Friday 29 September 2023 10:57 AM IST

കിലുക്കമുള്ള ബോൾ, കൂട്ടിയിടി ഒഴിവാക്കാൻ ‘വോയ് വോയ്’ ശബ്ദം: കണ്ണില്ലാത്തവരുടെ കണ്ണായ അപർണ: ആ വിജയഗാഥ

Rakhy Raz

Sub Editor

aparna

ഇംഗ്ലണ്ട് അതിനിശബ്ദമായി, കണ്ണിമയ്ക്കാതെ കാത്തിരിക്കുകയാണ്. ബർമിങ്ങാമിൽ നടക്കുന്ന വേൾഡ് ബ്ലൈൻഡ് ഫുട്ബോൾ ചാംപ്യൻഷിപ് വിജയി ആരാകും? കാഴ്ചയില്ലാത്ത വനിതകളുടെ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ സെമിഫൈനലിൽ എത്തിയ ടീമുകളിലൊന്ന് ഇന്ത്യയാണ്.

ആ കിടിലൻ ടീമിന്റെ കണ്ണായ ഗോൾകീപ്പറാണു മലയാളിയായ ഇ.അപർണ. അഞ്ചു കളിക്കാരും നാല് ഔട്ട് ഫീൽഡ് പ്ലേയർമാരും ഗോൾ കീപ്പറും അടങ്ങുന്നതാണ് ബ്ലൈൻഡ് ഫുട്ബോൾ ടീം. ഇതിൽ ഗോൾകീപ്പർക്കു മാത്രം പൂർണമായ കാഴ്ചശക്തിയുണ്ടാകും. കളിക്കാരുടെ കാഴ്ചപരിമിതി പല വിധത്തിലായിരിക്കും എന്നതിനാൽ കളിക്കുന്ന നേരത്തു കാഴ്ച പൂർണമായി മറയ്ക്കുന്ന ഐ ഷെയ്ഡ് ധരിക്കും. കിലുക്കമുള്ള ബോൾ ആണ് ഉപയോഗിക്കുക. വലിയ തോതിലുള്ള ഉരുളലും പൊങ്ങലും കുറയ്ക്കുന്ന, സാധാരണ ഫുട്ബോളിനെക്കാൾ ഭാരം കൂടിയ ബോൾ ആയിരിക്കും. കളിക്കാർക്കു ശബ്ദങ്ങൾ ശ്രദ്ധിക്കേണ്ടതിനാൽ കാണികൾ നിശബ്ദമായിരുന്നു വേണം കളി കാണാൻ.

കണ്ണായി കീപ്പർ

‘‘നാഷനൽ ടീമിലേക്കുള്ള സെലക്‌ഷൻ തന്നെ വലിയൊരു സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു. ഇരട്ടി മധുരമായി വേൾഡ് കപ്പിലേക്കുള്ള എൻട്രി.’’ അപർണ ആവേശഭരിതയായി.‘‘അഞ്ചാം ക്ലാസ് മുതൽ ഫുട്ബോൾ കളിക്കുമായിരുന്നു. സ്കൂൾ കാലത്തു രണ്ടു തവണ സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. ഡിഗ്രി കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തു.’’ മലപ്പുറംകാരിയായ അപർണ തന്റെ വരവ് ഓർത്തു.

‘‘അമ്മ സ്മിതയാണ് ഇക്കാര്യത്തിൽ പിന്തുണയ്ക്കുന്നത്. അച്ഛൻ ബിജുവിന് ഫുട്ബോൾ കരിയറാക്കുന്നതിൽ പേടിയുണ്ടായിരുന്നു. അച്ഛൻ ഡ്രൈവറാണ്, അമ്മ ഗൃഹനായിക. മൂന്നു മക്കളിൽ മൂത്തയാളാണു ഞാൻ. അനിയത്തി അഞ്ജന ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി. അനിയൻ അതുൽ ഒൻപതാം ക്ലാസിൽ.

ഡിഗ്രി പഠനം കഴിഞ്ഞശേഷം നാട്ടിലെ ബാസ്കോ എഫ്സി, ലൂക്ക എഫ്സി എന്നീ ക്ലബ്ബുകൾക്കു വേണ്ടി ക ളിക്കാൻ പോകുമായിരുന്നു. വിമൻസ് ലീഗിനു മലപ്പുറം വയനാട് ജില്ലകളെ പ്രതിനിധീകരിച്ചു ജഴ്സിയണിഞ്ഞു. അച്ഛൻ പറഞ്ഞതു പോലെ കളി നിർത്തി ജോലിക്കു ശ്രമിക്കാം എന്നു കരുതിയ സമയത്താണു സുഹൃത്തു കൊച്ചിയിൽ ബ്ലൈൻഡ് ഫുട്ബോൾ ടീമിനു ഗോൾ കീപ്പറിനെ വേണം എന്ന വിവരം തരുന്നത്. ‘ബ്ലൈൻഡ് ഫുട്ബോൾ സാധാരണ ഫുട്ബോൾ പോലെയല്ല. ഒരാഴ്ച നീളുന്ന ക്യാംപിൽ സഹകരിച്ചതിനു ശേഷം തീരുമാനിക്കൂ’ എന്നാണ് കീപ്പർ കോച്ച് സുജിത് സാർ പറഞ്ഞത്.

ഒരാഴ്ച നന്നായി ബുദ്ധിമുട്ടി. ഗോൾ കീപ്പറിന്റെ ബോക്സിന് നിശ്ചിത അകലത്തിനു പുറത്തു ഫുട്ബോളിൽ തൊടാൻ പാടില്ല, തൊട്ടാൽ പെനാൽറ്റി വഴങ്ങേണ്ടി വരും, ബോൾ നിശ്ചിത അകലത്തിലെത്തിക്കഴിഞ്ഞാൽ ഗോൾ കീപ്പർ ശബ്ദത്തിലൂടെ ഒരു സന്ദേശവും സ്വന്തം ടീമിനു നൽകാൻ പാടില്ല, തുടങ്ങി കളിനിയമങ്ങൾ വ്യത്യസ്തമാണ്. പരിശീലനം കഴിഞ്ഞതോടെ ആത്മവിശ്വാസം തോന്നി.

aparna-1

കരുത്തായി കോച്ച്

‘‘ഡിഫൻഡ് ലൈൻ വരെയുള്ള കാര്യങ്ങൾ ഗോൾ കീപ്പർ കളിക്കാർക്കു പറഞ്ഞുകൊടുക്കും. നടുഭാഗത്തായി കോച്ച് നിൽക്കും ആ ഭാഗത്ത് എത്തുന്ന കളിക്കാർക്കു വേണ്ട നിർദേശങ്ങൾ കോച്ച് നൽകും. എതിർടീമിന്റെ പോസ്റ്റിനു പിന്നിലായി ടീമിന്റെ ഗോൾ ഗൈഡ് ഉണ്ടാകും. അവരാണു ഗോൾ എങ്ങോട്ടു പൊസിഷൻ ചെയ്ത് അടിക്കണം എന്നും മറ്റും പറഞ്ഞു കൊടുക്കുക. ‘വോയ് വോയ്’ എന്നു ശബ്ദമുണ്ടാക്കിക്കൊണ്ടാണു കളിക്കാർ കളിക്കുക. ‘‘ത മ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനാണിത്. ബ്ലൈൻഡ് ഫുട്ബോൾ പരിശീലിക്കുന്നതോടെ ശബ്ദങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവർക്കു നന്നായി കഴിയും.’’ കോച്ച് സി.വി.സീന പറയുന്നു. ഫോർമർ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ പ്ലേയറും ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (GST) ഡിപാർട്മെന്റ് ജീവനക്കാരിയുമാണ് സീന.

‘‘ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ സ്ഥാപകനും ഹെഡ് കോച്ചുമായ സുനിൽ മാത്യു ആണ് എന്നെ ബ്ലൈൻഡ് ഫുഡ്ബോൾ കോച്ചിങ്ങിലേക്കു വിളിക്കുന്നത്.

പല സംസ്ഥാനങ്ങളിൽ നിന്നും പരിശീലിപ്പിച്ചെടുത്ത് സോണൽ- നാഷനൽ മത്സരങ്ങളിലൂടെ കഴിവു തെളിയിച്ച 62 കുട്ടികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പത്തു പേരാണു ഇംഗ്ലണ്ടിലെ ബ്ലൈൻഡ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.’’

‘‘മറ്റു രാജ്യങ്ങളിൽ ബ്ലൈൻഡ് ഫുട്ബോൾ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ‘നമ്മുടെ നാട്ടിലുള്ളവർക്കും ഇതു വേണ്ടേ’ എന്ന ചിന്ത പല രാജ്യങ്ങളും സന്ദർശിച്ചു ബ്ലൈൻഡ് ഫുട്ബോളിനെക്കുറിച്ചു പഠിക്കാൻ പ്രേരണയായി.’’ എന്ന് ഹെഡ് കോച്ച് സുനിൽ മാത്യു.

‘‘കൊച്ചി ആസ്ഥാനമായി 2013‌ൽ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ തുടങ്ങി. അന്ന് ഇംഗ്ലണ്ടിൽ നിന്ന് ഇതിനായുള്ള ബോൾ വരുത്തിക്കുകയായിരുന്നു. ഇന്നു ഞങ്ങൾ തന്നെ നേതൃത്വം നൽകി ഇന്ത്യയിൽ ബ്ലൈൻഡ് ഫുട്ബോൾ നിർമാണം നടക്കുന്നുണ്ട്. പല രാജ്യങ്ങളും ഇ വിടെ നിന്നു ബോളുകൾ വാങ്ങുന്നു.

പുരുഷന്മാരുടെ ഇന്ത്യൻ ടീമിനു ലോക റാങ്കിങ്ങിൽ പതിനാലാം സ്ഥാനവും ഏഷ്യയിൽ അഞ്ചാം സ്ഥാനവും ഉണ്ട്. വിമൻ ടീം വേൾഡ് കപ്പ് പ്രവേശനം നേടി, സെമി ഫൈനൽ വരെയെത്തി എന്നത് ഒട്ടും ചെറിയ കാര്യമല്ല. സെമിഫൈനലിൽ ജപ്പാനെയാണ് നേരിടുന്നത് ’’ സുനിൽ മാത്യുവിന്റെ വാക്കുകളിൽ ആവേശത്തിരയിളക്കം..

aparna-3

ചിറകുകളായി ടീം

‘‘കണ്ണില്ലാത്ത കുട്ടികൾ കളിക്കുന്നതു കണ്ടപ്പോൾ സങ്കടം ആണ് ആദ്യം തോന്നിയത്. എന്നാൽ താമസിയാതെ അവർക്ക് കണ്ണുകളുള്ള നമ്മളെക്കാൾ കഴിവുണ്ട് എന്നു മനസ്സിലായി. ലോകകപ്പിൽ നേരിടേണ്ടി വരുന്നതു മികച്ച കോച്ചിങ്ങും സൗകര്യങ്ങളുമുള്ള അർജന്റിന അടക്കമുള്ള ടീമുകളെയാണ്.’’ പരിമിതികൾ പലതുണ്ടെങ്കിലും ആത്മവിശ്വാസമാണ് തങ്ങളുടെ കൈമുതൽ എന്ന് അപർണയും ടീമംഗങ്ങളും പറയുന്നു.

രാഖി റാസ്

ഫോട്ടോ: ശ്യാം ബാബു