Friday 07 January 2022 11:57 AM IST : By സ്വന്തം ലേഖകൻ

അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് കുഞ്ഞ് എയ്ഡൻ: വിവാഹദിനത്തിലെ ചിത്രം

anupama

കേരളത്തെ പിടിച്ചു കുലുക്കിയ ദത്തു വിവാദക്കേസിലെ പരാതിക്കാരായ അനുപമയും അജിത്തും നിയമപരമായി വിവാഹിതരായത് അടുത്തിടെയാണ്. പട്ടം റജിസ്റ്റർ ഓഫിസില്‍ അടുത്ത സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങിൽ‌ മകൻ എയ്ഡൻ അനു അജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ, വിവാഹ ശേഷം അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി കടൽത്തീരത്തൂടെ ഉല്ലാസവാനായി നടന്നു നീങ്ങുന്ന കുഞ്ഞ് എയ്ഡന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസ് കേരള സർക്കാരിനെ പോലും സമ്മർദത്തിലാക്കിയതാണ്. കേസിൽ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നൽകാൻ കേടതി വിധിക്കുകയായിരുന്നു. കുട്ടിയെ തന്നിൽനിന്നും വേർപെടുത്തി ശിശുക്ഷേമ സമിതിക്കു ദത്തു നൽകിയെന്നായിരുന്നു അനുപമയുടെ പരാതി.

‘‘ഗർഭിണിയായിരുന്നപ്പോൾ പല തരത്തിലും കുഞ്ഞിനെ ഇല്ലായ്മ ചെയ്യാൻ അവർ നോക്കിയതാണ്. പക്ഷേ, അതെല്ലാം പരാജയപ്പെട്ടു. എന്റെ ഗർഭപാത്രത്തിന്റെ സംരക്ഷണത്തിനു പുറത്ത് എത്തിയതിൽ പിന്നെ അവനെ എനിക്കു കിട്ടിയത് ഒരു വർഷവും ഒരു മാസവും കഴിഞ്ഞ്. ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോയുണ്ട്. അതിന്റെ തനിപകർപ്പാണു മോൻ. എയ്ഡൻ അനു അജിത് എന്നാണ് മോന് പേരിട്ടിരിക്കുന്നത്. എന്റെ ജീവിതത്തിലെ പ്രകാശമാണവൻ.’’ അനുപമ ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.