Monday 10 May 2021 11:22 AM IST

'അതു വെറും ചിത്രങ്ങളല്ല, ജീവിതത്തില്‍ സംഭവിച്ചത്': പ്രസവിച്ചാല്‍ മാത്രമല്ല അമ്മയാകുന്നത്: ഫൊട്ടോഗ്രാഫര്‍ പറയുന്നു

Binsha Muhammed

mothers-day-shoot

പ്രസവിച്ചാല്‍ മാത്രമാണോ അമ്മയാകുന്നത്. പെറ്റുപോറ്റിയ കുഞ്ഞിനു നേരെ വരെ വാളോങ്ങുന്ന അമ്മമാരുടെ കാലത്ത് പ്രസക്തമാണ് ആ ചോദ്യം. കുഞ്ഞിക്കാലെന്ന സ്വപ്‌നം വിദൂരതയില്‍ നില്‍ക്കുമ്പോഴും സ്‌നേഹം കടലോളം സൂക്ഷിക്കുന്ന എത്രയോ അമ്മമാര്‍ നമുക്ക് ചുറ്റുമുണ്ട്. വിധിയും ദൈവവും കടാക്ഷിട്ടില്ലെങ്കിലും അവരിപ്പോഴും അമ്മയെന്ന സ്വപ്‌നത്തിനായി കണ്ണിമവെട്ടാതെ കാത്തിരിക്കുന്നു. ഇങ്ങനെ വേദനയോടെ ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയാണ് മാതൃദിനത്തില്‍. കണ്ണീരിന്റെ നനവും കാത്തിരിപ്പിന്റെ വേദനയും ഇടകലര്‍ന്ന ആ കഥ ക്യാമറ ക്ലിക്കിലാക്കിയത് അരുണ്‍ രാജ്. ഹൃദയംതൊടുന്ന ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ണീര്‍ പടര്‍ത്തിയകഥ അരുണ്‍ രാജ് വനിത ഓണ്‍ലൈനിനോട് പറയുന്നു. 

ആ കണ്ടത് ജീവിതം

ഭ്രാന്തിയെങ്കിലും മാതൃത്വം മനസില്‍ സൂക്ഷിക്കുന്ന അമ്മയുടെ കഥയായിരുന്നു മാതൃദിനത്തില്‍ ഫൊട്ടോ സ്‌റ്റോറിയായിരുന്നു മനസില്‍ ഉണ്ടായിരുന്നത്. ഭ്രാന്തിയായ അമ്മയെ ഭാര്യക്കു വേണ്ടി ഉപേക്ഷിക്കുന്ന മകന്‍. പക്ഷേ ലോക്ഡൗണ്‍ സാഹചര്യത്തില്‍ അതു നടന്നില്ല. ലൊക്കേഷന്‍ കണ്ടുപിടിക്കുക എന്നത് പ്രശ്‌നമായിരുന്നു. സുഹൃത്തും ട്രാന്‍സ്‌ജെന്‍ഡറുമായ നാദിറയോട് ഈ ആശയം പങ്കുവച്ചു. പക്ഷേ നാദിറ പറഞ്ഞത് മറ്റൊരു കഥ. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ കേട്ട അപമാനം, പരിഹാസം അതായിരുന്നു നാദിറ പറഞ്ഞത്. ഒരു പാര്‍ക്കില്‍ വച്ചു കണ്ട കുട്ടിയെ ലാളിക്കാന്‍ചെന്നപ്പോള്‍ നാദിറയോട് മോശമായി പെരുമാറി. കുട്ടിയെ നിര്‍ദാക്ഷിണ്യം വലിച്ചെടുത്തു കൊണ്ടു പോയി. ആ കഥയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പിറവിയെടുത്തത്. 

എന്റെ നാടായ തിരുവനന്തപുരം കാരേറ്റ് വച്ചാണ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ കഥാഗതിയില്‍ ഒരു കുഞ്ഞുണ്ട്. അതായിരുന്നു അടുത്ത വെല്ലുവിളി. കുഞ്ഞിനെ കൊണ്ടു വരണമെങ്കില്‍ ചിത്രത്തിന്റെ അണിയറക്കാര്‍ കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് വീട്ടുകാര്‍പറഞ്ഞു. ആ കടമ്പയും പൂര്‍ത്തിയാക്കി. വാസുകി വിഷ്ണു എന്ന കുഞ്ഞാവ എത്തുന്നത് അങ്ങനെയാണ്. എല്ലാ വഴികളും തുറന്നതോടെ തിരുവാമനപുരം ക്ഷേത്രത്തില്‍ വച്ച്ഷൂട്ടിംഗ് നിശ്ചയിച്ചു. കുറച്ചു ഭാഗങ്ങള്‍ എന്റെ വീടിനോടു ചേര്‍ന്നും പൂര്‍ത്തിയാക്കി. അത്ഭുതമെന്നു പറയട്ടെ, ഞാനാഗ്രഹിച്ച രീതിയില്‍ കുഞ്ഞാവയും നാദിറയുമൊക്കെ നന്നായി തന്നെ ക്യാമറയ്ക്കു മുന്നില്‍ എത്തി. മാതൃദിനത്തിലാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചതെങ്കിലും ഇത് എന്നത്തേക്കുമുള്ള സന്തോഷമാണ്. ട്രാന്‍സ്‌ജെന്‍ഡറുകളെ മനുഷ്യരായികാണാന്‍ തയ്യാറായാല്‍ ഞങ്ങളുടെ ശ്രമം സഫലമായി. രമേശ് കുമാര്‍, ഷൈന വിഷ്്ണു എന്നിവരാണ് മറ്റ് ആര്‍ട്ടിസ്റ്റുകള്‍.