Wednesday 12 August 2020 03:20 PM IST : By സ്വന്തം ലേഖകൻ

ആ കണ്ടത് എന്റെ ജാൻകി ജനിക്കുന്നത് വരെയുള്ള വര! വൈറൽ ചിത്രങ്ങൾക്കു പിന്നിലെ കലാകാരനെ കണ്ടെത്തി സോഷ്യൽ മീഡിയ

doodle

സോഷ്യൽ മീഡിയ അന്വേഷിച്ചു നടന്ന ആ അജ്ഞാത കലാകാരൻ ഒടുവിൽ മറനീക്കി പുറത്തു വരികയാണ്. കുറുമ്പും കുസൃതിയും പിണക്കവും നിറഞ്ഞ ഗർഭകാലം മനോഹര ചിത്രമാക്കി മാറ്റിയ കലാകാരനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സൈബർ ലോകം. കൺമണിയെ കാത്തിരിക്കുന്ന വേളയിൽ ഭാര്യക്കും ഭർത്താവിനും ഇടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളെ കോർത്തിണക്കിയുള്ള ആ വൈറൽ ചിത്രങ്ങൾ ആരോഷ് തേവടത്തിൽ എന്ന കലാകാരന്റേതാണ്.  

കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയിൽ തുടങ്ങി കടിച്ചാൽ പൊട്ടാത്ത പേര് കണ്ടുവയ്ക്കുന്നതു വരെയുള്ള നിമിഷങ്ങളാണ് ആരോഷിന്റെ ഡൂഡിൽ വരയിൽ വിരിഞ്ഞത്. എല്ലാം ചിരിയും ചിന്തയും ഒരുപോലെ നിറയ്ക്കുന്ന ചിത്രങ്ങള്‍. ചിത്രകാരനെ തേടി സോഷ്യൽ മീഡിയ തലങ്ങും വിലങ്ങും പായുമ്പോൾ, തേടിയ കലാകാരൻ കാലിൽച്ചുറ്റിയതു പോലെ രംഗപ്രവേശം ചെയ്യുകയാണ്. തന്റെ മകൾ 'ജാൻകി' ജനിച്ചത് വരെയുള്ള ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ ആണ് അവയെല്ലാമെന്ന് ആരോഷ് സമ്മതിക്കുന്നു. വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിലൂടെയാണ് ആരോഷിന്റെ രംഗപ്രവേശം.

ആരോഷ് സ്വയം പരിചയപ്പെടുത്തി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലെ വരികൾ ഇങ്ങനെ;

ഇന്നലെ മുതൽ ഒത്തിരി കൂട്ടുകാർ ഈ ഗ്രൂപ്പിൽ ഇട്ട ഒരു പോസ്റ്റിന്റെ താഴെ എന്നെ മെൻഷൻ ചെയ്യുകയുണ്ടായി. പലരും ആ ചിത്രങ്ങൾ കണ്ടിട്ട് അത് വരച്ച ചിത്രകാരനെ അന്വേഷിച്ചു പോയപ്പോൾ അതിന്റെ സൃഷ്ടാവ് എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷം തോന്നി :) <3.
' Doodlemuni ' എന്ന പേരിൽ ഞാനാണ് ആ ചിത്രങ്ങൾ വരച്ചത് . ഭാര്യാ പ്രെഗ്നന്റ് ആയപ്പോൾ മുതൽ എന്റെ മകൾ 'ജാൻകി' ജനിച്ചത് വരെയുള്ള ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ ആണ് അവയെല്ലാം...
കൂടാതെ ജാൻകി ജനിച്ചതിനു ശേഷവും ഞങ്ങൾക്ക് നിങ്ങളോടായി ഒത്തിരി കഥകൾ പറയാനുണ്ട് അതെല്ലാം ചിത്രങ്ങളാക്കി മറ്റൊരു സീരീസ് തയാറാക്കി കൊണ്ടിരിക്കുകയാണ് ... അത്തരം ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കായി എന്റെ 'Doodlemuni ' എന്ന ഇൻസ്റ്റാഗ്രാം പേജിലും ഫേസ്ബുക് പേജിലും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാറുണ്ട് .
പേജ് ലിങ്ക് താഴെ കൊടുക്കുന്നു .
https://www.instagram.com/doodle.muni
https://www.facebook.com/doodlemuni/

Doodlemuni എന്ന പേരിലാണ് ചിത്രങ്ങൾ വരയ്ക്കാറുള്ളതെങ്കിലും എന്റെ പേര് അരോഷ് എന്നാണ് നാട് കോഴിക്കോട്, അവിടനല്ലൂരിൽ .
കുറച്ചു വർഷങ്ങൾ പരസ്യമേഖലയിൽ art director ആയ്യിട്ടു ജോലി ചെയ്തു. ഇപ്പോൾ ബാംഗ്ലൂർ ഇൽ ' Funchershop ' എന്ന ഒരു ഡിസൈൻ കമ്പനി നടത്തി പോവുന്നു.
ഭാര്യ സിനു രാജേന്ദ്രൻ മാവേലിക്കരക്കാരിയാണ്, മകൾ ജാൻകി അരോഷ്.