Wednesday 20 November 2019 03:10 PM IST : By സ്വന്തം ലേഖകൻ

പ്രണയിനിയെ കാണാൻ കാൽനടയായി സ്വിറ്റ്സർലൻഡിലേക്ക്; പാതിവഴിക്ക് പാകിസ്ഥാന്‍ പൊലീസ് പൊക്കി; പ്രശാന്തിന് സംഭവിച്ചത്

pak

പ്രണയം തലയ്ക്കു പിടിച്ചാൽ അങ്ങനെയാണ്. ചിലർ പ്രിയപ്പെട്ടവർക്കു വേണ്ടി ചോര ചിന്തും. മറ്റു ചിലർ ചുറ്റുമുള്ളതെല്ലാം ഉപേക്ഷിക്കും, ചിലരാകട്ടെ പ്രിയപ്പെട്ടവർക്കു വേണ്ടി കാടും മേടും അതിരുകളും വരെ താണ്ടും. ഇവിടെയിതാ ഒരു പ്രണയപരവശനായ ഒരു നായകൻ കാമുകിക്ക് വേണ്ടി വച്ചുപിടിച്ചത് അടുത്തെങ്ങുമല്ല, സ്വിറ്റ്സർലൻഡിലേക്കാണ്. പക്ഷേ പ്രണയകഥ ഹാപ്പി എൻഡിംഗ് ആയില്ലെന്ന് മാത്രം. കക്ഷിയെ പോകും വഴി പാകിസ്ഥാൻ പൊലീസ് കയ്യോടെ പൊക്കി.

ഹൈദരാബാദിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയർ എൻജിനിയർ പ്രശാന്ത് വൈന്ദമാണ് ഈ പ്രണയ നായകൻ. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനായിരുന്നു പ്രശാന്തിന്റെ പ്രയാണം. ആന്ധ്രാ പ്രദേശിൽ നിന്നാണ് സ്വിറ്റ്‌സർലൻഡ്കാരിയായ കാമുകിയെ കാണാൻ ഇയാൾ കാൽനടയായി പുറപ്പെട്ടത്. യാത്രാ മധ്യേ അനധികൃതമായി അതിർത്തി ലംഘിച്ച് കടന്നതിനാണ് ഇയാളെ പിടികൂടുകയായിരുന്നു. അതേസമയം ‌ഇയാൾ എങ്ങനെ പാകിസ്ഥാനിലെത്തി എന്നതിന് കൃത്യമായ വിവരങ്ങളില്ല.

പ്രശാന്ത് പിടിയിലായതിനു പിന്നാലെ ചില പാക് മാധ്യമങ്ങളിൽ പ്രശാന്ത് ഇന്ത്യൻ ചാരനാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അത്തരം വാർത്തകളെല്ലാം പ്രശാന്തിന്റെ കുടുംബാംഗങ്ങൾ നിഷേധിച്ചു. തന്റെ മകന്‍ പ്രണയ നൈരാശ്യം കാരണം വീടുവിട്ട് പോയതാണെന്നും ചാരനല്ലെന്നും പ്രശാന്ത് വൈദാനത്തിന്റെ അച്ഛന്‍ പ്രതികരിച്ചു. 31 മാസത്തിന് മുമ്പ് മനോവിഷമത്തെ തുടര്‍ന്ന് വീട് വിട്ടുപോയ മകന്‍ ജീവനോടെയുണ്ടെന്ന് അറിയുന്നത് ഇപ്പോഴാണെന്നും അച്ഛന്‍ ബാബു റാവു വൈന്ദം പറ‌യുന്നു. സ്വിറ്റ്സർലാൻഡിലുള്ള പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതാണെന്ന തരത്തിലുള്ള വാർത്തകൾ പ്രശാന്തിന്റെ കുടുംബം നിഷേധിച്ചു. ബംഗളുരിവിലെ പ്രശാന്തിന്റെ സഹപ്രവർത്തകയാണ് ഈ യുവതിയെന്നാണ് കുടുംബാംഗങ്ങളുടെ വാദം.

പ്രശാന്തിനൊപ്പം മധ്യപ്രദേശ് സ്വദേശിയെയും പിടികൂടിയതായി സൂചനയുണ്ട്. ഇതിന് പിന്നാലെ പാക്ക് പൊലീസിന്റെ സാന്നിധ്യത്തിൽ ഇയാൾ തെലുങ്കിൽ സംസാരിക്കുന്ന ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 'മമ്മിക്കും ഡാഡിക്കും സുഖമല്ലേ? പൊലീസ് സ്റ്റേഷനിൽനിന്ന് അവരെന്നെ കോടതിയിൽ ഹാജരാക്കി. ഇനി ജയിലേക്ക് കൊണ്ടുപോകും. ശേഷം ഇന്ത്യൻ എംബസ്സിയെ വിവരമറിയിക്കും. അതിന് ശേഷം എനിക്ക് നിങ്ങളുമായി ബന്ധപ്പെടാൻ സാധിക്കും. ജാമ്യത്തിന് വേണ്ട കാര്യങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും ജയിലിൽ കഴിയുന്നവരെ കൈമാറാറുണ്ട്. പക്ഷെ അതിന് കുറച്ച് സമയമെടുക്കും', പ്രശാന്ത് വിഡിയോയിൽ പറയുന്നു.