Thursday 26 October 2023 02:19 PM IST

‘ഇത്രയും മെലിഞ്ഞ് ഈ പൊക്കം കൂടി ആയാൽ എങ്ങനെ കല്യാണം ശരിയാകും?’: സൗന്ദര്യം ഇരുമ്പുലക്കയല്ല: ഇവർ പറയുന്നു

Shyama

Sub Editor

anju-body-shaming

നിമിഷ തിരുവാതിര കളിക്കാൻ നിൽക്കണ്ടാ ട്ടോ.. ഒരു കാര്യം ചെയ്യ്. ആ പാട്ടു പാടുന്നോരുടെ കൂടെ നിന്നോ.’’ നിറത്തിന്റെ പേരിൽ ഇത് ആദ്യമായിട്ടല്ല മാറ്റി നിർത്തപ്പെടുന്നത്. പക്ഷേ.. ഇത്തവണ സ്വന്തം ടീച്ചറാണ് പറയുന്നത്. ഇതു കേൾക്കുന്ന ‘നിമിഷമാരുടെ’ മാനസികാവസ്ഥ എന്തായിരിക്കും എ ന്ന് ഈ പറയുന്നവർ ഓർക്കുന്നുണ്ടോ?

ആ ചകിരി മുടി ഒന്ന് ചീകിയൊതുക്കി വച്ചൂടെ? വീട്ടിലെ എല്ലാവർക്കുമുള്ള റേഷൻ നീയാണോ കഴിച്ചു തീർക്കുന്നത്? മുന്നും പിന്നും ഇല്ലാതെ വര പോലെ നടന്നാൽ നിന്നെ ഏതു ചെക്കൻ കെട്ടും? മുടി കളറ് ചെയ്തു നടന്നാ തലതെറിച്ചതാണെന്നു നാട്ടുകാരോർക്കില്ലേ? അത്ര ചുവന്ന ചായമൊന്നും ചുണ്ടിലിട്ടു നടക്കുന്നതു കുടുംബത്തിൽ പിറന്നോർക്കു ചേർന്നതല്ല, നീ മഞ്ഞയൊന്നുമിടണ്ടാ, ഒന്നൂടെ ഇരുണ്ടിരിക്കും തുടങ്ങി പരിഹാസ തിരമാലകൾ ഒന്നിനു പിറകെ മറ്റൊന്നായി സമൂഹം പെൺകുട്ടികൾക്കു നേരെ അയച്ചു കൊണ്ടിരിക്കും. കാലം പോകെ എത്ര വലിയ തിരമാലയ്ക്കു മുകളിലൂടെയും തകരാതെ മുന്നേറാനുള്ള കരുത്ത് അവർ ആർജിക്കുമെന്നു ചുറ്റുമുള്ളവരും മനസിലാക്കേണ്ടതുണ്ട്.

ഒരാളുടെ ശരീരത്തെ കുറിച്ചു ചോദിക്കാതെ അഭിപ്രായം പറയുന്നതിന്റെ പേര് ‘കെയറിങ്’ എന്നോ സ്നേഹമെന്നോ അല്ല, മറിച്ച് അതു മറ്റൊരാളുടെ അതിർവരമ്പിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാം.

ഒന്നും കഴിക്കാറില്ലേ’ എന്നൊക്കെ സ്ഥിരം കേൾക്കും

അഞ്ജു, അധ്യാപിക,

ഐഡിയൽ പബ്ലിക് സ്കൂൾ, ആലുവ.

മെലിഞ്ഞ ശരീര പ്രകൃതിയാണെനിക്ക്. ചെറുപ്പം മുതലേ ചടങ്ങിനൊക്കെ പോകുമ്പോൾ ‘ഒന്നും കഴിക്കാറില്ലേ?’ എന്നൊക്കെ സ്ഥിരം കേൾക്കും. അതൊക്കെ അന്നേ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് ‘ഇത്രയും മെലിഞ്ഞ് ഈ പൊക്കം കൂടി ആയാൽ എങ്ങനെ കല്യാണം ശരിയാകും?’ എന്നൊക്കയായി. പക്ഷേ, വണ്ണം കുറഞ്ഞെന്നു വച്ച് എനിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലായിരുന്നു.

മുതിർന്നപ്പോൾ ഇത്തരം കമന്റുകളിൽ അർഥമില്ലെന്നു തോന്നിത്തുടങ്ങി. ‘സാരി ഉടുത്താൽ കൊള്ളില്ല. ഇന്ന ഉടുപ്പിട്ടാൽ ചേരില്ല.’ എന്നൊക്കെയായിരുന്നു പിന്നത്തെ ‘കരുതൽ’. കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവ് എല്ലാ കാര്യത്തിനും നല്ല സപ്പോർട്ട് ആയിരുന്നു.

ഗർഭിണിയായിരിക്കുമ്പോൾ ആളുകളുടെ കമന്റുകൾ ടെൻഷനടിപ്പിച്ചിട്ടുണ്ട്. അഞ്ചാം മാസത്തിലും എ നിക്കത്ര വയറുണ്ടായിരുന്നില്ല. ആ സമയത്തു വയറിൽ തൊട്ട് ‘ഈശ്വരാ വളർച്ചയുണ്ടോ... വയറൊന്നും കാണുന്നില്ലല്ലോ.’ എന്നു പറഞ്ഞിരുന്നു. അവർ ആ ശ്ചര്യത്തോടെ പറഞ്ഞതാണെങ്കിലും നമുക്ക് ആ സ മയത്ത് അതു പ്രശ്നമാണ്. ഡോക്ടറാണ് അതു കാര്യമാക്കേണ്ട എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചത്. പ്രസവം നോർമൽ ആയിരുന്നു.

ഇന്നത്തെ കുട്ടികൾ അവരുടെ ശരീരത്തെ പറ്റി ആരെങ്കിലും കമന്റ് പറഞ്ഞാൽ ചുട്ട മറുപടി തിരികെ കൊടുക്കുന്നതു കാണുമ്പോൾ സത്യം പറഞ്ഞാ സ ന്തോഷമുണ്ട്. ചിലർ അതു തീർത്തും അവഗണിച്ച് വിടാറുമുണ്ട്. നല്ല കാര്യമെന്നേ പറയാനുള്ളൂ.’’

(തുടരും)