Saturday 10 October 2020 04:14 PM IST

‘നാലുപേർ കൂടി കഴിഞ്ഞാൽ ലിസ്റ്റിൽ അവന്റെ ഊഴമായിരുന്നു, ഒഴിവുകളും ഉണ്ടായിരുന്നു; കുറച്ചുകൂടി മനുഷ്യത്വപരമായി പെരുമാറാമായിരുന്നു’

Tency Jacob

Sub Editor

anu-death5566vv ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘‘എന്റെ അനുമോനെവിടെ...’’എന്നു ചോദിച്ചുള്ള അമ്മയുടെ ഇടറിയ കരച്ചിലാണ് ഇന്ന് ആ വീടിന്റെ ഒച്ച. മൂന്നര സെന്റിലെ പണി പൂർത്തിയാകാത്ത ഇടുങ്ങിയ വീടിനു മുന്നിലിരിക്കുന്ന പ്രതിഷേധ സമരസ്വരങ്ങളെയെല്ലാം പലപ്പോഴും  നിശബ്ദമാക്കുന്നുണ്ടായിരുന്നു ഹൃദയം നുറുങ്ങിയുള്ള ആ നിലവിളി.

‘‘ജോലി കിട്ടി, കാക്കി വേഷമിട്ട് ഒരു ദിവസം അമ്മയുടെ മുൻപിൽ വരുമെന്നു പറഞ്ഞിരുന്നതാണ് മോൻ. എന്റെ മോനെ തിരിച്ചു തരൂ.’’ അമ്മ കരഞ്ഞു കൊണ്ടേയിരുന്നു.

തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം പൂർണവിളാകത്തു പുത്തൻവീട്ടിൽ എസ്. അനു, സർക്കാർ ജോലി എന്ന സ്വപ്നം ഇല്ലാതായതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തത്. കോവിഡ് മൂലം നിയമനം നടക്കാതിരിക്കുകയും  കാലാവധി തീർന്ന് പിഎസ്‌സി  ലിസ്റ്റ് റദ്ദാക്കുകയുമായിരുന്നു.

യോഗ്യതയില്ലാത്തവർക്കു ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന അനർഹമായ നിയമനങ്ങൾ വാർത്തകളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. അപ്പോഴാണ് കഠിനമായി പരിശ്രമിച്ചു ജോലിക്ക് അർഹരായവർ പ്രതീക്ഷകൾ നഷ്ടമായി മരണത്തിൽ മായുന്ന അവസ്ഥ.

‘‘എനിക്കും  ഭാര്യയ്ക്കും  എഴുതാനും വായിക്കാനും അറിയില്ല.പക്ഷേ, മക്കൾ പഠിച്ചു നല്ല ജോലി നേടണമെന്നു ആശയുണ്ടായിരുന്നു.ഹോട്ടലിലെ അടുക്കളപ്പണിയെടുത്താണ് ഞാൻ വീടു പുലർത്തിയിരുന്നത്.’’ അനുവിന്റെ അച്ഛൻ സുകുമാരൻ നായർ കണ്ണുതുടച്ചു.

പ്രതീക്ഷകൾ ഇല്ലാതായിട്ടുണ്ടാകും

‘‘വീട്ടിലെ ബുദ്ധിമുട്ടു കണ്ട് ഒരു സർക്കാർ ജോലി കിട്ടിയാൽ കുടുംബം രക്ഷപ്പെടുമെന്നു മോനും കരുതിയിരുന്നു.  നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൻ. എല്ലാ ക്ലാസ്സിലും ആദ്യത്തെ റാങ്കുകളിലൊന്നു കിട്ടും. എസ്എസ്എൽസി  പരീക്ഷയുടെ അടുത്ത ദിവസങ്ങളിലാണ്  വീണ് അവന്റെ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ടത്. എന്നിട്ടും നല്ല മാർക്കു നേടി.

പ്ലസ്ടുവിനു ആയിരത്തി ഇരുന്നൂറിൽ മുഴുവൻ മാർക്കും  നേടിയാണ് പാസ്സായത്. പിന്നീട് കോളജിൽ ചേർന്നപ്പോഴൊക്കെ സ്കോളർഷിപ്പുണ്ടായിരുന്നു.’’

‘‘പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് സർക്കാർ ജോലി നേടാനുള്ള അവന്റെ പരിശ്രമം. പിഎസ്‌സിക്കു വേണ്ടിയുള്ള പഠനം അന്നേ തുടങ്ങിയിരുന്നു.

പരീക്ഷയ്ക്കു പോകുമ്പോൾ വണ്ടിക്കൂലിക്കും ഭക്ഷണത്തിനും പൈസയൊക്കെ കൊടുക്കും. പക്ഷേ, വീട്ടിൽ വന്നിട്ടേ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കൂ. പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കിയാൽ അത്രയും വീട്ടിലേക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയായിരുന്നു അവന്. ഒരു രൂപ പോലും പാഴാക്കില്ല. പരീക്ഷ എഴുതാൻ പോകുമ്പോഴും അങ്ങനെ തന്നെ.ബസ് കൂലി കഴിഞ്ഞ് ബാക്കി പൈസ എന്റെ കയ്യിൽ തിരിച്ചു തരും .അവന്റെ അമ്മയെ എന്തു പറഞ്ഞു സമാധാനിപ്പിക്കുമെന്നു എനിക്കറിയില്ല’’ കരഞ്ഞു തളർന്നു കിടക്കുന്ന അമ്മയുടെ നേരെ അച്ഛൻ കാഴ്ച തിരിച്ചു.

‘‘ഷീറ്റിട്ട വളരെ ചെറിയൊരു വീടായിരുന്നു. അതൊന്നു പൊളിച്ചു പണിയണമെന്നു ആഗ്രഹമുണ്ടായി. ബാങ്കിൽ ചെന്നു ചോദിച്ചപ്പോൾ സ്ഥിരവരുമാനം ഇല്ലാത്തവർക്ക് വായ്പ അനുവദിക്കുന്നതിൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നു പറഞ്ഞു. വായ്പ കിട്ടാൻ വേണ്ടി മൂത്ത മകൻ മനുവിന്റെ പേരിലേക്ക് ഭൂമി മാറ്റി. അവനാണ് ലോൺ എടുത്തതും വീട് പണിതതും എല്ലാം.

റാങ്ക് ലിസ്റ്റിൽ കയറിയപ്പോൾ നാട്ടിൽ പിഎസ്‌സി പരീക്ഷയ്ക്ക് ഒപ്പം തയാറെടുത്ത കൂട്ടുകാർക്കൊക്കെ വലിയ സന്തോഷമായിരുന്നു. അവർ മോന്റെ ഫോട്ടൊ വച്ച് ഫ്ലക്സ് അടിച്ചു.

അതൊക്കെ കണ്ടപ്പോൾ ഞാനും ഭാര്യയും എത്ര സന്തോഷിച്ചെന്നോ? അവനൊരു സർക്കാർ ജോലി കിട്ടുമെന്നു ഞ ങ്ങൾ ഉറച്ചു വിശ്വസിച്ചു. ഞങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷ മാത്രമായിരുന്നില്ല അത്. എന്റെ കുഞ്ഞിന്റെ സ്വപ്നമായിരുന്നു സർക്കാർ ജോലി. രാപ്പകൽ കഷ്ടപ്പെട്ടു പഠിച്ചിട്ട് അതിന്റെ ഫലം കിട്ടില്ലെന്ന് തോന്നിയപ്പോൾ അവന്റെ മനസ്സ് തകർന്നു പോയി. അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകൾ ഇല്ലാതാകുന്നത് കാണാൻ കരുത്തുണ്ടായിട്ടുണ്ടാകില്ല എന്റെ കുഞ്ഞിന്.’’

പാഴായ പരിശ്രമം

‘‘എത്ര നാളത്തെ പരിശ്രമം കൊണ്ടാണ് ഒരാൾ റാങ്ക് പട്ടികയിൽ കയറുന്നത്. പത്തൊമ്പതു വയസ്സു മുതൽ ഇരുപത്തിയെട്ടു വയസ്സു വരെ അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചു. അതിനിടയിൽ എംകോം പൂർത്തിയാക്കുകയും ചെയ്തു. പക്ഷേ, ഇപ്പോഴും അനു കൂടെയില്ലെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല.’’അനുവിന്റെ ചേട്ടൻ മനു പറഞ്ഞു തുടങ്ങി. ഐടിഐ കഴിഞ്ഞ് ഗ്യാസ് പൈപ്പിന്റെ മെക്കാനിക്കായി താൽക്കാലിക ജോലി ചെയ്യുകയാണ് മനു.

‘‘അനു പിഎസ്സ്സിയുടെ പല റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു. രണ്ടു പ്രാവശ്യം  പൊലീസിലേക്കുള്ള ഫിസിക്കൽ ടെസ്റ്റും പാസായതാണ്. ഒരു സെന്റിമീറ്റർ ഉയരക്കുറവിന്റെ പേരിലാണ് പുറത്തായത്.  അതൊന്നും അവനെ അത്ര നിരാശപ്പെടുത്തിയില്ല. റാങ്ക് ലിസ്റ്റുകളിൽ വരുന്നത് അവനധികം പുറത്തു പറയാറില്ല. കിട്ടുമോ എന്നുറപ്പില്ലാത്തതു തന്നെ കാരണം.

ഒടുവിൽ സിവിൽ എക്സൈസ് ഓഫിസർ ലിസ്റ്റിൽ 77–ാം റാങ്ക് കിട്ടിയപ്പോൾ വളരെ സന്തോഷമായിരുന്നു. തൊട്ടു മുൻ വർഷത്തെ ലിസ്റ്റിൽ നൂറ്റമ്പതോളം ആളുകൾ നിയമിതരായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ജോലി അവനുറപ്പിച്ചിരുന്നു. കൂട്ടുകാർ ഫ്ലക്സൊന്നും വച്ചത് അത്രയ്ക്കിഷ്ടപ്പെട്ടിരുന്നില്ല.‘എല്ലാവരും ഇനി ജോലിയെക്കുറിച്ച്  ചോദിക്കാൻ തുടങ്ങും.’ എന്നായിരുന്നു പരാതി.’’

ഏപ്രിലിനു മുൻപേ തന്നെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു അനു. വകുപ്പിനുള്ളിലെ തർക്കങ്ങൾ മൂലമാണ് അതു നീണ്ടു പോയത്. ഈ ഒഴിവുകളിൽ നിന്നു മുഖ്യമന്ത്രിയുടെ കീഴിലുള്ള സെൽ വഴി ആശ്രിത നിയമനത്തിനായി ഇരുപത്തിരണ്ട് സിവിൽ എക്സൈസ് ഓഫിസർ ഒഴിവുകൾ നീക്കി വച്ചു. ഭാവിയിൽ എന്നെങ്കിലും ഒരാൾ മരിച്ചാൽ അവരുടെ ആശ്രിതർക്കു കൊടുക്കാനായി ഇന്നേ നീക്കി വച്ചിരിക്കുന്നു. ആശ്രിത നിയമനത്തിനായി റിസർവ് ചെയ്തു വയ്ക്കരുതെന്നു സുപ്രീം കോടതി വിധി പോലും ഉള്ളപ്പോഴാണ് ഇത്തരം നീക്കങ്ങൾ. ശരിയായ രീതിയിൽ നിയമനങ്ങൾ നടത്തിയിരുന്നുവെങ്കിൽ ഒരു ഉദ്യോഗാർഥിയും അവകാശപ്പെട്ട ജോലിക്കു വേണ്ടി അലഞ്ഞു നടക്കേണ്ടിയും ജീവനൊടുക്കുകയും വേണ്ടിവരില്ലായിരുന്നു.

‘‘തിരുവനന്തപുരം ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടികയിൽ നിന്നു എഴുപത്തിരണ്ടു പേർ നിയമിതരായിട്ടുണ്ട്. നാലുപേർ കഴിഞ്ഞാൽ അവന്റെ ഊഴമാണ്. ഒഴിവുകളും ഉണ്ടായിരുന്നു എന്നു പറയുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ പകുതിയോടു കൂടി അവസാനിച്ചിരുന്നു. പിന്നീട് എല്ലാ പി എസ്‌സി ലിസ്റ്റിന്റെയും കാലാവധി മൂന്നു മാസത്തേക്ക് നീട്ടിയപ്പോൾ ഇതും നീട്ടി കിട്ടി. പക്ഷേ, ഏപ്രിലിനു ശേഷം നിയമനങ്ങൾ നടന്നില്ല. ജൂണോടുകൂടി ലിസ്റ്റ് റദ്ദായി. രാജ്യമെങ്ങും കോവിഡ് വന്ന് സ്തംഭിച്ചു പോയത് ആരുടെയും കുറ്റം കൊണ്ടല്ലല്ലോ. കുറച്ചു കൂടി മനുഷ്യത്വപരമായി പെരുമാറാമായിരുന്നു. എന്റെ അനിയൻ മരിച്ചു പോയി. അതെനിക്ക് വിലമതിക്കാനാകാത്ത നഷ്ടമാണ്.’ ’  മനു നിശബ്ദനായി.

_REE8905

സങ്കടത്തിൽ മുങ്ങിയ മനസ്സ്

‘‘അവൻ നന്നായി വായിക്കുമായിരുന്നു. കൂട്ടുകാരുടെയൊപ്പമിരുന്നാണ് കൂടുതലും പഠിക്കുന്നത്. വീട്ടിൽ വന്നാലും പഠിത്തം തന്നെയാണ്. പിഎസ്‌സി എഴുതാൻ താൽപര്യമുള്ള ചെറുപ്പക്കാർക്ക് വീടിനടുത്തുള്ള അമ്പലപറമ്പിൽ വച്ച് പരിശീലനം കൊടുത്തിരുന്നു. ഇവിടങ്ങളിൽ പിഎസ്‌സിക്കു പഠിക്കാനാഗ്രഹിക്കുന്ന കുട്ടികളുടെയെല്ലാം നേതാവ് അവനായിരുന്നു.   

 ലിസ്റ്റ് റദ്ദായത് അനു എന്നോട് പറഞ്ഞിരുന്നു.‘സാരമില്ല, ഇനിയും  ശ്രമിക്കാമല്ലോ’ എന്നു പറഞ്ഞപ്പോൾ ‘എനിക്ക്  ഇരുപത്തിയെട്ട് വയസ്സായി, ഇനിയെപ്പോഴാണ്’എന്നു ചോദിച്ച്  നിസ്സഹായതയോടെ എന്നെ നോക്കി.

ഉറപ്പിച്ചിരുന്ന ജോലി കിട്ടാതായപ്പോൾ അനു വിഷാദത്തിലേക്ക്  വീണിരിക്കാം. മുകളിലെ വാതിൽ പോലുമില്ലാത്ത മുറിയിൽ ലൈറ്റിടാതെ ഇരുട്ടത്തിരിക്കും. തൊട്ടടുത്തുള്ള ഞങ്ങളുടെ ബന്ധുവീട്ടിലേക്ക് മാത്രം ഇടയ്ക്ക് പോകും.‘ഞാനെന്തിനാ ഇനി പഠിക്കുന്നത്. പഠിച്ചിട്ടൊന്നും കാര്യമില്ല.’ എന്നവരോടു പറഞ്ഞിരുന്നുവെന്നു പറയുന്നു. അമ്മ നിർബന്ധിച്ചാൽ മാത്രമാണ് കുറച്ചു ഭക്ഷണം കഴിച്ചിരുന്നത്.

എല്ലാം മനസ്സിലൊതുക്കുന്ന പ്രകൃതമാണ് അനുവിന്റെത്. രണ്ടുവർഷം മുൻപ് അമ്മയ്ക്ക് ആക്സിഡന്റ് ഉണ്ടായി. ആ സമയത്ത് ഞങ്ങൾ രണ്ടുപേരും കൂടിയായിരുന്നു അമ്മയെ നോക്കിയത്. അന്നാണ് അവൻ കരയുന്നത് ഞാൻ ആദ്യമായി കാണുന്നത്. ലോക്ഡൗൺ കാരണം  എനിക്കും അച്ഛനുമൊന്നും ജോലി  ഇല്ലായിരുന്നു. വീടിനടുത്തുള്ള ചേട്ടന്റെ കൂടെ ഇലക്ട്രിക് വയറിങ്ങിനും പ്ലംമ്പിങ്ങിനുമൊക്കെ അനു സഹായിയായി പോകാറുണ്ട്. ആ വരുമാനം കൊണ്ടാണ് ഞങ്ങൾ ഈ മാസങ്ങളിലെല്ലാം ജീവിച്ചിരുന്നത്.ഇക്കാലത്താണ് അവൻ സ്വന്തമായി ഒരു ഫോൺ പോലും വാങ്ങിയത്.

ജനുവരിയിൽ എന്റെ  കല്യാണമാണ്. അതിന്റെ ഒരുക്കങ്ങൾക്കുള്ള പൈസ ഉണ്ടാക്കുന്ന ടെൻഷനിലായിരുന്നു ഞാൻ. മരിക്കുന്ന അന്നു പുലർച്ചെ, ജോലിക്ക് ചെല്ലാമെന്നു ഒരു വീട്ടുകാരോടു ഏറ്റിട്ടുണ്ടായിരുന്നു. എത്താമെന്നു പറഞ്ഞ സമയം കഴിയുകയും ഫോൺ വിളിച്ചിട്ട് എടുക്കുകയും ചെയ്യാഞ്ഞപ്പോൾ അവരെന്നെ വിളിച്ചു. ഞാൻ ചെന്നു മുറിയിൽ നോക്കുമ്പോഴാണ്...’’ സ്വരമിടറി മനു പറയാനുള്ളത് ബാക്കിവച്ചു.

അനു ഒരു കുറിപ്പെഴുതി വച്ചിരുന്നു. ‘‘കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുൻപിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മ. സോറി.’’ 

‘ഇത് ഒറ്റപ്പെട്ട സംഭവമല്ല’  

‘‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് ദേശീയ ക്രൈം റെക്കോർഡ്സ്. തൊഴിലില്ലായ്മ നിരക്കിലും മുന്നിലാണ്. കേരളത്തിൽ തൊഴിൽരഹിതരുടെ ആത്മഹത്യാനിരക്ക് 14ശതമാനം. 2019 ൽ കേരളത്തിൽ തൊഴിൽരഹിതരായ 1963 പേരാണ് ജീവനൊടുക്കിയത്.’’ മുൻ  മുഖ്യമന്ത്രി ഉമ്മൻചാണ്ടി പത്രക്കുറിപ്പിൽ പറഞ്ഞു.

‘‘സർക്കാരും പിഎസ്‌സിയും പറയുന്നതു പോലെ എസ്. അനു എന്ന ചെറുപ്പക്കാരന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. തൊഴിൽസാധ്യതകളെല്ലാം മങ്ങിനിൽക്കുമ്പോൾ  പിഎസ്‌സി  ലിസ്റ്റിന്റെ കാലാവധി നീട്ടാൻ തയാറാകാതിരുന്നതാണ് മുഖ്യ കാരണം.

ലിസ്റ്റ് ഇല്ലാതെ വന്ന കാലയളവ് ചൂഷണം ചെയ്ത് സ്വന്തക്കാരെയും ബന്ധുക്കളെയും പാർട്ടിക്കാരെയും നിയമിച്ചത് മറ്റൊരു കാരണം. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ ഉണ്ടായിരുന്നവ  നിലനിര്‍ത്താനോ  അ ർഹരായ ഉദ്യോഗാർഥികളെ നിയമിക്കാനോ സർക്കാരിനു കഴിഞ്ഞില്ല. യുഡിഎഫ് ഭരണകാലത്ത് റാങ്ക് ലിസ്റ്റ് നാലരവർഷം വരെ നീട്ടിയിട്ടുണ്ട്. ഇത് അനധികൃത നിയമനങ്ങൾ തടയാൻ സഹായിച്ചു.’’

ഞങ്ങളിപ്പോഴും പ്രതീക്ഷയിലാണ്

‘‘സംവരണം അടക്കമാണ് 72 പേർ നിയമിതരായത്. ജനറലിൽ നിന്നു ഇനി നിയമിതനാകേണ്ടത് ഞാനായിരുന്നു. അപ്പോഴാണ് ലിസ്റ്റ് റദ്ദായത്.’’ തിരുവനന്തപുരം ജില്ലയിലെ സിവിൽ എക്സൈസ് ഒാഫിസർ പട്ടികയിൽ ജനറൽ വിഭാഗത്തിൽ 69–ാം റാങ്കുകാരനായ എം.എ പ്രവീൺ സംസാരിച്ചു തുടങ്ങി.

 ‘‘2016 ലാണ് സിവിൽ എക്സൈസ് ഓഫിസർ പരീക്ഷയ്ക്കുള്ള നോട്ടിഫിക്കേഷൻ വരുന്നത്. 2017 ൽ  ടെസ്റ്റ് എഴുതി.അതിൽ നിന്നു സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. പിന്നീട് എൻഡ്യൂറൻസ് ടെസ്റ്റ്. രണ്ടു കിലോമീറ്റർ പത്തുമിനിറ്റു കൊണ്ട് ഓടിയെത്തണം.

പാസ്സായ ആളുകളെ ഫിസിക്കൽ ടെസ്റ്റിനു വിളിക്കും. അവിടെ ഉയരം, നെഞ്ചളവ്, തൂക്കം എല്ലാം പരിശോധിക്കും.തൃപ്തികരമാണെങ്കിൽ ഓട്ടം, ചാട്ടം, തുടങ്ങി എട്ട് മത്സരങ്ങൾ. തിരഞ്ഞെടുക്കപ്പെട്ടവരെ മെഡിക്കൽ   ടെസ്റ്റിനു വിളിക്കും. ഇതു കടന്നാൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ. അതും കഴിഞ്ഞാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത്. അപ്പോഴേക്കും  നാലു വർഷം കഴിഞ്ഞു. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും ഞങ്ങളുടെ സമയത്തുണ്ടായിരുന്ന ഒഴിവുകൾ ഞങ്ങൾക്കു തന്നെ ലഭിക്കണം എന്നീ ആവശ്യങ്ങൾ മുൻനിറുത്തി ട്രൈബ്യൂണലിൽ കേസ് കൊടുത്ത് സ്റ്റേ വാങ്ങി . കാലാവധി നീട്ടാൻ പിഎസ്‌സി  കൊടുത്ത ശുപാർശ സർക്കാർ നിരാകരിക്കുകയാണ് ചെയ്തത്.

എക്സൈസ് വകുപ്പിനുള്ളിൽ നടക്കുന്ന പ്രമോഷനൽ തർക്കങ്ങളുടെ ഫലമായാണ് നിലവിലുള്ള ഒഴിവുകൾ പോലും നികത്തപ്പെടാതിരിക്കുന്നത്. പലതവണ മന്ത്രി ടി.പി രാമകൃഷ്ണനോട് ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിത്തരണമെന്നു അഭ്യർഥിച്ചിരുന്നു. ഇതിനു മുൻപുള്ള ലിസ്റ്റ് യുഡിഎഫ് ഭരണകാലത്തായിരുന്നു. മൂന്നു വർഷത്തോളം നീട്ടുകയും 50 ശതമാനത്തിലധികം ആളുകൾക്ക് ജോലി ലഭിക്കുകയും ചെയ്തു. ഇത്തവണ 14 ശതമാനം ആളുകൾക്ക് മാത്രമാണ് ജോലി ലഭിച്ചത്.

ഒഴിവുകൾ പിഎസ്സ്സിയിലേക്ക് റിപ്പോർട്ട് ചെയ്യിക്കാനും കേസു നടത്താനുമൊക്കെ ലക്ഷങ്ങൾ ചെലവു വരും. കൂലിപണിയെടുത്താണ് പൈസ കണ്ടെത്തുന്നത്. ലിസ്റ്റിന്റെ കാലാവധി ഒരു വർഷം എന്നുള്ളത് പ്രഹസനമാണ്. ലക്ഷങ്ങൾ എഴുതുന്ന പരീക്ഷയിൽ നിസാരം പേർക്ക് ജോലി കിട്ടുക എന്നത് ശരിയല്ല. ഞങ്ങളിപ്പോഴും പ്രതീക്ഷയിലാണ്. ആ പ്രതീക്ഷ നഷ്ടപ്പെടാത്തതു കൊണ്ടു മാത്രമാണ് അനുവിനെ പോലെ ചിന്തിക്കാത്തത്.’’

_REE8901
Tags:
  • Spotlight