Saturday 09 February 2019 06:50 PM IST

ജൂബി പഠിച്ചിറങ്ങിയത് റാങ്കോടെ, ‘അമ്മയേയും ഭാര്യയേയും ഒരേ തട്ടിൽ കാണുന്നവരെ’ നിയമത്തിനു മുന്നിൽ എത്തിക്കാൻ അനൂപ്! സ്ത്രീത്വത്തെ അപമാനിച്ചവർ കുടുങ്ങും

Binsha Muhammed

juby

‘തമാശയും ട്രോളും പരിഹാസവുമെല്ലാം നല്ലത് തന്നെയാണ്. അതൊരു പെണ്ണിന്റെ ജീവിതം വച്ചു കൊണ്ടാകരുത്. എല്ലാം സഹിച്ചു... ക്ഷമിച്ചു. ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എല്ലാം ആസ്വദിച്ചു, പക്ഷേ ഒരു ലിമിറ്റിനപ്പുറം എന്നേയും ഭാര്യയേയും അധിക്ഷേപിച്ചത് കൈയും കെട്ടി നോക്കിയിരിക്കാൻ കഴിയില്ല. പ്രായത്തിന്റെ പേരിൽ അവളെ താറടിച്ചു കാട്ടിയത് ഒരിക്കലും സഹിക്കാനാകില്ല. ഞങ്ങൾക്കും ഇവിടെ ജീവിക്കണമല്ലോ....’– വേദനയും രോഷവും സമം ചേരുന്നതായിരുന്നു അനൂപിന്റെ വാക്കുകൾ.

വധുവിന് പ്രായം 45, വരന് 25. പെണ്ണിന് ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.'' ഫെബ്രുവരി 4ന് വിവാഹിതരായ കണ്ണൂർ ചെറുപുഴ സ്വദേശികൾ അനൂപ് പി. സെബാസ്റ്റ്യൻറേയും ജൂബി ജോസഫിന്റെയും ഫൊട്ടോ വെച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന സന്ദേശത്തിൽ നിന്നുമാണ് പ്രശ്നങ്ങളുടെ തുടക്കം. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരൻ വിവാഹത്തിന് തയ്യാറായതെന്നുമുള്ള അത്ഭുതത്തോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്. മറ്റൊരാളെ കുത്തിനോവിച്ച് ആനന്ദം കണ്ടെത്തുന്ന പതിവ് സോഷ്യൽ മീഡിയ ‘കലാപരിപാടിയുടെ’ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഇത്. സത്യവും മിഥ്യയും തിരിച്ചറിയാതെ സൈബർ വെട്ടുകിളികൾ വാർത്ത സോഷ്യൽ ലോകത്ത് കാട്ടുതീ പോലെ പടർത്തുകയും ചെയ്തു. പക്ഷേ ആ ഇല്ലാക്കഥയുടെ പേരിൽ, വേദനയിൽ മുളകുപുരട്ടും വിധമുള്ള ക്രൂരമായ തമാശയുടെ പേരിൽ അനൂപും ജൂബിയും എത്രമാത്രം വേദനിച്ചു എന്നു മാത്രം ആരും തിരക്കിയില്ല. പരിഹാസവും അവഹേളനങ്ങളും പരിധി വിടുമ്പോൾ വാർത്ത പ്രചരിപ്പിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ഒരുങ്ങുകയാണ് അനൂപ്. ‘

juby-3

‘വിഷയം ചൂണ്ടിക്കാട്ടി കണ്ണൂർ എസ്പി മുഖാന്തിരം പരാതി നൽകിക്കഴിഞ്ഞു. വനിത കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് ഞങ്ങൾ’.–‘വനിത ഓൺലൈനിനോട്’ സംസാരിച്ച് തുടങ്ങുകയാണ് അനൂപ്. ‘എല്ലാ തമാശയും അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു യുവാവ് തന്നെയാണ് ഞാൻ. പക്ഷേ ഇത് എന്തിന്റെ പേരിൽ ക്ഷമിക്കും എന്ന് നിങ്ങൾ തന്നെ പറയൂ. എന്നെ ചൊറിയാൻ വന്നത് പോട്ടെ, എന്റെ വീട്ടിലേക്ക് വന്നു കയറിയ പെണ്ണിനെ ഇവ്വിധം അപഹസിക്കാൻ വരുന്നവൻമാരെ എന്ത് ചെയ്യണം. 45കാരിയെ വിവാഹം കഴിച്ച എനിക്ക് അമ്മയുടെ വാത്സല്യവും ഭാര്യയുടെ സ്നേഹവും ഒരു പോലെ ലഭിക്കും എന്ന് ചിലർ കമന്റിടുന്നതു കണ്ടു. അത്തരക്കാരോട് ഒന്നേ തിരിച്ചു ചോദിക്കാനുള്ളൂ. അവരുടെയൊക്കെ വീട്ടിൽ ഭാര്യയേയും അമ്മയേയും ഇങ്ങനെ ഒരേ തട്ടിലാണോ വച്ചിരിക്കുന്നത്. രണ്ട് പേരെയും ഒരു പോലെയാണോ സമീപിക്കുന്നത്.’– അനൂപിന്റെ വാക്കുകളിൽ രോഷം.

juby-2

ജൂബി സ്കൂളിൽ പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു റാങ്കോടു കൂടി പാസായി. അവൾക്ക് മലയാളം നന്നായി വായിക്കാനറിയില്ല. സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ പലരും പറഞ്ഞാണ് അറിയുന്നത്. കേട്ടപ്പോഴെ തളർന്നു അവൾ പോയി. കരഞ്ഞും സങ്കടപ്പെട്ടും പുള്ളിക്കാരി ആകെപ്പാടെ ഡെസ്പായി. ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. ആഫ്റ്റർ ഓൾ അവളൊരു പെണ്ണല്ലേ. അവളെന്നല്ല ലോകത്തൊരു പെണ്ണും ഇങ്ങനെയുള്ള കുത്തുവാക്കുകൾ സഹിക്കില്ല. പോട്ടെ, ഈ പറയുന്നവർ ഇവരുടെ വീട്ടിലുള്ളവരെ കുറിച്ച് ഇങ്ങനെ പെരുമാറുമോ.

ഇനി പ്രായം ഞങ്ങൾക്ക് പ്രായം 28 ആയാലും 48 ആയാലും ഈ സദാചാര കഴുകൻമാർക്ക് എന്താണ്. ഇന്ത്യാ മഹാരാജ്യത്ത് വിവാഹം കഴിക്കാൻ സ്ത്രീകൾക്ക് 18 വയസ്സ് തികഞ്ഞാൽ മതി, പുരുഷൻമാർക്ക് 21. അതിൽ കൂടുതൽ ഭാര്യയുടെയും ഭർത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട. എനിക്ക് ഇരുപത്തിയൊമ്പതും ജൂബിക്ക് ഇരുപത്തിയേഴുമാണ് പ്രായം, അതു കൊണ്ട് ആ പേടിയുമില്ല. പിന്നെ ഞാന്‍ കോടികൾ വാങ്ങിച്ചു എന്നൊക്കെ പറയുന്നു. ഞാൻ എത്ര വാങ്ങിയാൽ ഇവർക്കെന്താ.

juby-4

പിന്നെ ഈ സൈബർ വെട്ടുകിളികളുടെ ദുഷ്പ്രചരണത്തിന്റെ പേരിൽ ജീവിതാവസാനം വരെയും ശോകമടിച്ചിരിക്കാനൊന്നും ഞങ്ങളെ കിട്ടില്ല. ഞങ്ങൾ ജീവിതം തുടങ്ങുകയാണ്, സന്തോഷത്തോടെ തന്നെ. യാത്രകളും വിരുന്നുകളുമൊക്കെയായി ഹാപ്പി മൂഡിലേക്ക്. പുള്ളിക്കാരിയെ പതിയെ പതിയെ ഹാപ്പിയാക്കി കൊണ്ടു വരികയാണ്.

പിന്നെ ഇതൊന്നും ഇവിടം കൊണ്ട് അവസാനിക്കില്ല, വിവാഹത്തിന്റെ എല്ലാ സന്തോഷവും കെടുത്തിക്കളയുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഞങ്ങളെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയവരെ വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും. ’

– അനൂപ് പറഞ്ഞു നിർത്തി.