Friday 27 November 2020 11:36 AM IST : By സ്വന്തം ലേഖകൻ

കുപ്പിയില്‍ പെയിന്റടിക്കും, അധ്യാപികയാണ് പിള്ളേരെ നോക്കാനും നേരം കിട്ടും; ബ്രോക്കർമാരെ വെട്ടി അപർണയുടെ കല്യാണാലോചന

aparna

ഒഴിഞ്ഞ മദ്യക്കുപ്പിയിൽ മായാജാലം തീർക്കുന്ന അപർണയെ സോഷ്യൽ മീഡിയ മറന്നു കാണില്ല. കുടിച്ചതിനു ശേഷം വലിച്ചെറിയുന്ന മദ്യക്കുപ്പിയും, ആക്രിവിലയ്ക്ക് നൽകുന്ന ബോട്ടിലുകൾക്കും വരകളുടേയും വർണങ്ങളുടേയും മേമ്പൊടിയിൽ പുതുജീവൻ നൽകുന്ന കലാകാരിയുടെ മാജിക് കടലും കടന്ന് പ്രസിദ്ധം. അസാമാന്യമായ കരവിരുതിലൂടെ ഏവരുടേയും മനം കവർന്ന അപർണ തന്റെ ജീവിതത്തിലും ആ ക്രിയാത്മകത ആവർത്തിച്ചുവെന്നു വേണം കരുതാൻ. തന്റെ വിവാഹാലോചന മനോഹരമായൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അപർണ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ വരുന്ന ബ്രോക്കർമാർക്ക് ഒരു വെള്ളപേപ്പറിൽ മേൽ പറഞ്ഞ വിവരങ്ങൾ എഴുതിയപ്പോഴാണ് ഞാൻ ആരെന്ന തിരിച്ചറിവ് വന്നതെന്ന് അപർണ സരസമായി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

വിവാഹപ്രായമെത്തി എന്ന് നാട്ടുകാർ പറഞ്ഞു കാത്‌ തഴമ്പിച്ച കേരളത്തിലെ ഒരു സാധാരണ പെണ്ണിന്റെ 'identity crisis' ആയിട്ട് കണ്ടാൽ മതി.

ഇനിയിപ്പോ സർവജ്ഞപീഠം കയറിയാലും.................. പറയാൻ വയ്യാത്തോണ്ടാ.

അപർണ, വയസ്സ് 24.

അതു പോരാ, പറയുമ്പോ എല്ലാം കിറുകൃത്യം ആയിരിക്കണം.

അപർണ എസ്‌, 22/03/1996.

ഇരുണ്ട നിറം, 156cm.

ക്രിസ്ത്യൻ(ലാറ്റിൻ കത്തോലിക്ക)

യോഗ്യത: BA Lit., D. Ed, B.Ed.

(അതുകൊണ്ട് തന്നെ അധ്യാപികയായാൽ രാവിലെ പോയി വൈകുന്നേരം വീട്ടിൽ എത്തും. ശനിയും ഞായറും വീട്ടിൽ ഇരുന്നോളും. പിള്ളേരെ നോക്കാനും സമയം കിട്ടും.)

അധിക യോഗ്യതകൾ: 1.കേരളത്തിന്‌ പുറത്ത് പോയി പഠിച്ചിട്ടില്ല.

2.ഹോസ്റ്റലിൽ നിന്ന് പഠിച്ചിട്ടില്ല

3. ഏക മകൾ

4. വലിയ കൂട്ടും, കൂട്ടുകാർക്ക് ഒപ്പം അങ്ങനെ കറക്കം ഒന്നും ഇല്ലാത്തത് കൊണ്ട് വീട്ടിൽ തന്നെ ഇരുന്ന് കുപ്പിയിലൊക്കെ പെയിന്റ് അടിച്ച് അങ്ങ് ഇരിക്കും.

പരിമിതികൾ:

1. Daughter of divorced parents

2. വലിയ സ്ത്രീധന തുക കൊടുക്കാൻ ഉള്ള വകയില്ല.

കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ വരുന്ന ബ്രോക്കർമാർക്ക് ഒരു വെള്ളപേപ്പറിൽ മേൽ പറഞ്ഞ വിവരങ്ങൾ എഴുതിയപ്പോഴാണ് ഞാൻ ആരെന്ന തിരിച്ചറിവ് വന്നത്.

'എന്തൊക്കെയോ ഇനിയും ചെയ്യണം, ഓടി നടക്കണം. ഒത്തിരി കാശും പ്രശസ്തി ഒന്നും വേണ്ട. ജീവിക്കാൻ വേണ്ടി മാത്രം. ഇനിയിപ്പോ ഒറ്റക്ക് ആയാലും ഇത്തിരി സന്തോഷായിട്ട് എവിടേലും ഒരിടത്തു വല്ലൊക്കെ പണി എടുത്ത് അങ്ങ് കൂടണം' അത്രേ വേണ്ടു എനിക്ക്.

ഇനീപ്പോ ഗവണ്മെന്റ് സാലറി മാത്രമാണ് നല്ല ശമ്പളം എന്ന് വിചാരിക്കുന്ന ഒരു സമൂഹത്തിൽ നിൽക്കുന്നോണ്ട് ചങ്ക് പറിച്ച് തരാൻ നില്കുന്നവരെ ഒക്കെ ചങ്കിന്നു പറിച്ചു കളയേണ്ടിയും വരും.

കോട്ടപ്പടി സ്ത്രീധനം കൊടുത്ത് ഏതോ ഒരു കുടുംബത്തിന്റെ പ്രാരാപ്തം മാറ്റാൻ എൻ്റെ കുടുംബം ഇനി വയറു മുറുക്കി ജീവിക്കേണ്ടി വരുന്ന ഒരു **** ഏർപ്പാടിൽ ഇനി ഞാനും ഉണ്ടാകുമെന്നു നിങ്ങളെ അറിയിക്കുന്നു.

matrimonial siteൽ കാശ് ചിലവാക്കുന്നത്തിലും നല്ലതല്ലേ ഈ വിവരങ്ങൾ ഒക്കെ ഒരുപാടു സ്വപ്നം കണ്ട് ആഗ്രഹിച്ചു കഷ്ടപ്പെട്ട് ഉണ്ടാക്കിയ നമ്മൾടെ ഈ 'quppi'യിൽ പ്രദർശിപ്പിക്കുന്നത്.