Wednesday 23 November 2022 03:58 PM IST : By സ്വന്തം ലേഖകൻ

ചികിത്സ നല്‍കിയില്ല; നീങ്ങാൻ പോലുമാകാതെ വഴിയില്‍ പ്രസവവേദന കൊണ്ടു പുളഞ്ഞ് യുവതി, ആശുപത്രിക്ക് മുന്നിൽ പ്രസവിച്ചു!

baby-birth-andra-viralll

പ്രസവ വേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയെ തനിച്ചുവന്നു എന്ന കാരണത്താൽ ആശുപത്രി അധികൃതർ മടക്കി അയച്ചു. തുടര്‍ന്ന് അതേ ആശുപത്രിയ്ക്ക് സമീപമുള്ള പൊതുവഴിയിൽ യുവതി കുഞ്ഞിനു ജന്മം നൽകി. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള മെറ്റേണിറ്റി ആശുപത്രിക്ക് മുൻപിൽ ആണ് സംഭവം. 

പ്രവേശനം നിഷേധിച്ച ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ ശേഷവും യുവതി പ്രസവവേദന കൊണ്ട് നിലവിളിക്കുകയായിരുന്നു. മറ്റൊരിടത്തേക്ക് നീങ്ങാൻ പോലും സാധിക്കാതെ വഴിയിൽ തന്നെ കിടക്കേണ്ടി വന്നു. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ചില സ്ത്രീകൾ തുണി ഉപയോഗിച്ച് അവരെ മറച്ചുപിടിക്കുകയായിരുന്നു. മറ്റൊരു പുരുഷനും ഇവരുടെ സഹായത്തിനായി എത്തി. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനായ ഇദ്ദേഹമാണ് കുഞ്ഞിനെ പുറത്തെടുക്കാൻ സഹായിച്ചത്.

പ്രസവം നടന്നശേഷം അമ്മയെയും കുഞ്ഞിനെയും ഇതേ ആശുപത്രിയിൽ തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. യുവതി മുൻപ് ഇതേ ആശുപത്രിയിൽ ചികിത്സ തേടാതിരുന്നത് മൂലം അവരുടെ അവസ്ഥയെപ്പറ്റി കൃത്യമായി അറിയില്ലായിരുന്നു ആശുപത്രി അധികൃതര്‍ നൽകിയ വിശദീകരണം. അതേസമയം, സംഭവം വാർത്തയായതോടെ തിരുപ്പതി ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥൻ ശ്രീഹരി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതൊരു സാഹചര്യത്തിലും ആശുപത്രികളെ സമീപിക്കുന്ന ഗർഭിണികൾക്ക് ചികിത്സ നിഷേധിക്കാൻ പാടില്ല എന്നും ആരോഗ്യവകുപ്പ് പറയുന്നു. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി വികസിത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ആശുപത്രി തന്നെ ഗർഭിണിക്കു പ്രസവ ചികിത്സ നിഷേധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉൾഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്കു കൃത്യമായ ചികിത്സാ സൗകര്യങ്ങൾ ലഭിക്കാൻ എത്രത്തോളം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടാവാം എന്ന ചർച്ചയും സജീവമാണ്.

Tags:
  • Spotlight