാത്രമാണ് നമ്മൾ.

അതുകൊണ്ട് നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കുക’.– കുറിപ്പ് ഇങ്ങനെ.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് അനന്യയെ കണ്ടെത്തിയത്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജോക്കിയായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.